Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

75000 ൽ അധികം കേസ് തെളിയിച്ച ഇന്ത്യയിലെ ആദ്യ വനിതാ പ്രൈവറ്റ് ഡിക്ടറ്റീവ് മനസ് തുറക്കുന്നു

Rajani Pandit Rajani Pandit. Photo Credit : Youtube

ഇരുപത്തിയഞ്ചാം വയസിൽ സ്വന്തമായി ഒരു ഡിറ്റക്ടീവ് ഏജൻസി തുറന്നപ്പോൾ മകളോട് ആ അച്ഛൻ പറഞ്ഞു. ഇതൊന്നും പെണ്ണുങ്ങൾക്ക് പറ്റിയ പണിയല്ല. പക്ഷെ തോറ്റ് പിന്മാറാൻ രജനി പണ്ഡിറ്റ് എന്ന മകൾ ഒരുക്കമല്ലായിരുന്നു. കുഞ്ഞിലെ മുതൽ തന്നെ പിടിവാശിക്കാരിയായ രജനി തൻെറ തീരുമാനത്തിൽ ഉറച്ചു നിന്നു. നിശ്ശബ്ദമായി പിന്തുണയേകിക്കൊണ്ട് മകൾക്കൊപ്പം നിൽക്കാൻ അവളുടെ അമ്മയുണ്ടായിരുന്നു.

50-ാം വയസിൽ തിരിഞ്ഞു നോക്കുമ്പോൾ രജനി പണ്ഡിറ്റ് എന്ന മുബൈക്കാരിക്ക് അഭിമാനത്തോടെ പറയാം അച്ഛൻെറ വാക്കുകൾ ധിക്കരിക്കാൻ അന്ന് കാണിച്ച ചങ്കൂറ്റമാണ് ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഡിറ്റക്ടീവ് ഏജൻസിയുടെ അമരക്കാരിയായി താൻ മാറാനുള്ള കാരണമെന്ന്.

1991 ൽ ആണ് രജനി പണ്ഡിറ്റ് ഡിറ്റക്ടീവ് ഏജൻസിയുടെ ജനനം. വ്യക്തിപരമായ ഇഷ്ടത്തെ തിരിച്ചറിഞ്ഞ് അന്നെടുത്ത തീരുമാനത്തെക്കുറിച്ചോർത്ത് തെല്ലും ദുഖിക്കേണ്ടി വന്നിട്ടില്ല രജനിയ്ക്കിതുവരെ. ഇന്ന് ഇരുപതിലധികം സഹപ്രവർത്തകരുടെ സഹായത്തോടെ 75000 ൽ അധികം കേസുകൾ തെളിയിച്ച ആത്മധൈര്യത്തോടെയാണ് ഈ ഡിറ്റക്ടീവ് ഏജൻസി മുംബെ നഗരത്തിൽ തലയുയർത്തി നിൽക്കുന്നത്.

മറാത്തി സാഹിത്യത്തിൽ ബിരുദമെടുത്ത ശേഷം ചെറിയ ചില ജോലികൾ ചെയ്തു ജീവിക്കുന്നതിനിടെയാണ് ഒരു ഡിറ്റക്ടീവ് ഏജൻസി തുടങ്ങണമെന്ന മോഹം ഉദിക്കുന്നത്. മകളുടെ ആഗ്രഹത്തോട് അമ്മ പച്ചക്കൊടി കാട്ടിയെങ്കിലും അച്ഛൻ എതിർക്കുക തന്നെ ചെയ്തു. പക്ഷെ ഉള്ളിൽ ഒരു ആഗ്രഹം ഒളിപ്പിച്ചു വെച്ചുകൊണ്ട് മറ്റൊരു ജോലിചെയ്യാൻ ഇഷ്ടപ്പെടാത്തതിനാൽ മനസ് പറഞ്ഞ വഴിയേ സഞ്ചരിച്ചു.

ആണുങ്ങൾ അടക്കിവാഴുന്ന ഡിറ്റക്ടീവ് മേഖലയിലേക്ക് ഒരു പെൺകുട്ടി കടന്നു വന്നപ്പോൾ നേരിട്ടത് എന്തൊക്കെ വെല്ലുവിളികളായിരിക്കും? ഒരു പെൺകുട്ടിയെ വിശ്വസിച്ച് കേസ് ഏൽപിക്കാൻ പാകത്തിൽ രജനി പണ്ഡിറ്റ് ഡിക്ടറ്റീവ് ഏജൻസി വളർന്നതെങ്ങനെയാണ്. ആക്ഷനും സസ്പെൻസും ആൾമാറാട്ടവും നിറഞ്ഞു നിന്ന സംഭവബഹുലമായ കരിയർ ജീവിതത്തെ രജനി പണ്ഡിറ്റ് ഓർത്തെടുക്കുന്നതിങ്ങനെയാണ്...

കോളേജ് കാലഘട്ടത്തിലാണ് ഒരു ഡിറ്റക്ടീവിനു വേണ്ട സ്വഭാവ ഗുണങ്ങൾ എന്നിലുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്. ഒരു സുഹൃത്തിൻെറ അസ്വാഭാവിക പെരുമാറ്റത്തെത്തുടർന്നുണ്ടായ സംശയമാണ് എൻെറ ആദ്യത്തെ ഡിറ്റക്ടീവ് എക്സ്പീരിയൻസ്. വീട്ടുകാരറിയാതെ അൽപസ്വൽപം ചുറ്റിക്കളിയൊക്കെ അവൾക്കുണ്ടായിരുന്നു. അത് അൽപം അതിരുവിട്ട ഘട്ടത്തിലെത്തിയപ്പോൾ അവളെ ഒരുത്തൻ ചൂഷണം ചെയ്യുമെന്ന അവസ്ഥവരെയെത്തി. മാറി നിന്ന് അവളെ കുറെ ദിവസം നിരീക്ഷിച്ച ശേഷം അവൾ അപകടത്തിൽപ്പെടും മുമ്പ് സംഭവത്തിൻെറ സത്യാവസ്ഥ അവളുടെ വീട്ടുകാരെ അറിയിച്ചു. മകളെ സുരക്ഷിതമായി തങ്ങളുടെ കൈകളിലേൽപിച്ച രജനിയോട് നീ ഒരു സ്പൈ വർക്കറാണോ എന്ന് ആദ്യമായി ചോദിച്ചത് അവളുടെ അച്ഛനാണ്. അന്നുമുതൽ മനസിൽ ഉറപ്പിച്ചു. അതെയെന്ന്.

ആ ഒരു അനുഭവം തന്ന ആത്മവിശ്വാസത്തിൻെറ പുറത്താണ് തെറ്റുകൾ കണ്ടുപിടിക്കുന്ന, കുറ്റം തെളിയിക്കുന്ന ഒരു ഡിറ്റക്ടീവ് ആയി മാറാൻ രജനി തീരുമാനിച്ചത്. പിന്നെ പലവേഷങ്ങൾ കെട്ടിയാടി അഴിയാക്കുരുക്കുകളായി കിടന്ന പല കേസുകളും തെളിയിച്ച് കരിയറിൽ വിജയത്തിൻെറ ഓരോ പടവും കയറി രജനി മുന്നേറി. കേസിൻെറ സത്യാവസ്ഥ തെളിയിക്കാൻ വീട്ടുജോലിക്കാരിയായി മാറിയതനെക്കുറിച്ച് രജനി പറയുന്നതിങ്ങനെ.

Rajani Pandit Rajani Pandit. Photo Credit : Youtube

ഭർത്താവിനെയും മകനെയും കൊന്ന കേസിൽ സംശയിക്കപ്പെടുന്ന ഒരു സ്ത്രീയുടെ വീട്ടിൽ ആറുമാസമാണ് രജനി വീട്ടുജോലിക്കാരിയുടെ വേഷത്തിൽ നിന്നത്. പരപുരുഷ ബന്ധം അറിഞ്ഞ ഭർത്താവിനെയും മകനെയും കാമുകൻെറ സഹായത്താലാണ് ആ സ്ത്രീ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിൻെറ നിഗമനം. എന്നാൽ കൂട്ടക്കൊല ചെയ്ത കാമുകൻ വലയിലായാലേ പൊലീസിന് സംഭവത്തിൻെറ സത്യാവസ്ഥ കണ്ടുപിടിക്കാനാകുമായിരുന്നുള്ളൂ.

ആ സ്ത്രീയുടെ കാമുകനെ നിയമത്തിൻെറ വലയിലാക്കുക എന്ന ലക്ഷ്യവുമായി രജനി സ്തീയുടെ വീട്ടിൽ ജോലിക്കാരിയായി കയറിപറ്റി അവരുടെ വിശ്വസ്തത പിടിച്ചു പറ്റി. ഒരിയ്ക്കൽ ആ സ്ത്രീ ബോധം കെട്ടുവീണപ്പോൾ വൈദ്യസഹായം എത്തിച്ചതോടെ രജനിയെ അവർ വീട്ടിലെ ഒരംഗത്തെപ്പോലെ സ്നേഹിച്ചു കൂടെ നിർത്തി. അപ്പോഴും നിത്യവും കാമുകൻ അവിടെ വന്നുപോകുന്നുണ്ടായിരുന്നു.

ഒരിയ്ക്കൽ സ്ത്രീയും കാമുകനും വഴക്കിട്ടു. അവർ പരസ്പരം പോരടിക്കുന്ന സമയം ലാക്കാക്കി രജനി പൊലീസിനെ വിവരം അറിയിക്കാൻ തീരുമാനിച്ചു. പക്ഷെ ഒു മൊബൈൽ ഫോൺ പോലും കൈയ്യിലില്ലാത്തതിനാൽ അവർ മറ്റൊരു ബുദ്ധി പ്രയോഗിച്ചു. അടുക്കളയിലെത്തി കറിക്കത്തി കാലിലിട്ട് കാലിൽ മുറിവുണ്ടാക്കി. രജനിയുടെ കാലിൽ നിന്നു രക്തം വരുന്നതു കണ്ടസ്ത്രീ പെട്ടന്ന് ഡോക്ടറെ കാണൂവെന്ന് പറഞ്ഞ് രജനിയെ പുറത്തിറക്കി. ഈ അവസരം മുതലാക്കി രജനി പൊലീസിനെ കൂട്ടിയെത്തി സ്ത്രീയെയും കാമുകനെയും കൈയ്യോടെ പിടിച്ചു. വെറും ഇരുപതു മിനിറ്റുകൊണ്ടാണ് രജനി കുറ്റവാളികളെ കുടുക്കിയത്.

ബന്ധങ്ങൾക്കും വിശ്വാസങ്ങൾക്കും ഇളക്കം തട്ടുന്ന വിധത്തിൽ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയെ പറ്റി എടുത്തു പറയാൻ നിരവധി ഉദാഹരങ്ങൾ രജനിയുടെ കരിയർ ജീവിതത്തിലുണ്ട്. അതിലൊന്ന് ഒരു കുടുംബം തന്നെ തകർത്തേക്കാവുന്നതായിരുന്നു. കള്ളൻ കപ്പലിൽ തന്നെ എന്നു പറയുന്നതുപോലെ. കുടുംബമെന്ന ആ കപ്പലിലെ യഥാർത്ഥ കള്ളനെ പിടിക്കാൻ സാധിച്ചിരുന്നില്ലെങ്കിൽ ഒരു കുടുംബം തന്നെ അവിടെ തകർന്നുപോയേനേം. ആ അനുഭവത്തെക്കുറിച്ച് രജനി പറയുന്നത്. ആ വീട്ടിലെ അമ്മയ്ക്ക് മൂന്ന് ആൺമക്കളായിരുന്നു. അതിൽ ഒരു മകൻ വിവാഹിതനുമാണ്. വിഷയം ഇതാണ്. ആ അമ്മ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള പല വസ്തുക്കളും മോഷണം പോകുന്നു. സ്വാഭാവികമായും സംശയം നീണ്ടത് മരുമകളിലേക്കാണ്. പക്ഷെ തെളിവില്ലാതെ മരുമകളുടെ നേർക്ക് കുറ്റം ചാർത്തുന്നതെങ്ങനെ? അങ്ങനെയാണ് അവർ രജനിയെ സമീപിച്ചത്. രജനി ഒരു ഉപായം കണ്ടെത്തി. ആ വീട്ടിലെ എല്ലാവരും പുറത്തേക്ക് പോകുന്ന വേളയിൽ ദിവസങ്ങളോളം വീട് നിരീക്ഷിച്ചു. അപ്പോഴാണ് മോഷ്ടാവ് മരുമകളല്ല. മക്കളിൽ ഒരാളാണെന്ന് തെളിയിക്കപ്പെട്ടത്. വീട്ടിൽ എല്ലാവരും പുറത്തുപോയിക്കഴയുമ്പോൾ ആ മകൻ തിരികെയെത്തി അമ്മയുടെ മുറിയിൽ നിന്നു മോഷ്ടിക്കുന്ന വസ്തുക്കളുമായി സുഹൃത്തിൻെറ വീട്ടിലേക്ക് പോകും. അങ്ങനെ ആ കുറ്റവാളിയും പിടിയിലായി.

Rajani Pandit Rajani Pandit. Photo Credit : Youtube

കുറ്റവാളികളെ പിടികൂടാൻ രജനി ഏതുവേഷത്തിലും എത്തും. വീട്ടുജോലിക്കാരിയായും അന്ധയായും ഗർഭിണിയായും തെരുവുപെണ്ണായും ഒക്കെ വേഷം കെട്ടി രജനിയിറങ്ങിയാൽ പിന്നെ കുറ്റവാളികളെ നിയമത്തിൻെറ മുന്നിൽ കൊണ്ടുവന്നാലേ അവർക്ക് ഊണും ഉറക്കവുമുള്ളൂ. ഇപ്പോൾ തനിക്ക് കൂടുതൽ ലഭിക്കുന്നത് ദാമ്പത്യവുമായി ബന്ധപ്പെട്ട കേസുകളാണെന്നാണ് രജനിയുടെ പക്ഷം. ടെക്നോളജിയുടെ വളർച്ച വിവാഹേതര ബന്ധങ്ങൾക്കായുള്ള ലൈസൻസ് ആയി കാണുന്ന ചിലരാണ് ഇതിന് കാരണമെന്നാണ് രജനി പറയുന്നത്. ഭാര്യയുടെയോ ഭർത്താവിൻെറയോ രഹസ്യകാമുകനെ അല്ലെങ്കിൽ കാമുകിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ചിലരൊക്കെ തന്നെ സമീപിക്കാറുണ്ടെന്ന് രജനി പറയുന്നു. മകൾക്ക് വിവാഹാലോചന വരുമ്പോൾ വരനെയും കുടുംബത്തെയും പറ്റി നന്നായി അന്വേഷിക്കണമെന്ന ആവശ്യവുമായി ചില മാതാപിതാക്കളും തന്നെ സമീപിക്കാറുണ്ടെന്നും. നൂറു ശതമാനം ആത്മാർത്ഥതയോടെ താൻ ആ ജോലി പൂർണ്ണ തൃപ്തിയോടെ ചെയ്തുനൽകുമെന്നാണ് രജനി പറയുന്നത്. കാരണം മറ്റെന്തിനേക്കാളും പ്രധാനമാണല്ലോ ഒരു പെൺകുട്ടിയുടെ ജീവിതം...