Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെ സംശയിച്ചു, കാത്തിരുന്നത് വിചിത്ര സത്യം; അപ്രതീക്ഷിത ട്വിസ്റ്റുമായി വെയിൽ മായും നേരം

short-film-01 Photo Credit: YouTube

പരസ്പരമുള്ള സംശയത്തിന്റെ മേൽ തിളച്ചു നിന്നൊരു വെയിൽ മാഞ്ഞ് വിശ്വാസത്തിന്റെ തണലൊരുങ്ങുന്ന കാഴ്ചയുടെ കഥപറഞ്ഞുകൊണ്ടാണ് വെയിൽ മായും നേരം എന്ന ഹ്രസ്വചിത്രമെത്തുന്നത്. ഭാര്യ അർധനഗ്ന ചിത്രങ്ങൾ കൂട്ടുകാരിക്ക് അയച്ചുകൊടുത്തതെന്തിനാണ് എന്നതിനെക്കുറിച്ച് അന്വേഷിച്ചിറങ്ങുന്ന ഒരു ഭർത്താവിലേക്കും അന്വേഷണത്തിനൊടുവിൽ അയാൾ കണ്ടെത്തുന്ന വിചിത്രമായ സത്യത്തിലേക്കുമാണ് ഈ ഹ്രസ്വ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

ആശയവിനിമയത്തിലുള്ള അപാകതകൾ ദാമ്പത്യബന്ധത്തിൽ ഉലച്ചിലുകൾ സൃഷ്ടിക്കുമ്പോൾ പങ്കാളി അവിഹിതം തേടി യാത്രയായേക്കാം എന്ന ക്ലീഷേയുടെ പൊളിച്ചെഴുത്തു കൂടിയാണ് ഈ ഹ്രസ്വചിത്രം നടത്തുന്നത്. പങ്കാളിയോടുള്ള വിശ്വാസം നഷ്ടപ്പെട്ട് അവളെക്കുറിച്ചുള്ള കഥകൾ തേടിപ്പോകുന്ന ഭർത്താവ് ഒരുവശത്ത്. ഏറെ നാളായി മനസ്സിനെ വേട്ടയാടുന്ന ഭയത്തിൽ നിന്ന് പുറത്തു കടക്കാൻ കൂട്ടുകാരിയിൽ അഭയം തേടുന്ന ഭാര്യ മറുവശത്ത്. പരസ്പരം തുറന്നു സംസാരിച്ചാൽ തീരാവുന്ന നിസ്സാരമായ ആശയക്കുഴപ്പമേ ഇരുവർക്കുമിടയിലുണ്ടായിരുന്നുള്ളൂവെന്ന് ഒടുവിൽ മാത്രമാണവർ തിരിച്ചറിയുന്നത്.

ഭാര്യയിൽ സംശയകരമായ ചില കാര്യങ്ങൾ കണ്ടു തുടങ്ങിയപ്പോൾത്തന്നെ ഭർത്താവിന് അതേപ്പറ്റി അവളോട് തുറന്നു ചോദിക്കാമായിരുന്നു. അതിനു തയാറാകാതെ പൊതു സുഹൃത്തുക്കളിലൂടെയും ആരോഗ്യവിദഗ്ധരിലൂടെയുമൊക്കെ അവളുടെ വിചിത്രമായ സ്വഭാവത്തിനു പിന്നിലുള്ള കാരണങ്ങൾ തേടിയലയാനാണ് അയാൾ ശ്രമിച്ചത്. ജീവിതത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമുള്ള സ്വന്തം ആശങ്കകളും ഭയങ്ങളും ഭർത്താവിനോടു തുറന്നു പറയാതിരുന്ന ഭാര്യയും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി.

മുൻവിധിയോടെ ഭാര്യയെ അളക്കുന്നതു നിർത്തണമെന്ന ഡോക്ടറുടെ ഉപദേശം കേൾക്കാൻ ഭർത്താവും, എല്ലാക്കാര്യങ്ങളും ഭർത്താവിനോട് തുറന്നു പറയണമെന്ന കൂട്ടുകാരിയുടെ ഉപദേശം ഭാര്യയും അനുസരിക്കാൻ തയാറായതോടെ അവർക്കിടയിലുള്ള മഞ്ഞുമല ഉരുകിത്തുടങ്ങി. എല്ലാക്കാര്യത്തിലും അമ്മയെപ്പോലെയിരിക്കുന്ന തനിക്ക് അമ്മയുടെ രോഗം കൂടി ലഭിച്ചിട്ടുണ്ടോയെന്ന ചിന്ത ഉറക്കം കെടുത്തിയപ്പോഴാണ് ആ കാര്യം ഭർത്താവിനോട് മറച്ചു വച്ച് ഭാര്യ കൂട്ടുകാരിയുടെ സഹായം തേടിയത്. അമ്മയെപ്പോലെയടുപ്പം അവളോടുണ്ടായിരുന്നതുകൊണ്ടാണ് താനങ്ങനെ ചെയ്തതെന്നാണ് ഭാര്യയുടെ ന്യായീകരണം. എങ്കിലും ഭർത്താവിനോടെല്ലാം തുറന്നു പറഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും ഭാര്യ ഒടുവിൽ സമ്മതിക്കുന്നുണ്ട്. അവിശ്വാസത്തിനു മേൽ പൊള്ളി നിന്ന ഒരു വെയിൽ പരസ്പരമുള്ള വിശ്വാസമെന്ന തണലിനു മേൽ മങ്ങിപ്പോയെന്നു പറഞ്ഞുകൊണ്ടാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

ഇദയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരത് കുമാറാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജയന്‍ രാജന്‍, ജാസ്മിന്‍ ഹണി, സജിത സന്ദീപ്, സുദീപ് .ടി. ജോര്‍ജ് എന്നിവരാണ് അഭിനേതാക്കള്‍. ആര്‍ രാംദാസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. അക്ഷയ് ഇ.എന്‍ ഛായാഗ്രഹണവും ഷേഖ് ഇലാഹി സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.നിംസ് എഡിറ്റിംഗ് നിർവഹിച്ചപ്പോള്‍ വിനീത് ഇ വിയാണ്  ക്രിയേറ്റീവ് ഡയറക്ടർ ‍.