സുനാമി കവർന്നത് പ്രിയതമയുടെ ജീവൻ; കണ്ണീരോടെ റെയ്ഫിയാന്‍

റെയ്ഫിയാന്‍ ഫജര്‍സിയ ഭാര്യയ്ക്കൊപ്പം

ഡിലാന്‍ സഹാറ... നീയില്ലാതെ ഇനി ഞാന്‍ എങ്ങനെ ജീവിക്കും...? പ്രിയപ്പെട്ടവളുടെ ഓര്‍മയില്‍ തേങ്ങുന്ന വാക്കുകള്‍ നൊമ്പരമായിരിക്കുകയാണ്; ലോകത്തിനാകെ. അസഹനീയമായ വേദനയിലും നൊമ്പരത്തിലും ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം ഒരു പാട്ടിന്റെ ഈരടികള്‍പോലെ ആ വാക്കുകള്‍ വീണ്ടും വീണ്ടും അലടിക്കുന്നു; തെക്കന്‍ സുമാത്രയ്ക്കും പശ്ചിമ ജാവയ്ക്കുമിടയിലെ തീരമേഖലയില്‍ ആഞ്ഞടിച്ച സൂനാമി തിരമാലകള്‍ക്കും ഉയരത്തിലായി.

നാനൂറോളം പേരുടെ ജീവനെടുത്ത സുനാമിയില്‍ ഇന്തൊനേഷ്യയിലെ പ്രശസ്തമായ ഒരു പോപ് സംഗീതട്രൂപ്പ് കൂടിയാണ് ഇല്ലാതായിരിക്കുന്നത്. സെവന്റീന്‍... ട്രൂപ്പിലെ മൂന്നംഗങ്ങള്‍ക്കൊപ്പം പ്രധാന ഗായകന്‍ റെയ്ഫിയാന്‍ ഫജര്‍സിയയ്ക്ക് നഷ്ടപ്പെട്ടത്  ഭാര്യയെക്കൂടി. നടിയും ടെലിവിഷന്‍ താരവുമായ ഡിലാന്‍ സഹാറ. ജാവ ദ്വീപിന്റെ കിഴക്കുള്ള കടലോര വേദിയില്‍ സെവന്റീന്‍ ഗായകസംഘം ആലപിച്ച പാട്ടുകള്‍ക്കൊപ്പം ആടിപ്പാടിയ ജനക്കൂട്ടത്തിന്റെയിടയിലേക്ക് അപ്രതീക്ഷിതമായാണ് തിരമാലകള്‍ വീശിയടിച്ചതും മരണങ്ങളുണ്ടായതും. അപ്രതീക്ഷിതമായ ആഘാതത്തില്‍ ഡിലാനും പെട്ടു. ബാന്‍ഡിലെ മൂന്നംഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായി. റെയ്ഫിയാന്‍ ഫജര്‍സിയയ്ക്ക് ഇപ്പോഴും തേങ്ങലടക്കാന്‍ ആവുന്നില്ല. തന്റെ ഭാര്യയുടെ മൃതദേഹത്തിനരികെനില്‍ക്കുന്ന സ്വന്തം ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം വിലപിക്കുകയാണ്. ഏറ്റവും ആര്‍ദ്രമായ പാട്ടിനേക്കാള്‍ ദുഃഖസാന്ദ്രമായി. കേള്‍ക്കുന്നവരെമുഴുവന്‍ കണ്ണീരണിയിച്ചുകൊണ്ട്.

പ്രാര്‍ഥനകള്‍ക്കു നന്ദി... ദൈവത്തിനുമാത്രമേ നിങ്ങളുടെ ദയാവായ്പിനു മറുപടി നല്‍കാനാവൂ.. എന്റെ പ്രിയപ്പെട്ടവള്‍ ഡിലാനുവേണ്ടിക്കൂടി പ്രാര്‍ഥിക്കൂ... സന്തോഷത്തോടെ, സമാധാനത്തോടെ ഡിലാന്‍ ഉറങ്ങട്ടെ... റെയ്ഫിയാന്‍ വികാരസാന്ദ്രമായ പോസ്റ്റില്‍ കുറിച്ചു. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്നു കരുതപ്പെട്ട ഡിലാനെ തിങ്കളാഴ്ച ഒരു ആശുപത്രിയില്‍വച്ചാണ് തിരിച്ചറിഞ്ഞത്. ബാന്‍ഡ് സംഗീതം അലയടിച്ചുകൊണ്ടിരുന്നപ്പോഴാണ് തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറിയത്. ഇന്തോനേഷ്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകള്‍കൂടിയായ ഡിലാന്‍ കേള്‍വിക്കാരില്‍ ഒരാളായി തീരത്ത് നിലയുറപ്പിച്ചിരുന്നു. 26-ാം ജന്‍മദിനാഘോഷത്തിന് തലേന്നാണ് അപ്രതീക്ഷിത ദുരന്തത്തില്‍ ഡിലാനു ജീവന്‍ നഷ്ടപ്പെട്ടത്.

ഡിലാനോ ഞാനോ ഒന്നും പൂര്‍ണത നേടിയ വ്യക്തികളല്ല. പക്ഷേ, ഡിലാന്‍ എന്നും നല്ല ഭാര്യയാകാന്‍ ശ്രമിച്ച വ്യക്തിയാണ്. എനിക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച പങ്കാളി... പോസ്റ്റില്‍ റെയ്ഫിയാന്‍ എഴുതി. ദൈവത്തോട് ഇതില്‍ക്കൂടുതല്‍ എന്താണ് എനിക്കു ചോദിക്കാനാകുക.... പാതിവഴിയില്‍ നഷ്ടപ്പെട്ട പ്രിയതമയെക്കുറിച്ച് തീരാത്ത ഗാനം പോലെ റെയ്ഫിയാന്‍ എഴുതുന്നു. പ്രമുഖരും പ്രശസ്തരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ റെയ്ഫിയാന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ടും അനുശോചനം രേഖപ്പെടുത്തിയും സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണ്.

വിരഹം സഹിക്കാന്‍ ദൈവം താങ്കള്‍ക്കു ശക്തി നല്‍കട്ടെ. ഡിലാന്‍ ദൈവങ്ങള്‍ക്കൊപ്പം സമാധാനമായി ജീവികട്ടെ.. പ്രശസ്ത ഗായിക ജൂഡിക എഴുതി. സെവന്റീന്‍ സംഗീത ട്രൂപ്പില്‍ ഇനി അവശേഷിക്കുന്ന ഒരേയൊരാള്‍ റെയ്ഫിയാന്‍ മാത്രം. നിലയ്ക്കാത്ത ഗാനം പോലെ, വിരഹതപ്തമെങ്കിലും ഏകാന്തശ്രുതിയില്‍ ആ ഗാനം ഇനിയും ഒഴുകട്ടെ.... വിരഹത്തിന്റെ അനന്തസാഗരങ്ങള്‍ക്കും ഉയരത്തിലുയരത്തിലായി.