Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലപാതകികളായ അമ്മമാർ; കരുണ ലഭിക്കാത്ത പിഞ്ചുകുഞ്ഞുങ്ങൾ

ambili-soumya അമ്പിളി, സൗമ്യ.

നൊന്തുപ്രസവിച്ച കുഞ്ഞുങ്ങളെ ഒരു ദാക്ഷണ്യവും കൂടാതെ കൊന്നുതള്ളുന്ന അമ്മമാരുടെ വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. കണ്ണീരിന്റെ നനവോ കുറ്റബോധത്തിന്റെ പാപഭാരമോയില്ലാതെ ചെയ്തകുറ്റങ്ങൾ ഏറ്റുപറയുന്ന ഇവർ ഉള്ളിലെ ക്രൂരതകൊണ്ട് വിളിച്ചു പറയാൻ ശ്രമിക്കുന്നതെന്താണ്? ജന്മം നൽകി എന്ന ഒറ്റക്കാരണത്താൽ മക്കളുടെ ജീവനെടുക്കാൻ അവകാശമുണ്ടെന്നാണോ? അതോ സ്വാർഥതയ്ക്കുവേണ്ടിയും സ്വന്തം സൗകര്യങ്ങൾക്കുവേണ്ടിയും കൊന്നുതള്ളാവുന്ന വെറും മാംസപിണ്ഡങ്ങളായ് മക്കളെ കാണുന്നത് കൊണ്ടാണോ?

നാടിനെ നടുക്കുന്ന കൊലപാതകങ്ങൾ നടത്തിയിട്ടും ഒന്നും സംഭവിക്കാത്തതു പോലെ സ്വാഭാവികമായി പെരുമാറാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും ഇവർക്കൊക്കെ മനസ്സുറപ്പു കിട്ടിയതെങ്ങനെയാണ്? സ്വന്തം ചോരയിൽ പിറന്ന ജീവനെ ഇരുചെവിയറിയാതെ ഇല്ലാതാക്കിയിട്ടും കുറ്റബോധമില്ലാതെ മനസ്സുതുറന്ന് ചിരിക്കാൻ കഴിയുന്നതെങ്ങനെയാണ്?

പിഞ്ചു കുഞ്ഞിന്റെ നെഞ്ചിലേറ്റ ചവിട്ടിൽ എല്ലു പൊട്ടി ശ്വാസകോശത്തിൽ തറച്ചു

നവജാതശിശുവിനെ പെറ്റമ്മ കൊന്നുകുഴിച്ചിട്ടതിനും അച്ഛൻ അതിനു കൂട്ടുനിന്നതിനും കേരളം സാക്ഷിയായത് നടുക്കത്തോടെയാണ്. കൊലപാതകം ചെയ്യാൻ അമ്മ കണ്ടെത്തിയ കാരണമാണ് പൊലീസിനെ ഞെട്ടിച്ചത്. ഉടനെ കുട്ടികൾ വേണ്ട എന്നതും ഗർഭകാലത്തെ തുടർച്ചയായ രക്തസ്രാവം മൂലം കുഞ്ഞിന് ആരോഗ്യം കാണില്ല എന്ന പേടിയുമാണ് തന്നെക്കൊണ്ട് ആ ക്രൂരകൃത്യം ചെയ്യിച്ചത് എന്നാണ് ആ അമ്മ ഏറ്റുപറഞ്ഞത്.

ambili

പുത്തൂർ കാരിക്കലിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ അമ്മ അമ്പിളിയെയും അച്ഛൻ മഹേഷിനെയും തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് സ്വന്തം കുഞ്ഞിനെ കൊന്നതിന്റെ കാരണം അവർ തുറന്നു പറഞ്ഞത്. ഉടനെ ഒരു കുഞ്ഞു വേണ്ടെങ്കിൽ സ്വീകരിക്കാവുന്ന എത്രമാത്രം ഗർഭനിരോധന മാർഗ്ഗങ്ങളുണ്ട്. അതുമല്ലെങ്കിൽ പിറന്നു പോയ കുഞ്ഞിനെ  വേണ്ടെങ്കിൽ അതിനെ ജീവനോടെ ഉപേക്ഷിക്കാനുള്ള മനസ്സെങ്കിലും അവർക്കു കാട്ടാമായിരുന്നില്ലേ? എന്നാണ് ഈ സംഭവത്തെക്കുറിച്ചറിഞ്ഞ ആളുകളുടെ പ്രതികരണം.

ചെയ്ത കുറ്റം പൊലീസിനോട് കണ്ണീരോടെ ഏറ്റുപറയുന്ന അമ്പിളിയുടെ ചിത്രം ആരിലും സഹതാപമുയർത്തുന്നില്ല. കാരണം പ്രസവിച്ചതുകൊണ്ടുമാത്രം ഒരുവൾ അമ്മയാവില്ല. ഒരമ്മയ്ക്കും സ്വന്തം കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാനാവില്ല. അതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ ആഘോഷങ്ങളിൽ പങ്കെടുക്കാനാവില്ല. 

ശ്വാസകോശത്തിനേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമായി പൊലീസ് പറയുന്നത്. ആരോഗ്യമുള്ള നവജാതശിശു മരിക്കാനിടയായത് നെഞ്ചിലേറ്റ ക്ഷതം കൊണ്ടാണെന്നാണു പോസ്റ്റ്മോർട്ടത്തിലെ സൂചന. വാരിയെല്ലുകളിൽ നാലെണ്ണത്തിനു പൊട്ടലുണ്ടായിരുന്നു. എല്ലു പൊട്ടി ശ്വാസകോശത്തിൽ തറച്ചിരുന്നു. പ്രസവത്തിനു ശേഷം തുണിയിൽ അമർത്തിപ്പൊതിഞ്ഞ് കുഴിയിലേക്കിറക്കി വച്ചു മണ്ണിട്ടു മൂടി ചവിട്ടി ഉറപ്പിക്കുകയായിരുന്നുവെന്നാണ് അമ്പിളി മൊഴി നൽകിയത്.

ഈ ക്രൂരകൃത്യം ചെയ്യാൻ മറ്റാരുടേയും സഹായമില്ലായിരുന്നു എന്ന അമ്പിളിയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. മഹാപാപം ചെയ്ത ശേഷം ഒന്നുമറിയാത്തതുപോലെ അവർ ഭർത്താവിന്റെ സഹോദരിയുടെ കുഞ്ഞിന്റെ പേരീടിൽച്ചടങ്ങിന്റെ ആഘോഷങ്ങളിൽ നിറഞ്ഞു നിന്നു. കൈകാലുകളില്ലാത്ത നിലയിൽ കണ്ടെടുത്ത പിഞ്ചുകുഞ്ഞിന്റെ മൃതശരീരത്തെക്കുറിച്ച് നാട്ടുകാർ അന്വേഷിച്ചു തുടങ്ങിയപ്പോഴും ഒന്നും സംഭവിക്കാത്ത ഭാവത്തിൽ അവർ ആഘോഷത്തിൽ പങ്കെടുത്ത ശേഷം കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം പരിശോധിക്കാൻ പോവുകയും കുഴിക്കു മുകളിലേക്ക് ഉയർന്നുനിന്നിരുന്ന തുണികളും ഇളകിയ മണ്ണും വീണ്ടും മൂടി ചവിട്ടിയുറപ്പിക്കുകയും ചെയ്തു.

mahesh-ambili അമ്പിളി, മഹേഷ്.

ഗർഭത്തെക്കുറിച്ച് ഭർത്താവിനല്ലാതെ മറ്റാർക്കും അറിയില്ലെന്നായിരുന്നു അമ്പിളിയുടെ ആത്മവിശ്വാസം, പക്ഷേ നിരപരാധിയായ ഒരു പിഞ്ചുകുഞ്ഞിനെ കൊന്ന അമ്മയോട് ക്ഷമിക്കാൻ ഒരു ദൈവത്തിനും ആകാത്തതുകൊണ്ട് ആ കൊലപാതകത്തിന്റെ ഉത്തരവാദികളിലേക്ക് വളരെപ്പെട്ടന്നെത്താൻ പൊലീസിനായി. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പരകൾ തന്നെ അമ്മയെന്ന പദവിയുള്ള പിശാചുക്കൾ ചെയ്യുമ്പോൾ ആശങ്കയോടെ ആ പി‍ഞ്ചുകുഞ്ഞുങ്ങളുടെ ആത്മാക്കൾ ഇങ്ങനെ ചോദിക്കുന്നുണ്ടാവും എന്തിനായിരിക്കാം ഈ അമ്മ എന്നോടിങ്ങനെ ചെയ്തത്?

കുടുംബത്തെ മുഴുവൻ കൊന്ന അമ്മ

സ്വന്തം ജീവിതം തിരഞ്ഞെടുക്കാനും അത് ഇഷ്ടം പോലെ ജീവിച്ചു തീർക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതിന്റെ പേരിൽ ഒന്നുമറിയാത്ത നിഷ്കളങ്ക ബാല്യങ്ങളെ ബലികൊടുക്കുന്നതെന്തിനാണ്? വീട്ടിൽ നടന്ന നിരവധി അസ്വാഭാവിക മരണങ്ങളാണ് കണ്ണൂർ പിണറായിയിലെ സൗമ്യ എന്ന യുവതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. ആ സ്ത്രീയുടെ രണ്ടുമക്കളും മാതാപിതാക്കളും ഛർദ്ദിയെത്തുടർന്ന് മരിച്ചതിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

സൗമ്യയുടെ  മകൾ കീർത്തന ആറുവർഷം മുമ്പാണ് മരിച്ചത്. മറ്റൊരു മകൾ ഐശ്വര്യ മരിച്ചത് ജനുവരിയിലും. ഇതുകൂടാതെ സൗമ്യയുടെ അമ്മ കമല കഴിഞ്ഞ മാസം ഏഴിനും അച്ഛൻ കുഞ്ഞിക്കണ്ണൻ ഈ മാസം 13നുമാണ് മരിച്ചത്. ഈ നാലുപേരുടേയും മരണകാരണം ഛർദ്ദിയായിരുന്നു. ഇതിനിടെയിൽ സൗമ്യയും ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.

soumya സൗമ്യ.

ഒരു കുടുംബത്തിൽ തുടർച്ചയായി നടന്ന അസ്വാഭാവിക മരണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളണ് ഇപ്പോൾ സൗമ്യയിലെത്തി നിൽക്കുന്നത്. സൗമ്യയുടെ അച്ഛന്റെയും അമ്മയുടെയും മൃതദേഹങ്ങളിൽ വിഷാംശമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് അടുത്തിടെ മരിച്ച ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്തു പരിശോധിച്ചു.

ഈ അസ്വാഭാവിക മരണങ്ങൾ വിരൽ ചൂണ്ടുന്നത് സൗമ്യയിലേക്കും അവരോടടുപ്പമുള്ള യുവാക്കളിലേക്കുമാണ്. അന്വേഷണങ്ങളിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമായാലേ എന്തിനുവേണ്ടിയാണ് അവർ ഈ ക്രൂരകൃത്യം ചെയ്തതെന്ന് അറിയാൻ കഴിയൂ... ഒരു കുടുംബത്തിലെ അതും സ്വന്തം രക്തബന്ധത്തിലെ നാലുപേരെ അവൾ ഇല്ലാതാക്കിയത് എന്തിനുവേണ്ടിയാവും എന്ന ചോദ്യത്തോടെ പകച്ചിരിക്കുകയാണ് ഈ വാർത്തയറിഞ്ഞ ഓരോരുത്തരും.