Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ദശാബ്ദത്തിലെ ഏറ്റവും ഹൃദ്യമായ പ്രണയമായിരുന്നു അത് ; ജനങ്ങളുടെ രാജകുമാരി ഡയാനയുടെ പ്രണയം

x-default ഡയാന രാജകുമാരി.

‘കാന്റില്‍ ഇന്‍ ദ വിന്‍ഡ്’ എന്ന തന്‍റെ ലോകപ്രസിദ്ധമായ ക്ലാസ്സിക് ഗാനം വിഖ്യാത ഗായകന്‍ എല്‍ട്ടണ്‍ ജോണ്‍ ജീവിതത്തില്‍ ഒരേ ഒരു വേദിയിലേ ആലപിച്ചിട്ടുള്ളൂ. അത് വെസ്റ്റ് മിനിസ്റ്റർ കൊട്ടാര അങ്കണത്തില്‍ വച്ച് നടന്ന ഡയാനാ രാജകുമാരിയുടെ അന്ത്യയാത്രാവേളയിലായിരുന്നു.’കാറ്റത്തെ മെഴുകുതിരിനാളം’ എന്ന് എൽടന്‍ ജോണ്‍ തന്‍റെ വികാരനിര്‍ഭരമായ ശബ്ദത്തില്‍ മനസു തൊട്ടു പാടിയപ്പോള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളാണ് ആ വിട നല്‍കല്‍ ചടങ്ങിന് കണ്ണീരോടെ സാക്ഷ്യം വഹിച്ചത്.

ചരിത്രം കണ്ട ഏറ്റവും വലിയ ഒരു അന്ത്യയാത്രാ ചടങ്ങായിരുന്നു അത്. ഒരു ഫെയറി ടെയില്‍ കഥാപാത്രം  പോലെ അത്ഭുതപ്പെടുത്തുന്ന ഡയാന എന്ന രാജകുമാരിയുടെ വിടവാങ്ങല്‍ ചടങ്ങ്. രാജകീയ പ്രൌഡിയുടെ വെള്ളിവെളിച്ചത്തില്‍ ജീവിതം. അവിശ്വസനീയമായ വേഗതയില്‍ ഒരു മരണം.

1961 ജൂലൈ ഒന്നിനാണ് പ്രൌഡമായ ഒരു രാജകുടുംബത്തില്‍ ഡയാനാ സ്പെൻസറുടെ ജനനം .ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ വിശ്വസ്തരായിരുന്ന സ്പെന്‍സര്‍ കുടുംബക്കാര്‍ കാലാകാലങ്ങളായി രാജകൊട്ടാരത്തിന്റെ ആനുകൂല്യങ്ങളിലാണ് ജീവിച്ചിരുന്നത്. രാജകീയപാരമ്പര്യത്തിന്‍റെ പിന്‍തുടര്‍ച്ചയ്ക്കായി ഒരു മകനെ പ്രതീക്ഷിച്ചിരുന്നതിനാല്‍ അപ്രതീക്ഷിതമായി ലഭിച്ച  ആ പെണ്‍കുഞ്ഞിനുള്ള പേര് പോലും മാതാപിതാക്കള്‍ കണ്ടെത്തിയിരുന്നില്ല.

മകളുടെ  ജനനവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുണ്ടായ അസ്വസ്ഥതകളുടെ തുടര്‍ച്ചയെന്നോണം ഡയാനയുടെ ഏഴാം വയസ്സില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു.തുടര്‍ന്ന് ഇംഗ്ലണ്ടിലും സ്വിറ്റ്സര്‍ലന്‍ഡിലുമായി ബോര്‍ഡിംഗ്  വിദ്യാഭ്യാസം. പഠനം കഴിഞ്ഞ ഡയാന നാനിയായും കിന്റര്‍ ഗാര്‍ട്ടന്‍ അസിസ്റ്റന്റായും ജോലി ചെയ്തു. ഡയാന വാര്‍ത്തകളില്‍ നിറയുന്നത് ചാള്‍സ് രാജകുമാരനുമായുള്ള വിവാഹവാര്‍ത്തയോടെയായിരുന്നു. 1981 ജൂലൈ 29നു നടന്ന ആ സ്വപ്നവിവാഹം 750 മില്ല്യന്‍ ആളുകളാണ് ലൈവായി ടെലിവിഷനില്‍ കണ്ടത്.

x-default ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും.

അന്ന് ഡയാനയും ചാള്‍സും തമ്മില്‍ പ്രത്യക്ഷത്തില്‍ പ്രായമുള്‍പ്പെടെയുള്ള ചേര്‍ച്ചയില്ലായ്മകള്‍ വരെ  മാധ്യമങ്ങള്‍ വാര്‍ത്തയാക്കി ആഘോഷിച്ചു. പക്ഷെ കുടുംബ-ജീവിതസാഹചര്യങ്ങളിലും വ്യക്തിത്വത്തിലുമുള്ള ഒരുപാട് ചേരായ്മകള്‍ക്കതീതമായി തങ്ങള്‍ പ്രണയത്തിലാണ് എന്ന് അവര്‍ പ്രഖ്യാപിച്ചപ്പോള്‍ ദശാബ്ദത്തിലെ ഏറ്റവും ഹൃദ്യമായ പ്രണയമായി അത് വാഴ്ത്തപ്പെട്ടു.

വലിയ ഒരു കുടുംബം വേണമെന്ന് ആഗ്രഹിച്ചിരുന്ന ഡയാനയ്ക്ക് ആദ്യത്തെ കുഞ്ഞായി വില്ല്യം ജനിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തില്‍ കിന്റർഗാര്‍ട്ടന്‍ സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ച ഏക രാജകുമാരന്‍. അതുവരെ പ്രൈവറ്റ് അധ്യാപകര്‍ കൊട്ടാരത്തില്‍ വന്നു പഠിപ്പിച്ചിരുന്ന കീഴ്‌വഴക്കം മാറ്റിയെഴുതിയത് തന്‍റെ കുഞ്ഞുങ്ങള്‍ സാധാരണക്കാരുടെ ഒപ്പമാണ് പഠിയ്ക്കേണ്ടത് എന്ന ഡയാനയുടെ കര്‍ശനമായ തീരുമാനമായിരുന്നു. രണ്ടാമത്തെ മകന്‍ ഹാരി ജനിച്ച് അധികമാകുന്നതിന് മുന്‍പ് തന്നെ ഡയാന-ചാള്‍സ് ബന്ധത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരുന്നു.

x-default ഡയാന രാജകുമാരി മക്കളോടൊപ്പം.
x-default ചാൾസ് രാജകുമാരനും ഡയാനരാജകുമാരിയും മക്കളോടൊപ്പം.
x-default ചാൾസ് രാജകുമാരനും ഡയാനരാജകുമാരിയും മക്കളോടൊപ്പം.

1992ലെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ അനശ്വരപ്രണയസ്മാരകമായ  താജ് മഹലിന്റെ മുന്നില്‍ തനിച്ചിരിയ്ക്കുന്ന ഡയാനയുടെ ചിത്രം മാധ്യമങ്ങളുടെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി.ഏതാനും മാസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ‘ഡയാന:ഹേര്‍ ട്രൂ സ്റ്റോറി’ എന്ന  പുസ്തകത്തില്‍ ഡയാനയുടെ അനുവാദത്തോടെയുള്ള ചില ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.

x-default രണ്ടാമത്തെ മകന്‍ ഹാരി ജനിച്ച് അധികമാകുന്നതിന് മുന്‍പ് തന്നെ ഡയാന-ചാള്‍സ് ബന്ധത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരുന്നു.

ചാള്‍സ് രാജകുമാരന്  കാമില പാര്‍ക്കറുമായുള്ള വിവാഹേതര ബന്ധമായിരുന്നു ഒന്ന്. ഡയാന കടന്നുപോയ്ക്കൊണ്ടിരുന്ന ബുലീമിയ എന്ന ശാരീരികാവസ്ഥയായിരുന്നു മറ്റൊന്ന്. ഈ രണ്ടു കാരണങ്ങള്‍ കൊണ്ടുണ്ടായ ഡിപ്രഷന്‍ ഡയാനയെ  ആത്മഹത്യാശ്രമം വരെ എത്തിച്ചിരുന്നു എന്ന വെളിപ്പെടുത്തല്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ കോളിളക്കം തന്നെയുണ്ടാക്കി.അതേ വര്‍ഷം തന്നെ ഡയാനയും ചാള്‍സും പിരിയുകയാണ് എന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി.

1995ല്‍ ബി ബി സിയ്ക്ക് നല്‍കിയ വിഖ്യാത അഭിമുഖത്തില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയതോടെ ഡയാനയും രാജകുടുംബവുമായുള്ള വിള്ളലുകള്‍ വ്യക്തമായി. താന്‍ ഒരിയ്ക്കലും ഒരു രാജ്ഞി ആകാന്‍ ആഗ്രഹിയ്ക്കുന്നില്ല എന്നും ആകുകയാണെങ്കില്‍ അത് ജനങ്ങളുടെ മനസ്സിലെ രാജ്ഞിയായിരിയ്ക്കും  എന്നും  ഡയാന വെളിപ്പെടുത്തിയപ്പോള്‍ ആ ഒറ്റനക്ഷത്രത്തിന്‍റെ തിളക്കവും മാറ്റും  കൂടുകയായിരുന്നു.1996 ൽ നിയമപരമായി വിവാഹമോചിതയാകുന്നത് വരെ വെയ്ല്‍സ് രാജകുമാരി എന്ന നിലയില്‍ രാജ്ഞിയെ പ്രതിനിധീകരിച്ച് തന്റെ രാജകീയ കടമകളെല്ലാം ഏറ്റവും നൈപുണ്യത്തോടെ ഡയാന നിര്‍വ്വഹിച്ചു.

x-default ഡയാനരാജകുമാരി.

ജനങ്ങളുടെ രാജകുമാരി എന്നായിരുന്നു ഡയാന  അറിയപ്പെട്ടിരുന്നത്.കൊട്ടാരത്തിന്റെ രാജകീയ ഔന്നത്യത്തില്‍ നിന്നും സാധാരണക്കാരുടെ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നു അവര്‍.സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകി.അശരണര്‍ക്കും കുഞ്ഞുങ്ങള്‍ക്കും എയിഡ്സ് രോഗികൾക്കുമെല്ലാം അവരുടെ സേവനങ്ങള്‍ നേരിട്ടുള്ള സഹായമായെത്തി. എയിഡ്സ് രോഗികളെയും ക്ഷയരോഗികളെയും സമൂഹം അകറ്റി നിര്‍ത്തിയിരുന്ന ആ കാലത്ത് അവരുമായി ഇടപഴകിയും അവര്‍ക്ക് പരസ്യമായി  ഹസ്തദാനം നല്‍കിയും ഡയാന ജനങ്ങള്‍ക്ക് മുന്നില്‍ വാക്കുകള്‍ക്ക് അതീതമായ സ്വയം സന്ദേശവും മാതൃകയുമായി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള രാജകുടുംബാംഗമായി ഡയാന.

ചാള്‍സ് രാജകുമാരനുമായുള്ള വിവാഹമോചനത്തോടെ ഡയാനയുടെ ജീവിതം വീണ്ടും വെള്ളിവെളിച്ചത്തില്‍. അധികം താമസിയാതെ രാജപദവിയുടെ ഭാഗമായി തനിയ്ക്കു ലഭിച്ച കോടികള്‍ വിലമതിക്കുന്ന വസ്ത്രങ്ങളും വിലപിടിച്ച വസ്തുക്കളും ഡയാന പരസ്യമായി ലേലം ചെയ്ത് ലഭിച്ച  തുക ചാരിറ്റിയ്ക്കു വേണ്ടി നല്‍കി. രാജകൊട്ടാരത്തില്‍ നിന്ന് മാത്രമല്ല  തന്‍റെ അതുവരെയുള്ള ജീവിതത്തില്‍ നിന്നുള്ള ഡയാനയുടെ  ഒരു പടിയിറക്കം കൂടെയായിരുന്നു അത്. ഒടുവില്‍ 1997 ഓഗസ്ത് 31ന് കാമുകനോടൊത്തുള്ള കാര്‍ യാത്രയ്ക്കിടയില്‍ പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ പായുമ്പോള്‍ ഫ്രാന്‍സിലെ ഒരു ടണല്‍ റോഡില്‍ വച്ച് മുപ്പത്താറാം വയസ്സില്‍ കൊല്ലപ്പെടുനതു വരെ, അല്ല അതിനുശേഷവും  ഫെയറി ടെയിലിലെ രാജകുമാരിയെപ്പോലെ ഡയാന ലോകത്തെ വിസ്മയിപ്പിച്ചു.

x-default ഡയാന രാജകുമാരി

ഡയാന പോകുന്നിടത്തെല്ലാം കാമറക്കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫൊട്ടൊഗ്രാഫ് ചെയ്യപ്പെട്ട ഒരു വ്യക്തിയായാണ് ഡയാന അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള യുവജനങ്ങളുടെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയിരുന്നു ഡയാന രാജകുമാരി. അവരുടെ വാക്കുകളിലേയ്ക്കും ചലനങ്ങളിലേയ്ക്കും ഫാഷന്‍ ലോകം കണ്ണുതുറന്നു വച്ചു. ഡയാനയുടെ വാഡ്രോബ് ലോകഫാഷന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു എന്നും. ഡയാനയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ലോകമെമ്പാടുമുള്ള സ്ത്രീകള്‍ അനുകരിച്ചു.ഡയാന ഹെയര്‍ സ്റൈല്‍  ഇവിടെ നമ്മുടെ  കൊച്ചുകേരളത്തില്‍ പോലും തരംഗമായി.

അപ്രതീക്ഷിതമായി വന്ന അതിഥിയെപ്പോലെ മരണം വിരുന്നെത്തിയിരുന്നില്ലെങ്കില്‍  ഇന്നേയ്ക്ക് ഡയാനയ്ക്ക് അന്‍പത്തിയാറുവയസ്സ്. ഡയാനയുടെ  പ്രൗഡി,അവരുടെ അനുകമ്പ,ആ സ്റ്റൈൽ, ആറ്റിറ്റ്യൂഡ് ഇവയെല്ലാം വലിയ സ്വാധീനത്തോടെ തന്നെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.’ മറ്റാര്‍ക്കും പകര്‍ത്താനാവാത്ത വ്യക്തിത്വത്തിന്‍റെ ഉടമ.അതുകൊണ്ട് തന്നെയാണ് മരണത്തിന് ശേഷവും അവര്‍ ചരിത്രത്തിലെ ഒരേ ഒരു ഡയാന രാജകുമാരിയായി ഓര്‍മ്മിയ്ക്കപ്പെടുന്നതും.

.