മകളുടെ കന്നിച്ചിത്രം കണ്ടത് കരീനയ്ക്കൊപ്പം: സാറയുടെ അഭിനയത്തെക്കുറിച്ച് സെയ്ഫ് അലീഖാൻ

സാറാ അലീഖാൻ, സെയ്ഫ് അലീഖാൻ, കരീന കപൂർ

ബോളിവുഡ് താരം സെയ്ഫ് അലീഖാന്റെയും  മുൻ ഭാര്യ അമൃത സിങ്ങിന്റെയും മകൾ സാറാ അലീഖാന്റെ കന്നിച്ചിത്രം 'കേദാർനാഥ്' തിയറ്ററിലെത്തിയപ്പോൾ ആരാധകർക്ക് അറിയേണ്ടിയിരുന്നത് ഒന്നുമാത്രം. മകളുടെ അഭിനയത്തെപ്പറ്റി എന്താണ് സെയ്ഫിന്റെ അഭിപ്രായം.

ആകാംക്ഷയോടെ കാത്തിരുന്ന പ്രേക്ഷകരെ അമ്പരിപ്പിച്ചുകൊണ്ട് ഒടുവിൽ സെയ്ഫ് അലീഖാൻ അതു തുറന്നു പറഞ്ഞു. 'തുടക്കകാലത്തുള്ള എന്നേക്കാൾ നന്നായി അവൾ അഭിനയിച്ചിട്ടുണ്ട്'. സാറയുടെ കന്നിച്ചിത്രത്തെക്കുറിച്ച് നല്ലതു പറയുന്നവരും വിമർശിക്കുന്നവരും ഏറെയുണ്ടെങ്കിലും അച്ഛന്റെ അഭിപ്രായം സാറയെ ഏറെ സന്തോഷിപ്പിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

ഭാര്യ കരീനകപൂറിനൊപ്പമാണ് മകളുടെ കന്നിച്ചിത്രം കാണാൻ സെയ്ഫ് എത്തിയത്. സാറയുടെ ചിത്രം കണ്ടിറങ്ങിയ സെയ്ഫ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ :-

''അവളുടെ ഷോട്ടിനു പിന്നിലുള്ള ചിന്ത വളരെ വ്യക്തമാണ്. അതെന്നെ ആശ്ചര്യപ്പെടുത്തിക്കളഞ്ഞു. തുടക്കകാലത്തെ എന്നേക്കാൾ വളരെ നന്നായി അവൾ അഭിനയിച്ചിട്ടുണ്ട്. അവളെക്കുറിച്ചോർക്കുമ്പോൾ വളരെ സന്തോഷമുണ്ട്. ഇത് അവളുടെ തിരഞ്ഞെടുപ്പായിരുന്നു. തിരഞ്ഞെടുക്കുക മാത്രമല്ല അത് പ്രാവർത്തികമാക്കുകയും ചെയ്തു. അവളുടെ തീരുമാനം ബുദ്ധിപരമായിരുന്നു എന്നു തന്നെയാണ് ഞാൻ ചിന്തിക്കുന്നത്. ചിന്തിക്കുന്ന ഒരു അഭിനേത്രി തന്റെ ഓരോ ഷോട്ടിനും സുന്ദരമായ ഭാവങ്ങൾ നൽകും. അവൾക്ക് ഈ മേഖലയിൽ അതിസുന്ദരമായൊരു ഭാവി ഞാൻ കാണുന്നു. ഇഷ്ടമുള്ള കാര്യങ്ങൾ അവൾ നന്നായിത്തന്നെ ചെയ്യുന്നുണ്ട്. പക്ഷേ ഒരു അഭിനേതാവിനു വേണ്ട അംഗീകാരം നൽകിയതിന് ഞാൻ നന്ദി പറയുന്നത് ജനങ്ങളോടാണ്.''- സെയ്ഫ് പറയുന്നു. സിംബ എന്ന ചിത്രമാണ് സാറയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.