Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പെൺകുട്ടി ഇനി ആരെ വിശ്വസിക്കണം? ആരെ സ്നേഹിക്കണം?

Kevin, Neenu

അവളുടെ കരഞ്ഞു കുതിർന്ന മുഖം കണ്ടപ്പോൾ മുതൽ തുടങ്ങിയ ആധിയാണ്. ഈ നിമിഷങ്ങളെ ആ പെൺകുട്ടി എങ്ങനെയാവും അതിജീവിക്കുക? മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനമെടുക്കുന്നു, വീട്ടുകാർ അറിയാതെ നടത്തിയ വിവാഹം. ഉടൻ അയാൾ കൊല്ലപ്പെടുന്നു. അതിക്രൂരമായി അയാളെ കൊലപ്പെടുത്തിയത് ഇരുപത് വർഷത്തോളം അവളെ സ്വന്തമായി സ്നേഹിച്ചിരുന്നവർ, സ്വന്തം വീട്ടുകാർ. കൊലപാതകം പോലും ചെയ്യാൻ മടിയില്ലാത്ത ബന്ധുക്കളെ ഓർക്കുമ്പോൾ ഭീതി കൊണ്ട് അവളുടെ ഉള്ളിൽ കടലിരമ്പുന്നുണ്ടാവണം!

മകൾ സ്നേഹിച്ചതിന്റെ പേരിൽ, മകൻ സ്നേഹിച്ചതിന്റെ പേരിൽ, ജാതിയിലും മതത്തിലും താഴ്ന്ന പങ്കാളിയെ ഇല്ലാതാക്കുന്നത് പുതിയ നിലപാടല്ല. കാലങ്ങൾ മുൻപോട്ടു മനുഷ്യർ നടക്കുമ്പോഴും പിന്നോട്ട് നടക്കുന്ന ചിലരുടെ ദുരഭിമാനം എല്ലായ്പ്പോഴും പ്രണയം കടന്നു ജാതിയിലും മതത്തിലും ഒക്കെ വന്നു തറയ്ക്കും.

"ആഹ്, അവള് .... ചെക്കന്റെ കൂടെ ഒളിച്ചോടി അല്ലെ..?"

അന്വേഷണത്തിനായി വന്നു ചേരുന്ന നാട്ടിൻപുറത്തിന്റെ ഭാഷയിൽ അമർത്തി വയ്ക്കപ്പെട്ട സന്തോഷമുണ്ടാകും. സമാധാനത്തോടെ, വലിയ നിലയിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് വന്നൊരു ഗതിയെ! എന്നൊക്കെ അവർ തലയിൽ കൈ വച്ച് വിഷമം അഭിനയിച്ചു പങ്കുവയ്ക്കുകയും ചെയ്യും. അവിടെ തകർന്നു വീഴുന്ന ദുരഭിമാനത്തിനു പിന്നെ കണ്ണുകളില്ല. പോയവൾ പോയവളാണ്, അവളോട് ഇനി ഒരു ബന്ധവുമില്ല, അവൾ മരിച്ചു പോയവളാണ്, അവളിനി സുഖിച്ചു ജീവിക്കുകയും വേണ്ട. പ്രതികാരം അവളെ കൊണ്ടു പോയവനോടല്ല, ഇത്രയും നാൾ കൂടെ ജീവിച്ച മകളോടാണ്. അവൾ വിധവയായാലും വേണ്ടില്ല, സുഖിച്ചു ജീവിക്കാൻ വിടില്ല! എന്തൊരു നിശ്ചയദാർഢ്യമായിരിക്കും അപ്പോൾ മനസ്സിൽ!

ആ പെൺകുട്ടി ഇനി ആരെയാണ് വിശ്വസിക്കേണ്ടത്? ആരെയാണ് സ്നേഹിക്കേണ്ടത്? സ്നേഹം ഒരിക്കലും തെറ്റാണെന്ന് അവൾക്ക് ഇന്നേവരെ ആരും പറഞ്ഞു കൊടുത്തിരുന്നില്ല, വായിച്ചിടത്തും കേൾക്കുന്നിടത്തും എല്ലാം സ്നേഹത്തിന്റെ പ്രകമ്പനങ്ങൾ, ജാതിയും മതവും എല്ലാം കടന്നു പ്രണയത്തിന്റെ നെഞ്ചിടിപ്പ് പകരാൻ കെൽപ്പുള്ള ഒരാൾ, അവൻ അവളെ ചതിച്ചില്ല. മൂന്നു വർഷം, പൊന്നെ, കരളേ എന്ന് പറഞ്ഞു കൊണ്ടു നടന്നിട്ട്, അവളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞില്ല. പകരം, കൂടെ പോരുന്നോ പെണ്ണെ എന്ന് വിളിച്ചു അവളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി. ചങ്കൂറ്റമുള്ള കാമുകനായിരുന്നു കെവിൻ. ഇത്രയും പ്രണയത്തോടെ കൈപിടിച്ചവനാണ് മൂന്നാം ദിവസം സ്വന്തക്കാരുടെ ക്രൂരമായ കൈകൾ കൊണ്ടു കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട് മരണത്തിലേക്ക് നടന്നു പോയത്. ഇനി അവനില്ല!

തിരിച്ചു ചെല്ലേണ്ടത് ജനിപ്പിച്ച, പക്ഷെ, കൊല്ലാൻ മടിയില്ലാത്ത മനുഷ്യരുടെ അടുത്തേക്കാണ്. ഇപ്പോഴുള്ള നിസ്സംഗമായ ഹൃദയാവസ്ഥകളെ കളഞ്ഞു സത്യത്തിലേക്ക് ചെല്ലുമ്പോൾ അവൾ മനസ്സിലാക്കും മതത്തിനും അഭിമാനത്തിനും മീതെ ആയിരുന്നില്ല സ്നേഹമെന്ന്, അത് അവൾക്ക് ബോധ്യപ്പെടുത്തി കൊടുത്തത് ബന്ധുക്കളും. ഇല്ല, ഇനി ആ പെൺകുട്ടിക്ക് ആരെയും സ്നേഹിക്കാൻ ആകുമെന്ന് തോന്നുന്നില്ല... അമ്മയോടും അച്ഛനോടും ബന്ധുക്കളോടും നിരന്തരമായ ഉൾഭീതിയിൽ അവൾ.

rajan-neenu

അന്യായത്തിനും അനീതിയ്ക്കുമെതിരെ എന്തെങ്കിലും ഫലം കിട്ടുമെന്ന് കരുതി അവൾ ചെന്ന് മുട്ടി വിളിച്ചത് സംസ്ഥാന പോലീസിന്റെ ഓഫീസിലാണ്. മറ്റെവിടെയാണ് ചെല്ലേണ്ടത്? പ്രണയിച്ചവനെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്നു അവൾക്ക് ഉറപ്പായിരുന്നു, പക്ഷെ അതൊക്കെ പറഞ്ഞിട്ടും പോലീസ് ഒരു സ്ത്രീയുടെ ഭാഗം പറഞ്ഞില്ല, അവളുടെയൊപ്പം നിന്നില്ല. സ്റ്റേഷനിലെ ഇടനാഴിയിൽ അവൾ തല കുമ്പിട്ട്, കരഞ്ഞു കലങ്ങി എത്ര നേരം നിന്നിട്ടുണ്ടാവണം! ഒടുവിൽ ഇനി അവൻ തിരിച്ചു വരാത്ത ലോകത്തേക്ക് മടങ്ങിയെന്നറിഞ്ഞപ്പോൾ ആ പെൺകുട്ടിക്ക് കേരളത്തിലെ നീതി വ്യവസ്ഥയോടും ഉള്ള വിശ്വാസവും നഷ്ടപ്പെട്ടിരിക്കണം. സഹായിക്കാൻ ആരുമില്ലാത്തവളായി ഏറ്റവും നിസംഗയായി അവൾ തനിച്ചായിപ്പോയി. ഇനി അവൾക്ക് എവിടെ നിന്നും നീതി ലഭിക്കാനാണ്! ഗാന്ധിനഗറിലെ പൊലീസുകാരെ സസ്‌പെൻഡ് ചെയ്ത മുഖം രക്ഷിച്ച പോലീസ് വകുപ്പിന് ലജ്ജ തോന്നുന്നില്ലേ എന്നല്ലാതെ എന്താണ് വേറെ ചോദിക്കാൻ! അല്ലെങ്കിലും നാളുകളേറെയായി പോലീസ്, നിയന്ത്രണം നഷ്ടപ്പെട്ടു പല ജീവനുകൾക്കും ഉത്തരം നൽകാനാകാതെ തല കുമ്പിട്ട് നിൽക്കുക തന്നെയാണല്ലോ.

പ്രണയിച്ചാണ് വിവാഹം കഴിച്ചത്, ജാതിയ്ക്കും വ്യത്യാസമുണ്ടായിരുന്നു. പൊട്ടലിന്റെയും ചീറ്റലിന്റെയും അപ്പുറം സ്നേഹത്തിന്റെ വില മനസ്സിലാക്കുന്ന സ്വന്തക്കാർ. ഹോ, അതെന്തൊരു പ്രിവിലേജായിരുന്നു! മതമല്ല മനുഷ്യനാണ് വലുതെന്നു കണ്ടെത്തുമ്പോൾ സ്നേഹത്തിനും വിശ്വാസത്തിനും അതിർത്തികളില്ലാതാകുന്നു. പക്ഷേ കണക്കും ബിസിനസും സയൻസുമൊക്കെ പഠിച്ച കൂട്ടത്തിൽ സ്നേഹത്തെ കുറിച്ച് പഠിക്കാനാകാതെ പോയ പല മനുഷ്യരിൽ പെട്ടവരായിപ്പോയല്ലോ കെവിൻ നിന്നെ കൊന്നവർ! നാളെ ഒരുപക്ഷെ ഈ കേസിൽ നിന്നും അവർ പതിവ് പോലെ രക്ഷപെട്ടേക്കാം, എന്നിരുന്നാലും സ്നേഹം നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ നിസ്സംഗത മരണത്തിൽ പോലും അവരെ വെറുതെ വിടുമെന്ന് തോന്നുന്നില്ല.

ദുരഭിമാനക്കൊല ആവർത്തിക്കപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് നിലനിന്നിരുന്ന ദുരാചാരങ്ങളുടെ പ്രേതാത്മാക്കൾ ഇപ്പോഴും ഈ നൂറ്റാണ്ടിലും മനുഷ്യരിൽ അലഞ്ഞു നടക്കുന്നുണ്ടെന്നറിയുമ്പോൾ ലജ്ജ തോന്നുന്നു. അവനവൻ ചെയ്യുന്ന ജോലിക്കനുസരിച്ചു വിഭജിക്കപ്പെട്ട ജാതി വ്യവസ്ഥ നിറത്തിലും ജാതിക്കോളത്തിലും മാറ്റി നിർത്തി മനുഷ്യർ അവഗണിക്കപ്പെടുമ്പോൾ അത് സ്നേഹത്തിലേക്കും വന്നെത്തുന്നു. മനുഷ്യർ മാറ്റി നിർത്തപ്പെടുന്നു, കെട്ടിയിടപ്പെടുകയും മർദ്ദിക്കപ്പെട്ട് കൊല്ലപ്പെടുകയും ചെയ്യുന്നു. നിയമത്തെ നിസാരമായി അവഗണിച്ചു നിറവും ജാതി മേൽക്കോയ്മയും അധികാരം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. ഇനിയുമെത്ര ദുരഭിമാനക്കൊല ന്യൂ ജനെറേഷനായി എന്നഭിമാനിക്കപ്പെടുന്ന മലയാളികൾ കാണണം! അനാഥരാക്കപ്പെടുന്ന സ്നേഹങ്ങളുടെ ശാപങ്ങൾ നമ്മുടെ തലയ്ക്കു മീതെയുണ്ടെന്നോർക്കണം ഓരോ നിമിഷവും.

ആ പെൺകുട്ടിയുടെ താഴ്ന്ന മുഖം, ചിലമ്പിച്ച ശബ്ദം എല്ലാം ചങ്കിലേയ്ക്കടിച്ചു കയറുന്നു. ഓരോ മനുഷ്യനും സ്വയം സംസാരിക്കണം, ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ സ്നേഹത്തെയും മനുഷ്യനെയും വേർതിരിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ ആ പെൺകുട്ടിയെ നിങ്ങൾക്ക് മനസിലാകില്ല, കെവിന്റെ മരണം നിങ്ങളെ സംഭ്രമിപ്പിക്കില്ല. അവളുടെ അനാഥത്വവും ഭീതിയും ഊഹിക്കാൻ പോലും കഴിയുകയുമില്ല. കരച്ചിൽ വരുന്നു... ചുറ്റുമുള്ള ലോകം ഇത്രമേൽ സ്നേഹരാഹിത്യമുള്ളവരുടേതുമായിപ്പോയല്ലോ!