Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാഷ് ടാഗുകൾ പറയുന്നു; അവൾക്കൊപ്പം എല്ലായ്പ്പോഴും

with-her-33 ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

ജീവിതം ഇങ്ങനെ മുന്നോട്ടു കടന്നു പോവുക തന്നെയാണ്. പക്ഷെ സ്വന്തം വീട്ടിലാണെങ്കിൽ പോലും ഒറ്റയ്ക്കിരിക്കേണ്ടി വരുമ്പോൾ തോന്നുന്ന അരക്ഷിതാവസ്ഥയ്ക്ക് എന്താണ് ഉത്തരം?

ഒറ്റയ്ക്ക് ഒരു യാത്ര പോയാലോ!!! എത്രയോ നാളുകളായി സ്വയം ചോദിക്കുന്ന ചോദ്യം... "പക്ഷെ..." എന്ന വാക്കിൽ അവസാനിക്കുന്ന ആ ചോദ്യത്തിന്റെ ഉത്തരവും അതേ അരക്ഷിതാവസ്ഥ എന്നു തന്നെയാണ്. ഒരുപക്ഷെ നല്ലൊരു ശതമാനം പെൺകുട്ടികളെയും ഇപ്പോഴും എന്തിലും ഏതിലും പിന്നോട്ടു വലിക്കുന്നത് അതേ അരക്ഷിതാവസ്ഥ തന്നെയാണ്. അതുകൊണ്ടു തന്നെയാണ് അവൾക്കൊപ്പം എന്ന ഹാഷ് ടാഗുകൾ സമൂഹമാധ്യമങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടി വരുന്നതും.

സമൂഹമാധ്യമങ്ങൾ ഹാഷ് ടാഗുകളിലൂടെയാണ് പലപ്പോഴും  പിന്തുണ പ്രഖ്യാപിക്കുന്നത്. എന്നാൽ ഹാഷ്ടാഗുകൾക്കപ്പുറം എന്തൊക്കെ സംഭവിക്കുന്നു എന്നതിന് മിക്കപ്പോഴും ഉത്തരങ്ങളില്ല. പക്ഷെ ഒറ്റപ്പെട്ടു പോയവർക്ക് ഇത്തരം പിന്തുണകൾ വളരെ വലിയ കാര്യം തന്നെയാണ്. ആറു മാസത്തിലേറെയായി പ്രശസ്തയായ ചലച്ചിത്രനടിക്ക് വളരെ ദാരുണമായ ഒരു അപകടം സംഭവിച്ചിട്ട്.

ആ വാർത്ത ഇത്രയധികം ചർച്ചയായതും ആ പെൺകുട്ടിയ്ക്ക് സാമൂഹികമായ പിന്തുണ ലഭിച്ചതും അവർ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രമല്ല സ്വയം നേരിട്ട അതിക്രമത്തെ ചെറുത്തു നിന്നു എന്നതുകൊണ്ടാണ്. കേരളത്തിലെ ഒരു എം എൽ എ  ആ പെൺകുട്ടിയെക്കുറിച്ച്  തരം താഴ്ന്ന രീതിയിൽ സംസാരിക്കുകയും അതിനെതിരെ ഏറെ വിമർശനങ്ങൾ ഉണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഒരു വിഷയം ചോദിക്കാതെ തരമില്ല. എവിടെയാണ് ഇപ്പോഴും ചങ്കൂറ്റത്തോടെ അതിക്രമങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്ന പെണ്ണിന്റെ സ്ഥാനം? നമ്മുടെ നാട്ടിൽ അപമാനങ്ങൾ നേരിട്ട പെൺകുട്ടികൾക്ക് പരിഗണന ലഭിക്കണമെങ്കിൽ അവൾ മുഖവും ശബ്ദവും പുറത്തുകാട്ടാതെ അകത്തെവിടെയെങ്കിലുമിരിക്കണം, അല്ലെങ്കിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് ആശുപത്രിയിൽ കിടക്കുകയോ മരണപ്പെടുകയോ വേണം, എങ്കിൽ അനുശോചനങ്ങളുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹം അവൾക്കു ചുറ്റിലും ഉണ്ടായിരുന്നേനെ.

പലപ്പോഴും വേട്ടക്കാരനൊപ്പമാണ് നീതിയും സമൂഹവും. പ്രതിയാണെന്ന് ആരോപിക്കപ്പെട്ട ആൾക്കൊപ്പമാണ് അയാളെ ചുറ്റിപറ്റി നിൽക്കുന്ന സമൂഹവും. കുറ്റവാളിയാണെന്ന് ഉറപ്പിക്കാതെ അയാൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുക എളുപ്പമല്ല. ഇപ്പോഴും വിചാരണയ്ക്ക് പോലും ആവശ്യമായ തെളിവുകൾ പോലീസിന്റെ കൈവശം ലഭ്യമാക്കപ്പെട്ടിട്ടു പോലുമില്ല, എങ്കിൽ പ്പോലും മുഖമില്ലാതെ പോയത് ധൈര്യപൂർവ്വം താൻ നേരിട്ട അതിക്രമത്തിനെതിരെ നെഞ്ചുറപ്പോടെ നിന്ന അവൾക്കാണ്.

ഇവിടെ പേര് നഷ്ടപ്പെട്ട നടി മാത്രമല്ല അടയാളപ്പെടേണ്ടത്. അവൾക്കൊപ്പം എന്ന ഹാഷ് ടാഗിടുമ്പോൾ ആ ടാഗ് ഒപ്പം കൂട്ടേണ്ടത് നടിയെ മാത്രമല്ല സൂര്യനെല്ലി പെൺകുട്ടിയെ പോലെ ജീവനോടെ ഇരിക്കുന്ന പല ഇരകളെയുമാണ്. കിളിരൂർ ശാരിയെ പോലെയുള്ളവരുടെ ജീവിച്ചിരിക്കുന്ന ബന്ധങ്ങളെയുമാണ്. ഒരുപക്ഷെ അവരുടെയൊക്കെ ജീവിതത്തിന്റെ മാറ്റങ്ങളുടെ കാരണമായേക്കുമോ ഈ പെൺകുട്ടി എന്ന കാര്യം ഒട്ടും ഉറപ്പില്ല, കാരണം ഇരയുടെ കൂടെ നിൽക്കാൻ മാത്രമല്ല വേട്ടക്കാരുടെ കൂടെ നിൽക്കാനും നമ്മുടെ ചുറ്റും ആളുകളുണ്ട്.

with-her ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

ജനപ്രതിനിധികൾ മുതൽ ബുദ്ധി ജീവികളെന്നു അവകാശപ്പെടുന്നവർ വരെ അവൾക്കൊപ്പം എന്നല്ല പ്രതിയെന്ന് ആരോപിക്കപ്പെട്ട വ്യക്തിയ്ക്ക്‌ ഒപ്പമാണ്. ഓൺലൈൻ താളുകളിൽ അവളുടെ പ്രസ്താവനകൾക്കു താഴെ നടന്റെ ആരാധകരുടെ അസഭ്യം നിറഞ്ഞ പ്രയോഗങ്ങളും. എന്തായിരുന്നു ആ രാത്രിയിൽ ആ പെൺകുട്ടി ചെയ്യേണ്ടിയിരുന്നത്‌?

അനുഭവിച്ച അപമാനങ്ങളിൽ മനം നൊന്ത്‌ സ്വന്തം ജോലിയിൽ നിന്നും പുറത്തായി ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ എവിടെയെങ്കിലും പോയൊളിച്ചിരിക്കണമായിരുന്നോ? കേരളം കണ്ടതിൽ വച്ച് ഏറ്റവും ചങ്കൂറ്റമുള്ള പെൺകുട്ടിയാണവൾ. ജീവിതത്തിൽ അത്ര പെട്ടെന്നൊന്നും തോൽവിയെ അഭിമുഖീകരിക്കാത്തവൾ. പക്ഷെ നമ്മുടെ ഒരു ജനപ്രതിനിധി പറഞ്ഞതനുസരിച്ച്‌, ശാരീരികമായി ഉപദ്രവിക്കപ്പെട്ട സ്ത്രീകൾ എപ്പൊഴും ഇരകൾ മാത്രമാണ്.അവർ ഉപദ്രവിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ നിശബ്ദരായിരിക്കണം. സമൂഹത്തിൽ പിന്നെ അവൾക്ക്‌ സ്വന്തമായി ഒന്നും ചെയ്യാനില്ല, ജോലി ചെയ്യാനോ പണം ഉണ്ടാക്കാനോ അവൾക്ക്‌ അർഹത ഉണ്ടായിരിക്കില്ല. ഇതേതു കാലത്താണു ഇപ്പോഴും മനുഷ്യർ ജീവിക്കുന്നത്‌ എന്നാണു സംശയം.

with-her-0022 ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

സ്വന്തം അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ ഇന്ന് പെൺകുട്ടികൾക്കറിയാം. കാരണം തങ്ങൾക്കുവേണ്ടി മറ്റാരും സംസാരിക്കാനില്ലെന്നും അവർക്ക്‌ ബോധ്യമുണ്ട്‌. സിനിമാ സ്ത്രീ സംഘടനകളും സോഷ്യൽ മീഡിയയും ഒക്കെ അപമാനിതയായ ആ പെൺകുട്ടിയ്ക്കൊപ്പമാണെന്ന് അവൾക്കൊപ്പം എന്ന ഹാഷ്‌ റ്റാഗോടെ സ്ഥിരീകരിക്കപ്പെട്ടു.

അറസ്റ്റിലായ നടനെ ആദ്യം പ്രതിരോധിച്ചവർ വരെ ഇപ്പോൾ  പിന്തുണയുമായി ജയിൽ എത്തുന്നു.  ഒരേ പന്തിയിൽ തന്നെ രണ്ടൂണൂ വിളമ്പുന്നതിന്റെ അസാംഗത്യം ചോദ്യം ചെയ്യപ്പെടുന്നതേയില്ല.എന്തുകൊണ്ട്‌ നടൻ പ്രതിരോധിക്കപ്പെടണം എന്നതിന്റെ ഉത്തരം അദ്ദേഹം അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌ ഒരു സ്ത്രീയ്ക്കെതിരെ അവളോട്‌ ചെയ്യാവുന്ന ഏറ്റവും ക്രൂരമായ കാര്യം ചെയ്തു എന്ന ആരോപണത്തിന്റെ പേരിലാണ് എന്നതിനാലാണ്. നിരപരാധിയെങ്കിൽ അയാൾ പുറത്തുവരുകതന്നെ വേണം. പക്ഷേ അത്‌ തെളിയുന്നതുവരെ അയാൾ സംശയത്തിന്റെ നിഴലിൽത്തന്നെ നില കൊള്ളും. അവിടെ സമൂഹം അവൾക്കൊപ്പം തന്നെ നിൽക്കേണ്ടി വരും. അതാണു നീതി. വേട്ടക്കാരനൊപ്പമല്ല ഇരയ്ക്കൊപ്പമാണു നിൽക്കേണ്ടതും.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.