Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

72 മണിക്കൂറുകൾക്കൊണ്ടു വനിതാ പ്രവർത്തകർ നിർമ്മിച്ചത് 72 ശുചിമുറികൾ

all-ladies ഓൾ ലേഡീസ് ലീഗ്പ്രവർത്തകർ ദുരിതബാധിത പ്രദേശത്ത്.

കൊച്ചി ∙ ദുരിതബാധിതപ്രദേശങ്ങളിൽ ഏറ്റവും ആവശ്യമുള്ളതു ശുചിമുറികളാണ്. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ എത്തിയപ്പോൾ കലക്ടർ ആവശ്യപ്പെട്ടതും ബയോ ടോയ്‌ലെറ്റ് സ്ഥാപിക്കാൻ കഴിയുമോ എന്നായിരുന്നു. അങ്ങനെ ശുചിമുറി എന്ന വലിയ ഉത്തരവാദിത്തം സോൾ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഓൾ ലേഡീസ് ലീഗ് സംഘടന ഏറ്റെടുത്തു. ഊണും ഉറക്കവുമില്ലാത്ത 72 മണിക്കൂറുകൾക്കൊണ്ടു വനിതാ പ്രവർത്തകർ 72 ശുചിമുറികൾ നിർമിച്ചു  നാട്ടുകാർക്കു നൽകി. ശുചിത്വമിഷനുമായി ചേർന്നായിരുന്നു സോൾ സിസ്റ്റേഴ്സിന്റെ പ്രവർത്തനം.

കർമനിരതരായ സ്ത്രീസംഘം 

ഓൾ ലേഡീസ് ലീഗ് എന്ന രാജ്യാന്തര സംഘടനയുടെ ചാപ്റ്ററാണ് ആലപ്പുഴയിലെയും എറണാകുളത്തെയും ദുരിതബാധിതപ്രദേശത്തേക്ക് ഓടിയെത്തിയത്. കൊച്ചി ചാപ്റ്റർ ചെയർപഴ്സൻ സുജാതാ മേനോൻ  കാലിക്കറ്റ് ചാപ്റ്റർ ചെയർപഴ്സൻ ബിന്ദു സത്യജിത്,  കൊച്ചി ചാപ്റ്ററിന്റെ യങ് ഒൻട്രപ്രനേഴ്സ് ചെയർപഴ്സൻ കാർത്തികാ നായർ, കോഓർഡിനേറ്റർ ആശ പി. നായർ ലീഗ് അംഗം ആനി എന്നിവരാണു മഴക്കെടുതിയിലകപ്പെട്ടവർക്ക് ആശ്വാസവുമായെത്തിയത്. 

ഡു ഫോർ കൊച്ചി 

ഓൾ ലേഡീസ് ലീഗ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ആദ്യമെത്തിയതു കൊച്ചിയിലായിരുന്നു. ഡുഫോർ കൊച്ചി എന്ന ക്യാംപെയ്നായിരുന്നു കൊച്ചിയിൽ. വെള്ളപ്പൊക്കദുരിതം ബാധിച്ച കൊച്ചിയിലെ കോളനികൾ വൃത്തിയാക്കുകയായിരുന്നു ആദ്യ ജോലി.ഉദയാ കോളനി, പി ആൻഡ് ടി കോളനി, കരിത്തല തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളമിറങ്ങിപ്പോയ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കി. 52 അംഗങ്ങൾ ഇതിനു നേതൃത്വം നൽകി. സർക്കാർ ദുരിതാശ്വാസ ക്യാംപുകളിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്തു. 

ദൗത്യവുമായി കുട്ടനാട്ടിലേക്ക് 

സന്നദ്ധപ്രവർത്തനത്തിനു തയാറായി സോൾ സിസ്റ്റേഴ്സ് കുട്ടനാട്ടിലെത്തിയപ്പോഴാണ് വെള്ളപ്പൊക്കത്തിന്റെയും ദുരിതത്തിന്റെയും തീവ്രത മനസ്സിലായത്. കുടിവെള്ളവും ശുചിമുറിയുമായിരുന്നു അവരുടെ ഏറ്റവും വലിയ ആവശ്യങ്ങൾ. കൊച്ചിയിലെപോലുള്ള സൗകര്യങ്ങൾ കിട്ടില്ലെന്നു കലക്ടർ മുന്നറിയിപ്പു നൽകിയിരുന്നു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലേക്കു ട്രാക്ടറിലും ചെറുവള്ളങ്ങളിലുമാണ് എത്തിയത്. മൂന്നു ടിപ്പർ ലോറികളിലായി ശേഖരിച്ച അവശ്യവസ്തുക്കൾ എത്തിച്ചു. 

സാനിട്ടറി നാപ്കിനും അടിവസ്ത്രങ്ങളുമുൾപ്പടെ അവശ്യവസ്തുക്കളെല്ലാം അടങ്ങിയ കിറ്റുകൾ ആളുകൾക്കു വിതരണം ചെയ്തു. ഇൻബിൽട് ബയോ ശുചിമുറികളാണു നിർമിച്ചുനൽകിയത്. രാത്രി മുഴുവനും അധ്വാനിക്കേണ്ടിവന്നു.ഭക്ഷണം പോലും ലഭിച്ചില്ല. ട്രാക്ടർ കിട്ടാതെ മണിക്കൂറുകൾ വെള്ളത്തിൽ നിൽക്കേണ്ടിവന്നു.  പക്ഷേ, ഏറ്റവും വേഗത്തിൽ കൂടുതൽ ആളുകൾക്കു പ്രയോജനമെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഓൾ ലേഡീസ് ലീഗ് പ്രവർത്തകർ.ശുചിത്വമിഷൻ പ്രവർത്തകരും ജില്ലാ ഭരണകൂടവും എല്ലാ പിന്തുണയും നൽകിയതായും ഓൾ ലേഡീസ് ലീഗ് ഭാരവാഹികൾ പറയുന്നു.