Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് രാഷ്ട്രീയമല്ല, ഇതുതന്നെയാണ് ഞങ്ങൾ സ്ത്രീകൾ അനുഭവിക്കുന്നത്

Nisha-Jose-K-Mani-4.jpg.image.784.410

എല്ലാ ജീവിതങ്ങൾക്കുമുണ്ട് ഒരു അദർ സൈഡ്. ആ മറ്റൊരു വശത്തേയ്ക്കുള്ള നോട്ടത്തിൽ ഒരുപക്ഷേ ഒരിക്കലും കാണാനും ഓർക്കാനും ആഗ്രഹിക്കാത്ത എത്രയോ അനുഭവങ്ങൾ. ഇതൊക്കെ ഞാൻ തന്നെയാണോ അതിജീവിച്ചതെന്നു കുറെ കഴിയുമ്പോൾ അതിശയത്തോടെ ഓർക്കാം.

ഒരു സ്ത്രീയുടെ ജീവിതത്തിൽ ഈ മറുവശത്ത് അവളുടെ ജീവിതത്തിന്റെ പല വശങ്ങളെക്കുറിച്ചുള്ള അനുഭവങ്ങൾ അനവധിയുണ്ടാകും. അത്തരത്തിലുള്ള ഓർമ്മകൾ ഒരു പുസ്തകമാക്കിയാലോ? അതാണ് 'ദ അദര്‍ െസെഡ് ഓഫ് ദിസ് െലെഫ്' എന്ന പുസ്തകത്തിന്റെ കാതൽ. പുസ്തകം ഇറങ്ങിയപ്പോഴേ വിവാദമാക്കാൻ കാരണം അത് എഴുതിയ ആൾ കേരള രാഷ്ട്രീയത്തിൽ വളരെ ആഴത്തിൽ പ്രവർത്തിക്കുന്ന ഒരു കുടുംബ പാരമ്പര്യത്തിൽ നിൽക്കുന്ന ഒരാളായതിനാലാണ്. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് ആണ് പുസ്തകമെഴുതിയത്. പക്ഷേ പുസ്തകത്തിൽ ഏറ്റവും കൂടുതൽ വിവാദമുണ്ടായത് മീ ടൂ ക്യാംപെയിനുമായി ബന്ധപ്പെട്ട വിഷയത്തിലും.

"എന്തിനാണ് ഇത്രയും വർഷങ്ങൾക്കു ശേഷം അവരതു പറഞ്ഞത്? ഇത് ആവശ്യമില്ലാതെ പ്രശ്നമുണ്ടാക്കാൻ വേണ്ടി മാത്രമായാണ്" എന്നൊരു വാചകമാണ് ആദ്യം കാണുന്നത്. പിന്നാലെ വാർത്തയാന്വേഷിച്ചു നടന്നപ്പോഴാണ് നിഷ ജോസിലെത്തിയതും വിഷയത്തിന്റെ പ്രസക്തി മനസ്സിലായതും. എട്ടു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ് വിഷയം പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനിൽ നിന്നും നേരിടേണ്ടി വന്ന അപമാനങ്ങളാണ് പുസ്തകത്തിലൂടെ നിഷ തുറന്നു പറഞ്ഞത്. പക്ഷേ നിഷയുടെ പരാമർശം സ്വാഭാവികമായും വായിക്കപ്പെട്ടതു രാഷ്ട്രീയമായിത്തന്നെയായിരുന്നു.

"ആര് എന്നോടത് ചെയ്തു എന്നതല്ല ഇവിടെ പ്രശ്നം. ഒരു തയ്യൽക്കാരന്റെ മകനാണെങ്കിലും ഡോക്ടറിന്റെ മകനാണെങ്കിലും ആരായാലും ഇത്തരം ഒരു കാര്യം ചെയ്താൽ അതിൽ വ്യത്യാസമില്ല. അതുകൊണ്ടു അയാൾ രാഷ്ട്രീയക്കാരന്റെ മകൻ ആണെന്നത് വിഷയമല്ല, പ്രവൃത്തിയാണ് പ്രശ്നം. ", ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിഷ അഭിപ്രായപ്പെട്ടത് കേട്ടപ്പോൾ അവർക്കു നേരെയുണ്ടായ വാക്ക് അക്രമണങ്ങൾക്കുള്ള കൃത്യമായ മറുപടിയായി തന്നെ തോന്നി.

ഒരു സ്ത്രീ അവൾ നേരിടുന്ന മാനസികവും ശാരീരികവുമായ ആക്രമണങ്ങളിൽ പ്രതികരിക്കുന്ന രീതിയാണ് പ്രധാനം, ആ നിമിഷത്തിൽ ശക്തമായി പ്രതികരിക്കുക എന്നതിനപ്പുറം പിന്നത്തേക്കുള്ളത് അവളനുഭവിച്ച അധിക്ഷേപങ്ങൾ മറ്റൊരാൾക്ക് ഉപകാരപ്പെടുമ്പോൾ അത് അവർക്കു വേണ്ടി പങ്കു വയ്ക്കുക എന്നതാണ്. പക്ഷേ അത് പറയുകയും പറയാതെ ഇരിക്കുകയും ചെയ്യുന്നത് അവളുടെ മാത്രം താൽപ്പര്യമാണ്. എന്തിനു വർഷങ്ങൾക്കു ശേഷം അത് തുറന്നു പറഞ്ഞു എന്നതിന്റെ ഉത്തരം അത് സ്ത്രീയുടെ ഇഷ്ടം മാത്രമാണ് എന്നതാണ്.

nisha-k-jose

ഓരോ സ്ത്രീകളും പുരുഷന്മാരിൽ നിന്നും പല രീതിയിലുള്ള അതിക്രമങ്ങൾ നേരിടുന്നുണ്ട്. ചിലർ പ്രതികരിക്കുകയോ മറ്റു ചിലർ പ്രതികരിക്കാതെയിരിക്കുകയോ ചെയ്തേക്കാം. അവളുടെ മാനസികാവസ്ഥ മാത്രമാണ് അതിനൊക്കെയുള്ള പ്രേരക ശക്തി. പല സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ പങ്കു വയ്ക്കാനുള്ള ധൈര്യം ലഭിച്ചത് തന്നെ സമൂഹമാധ്യമങ്ങളിൽ മീ ടൂ പോലെയുള്ള ഹാഷ് ടാഗുകൾ വന്നതിനു ശേഷമാണ്. എത്രയോ സ്ത്രീകളാണ് അവരുടെ ചെറുതും വലുതുമായ അനുഭവങ്ങൾ പങ്കു വച്ചത്. അത്തരമൊരു അനുഭവം മാത്രമാണ് നിഷയും പുസ്തകത്തിൽ പങ്കു വച്ചത്. സ്ത്രീകൾ ഏറ്റു വാങ്ങുന്ന അപമാനങ്ങൾക്ക് രാഷ്ട്രീയത്തിന്റെ മുഖമില്ല, അതിനു ആണിന്റെയും പെണ്ണിന്റെയും മാത്രം മുഖമേയുള്ളു.

എന്തുകൊണ്ട് നിഷ ജോസ് കെ മാണി പറഞ്ഞപ്പോൾ മാത്രം അത് വിവാദമായി എന്ന് ചോദിച്ചാൽ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നാണ് അവർ വരുന്നത് എന്നുള്ളത് മാത്രമാണ്. പക്ഷേ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന അപമാനങ്ങൾക്ക് അവൾക്കു മുന്നിൽ ഒരു രാഷ്ട്രീയമേയുള്ളു, അത് ഉടലിന്റെ രാഷ്ട്രീയമാണ്. ട്രെയിനിൽ അടുത്തിരിക്കുകയും നിർത്താതെ സംസാരിക്കുകയും ചെയ്യുന്നത് അത്ര അപഹാസ്യമാണോ എന്ന ചോദ്യമുയരുമ്പോൾ ഒന്നോർക്കണം തീരെ താൽപ്പര്യമില്ലാത്ത ഒരാൾ സമയം അപഹരിച്ച് അനാവശ്യമായി സംസാരിക്കുന്നതും മാനസിക പീഡനത്തിന്റെ വകുപ്പിൽ പെടുത്താവുന്ന തന്നെയാണ്.

അറിഞ്ഞും അറിയാതെയെന്ന മട്ടിലുമുണ്ടായ അസാധാരണ സ്പർശനങ്ങളേയും ഒരു സ്ത്രീക്ക് തിരിച്ചറിയാനാകും. ഇത്തരത്തിൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് അന്നത്തെ ട്രെയിൻ യാത്രയിൽ നിഷ നേരിട്ടത്. ആ നിമിഷം തന്നെ വളരെ വ്യക്തമായി അവർ പ്രതികരിക്കുകയും ചെയ്തിരുന്നു, പക്ഷേ വർഷങ്ങൾക്കു ശേഷം അത് പറയേണ്ടി വന്നത് മീ ടൂ പോലെയുള്ള ക്യാംപയിനിന്റെ ഭാഗമായി തന്നെയാണെന്ന് കാണണം.

മീ ടൂ ക്യാംപയിൻ വഴി എത്രയോ സ്ത്രീകളാണ് കുട്ടിക്കാലത്തു പോലും അവരനുഭവിച്ച ബുദ്ധിമുട്ടുകൾ കാലങ്ങൾക്കു ശേഷം തുറന്നു പറഞ്ഞത്. പലതുമുറക്കെ പറയുമ്പോഴാണ് നമ്മളേക്കാൾ കഠിനമായ ദുരിതങ്ങളിലൂടെ കടന്നു വന്ന സ്ത്രീകൾ ചുറ്റിലുമുണ്ടന്നറിയുന്നതു തന്നെ. ആ തിരിച്ചറിയൽ നൽകുന്നത് ഒരു ആശ്വാസവുമാണ്.

nisha-jose-k-mani

മനസ്സിൽ അടക്കിപ്പിടിച്ച വിങ്ങലുകൾ തുറന്നു പറയാൻ ഇത്തരം കഥകൾ കേൾക്കുന്നത് ഒരു പരിധി വരെ ധൈര്യം നൽകുന്നുണ്ട്. അത് തുറന്നു പറഞ്ഞാൽ ലഭിക്കുന്ന ആശ്വാസവും ചെറുതല്ല. അതുകൊണ്ടു തന്നെ നിഷ എഴുതിയതു പോലെയുള്ള അനുഭവങ്ങൾ അവ ചെറുതാണെങ്കിലും വലുതാണെങ്കിലും പുറത്തു വരേണ്ടത് തന്നെയാണ്. പക്ഷേ ഇവയെല്ലാം പറയുന്ന ഒരു തീവ്ര സത്യമുണ്ട്, കൺമുന്നിലെ ഓരോ സ്ത്രീയും അവൾ വെറും സാധാരണക്കാരിയോ, സമ്പത്തുള്ളവളോ, ശക്തമായ കുടുംബ പാരമ്പര്യം ഉള്ളവരോ ആകട്ടെ, അവരെല്ലാവരും അനുഭവിക്കുന്ന മാനസിക-ശാരീരിക അധിക്ഷേപങ്ങൾ എല്ലാം ഒന്നു തന്നെ. അവയ്ക്ക് പീഡനം എന്നു മാത്രമേ പേരുള്ളൂ.

പുസ്തകം വിൽപ്പനയ്ക്കായി സ്വാഭാവികമായി ഉണ്ടാക്കുന്ന പബ്ലിസിറ്റി സ്റ്റണ്ടുകൾ പലതുമുണ്ടാകാം. പക്ഷേ ഇത്തരമൊരു കാര്യം പുറത്താകുമ്പോൾ അവിടെയുണ്ടാകുന്ന രാഷ്ട്രീയത്തെ മാത്രം ശ്രദ്ധിക്കുകയെന്നാൽ അവിടെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കുക എന്നതാണ് അർഥം. ഈ വിഷയത്തെ അതുകൊണ്ടു തന്നെ കാണേണ്ടത് രാഷ്ട്രീയമായല്ല, പകരം അങ്ങേയറ്റം മാനുഷികമായാണ്. കാരണം നിഷ ജോസ് എന്നത് ഒരു പ്രതിനിധി മാത്രമാണ്, ഇതുപോലെയും ഇതിന്റെ അപ്പുറവും അനുഭവിച്ച എത്രയോ സ്ത്രീകളുടെ പ്രതിനിധി!