മകന്റെ ചിത്രം പങ്കുവച്ചത് സാനിയ; ഒപ്പം ചില സംശയങ്ങൾക്കുള്ള മറുപടികളും

ലോകത്തോടു ഹലോ പറയാനുള്ള സമയമായിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞു രാജകുമാരന്റെ മുഖം വ്യക്തമാകുന്ന ചിത്രം ടെന്നീസ് താരം സാനിയ മിർസ പുറത്തുവിട്ടത്. ഒക്ടോബർ 30 നാണ് സാനിയ മിർസയ്ക്കും പാക് ക്രിക്കറ്റ്താരം ഷുഐബ് മാലിക്കിനും ആൺകുഞ്ഞു പിറന്നത്.

ആരാധകരുടെ പ്രാർഥനയ്ക്കും സ്നേഹത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് മകൻ ഇസാൻ മിർസ മാലിക്കിന്റെ ജനനം ഷുഐബ് ആരാധകരെ അറിയിച്ചത്. പലപ്പോഴും കുഞ്ഞുമൊത്തുള്ള ചിത്രങ്ങൾ സാനിയ പങ്കുവച്ചിരുന്നെങ്കിലും ആ ചിത്രങ്ങളിലൊന്നും തന്നെ കുഞ്ഞിന്റെ മുഖം വ്യക്തമായിരുന്നില്ല. ഒടുവിൽ സാനിയ തന്നെയാണ് കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ചിത്രം ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

പ്രൊഫഷണൽ കമ്മിറ്റ്മെന്റ്സ് കാരണം വീടുവിട്ട് നിൽക്കേണ്ടി വരുമ്പോൾ കുഞ്ഞിനെ പിരിഞ്ഞിരിക്കുന്നതിനെക്കുറിച്ച് തന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സാനിയ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. വീടുവിട്ട് നിൽക്കേണ്ടി വരുന്നത് ഇത്രയേറെ പ്രയാസകരമാണെന്ന് ഇപ്പോഴാണ് മനസ്സിലായത് എന്നു കുറിച്ചുകൊണ്ടായിരുന്നു മകനെ അടുക്കിപ്പിടിച്ചിരിക്കുന്ന ചിത്രം സാനിയ പങ്കുവച്ചത്. 

മകൻ ജനിച്ച ശേഷമുള്ള സാനിയയുടെ പിറന്നാൾ ആഘോഷചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. 32–ാം പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയ ആരാധകർക്കുവേണ്ടി പങ്കുവച്ചിരുന്നു. ഗർഭകാലത്തെക്കുറിച്ചും ടെന്നീസിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ചും സാനിയ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ

'' വളരെ നല്ലതും വ്യത്യസ്തവുമായ ഒരു അനുഭവമായിരുന്നു അത്. പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് പല സ്ത്രീകളും സ്വന്തം ശരീരത്തെ വിലകുറച്ചു കാണാറുണ്ട്. പക്ഷേ ഗർഭാവസ്ഥയിലാണ് ഞാൻ എന്റെ ശരീരത്തിന്റെ ശക്തിയെക്കുറിച്ച് ശരിക്കും ബോധവതിയായത്. അങ്ങനെയൊരവസ്ഥയിൽക്കൂടി കടന്നു പോകാൻ സാധിച്ചതിൽ എനിക്കഭിമാനമുണ്ട്.''- സാനിയ പറയുന്നു.

ആദ്യം പരുക്കു മൂലവും പിന്നെ ഗർഭിണിയായതു മൂലവും ദീർഘകാലമായി ടെന്നീസിൽ നിന്ന് വിട്ടു നിൽക്കുകയാണ് സാനിയ. കളിക്കളത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സാനിയ നൽകിയ മറുപടിയിങ്ങനെ :- 

'' പരുക്കുകൾ ഭേദമായ ശേഷം വേഗം തന്നെ കളിക്കളത്തിലേക്കു മടങ്ങി വരാമെന്നാണ് കരുതിയിരുന്നത് പക്ഷേ ആ സമയത്താണ് ഞങ്ങൾ കുഞ്ഞുങ്ങളെക്കുറിച്ച് ആലോചിച്ചത്. ടെന്നീസിൽ നിന്ന് നീണ്ടകാലം മാറിനിൽക്കാൻ മനസ്സിനെ പാകപ്പെടുത്തിയ ശേഷമാണ് കുഞ്ഞിനായി ശ്രമിച്ചത്. മാത്രവുമല്ല, ജീവിതം അവസാനിക്കുന്നതിനു മുൻപു തന്നെ ജീവിതത്തിലെ എല്ലാക്കാര്യങ്ങളും എക്സ്പീരിയൻസ് ചെയ്യണമല്ലോ. ടെന്നീസിനെ ഞാനും മിസ് ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഗർഭകാലത്തിലും  ഞാൻ ടെന്നീസ് കളിച്ചിരുന്നു.''- സാനിയ പറയുന്നു.

ഗർഭത്തിന്റെ ഏഴാം മാസം വരെ ടെന്നീസ് കോർട്ടിൽ ചിലവഴിച്ച സാനിയയുടെ വിഡിയോ കണ്ട ആരാധകർക്കും അറിയേണ്ടിയിരുന്നത് എങ്ങനെയാണ് ഗർഭാവസ്ഥയിലും ഫിറ്റ് ആയി ആക്റ്റീവ് ആയി ഇരിക്കാൻ കഴിയുന്നത് എന്നായിരുന്നു. ആ ചോദ്യത്തിനും സാനിയയ്ക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു. '' ടെന്നീസ് കളിച്ചു, ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം യോഗ ചെയ്തു. ദിവസം മൂന്നോ നാലോ കിലോ മീറ്റർ  നടന്നു. കഴിയുന്നത്ര സമയം ആക്റ്റീവായിരിക്കാൻ ശ്രദ്ധിച്ചു. അതാണ് എനിക്ക് സ്ത്രീകൾക്കു നൽകാനുള്ള ഉപദേശം. ഗർഭാവസ്ഥയിൽ ആക്റ്റീവായിരിക്കാൻ ശ്രദ്ധിക്കുക. ഡോക്ടറുടെ നിർദേശത്തോടെ ഗർഭത്തിന്റെ ആദ്യത്തെ ആഴ്ചയിൽത്തന്നെ യോജിക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ ശീലിച്ചാൽ ഗർഭത്തിന്റെ അവസാനത്തെ ആഴ്ചകളിലും അതു പ്രയാസമില്ലാതെ തുടരാനാകുമെന്നും, താൻ എല്ലാ ദിവസവും കിലോമീറ്ററുകൾ നടക്കുകയും മുടങ്ങാതെ പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നുവെന്നും സാനിയ പറയുന്നു.