അനുഷ്കയുടെ വിവാഹചിത്രം കണ്ട് പൊട്ടിക്കരഞ്ഞു: സോനം കപൂർ

സോനം കപൂർ, അനുഷ്ക ശർമ്മ, വിരാട് കോഹ്‌ലി

കുറേ തമാശകളും അൽപ്പം പരദൂഷണവും അമ്പരിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി ആരാധകരുടെ ഉള്ളം കീഴടക്കിയിരിക്കുകയാണ് ബോളിവുഡ് താരം സോനം കപൂറും സഹോദരങ്ങളും. കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത് കരൺ എന്ന ചാറ്റ്ഷോയിൽ സഹോദരങ്ങളായ റിയ കപൂറിനും ഹർഷവർധൻ കപൂറിനും ഒപ്പമാണ് സോനമെത്തിയത്.

അടുത്തിടെ വിവാഹിതയായ സോനത്തോട് കരൺ ജോഹർ ചോദിച്ച ഒരു കുസൃതിച്ചോദ്യത്തിനാണ് സോനം അമ്പരപ്പിക്കുന്ന ഒരു മറുപടി നൽകിയത്. വിരാട് കോഹ്‌ലി അനുഷ്ക, ദീപിക പദുക്കോൺ–രൺവീർ കപൂർ, പ്രിയങ്ക ചോപ്ര–നിക്ക് ജൊനാസ് ജോഡികളിൽ വിവാഹദിനത്തിൽ ഏറ്റവും സുന്ദരിയായ വധു ആരെന്നായിരുന്നു കരണിന്റെ ചോദ്യം.

വധുക്കളിൽ ആരാണ് കൂടുതൽ സുന്ദരിയെന്ന് പറയാൻ താൻ ആളല്ലെന്നും എല്ലാവരും അതിശയകരമായ രീതിയിൽ സുന്ദരികളായിരുന്നുവെന്നും മറുപടി പറഞ്ഞ സോനം, അനുഷ്ക ശർമ്മയുടെ വിവാഹചിത്രം കണ്ട് താൻ പൊട്ടിക്കരഞ്ഞെന്നും വെളിപ്പെടുത്തി. അനുഷ്കയുടെ വിവാഹത്തിനാണ് താൻ ആദ്യം പങ്കെടുത്തതെന്നും, അവളുടെ വിവാഹചിത്രം കണ്ടപ്പോൾ കരച്ചിലടക്കാനായില്ലെന്നും അവളുടെ അത്ര സുന്ദരമായൊരു ചിത്രം കണ്ടാണ് താൻ കരഞ്ഞു പോയതെന്നും താരം വിശദീകരിച്ചു. അനുഷ്കയെ തനിക്കേറെയിഷ്ടമാണെന്നും അവളെക്കുറിച്ചോർക്കുമ്പോൾ സന്തോഷമുണ്ടെന്നുമായിരുന്നു സോനത്തിന്റെ സഹോദരി റിയ പറഞ്ഞത്.