സുഖമില്ലാത്ത കുഞ്ഞിനും അമ്മയ്ക്കും ഫസ്റ്റ്ക്ലാസ് സീറ്റ് നൽകി അപരിചിതൻ; കണ്ണീർ കുറിപ്പ്

പ്രതീകാത്മക ചിത്രം

11 മാസം മാത്രം പ്രായമായ സുഖമില്ലാത്ത കുഞ്ഞിനെയും കൊണ്ട് യാത്രപുറപ്പെട്ടപ്പോൾ ജീവിതത്തിൽ സുന്ദരമായ ഒരു കാര്യം സംഭവിക്കാൻ പോകുകയാണെന്ന് കെൽസി സ്വിക്ക് എന്ന അമ്മ ഓർത്തില്ല. കുഞ്ഞിന്റെ ചികിൽസയ്ക്കായി ഒർലാൻഡോയിൽ നിന്ന് ഫിലാ‍ഡൽഫിയയിലേക്ക് പുറപ്പെട്ടതാണ് അമ്മ. ഫിലാഡൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്കായിരുന്നു ആ അമ്മയുടെയും കുഞ്ഞിന്റെയും യാത്ര. യാത്രക്കിടയിൽ കണ്ണും മനസ്സും നിറച്ച ഒരു അനുഭവത്തെക്കുറിച്ച് ആ അമ്മയെഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആളുകൾ ആ സന്തോഷവാർത്തയറിഞ്ഞത്.

തനിക്കും സുഖമില്ലാത്ത കുഞ്ഞിനുമായി ഫസ്റ്റ്ക്ലാസ് സീറ്റ് ഒഴിഞ്ഞു നൽകിയ ഒരു അപരിചിതനെക്കുറിച്ച് അമ്മയെഴുതിയ കുറിപ്പിങ്ങനെ :-

'2ഡിയിലെ അപരിചിതനായ മനുഷ്യന്, ഒർ‌ലാൻഡോയിൽ നിന്ന് ഫിലാഡൽഫിയിലേക്ക് യാത്ര ചെയ്ത നിങ്ങളെ എനിക്കറിയില്ല. പക്ഷേ തീർച്ചയായും നിങ്ങൾ ഞങ്ങളെ കണ്ടിരുന്നുവെന്ന് എനിക്കറിയാം ഓക്സിജൻ മെഷീൻ മുഖത്തു ഘടിപ്പിച്ച കുഞ്ഞും, ലഗേജും, വലിയൊരു ഡയപ്പർ ബാഗും കൈയിലേന്തി ഉലാത്തുന്ന എന്നെ നിങ്ങൾ എവിടെവച്ചെങ്കിലും കണ്ടിരിക്കാം. അപ്പോൾ ഫിലാഡൽഫിയയിലെ ആശുപത്രിയിൽ കൂട്ടുകാരെ കാണുന്നതോർത്ത് ‍ഞങ്ങൾ ചിരിക്കുകയായിരിക്കണം. അതിനുശേഷം വിമാനത്തിൽ വിൻഡോസ് സീറ്റിനു സമീപം ഞാനും കുഞ്ഞുമിരിക്കുകയായിരുന്നു. ചുറ്റുമിരിക്കുന്ന ആളുകളെക്കുറിച്ചൊക്കെ തമാശ പറഞ്ഞങ്ങനെയിരിക്കുമ്പോഴാണ് ഫ്ലൈറ്റ് അറ്റൻഡന്റ് ഞങ്ങളെ സമീപിച്ചത്. താങ്കൾ സീറ്റ് മാറാൻ കാത്തു നിൽക്കുകയാണെന്നാണ് അവർ ഞങ്ങളെ അറിയിച്ചത്. താങ്കളുടെ സൗകര്യങ്ങൾ വേണ്ടെന്നു വച്ച് ഞങ്ങൾക്കായി സീറ്റ് നൽകിയപ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു'.

'കണ്ണു നിറയുക മാത്രമല്ല. അക്ഷരാർഥത്തിൽ സീറ്റുകൾക്കിടയിലൂടെ നടക്കുമ്പോൾ ‍ഞാൻ കരഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. ഒന്നുമറിയാതെ എന്റെ കുഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുകയും. കുഞ്ഞിനൊപ്പം ഫ്ലൈറ്റിലിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് യുവതി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചത്. അപരിചിതനായ ആ മനുഷ്യന് താൻ നന്ദി പറയുന്നെന്നും യുവതി പറയുന്നു. സീറ്റ് ഒഴിഞ്ഞു തന്നതിനു മാത്രമല്ല നന്ദിയെന്നും മറിച്ച് തങ്ങളെ ശ്രദ്ധിച്ചതിനും കൂടിയാണെന്നും യുവതി പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ കാര്യങ്ങളത്ര എളുപ്പമാവില്ലെന്നു മനസ്സിലാക്കിയതിനും നന്ദിയുണ്ടെന്നും യുവതി പറയുന്നു. ലോകം എത്ര നന്മയുള്ള ആളുകളെയാണ് നമുക്കായി കാത്തുവച്ചിരിക്കുന്നത് എന്നോർക്കുമ്പോൾ സന്തോഷമുണ്ട്'. - യുവതി പറയുന്നു.