Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ പ്രണയത്തകർച്ചയാണ് സുനിതയെ എനിക്ക് തന്നത്'

anil-kapoor-with-wife

ബോളിവുഡ് താരം അനിൽ കപൂറും ഭാര്യ സുനിതയും ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. നീണ്ട 45 വർഷത്തെ ദാമ്പത്യജീവിതത്തെക്കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഇസ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്. സുനിത തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനെപ്പറ്റി അദ്ദേഹം ഓർക്കുന്നതിങ്ങനെ :-

എന്നെ ഫോൺവിളിച്ചു കബളിപ്പിക്കാനായി എന്റെയൊരു സുഹൃത്താണ് സുനിതയ്ക്ക് എന്റെ നമ്പർ  നൽകുന്നത്. ഫോണിലൂടെ കേട്ട ശബ്ദത്തോട് ഞാൻ പ്രണയത്തിലായി. പിന്നീട് ഒരു പാർട്ടിയിൽവച്ചാണ് ഞങ്ങൾ ആദ്യമായി പരസ്പരം കണ്ടത്. ഈ പെൺകുട്ടിയെക്കുറിച്ചും അവളുടെ ശബ്ദമിഷ്ടപ്പെട്ടതിനെക്കുറിച്ചുമൊക്കെ ഞാനെന്റെ പ്രണയിനിയോട് പറഞ്ഞിരുന്നു. പക്ഷേ പെട്ടന്നൊരു ദിവസം എന്റെ ഹൃദയത്തെ തകർത്തുകൊണ്ട് അവൾ എന്റെ ജീവിതത്തിൽ നിന്നിറങ്ങിപ്പോയി. വാസ്തവത്തിൽ ആ പ്രണയത്തകർച്ചയാണ് ഞാനും സുനിതയുമായുള്ള സൗഹൃദം ശക്തിപ്പെടാനുള്ള പ്രധാനകാരണം.

സാമ്പത്തികമായി വലിയ അന്തരമുണ്ട് ഞങ്ങൾ തമ്മിൽ. അവളുടെ അച്ഛന് ബാങ്കിലാണ് ജോലി. മോഡലിങ് സ്വപ്നം കണ്ട ആ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വളരെ ലിബറലായ ചിന്താഗതിക്കാരുമായിരുന്നു. സൗഹൃദം പ്രണയമായി. ഒരിക്കലുമതു സിനിമയിൽ കാണുമ്പോലെയൊന്നുമായിരുന്നില്ല. നീണ്ട 10 വർഷങ്ങൾ ഞങ്ങളുടെ പ്രണയകലാമായിരുന്നു. എന്റെ പെൺസഹൃത്തായിരിക്കാൻ ഞാനവളെ നിർബന്ധിച്ചില്ല. പക്ഷേ പരസ്പമുള്ള ഇഷ്ടം ഞങ്ങൾക്കിരുവർക്കും നല്ലതുപോലെ അറിയാമായിരുന്നു. എന്റെ താമസസ്ഥലത്തു നിന്ന് അവളുടെ വീട്ടിലെത്താൻ ബസ്സിൽ ഒരു മണിക്കൂറെങ്കിലുമെടുക്കും. അതുകൊണ്ട് സമയം കളയണ്ടെന്നും തന്നെ കാണാൻ കാറിൽ വന്നാൽ മതിയെന്നും അവളെപ്പോഴും പറയും. കാറിൽ വരാനുള്ള കാശില്ലെന്നു പറയുമ്പോൾ വന്നാൽ മതി കാശ് ഞാൻ കൊടുത്തോളാം എന്നായിരുന്നു അവളുടെ മറുപടി. നീണ്ട പത്തുവർഷങ്ങൾ ഞങ്ങൾ ഒരുമിച്ചു സഞ്ചരിച്ചു, ഒരുമിച്ചു വളർന്നു. ഒരിക്കലും അടുക്കളയിൽ കയറി പാചകം ചെയ്യില്ല എന്നവൾ നേരത്തെ പറഞ്ഞിരുന്നു. കുക്ക് എന്നു പറഞ്ഞാൽ കിക്ക് എന്നായിരിക്കും അവളുടെ മറുപടി.

പ്രണയത്തിലാണെങ്കിലും എന്നെ വിവാഹം കഴിക്കണം എന്നവളോടു പറയനുള്ള സാഹചര്യം എനിക്കുണ്ടായിരുന്നില്ല. കരിയറിൽ ആദ്യത്തെ ബ്രേക്ക് വന്നതിന്റെ പിറ്റേദിവസം ഞാനവളോടു പറഞ്ഞു. നാളെ കല്യാണം കഴിക്കാം. നാളെ പറ്റിയില്ലെങ്കിൽ കല്യാണമേയില്ല. അങ്ങനെ ഞങ്ങൾ വിവാഹിതരായി. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയി ആ സമയത്ത് എന്നെക്കൂട്ടാതെ വിദേശത്ത് ഹണിമൂണിന് പോയിരിക്കുകയായിരുന്നു മാഡം. സത്യസന്ധമായി പറയുകയാണെങ്കിൽ എന്നെ എന്നേക്കാൾ നന്നായറിയാവുന്നത് അവൾക്കാണ്.

ഞങ്ങളൊരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുത്തു, ഒരു വീടുണ്ടാക്കി, മൂന്നു കുഞ്ഞുങ്ങളെ വളർത്തി. ജീവിതത്തിലെ ഉയർച്ചയിലും താഴ്ച്ചയിലും അവൾ ഒരുപോലെ കൂടെനിന്നു. ശരിക്കും ഇപ്പോഴാണ് ഞങ്ങൾ ശരിക്കും ഡേറ്റിങ്ങിൽ എന്നു വേണം പറയാൻ. പ്രണയപൂർവമുള്ള നടത്തവും, അത്താഴവുമൊക്കെ ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. 45 വർഷമായി ഞങ്ങൾ ഒരുമിച്ചായിട്ട്... നീണ്ട 45 വർഷത്തെ പ്രണയം സൗഹൃദം.. എല്ലാം. അവളെപ്പോലെ അധികം പേരുണ്ടാവില്ല. അവളൊരു പൂർണ്ണയായ അമ്മയാണ് ഭാര്യയാണ്. എല്ലാ ദിവസവും വളരെയധികം പ്രചോദനത്തോടെയാണ് ഞാൻ ഉണരുന്നത്. കാരണമെന്താണെന്നറിയാമോ? ഇന്നലെയല്ലേ കുറേയധികം പണം ഞാൻ നിനക്കു നൽകിയതെന്ന് ഭാര്യയോടു ഞാൻ ചോദിക്കും. അതൊക്കെ തീർന്നു പോയല്ലോയെന്ന് അവൾ മറുപടി പറയും. അപ്പോൾത്തന്നെ കിടക്കയിൽ നിന്ന് ചാടിയെഴുന്നേറ്റ് ഞാൻ ജോലി ചെയ്യാനോടും'- എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.