Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മാനങ്ങൾ മൈനയ്ക്കു നൽകൂ; മേഗനും ഹാരിയും പറയുന്നു

harry-megan-markle

കലപില കൂട്ടുന്ന പക്ഷിയാണു മൈന. സെക്കൻഡിലൊരംശം പോലും അവർ നിശ്ശബ്ദരാകുന്നില്ല. പറക്കുമ്പോഴും ഇഷ്ടസ്ഥലങ്ങളിൽ താണിറങ്ങുമ്പോഴും ഇര തേടുമ്പോഴുമെല്ലാം നിർത്താതെ ശബ്ദിക്കുന്നവർ. നിരന്തരമായി ഒച്ചയുണ്ടാക്കുന്നവർ. പറയാൻ ഒത്തിരി കാര്യങ്ങളുള്ളതുകൊണ്ടായിരിക്കും മൈനകൾ കലപില കൂട്ടുന്നത്.

പക്ഷേ, ഒത്തിരി കാര്യങ്ങളുണ്ടെങ്കിലും ഒന്നും പറയാതിരിക്കുന്ന മനുഷ്യരോ. പറയാൻ ധൈര്യമില്ലാത്തവർ. പറയാമോ എന്നു പേടിക്കുന്നവർ. പറഞ്ഞാൽ എന്തു വിചാരിക്കുമെന്ന ആശങ്ക ഉള്ളിൽകൊണ്ടുനടക്കുന്നവർ. അവർക്കുവേണ്ടി സൃഷ്ടിച്ച ഒരു സംഘടനയുണ്ട് നമ്മുടെ രാജ്യത്ത്: മൈന മഹിള ഫൗണ്ടേഷൻ. കല്ലെടുത്തെറിഞ്ഞാലും ഓടിച്ചുകളഞ്ഞാലും ദൂരെയെങ്ങും പോകാതെ കലപില കൂട്ടുന്ന പക്ഷികളെപ്പോലെ ഉള്ളിൽ അടക്കിവച്ചതെല്ലാം സധൈര്യം പുറത്തുപറയാൻ അവസരം നൽകൂന്ന, പരാതികൾക്കു പരിഹാരം ക‌ണ്ടെത്തുന്ന ഒരു കൂട്ടായ്മ. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയുമാകർഷിച്ച് അടുത്തുതന്നെ നടക്കുന്ന രാജകീയ വിവാഹത്തിന്റെ ഗുണഭോക്താക്കളിൽ ഒന്നുകൂടിയാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധർമസ്ഥാപനം മൈന മഹിള ഫൗണ്ടേഷൻ. 

കുറച്ചുകാലമായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നവരാണു ബ്രിട്ടിഷ് രാജകുടുംബത്തിലെ രാജകുമാരനും നടി മേഗൻ മാർക്കിളും. വിവാഹം തീരുമാനിച്ചതിൽപ്പിന്നെ ഇരുവരുടെയും പിന്നാലെയാണു പപ്പരാസികൾ.രണ്ടുപേരുടെയും വിശേഷങ്ങളോരോന്നും നിമിഷത്തിനെന്നവണ്ണം ലോകമാധ്യമങ്ങളിൽ വലിയ തലക്കെട്ടുകൾ സൃഷ്ടിക്കുന്നു. അടുത്തമാസം 19 നടക്കുന്ന വിവാഹത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രിക്കു തെരേസ മേയ്ക്കു പോലും ക്ഷണമില്ലെങ്കിലും വിവാഹത്തിനു സമ്മാനം കൊടുക്കാൻ ആഗ്രഹിക്കുന്നവർക്കു വിലക്കില്ല. നേരിട്ടോ കത്തുകളായോ ഒന്നുമല്ല സമ്മാനങ്ങൾ അയയ്ക്കേണ്ടത്. പകരം വിവിധ മേഖലകളിൽ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന ധർമസ്ഥാപനങ്ങൾക്കാണ് ഉപഹാരമോ സംഭാവനകളോ നൽകേണ്ടത്. ഈ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏഴു സംഘടനകളിൽ ഒന്നാണു മുംബൈയിലെ മൈന മഹിള ഫൗണ്ടേഷൻ. ആർത്തവ ശുചിത്വ ബോധവൽക്കരണ രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനമാണ് മൈന. 

മൂന്നുവർഷം മുമ്പ് 2015 ൽ തുടക്കം കുറിച്ച മൈന സ്ത്രീകൾ പുറത്തുപറയാൻ മടിക്കുന്ന പേടികൾക്കും ഭയങ്ങൾക്കും പരിഹാരം നിർദേശിക്കുന്നു. വിലക്കൂടുതൽ കാരണം ശുചിത്വം പാലിക്കാൻ കഴിയാതിരിക്കുന്ന ആയിരിക്കണക്കിനു സ്ത്രീകൾക്കു സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നു. അവരുടെ ആരോഗ്യപരിരക്ഷയ്ക്കു മുൻതൂക്കം നൽകുന്നു. മുംബൈ നഗരത്തിലെ ചേരികളിൽനിന്നുള്ള സ്ത്രീകൾ മൈന ഫൗണ്ടേഷനു കീഴിൽ സാധാരണക്കാർക്കു തങ്ങാനാവുന്ന വിലയിൽ വാങ്ങിക്കാവുന്ന സാനിറ്ററി പാഡുകൾ നിർമിക്കുന്നു. ചേരികളിൽ ഉൾപ്പടെ സ്ത്രീകൾക്കിടയിൽ വിതരണം ചെയ്യുന്നു. 

വിലക്കൂടുതൽ കൂടാതെ സാനിറ്ററി പാഡുകളിൽനിന്നു സ്ത്രീകളെ അകറ്റുന്ന പല ഘടകങ്ങളുമുണ്ട്. പുരുഷൻമാർ മാത്രമുള്ള കടകളിൽനിന്നു വാങ്ങിക്കാനുള്ള ബുദ്ധിമുട്ട് ഉൾപ്പെടെ അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും. ഇവയ്ക്കൊക്കെ പരിഹാരമാകുകയാണു മൈനയുടെ പ്രവർത്തനങ്ങൾ. സ്ത്രീകളുടെ വലിയൊരു ചങ്ങലയിലൂടെ നൂറുകണക്കിനുപേർക്കു ജോലി ലഭ്യമാക്കുന്നതിനൊപ്പം ആയിരങ്ങളുടെ ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്നു മൈന. ഇപ്പോൾ ഓരോ മാസവും ശരാശരി പതിനായിരത്തോളം സ്ത്രീകൾക്ക് ആശ്വസമാകുന്ന മൈന ഈ വർഷാവസാനത്തോടെ 25,000 സ്ത്രീകളിൽ ആരോഗ്യത്തിന്റെയും ശുചിത്വത്തിന്റെയും സന്ദേശം എത്തിക്കാനാണു ശ്രമിക്കുന്നതെന്നു പറയുന്നു സ്ഥാപകയും ഡയറക്ടറുമായ സുഹാനി ജലോട്ട. 

ചേരികളിലെ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും മാത്രമല്ല മൈനയുടെ ലക്ഷ്യവും പ്രവർത്തനമേഖലയും. ആരോഗ്യമുള്ളവരായി സ്ത്രീകളെ വളർത്തിയെടുക്കുന്നു. ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ പ്രാപ്തരാക്കുന്നു. ഓരോ സ്ത്രീയും അന്തസ്സോടെ ജീവിക്കുന്നതിലൂടെ അവരുടെ പെൺമക്കളും നാളത്തെ ലോകത്തിൽ വ്യക്തിത്വമുള്ളവരായി വളർന്നുവരുന്നു.

ഇക്കഴിഞ്ഞ വർഷം മൈനയുടെ പ്രവർത്തനങ്ങൾ നേരിൽക്കണ്ടു താൽപര്യം തോന്നിയ മേഗൻ സംഘടനയെക്കുറിച്ചു എഴുതുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായ വിവാഹം നടക്കുമ്പോഴും മേഗൻ മൈനയെ ഓർമിക്കുന്നു. തന്റെയും ഹാരിയുടെയും പേരിൽ തരാൻ ഉദ്ദേശിക്കുന്ന സമ്മാനങ്ങൾ മൈനയ്ക്കു നൽകാനും അങ്ങനെ ആഡംബരത്തിനും ആർഭാടത്തിനും പകരം മനുഷ്യത്വമുള്ളരായി മാറാനും സന്ദേശം നൽകുന്നു.