Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കളുണ്ടാവില്ലെന്ന് ഡോക്ടർമാർ; ദമ്പതികൾക്ക് ഇരട്ടകളുൾപ്പെടെ 5 മക്കൾ

with-kids-03 Nadia and Robbie Sherwin with their kids. Photo Credit: Instagram

രണ്ടുവർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായപ്പോൾ നദിയ–റോബി ദമ്പതികൾക്ക് ഒരു ആഗ്രഹമേയുണ്ടായിരുന്നുള്ളൂ, എത്രയും വേഗം അച്ഛനമ്മമാരാകണം. 2012 ൽ വിവാഹതിരായ ഇരുവരും ഒരു കുഞ്ഞിനു വേണ്ടി ശ്രമിച്ചെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും ആഗ്രഹം സഫലമായില്ല. അങ്ങനെയാണ് ഡാലസ് സ്വദേശികളായ ദമ്പതികൾ ചികിൽസ തേടിയത്.

ഒരു കുഞ്ഞിനുവേണ്ടി അത്രത്തോളം ആഗ്രഹിച്ചിരുന്ന ദമ്പതികളുടെ ഹൃദയത്തെ തകർക്കുന്ന വാർത്തയുമായായിരുന്നു ഡോക്ടർമാർ അവരെ കാത്തിരുന്നത്. നദിയയ്ക്ക് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്ന രോഗമുണ്ട്. 37 ഓളം മുഴകൾ ഗർഭപാത്രത്തിലുള്ളതിനാൽ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനോ പ്രസവിക്കാനോ കഴിയില്ല. ഡോക്ടർമാരുടെ വാക്കുകൾ കേട്ട് നിരാശരായി മടങ്ങാൻ ആ ദമ്പതികൾ ഒരുക്കമായിരുന്നില്ല. ദൈവത്തിൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് അവർ ചികിൽസ തുടർന്നു.

kids-five-01 kKds. Photo Credit: Instagram

അണ്ഡോദ്പാദനം വർധിപ്പിക്കാനുള്ള ചികിൽസയ്ക്കാണ് ആദ്യം നദിയ വിധേയയായത്. 11 മാസത്തോളം ചികിൽസ തുടർന്നെങ്കിലും നിരാശയായിരുന്നു ഫലം. ചികിൽസയുടെ പാർശ്വഫലങ്ങൾ മൂലം നദിയ വളരെ ക്ഷീണിതയാവുകയും ചെയ്തു. പിന്നീട് ശരീരത്തിൽ ഹോർമോണുകൾ കുത്തിവച്ചുകൊണ്ടുള്ള ചികിൽസ ആരംഭിച്ചു.തുടർച്ചയായ ചികിൽസയിൽ മനം മടുത്തിരുന്ന ദമ്പതികളെ അമ്പരിപ്പിച്ചുകൊണ്ട് ആ സന്തോഷവാർത്തയെത്തി. ഹോർമോൺ ചികിൽസ ആരംഭിച്ച് ഒരു മാസത്തിനകം നദിയ ഗർഭിണിയായി. ആദ്യത്തെ അൾട്രാ സൗണ്ട് സ്കാനിങ് ദമ്പതികൾക്കായി കാത്തുവച്ചത് മറ്റൊരു അദ്ഭുതം കൂടിയായിരുന്നു. ജനിക്കാൻ പോകുന്നത് ഇരട്ടക്കുഞ്ഞുങ്ങളാണെന്ന വാർത്ത അവരെ ഏറെ സന്തോഷിപ്പിച്ചു.

with-kids-04 Nadia and Robbie Sherwin with their kids. Photo Credit: Instagram

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 2015 ജനുവരിയിൽ അവർക്ക് ഇരട്ടപ്പെൺകുട്ടികൾ ജനിച്ചു.അമരി, കിയോണ എന്നീ പെൺകുഞ്ഞുങ്ങളെ സിസേറിയനിലൂടെയാണ് പുറത്തെടുത്തത്. കുഞ്ഞുങ്ങൾ ജനിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ അവർക്ക് കൂട്ടായി ഒരു കുഞ്ഞു കൂടി വേണമെന്ന് ദമ്പതികൾ ആഗ്രഹിച്ചു. അതിനുവേണ്ടി ഏറ്റവും ഡോസ് കുറച്ചുകൊണ്ടുള്ള ഹോർമോൺ ചികിൽസയ്ക്ക് നദിയ ഒരിയ്ക്കൽക്കൂടി വിധേയയായി. ഒരു മാസം കഴിഞ്ഞപ്പോൾ നദിയ വീണ്ടും ഗർഭം ധരിച്ചു. ഇക്കുറി ജനിക്കാൻ പോകുന്നത് ഒന്നല്ല മൂന്നു കുഞ്ഞുങ്ങളാണെന്ന സത്യം അവരെ സന്തോഷിപ്പിച്ചു. പക്ഷേ ഡോക്ടർമാർക്ക് ആശങ്കയുണ്ടായിരുന്നു. ഏതെങ്കിലും ഘട്ടത്തിൽ ഗർഭം അലസിപ്പോയേക്കാമെന്നും, കുഞ്ഞുങ്ങളിലാർക്കെങ്കിലും അംഗവൈകല്യമുണ്ടായേക്കാമെന്നും, അമ്മയുടെ ആരോഗ്യം തന്നെ താറുമാറായേക്കാമെന്നും അവർ മുന്നറിയിപ്പു നൽകി. പക്ഷേ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ വീണ്ടും അച്ഛനമ്മമാരാകാൻ നദിയയും റോബിയും തയാറെടുത്തു.

5-kids-01 Nadia and Robbie Sherwin with their kids. Photo Credit: Instagram

ഗർഭത്തിന്റെ 35–ാം ആഴ്ച 2017 ഏപ്രിലിൽ നദിയ മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങൾ പത്തു ദിവസത്തോളം നിയോനേറ്റീവ് ഐസിയുവിലായിരുന്നു. അഞ്ചു കുഞ്ഞുങ്ങളിൽ ആദ്യത്തെ കൺമണി അമരി മാത്രം നിയോ നേറ്റീവ് ഐസിയുവിൽ കിടന്നിട്ടില്ലെന്നും അവൾക്കൊപ്പം ജനിച്ച കിയോണ 13 ദിവസം ഐസിയുവിൽ കിടന്നിട്ടുണ്ടെന്നും നദിയ ഓർക്കുന്നു. അഞ്ചുമക്കളെ നോക്കാനുള്ള തിരക്കു പിടിച്ച ജീവിതമാണെങ്കിലും ഇനിയും കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനത്തിലൊന്നും തങ്ങൾ എത്തിയിട്ടില്ലെന്നും ദമ്പതികൾ പറയുന്നു.