Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാദസരത്തിന്റെ കിലുക്കങ്ങളിൽ അവൻ

പ്രതീകാത്മക ചിത്രം. പ്രതീകാത്മക ചിത്രം.

ആ പാദസരത്തിന്റെ കഥ ഇന്ന് ഞാൻ വീണ്ടും കേട്ടു. ഒരിക്കൽ സുന്ദരിയായ ഒരു രാജകുമാരിയുണ്ടായിരുന്നു. അവളോട് അന്ധമായ പ്രണയമുണ്ടായിരുന്ന ആ രാജ്യത്തെ മന്ത്രികുമാരൻ അവളെക്കുറിച്ച് നേരിട്ട് രാജാവിനോട് ചോദിക്കാൻ മടിച്ച് ഒരു മന്ത്രവാദിനിയുടെ സഹായം തേടി.

അവർ അയാളെ രാജകുമാരിയുടെ കാലിലെ തിളങ്ങുന്ന പാദസരമാക്കി മാറ്റി. ഒരിക്കലും ഇളക്കി മാറ്റാനാകാത്ത പോലെ രാജകുമാരിയുടെ സ്വർണ നിറമുള്ള കാലിൽ പറ്റിപ്പിടിച്ചു കിടന്ന പാദസരം മുറിച്ചു മാറ്റാൻ പല വഴിയും നോക്കിയിട്ടും പറ്റിയില്ല. ഒടുവിലത് അവളുടെ ഉടലിന്റെ ഭാഗമായിത്തീർന്നു. അങ്ങനെ മന്ത്രികുമാരന്റെ പ്രണയം സാക്ഷാത്കരിക്കപ്പെട്ടു.-

ഇതെത്രാമത്തെ തവണയാണ് കറുത്ത ലോഹത്തിന്റെ നിറമുള്ള എന്റെ കൊലുസിൽ കൈ വച്ച് കൊണ്ട് നീയീ കഥ പറയുന്നത്! ഇനി കഥയല്ലാത്ത കുറച്ചു കാര്യങ്ങൾ പറയാം.

പാദസരത്തിന്റെ വലിപ്പം എത്രയും കൂടുന്നോ അത്രയും ഇഷ്ടമാണിപ്പോ പെണ്ണുങ്ങൾക്ക്. വർഷത്തിലൊരിക്കൽ വരുന്ന രാജസ്ഥാൻ എക്സിബിഷനുകളിൽ നിന്ന് വാങ്ങിയ കറുത്ത ലോഹത്തിലുള്ള മാങ്ങാ ആകൃതിയിൽ ചുട്ടിയുള്ള പാദസരം തന്നെ എത്ര പേരോട് മറുപടി പറഞ്ഞിരിക്കുന്നു അത് വന്ന കഥ. ഒരേ തരത്തിലുള്ള മാലയും പാദസരവും ഒന്നിച്ചു വാങ്ങിയാൽ വലിയ വിലക്കുറവൊന്നും ഇല്ല, പക്ഷേ ഒന്നിച്ചിടാമെന്ന ഗുണം ബാക്കിയുണ്ട് താനും. പക്ഷെ കാണുന്നവർക്കൊക്കെ പിന്നെ ചോദ്യങ്ങളാണ് , ഇതെവിടുന്നു വാങ്ങി? എത്ര രൂപയായി? എനിക്കും കൂടി വേണാരുന്നല്ലോ.

അന്നൊരിക്കൽ കൊൽക്കത്തയ്ക്കുള്ള ട്രെയിനിൽ ബർത്തിൽ കിടക്കുമ്പോഴാണ് താഴത്തെ സീറ്റിൽ കളറുകൾ നീട്ടി വച്ച് കിടന്നുറങ്ങുന്ന രണ്ടു കാലുകൾ കണ്ടത്. മനോഹരമായ വെളുത്ത കാലുകളിൽ സ്വർണ നിറത്തിൽ വീതി കൂടിയ പാദസരം. രണ്ടു അടുക്കിലാണ് മുല്ലപ്പൂ ആകൃതിയിലുള്ള ചുട്ടിയുള്ള പാദസരം. ഇത്ര മനോഹരമായി പാദസരം അണിഞ്ഞ കാലുകൾ അതിനു മുൻപ് കണ്ടിട്ടേയുണ്ടായിരുന്നില്ല, അതുകൊണ്ടു തന്നെ പെണ്ണായിരുന്നിട്ടും ആ കാലുകളിലേയ്ക്ക് തന്നെ നോക്കിയിരുന്നു. കൊൽക്കത്തയെത്തി ഇറങ്ങുമ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേറ്റു ടോയ്‌ലറ്റിലേക്ക് നീങ്ങുന്ന രൂപം കണ്ടാൽ രബീന്ദ്ര നാഥ ടാഗോറിന്റെ ഏതോ ബംഗാളി നായികയെ പോലെ തോന്നി. നീണ്ട ചുരുണ്ട മുടിയും വെളുത്ത മുഖത്തെ ചുവന്ന സിന്ദൂരവും, കാലിൽ വീതിയുള്ള പാദസരവും! അവ ഇങ്ങനെ മോഹിപ്പിച്ചുകൊണ്ടേ ഇരിക്കുകയും ഏതു വഴിയിലും എനിക്ക് പിന്നാലെ കൂടുകയുമാണല്ലോ.

x-default

അവനാണ് ആദ്യം പറഞ്ഞത് പാദസരത്തെ കുറിച്ച്. "നിന്റെ സിൽക്ക് പോലെയുള്ള കാൽ രോമങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുമ്പോൾ ഒടുവിൽ ചെന്ന് ചേരുന്ന ആ വീതിയേറിയ കാൽത്തളകൾ എന്റെ നിയന്ത്രണം തെറ്റിക്കുന്നുവല്ലോ!" , ചില നിയന്ത്രണങ്ങളൊക്കെ തെറ്റേണ്ടത് തന്നെയല്ലേ! നഗ്നമായ എന്റെ കാലുകളെ ഒരിക്കലും അവനു കാണേണ്ടതില്ലായിരുന്നു. വീതിയുള്ള ലോഹ പാദസരമണിഞ്ഞ കാൽത്തണ്ടകൾ തൊട്ടു വീണ്ടും വീണ്ടും പുതിയ പുതിയ പ്രണയ കഥകൾ അവൻ പറഞ്ഞു കൊണ്ടിരുന്നു. അതിലൊക്കെയും പാദസരം ഒരു കഥാപാത്രമായിരുന്നു. 

ഒരിക്കലൊരു നിലാവിൽ വീണ കുന്നിൻ ചരുവിൽ വച്ചായിരുന്നു ആദ്യമായി എന്റെ പാദസരം ഊർന്നു വീണത്. കറുത്ത ലോഹത്തിന്റെ വെള്ളിയതിരുകളിൽ തൊട്ടു നിലാവ് പുഞ്ചിരിച്ചതു കൊണ്ട് അത് പെട്ടെന്ന് കണ്ടെത്താനായി. അതിനും അവനൊരു കഥ പറഞ്ഞു.

നിലാവുള്ള രാത്രിയിൽ പെണ്ണുങ്ങൾ മോഹിപ്പിക്കുന്ന പാദസരമിട്ടു കൊണ്ട് പുറത്തിറങ്ങി നടക്കരുതത്രെ.

അതെന്തെന്നു ഞാൻ-

ചന്ദ്രന്റെ മഞ്ഞ വെളിച്ചം ആദ്യമായി ഭൂമിയിൽ പതിക്കുന്ന അതേ നിമിഷത്തിലാണ് ശാപം കൊണ്ട ഗന്ധർവ്വന്മാർ ആദ്യമായി ഭൂമിയിൽ കാൽ കുത്തുക. അവർ തിരയുന്നതൊക്കെയും ശാപത്തിൽ നിന്നുള്ള രക്ഷയാണ് . കന്യകയായ പെൺകുട്ടികളിൽ അനുരക്തരായി തീരുകയും അവരെ പ്രണയത്തിന്റെ മറ്റേതോ കരകളിലേക്ക് ഒന്നിച്ചു കടൽ സവാരി നടത്താൻ ക്ഷണിക്കുകയും ചെയ്യുമവർ. പക്ഷേ സവാരിക്കൊടുവിൽ ഗന്ധർവ്വന്മാർ ശാപമൊടുങ്ങിയവരായി തീരും, പിന്നെ അതേ കടലിൽ അവളെ ഒറ്റയ്ക്കാക്കി അവർ മുങ്ങിപ്പോകും. നിലാവ് തൊടുമ്പോൾ പാദസരങ്ങൾ ഇക്കിളിപ്പെട്ടുറക്കെ ചിരിക്കുന്നത് ഗന്ധർ‌വൻമാർക്കേ കേൾക്കാനാവൂ, അതുകൊണ്ടാണ് ആ സമയത്തു കിലുങ്ങുന്ന പാദസരവുമായി പെണ്ണുങ്ങൾ നിലാവിലേക്കിറങ്ങരുതെന്നു പറയുന്നത്.

ഇത്രമാത്രം കഥകൾ എവിടെ നിന്നാണ് ലഭിക്കുന്നത്? പക്ഷേ പി. പദ്മരാജന്റെ "ഞാൻ ഗന്ധർവ്വൻ" കണ്ട എത്രയോ സ്ത്രീകൾ പാതിരാത്രിയിൽ ഒരു ഗന്ധർവ്വനെ തിരഞ്ഞു നിലാവത്തിറങ്ങി നടന്നിട്ടുണ്ടാകും. അവരൊന്നും പാദസരമണിഞ്ഞു കൊണ്ടാവില്ല നടന്നിട്ടുണ്ടാവുക ഉറപ്പ്. പാദസരമിട്ടവരുടെ കള്ളച്ചിരികൾ എവിടെയിരുന്നാലും ഗന്ധർവ്വൻ കേൾക്കുകയും അവളെയും കൊണ്ട് പ്രണയക്കടലിൽ പോവുകയും ചെയ്യും.

"വെയിൽ കൊള്ളുമ്പോൾ കായൽ കണ്ടിട്ടുണ്ടോ നീ? നിന്റെ പാദസരം പോലെ തിളങ്ങും.അവൻ പറഞ്ഞതിന് ശേഷമാണ് അന്നൊരു ബോട്ട് യാത്രയിൽ വെയിലിന്റെ അതിരിലൂടെ ഓളങ്ങളെ നോക്കിയിരുന്നത്. അപ്പോഴുമെന്റെ കാലുകളിലുണ്ടായിരുന്നു അതേ കറുത്ത പാദസരം. പാദസരം മണികൾ പോലെ ഉറക്കെ ചിരിക്കുന്നുണ്ട്. എനിക്കവയെ തൊടണമെന്നു തോന്നി. പാദസരത്തിൽ കൈ തൊട്ടു ഞാനപ്പോൾ അവനെയോർത്ത് ചിരിച്ചു. 

x-default

അതാ ഒരു പാവാടയണിഞ്ഞ പാദസരം നടന്നു പോകുന്നു. കിലുകിൽ ശബ്ദത്തിൽ ഒളിച്ചു കളി നടത്തുന്ന ബാല്യമുണ്ടെന്ന് തോന്നി. അകത്തെ മുറിയിലെ വെളിച്ചമില്ലാത്ത കോണിൽ മറഞ്ഞിരിക്കുമ്പോൾ അൻപതുവരെ എണ്ണി തീർത്തിട്ട് തിരഞ്ഞു വരുന്നവർക്ക് മുന്നിലേക്കാണ് അന്ന് ഒരു കുഞ്ഞു വെള്ളി പദസരവുമായി ചെന്ന് നിന്നു കൊടുത്തത്. ഇരുട്ടു മുറിയിൽ അടങ്ങി നിൽക്കുമ്പോൾ കാലിനെ തൊട്ടു ഓടിപ്പോയത് എലിയായിരിക്കണം. ഒരു പഴകിയ എലി മണമുള്ള മുരിയായിരുന്നുവല്ലോ അത്. യ്യോ! എന്ന നിലവിളി പതിയെ ആയിരുന്നെങ്കിലും അനക്കിയ കാൽ‌വണ്ണയിൽ നിന്നും ഉയർന്നു പൊങ്ങിയ പാദസരനാദം വീട്ടിലെ എല്ലാ മുറികളിലെയും ഭിത്തികളിൽ ഉലഞ്ഞു ചെന്നിടിച്ചു. പിടികൂടപ്പെട്ടു.

ഒളിച്ചു നിൽക്കുന്നവരെ അന്വേഷിച്ചു ചെന്നാലും കിലുങ്ങുന്ന വെള്ളി പാദരസം കാണാതെ ഒളിച്ചിരിക്കുന്നവർ അടുത്തെത്തുമ്പോഴേ രക്ഷപെട്ടു തുടങ്ങിയപ്പോഴാണ് ആരുമറിയാതെ പാദസരം അഴിച്ചു മുത്തശ്ശിയുടെ വെറ്റില ചെല്ലത്തിലിട്ടത്. അതും വെള്ളിയാണ്. ഇനി വൈകിട്ട് മുത്തശ്ശി വെറ്റിലയും പൊകലയും കൂട്ടി മുറുക്കാൻ ചെല്ലമെടുക്കൂ, അതിനു മുൻപ് എടുക്കാമെന്ന കരാർ ഞാനും പാദസരവും തമ്മിലുണ്ടായിരുന്നെങ്കിലും ഊരി വയ്ക്കപ്പെട്ട പാദസരങ്ങൾ കണ്ടുപിടിക്കപ്പെട്ടു.

x-default

"ഇടാനല്ലെങ്കിൽ നീയിത് കൊണ്ട് നടക്കേണ്ട!" പറഞ്ഞ വാക്കുകൾക്കൊടുവിൽ അത് 'അമ്മ മണമുള്ള അലമാരയുടെ അറകളിലേയ്ക്ക് തിരുകി വയ്ക്കപ്പെട്ടു. എത്രയോ വർഷങ്ങൾ എല്ലാവരാലും മറന്നു പോകപ്പെട്ടു അതവിടെ ഇരുന്നിരിക്കണം! ഒളിച്ചോടുമ്പോൾ പാദസരം ഒഴിവാക്കണം എന്ന് അവൻ പറഞ്ഞിരുന്നത് കൊണ്ട് മാത്രം ഞാനും അതേക്കുറിച്ച് ചിന്തിച്ചതേയില്ല. പിന്നെയെപ്പൊഴോ 'അമ്മ അത് തൂക്കി വിറ്റിട്ടുണ്ടാവും! ഞാനില്ലായ്മയിൽ പെട്ട് ഏകാന്തതയിൽ ഇരിക്കുന്നതിനേക്കാൾ ഭേദം ഒച്ചയെ പ്രണയിക്കുന്ന മറ്റേതെങ്കിലും കാലുകളാണെന്നു പാദസരത്തിനും തോന്നിയിട്ടുണ്ടാകാം.

വെള്ളി പാദസരത്തിനു പകരം കാലം മാറ്റിയെടുത്ത ബ്ലാക്ക് മെറ്റലിന്റെ വീതിയുള്ള പാദസരം അവനിഷ്ടമായതു കൊണ്ട് മാത്രം ഞാനിപ്പോൾ കാലിൽ നിന്ന് അഴിച്ചു മാറ്റാറേയില്ല. അല്ലെങ്കിലും ഈ പാദസരത്തിനും പ്രണയത്തിനുമിടയ്ക്ക് എന്തൊക്കെയോ സാധ്യതകളുണ്ട്. അതുകൊണ്ടു മാത്രം ഞാനിപ്പോൾ ഒളിച്ചു കളിയും കളിക്കാറില്ല!