Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവരുടെ മുറിവുകൾ ആഴമേറിയതാണ്: മീ ടൂവിനെക്കുറിച്ച് എന്‍.എസ്. മാധവന്‍ എഴുതുന്നു

me-too-01

ഒക്ടോബർ 15ന് ‘മീ ടൂ’ പ്രസ്ഥാനത്തിന്റെ ഒന്നാം വാർഷികമാണ്. 2017 ഒക്ടോബറിൽ ഇതേ തീയതിയിലാണ്, അലീസ മിലാനോ എന്ന നടി, ഹോളിവുഡിലെ പ്രമുഖരുടെ ലൈംഗികചൂഷണങ്ങൾ പുറത്തുകൊണ്ടുവരാൻ മീ ടൂ (ഞാനും ഇര) എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ ആഹ്വാനം ചെയ്തത്. ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ ഫെയ്സ്ബുക്കിൽ മാത്രം 47 ലക്ഷം പേർ ഈ ഹാഷ്‌ടാഗ് ഉപയോഗിച്ചു. ഹോളിവുഡിൽ മാത്രം ഒതുങ്ങിയില്ല മീ ടൂ. സ്ത്രീകൾ ചൂഷണം ചെയ്യപ്പെട്ട ഇടങ്ങളിലെല്ലാം ആ ഹാഷ്ടാഗ് ഉപയോഗിക്കപ്പെട്ടു. ആ പ്രയോഗത്തിനു 10 വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും 2017ൽ മാധ്യമസ്‌ഫോ‌ടനം സംഭവിക്കാനുള്ള കാരണം, സ്ത്രീകൾക്കു ശക്തിയുള്ള ഒരു ചങ്ങാതിയെ കിട്ടിയതാണ് – സമൂഹമാധ്യമങ്ങൾ. പലരും ചേർന്നു മിണ്ടാട്ടമില്ലാതാക്കിയവർക്ക് വായ കീറി; ശബ്ദംവച്ചു. 

ഇന്ത്യയിൽ കഴിഞ്ഞ ഒരാഴ്ചയായി ഇരമ്പുന്ന മീ ടൂ പ്രതിഷേധത്തിന്റെ തുടക്കം ഒക്ടോബർ നാലിനായിരുന്നു. ഒറ്റപ്പാലത്തു വേരുകളുള്ള, ബെംഗളൂരുവിലെ പത്രപ്രവർത്തക സന്ധ്യമേനോൻ തന്റെ മുൻമേലധികാരിയും ഇപ്പോൾ ഹൈദരാബാദിൽ ഒരു പത്രത്തിന്റെ പ്രാദേശിക എഡിറ്ററുമായ കെ.ആർ. ശ്രീനിവാസിനെതിരെ ആരോപണമുന്നയിക്കുകയായിരുന്നു. തുടർന്ന് അത്തരം കഥകൾ പറയുന്ന ട്വീറ്റുകളുടെ പ്രവാഹം ആരംഭിച്ചു. അതിനു മുൻപേ ഹിന്ദി നടി തനുശ്രീ ദത്ത, നടൻ നാന പടേക്കർക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾത്തന്നെ – അതാദ്യമായിട്ടായിരുന്നു ബോളിവുഡിലെ ഒരു പ്രമുഖവ്യക്തിയുടെ പേര് പുറത്തുവരുന്നത് - സമൂഹമാധ്യമങ്ങൾ ചൂടുപിടിച്ചിരുന്നു. 

ഇപ്പോൾ, മാധ്യമമേഖലയിലെ വമ്പന്മാരടക്കം പലരുടെയും പേരുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഈ ആരോപണങ്ങളെല്ലാം, സൂക്ഷ്മമായി അപഗ്രഥിച്ചാൽ അതിനൊരു പൊതുസ്വഭാവമുള്ളതായി കാണാം. ഇര പലപ്പോഴും വളരെ ചെറുപ്പമായിരിക്കും. പലരും ജോലിയുടെ തുടക്കത്തിലുള്ള അരക്ഷിതാവസ്ഥ അനുഭവിക്കുന്നവർ. അക്രമി, അനുഗ്രഹനിഗ്രഹശക്തിയുള്ള പ്രഭാവശാലി. സംഭവം, അത് അശ്ലീലച്ചുവയുള്ള ടെക്‌സ്റ്റ് സന്ദേശം തൊട്ടു ശാരീരികാക്രമണം വരെ എന്തുമാകാം, സ്ത്രീയെ മാനസികമായി തകർക്കുന്നു. വിഷാദരോഗത്തിന് അടിമയാക്കുന്നു. പല സംഭവങ്ങളിലും അക്രമികളുടെ ക്രൂരതയും കൂസലില്ലായ്മയും അറപ്പുണ്ടാക്കുന്നു. 

ഇപ്പോഴത്തെ തലമുറയിലെ പെൺകുട്ടികളും സ്ത്രീകളുമാണ് സ്വസ്ഥമായി ജീവിക്കാനുള്ള സമരത്തെ ഏറ്റവും കൂടുതൽ മുന്നോട്ടുകൊണ്ടുപോയത്. പലതും നഷ്ടപ്പെടാനുണ്ടായിട്ടും ശബ്ദമുയർത്താൻ അവർ മടിച്ചില്ല. ഗായിക ചിന്മയി ശ്രീപാദ, തന്റെ തൊഴിലിനെ ബാധിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉയർത്തി. സാഹസികം എന്നു പറയാവുന്ന ഈ നീക്കം, ഒട്ടേറെ സ്ത്രീകൾക്കു ധൈര്യം പകർന്നു. 

2017 നവംബറിലാണ് ഇന്ത്യയിലെ ആദ്യത്തെ മീ ടൂ സംഭവം നടക്കുന്നത്. യുഎസിൽ നിയമവിദ്യാർഥിയായ റായ സർക്കാർ, ഇന്ത്യയിലെ സർവകലാശാലകളിലും മറ്റു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന അറുപതോളം വ്യക്തികളുടെ പേരുകളും അവർ നടത്തിയെന്നു പറയപ്പെടുന്ന ലൈംഗികപീഡനങ്ങളുടെ പട്ടികയും പുറത്തുവിട്ടു. സ്ത്രീവാദികളിൽതന്നെ പലരും ഇതിനെതിരെ രംഗത്തുവന്നു; പ്രത്യേകിച്ച് മുതിർന്നവർ. കഫില എന്ന വെബ്സൈറ്റിൽ റായ സർക്കാരിന്റെ പട്ടികയെ ചോദ്യംചെയ്തുകൊണ്ടു പ്രസിദ്ധപ്പെടുത്തിയ ഹർജിയിൽ ഒപ്പുവച്ചവരിൽ പലരും, ഇന്ത്യയിലെ സ്ത്രീവാദപ്രസ്ഥാനത്തിൽ തുടക്കംമുതലേ ഉള്ളവരായിരുന്നു. അവരുടെ പ്രധാന ആരോപണം, ഈ പട്ടിക നിയമം വിധിക്കുന്ന നടപടിക്രമം അനുസരിച്ചു തയാറാക്കിയതല്ല എന്നായിരുന്നു. പലരും, പ്രത്യേകിച്ചു ചെറുപ്പക്കാരികൾ, ഈ വാദം സ്വീകരിച്ചില്ല. റായ സർക്കാരിന്റെ പട്ടിക, ഇന്ത്യയിലെ സ്ത്രീവാദികൾക്കിടയിൽ പിളർപ്പുണ്ടാക്കിയെന്നു നിരീക്ഷകർ പറയുന്നു.

ഇപ്പോൾ നടക്കുന്ന തുറന്നുകാട്ടലുകളും ഇതേ ആരോപണംതന്നെ നേരിടുന്നു. ഒരു പുരുഷനെ ഒരു സുപ്രഭാതത്തിൽ, ഒരു നടപടിക്രമങ്ങളും സ്വീകരിക്കാതെ, ട്വിറ്ററിലൂടെയോ ഫെയ്സ്ബുക്കിലൂടെയോ കരിവാരിത്തേക്കുന്നതിലുള്ള ഘോരമായ അന്യായം ചൂണ്ടിക്കാണിക്കുന്നവരുണ്ട്. അവരോട് ഈ പുതിയ മീ ടൂ തലമുറയ്‌ക്കു പറയാനുള്ളത്: ഇതുവരെ നടന്നതും നടന്നുവരുന്നതുമായ, സ്ത്രീകളെ അവഗണിക്കുന്നതു മുതൽ ആക്രമിക്കുന്നതു വരെയുള്ള കാര്യങ്ങൾ ആണുങ്ങൾ തന്നിഷ്ടം പോലെയാണു നടപ്പിലാക്കുന്നത്. അപ്പോൾ ആരും നിയമം പറയുന്നില്ല. പിന്നെ, ഇത്തരം പറച്ചിലുകൾ കുടുംബത്തിലും ജോലിസ്ഥലത്തും സമൂഹത്തിലുമെല്ലാം വരുത്തിവയ്‌ക്കാവുന്ന ഹാനിയെക്കുറിച്ചും ഇരകൾ ബോധവതികളാണ്. അപകടസാധ്യത മുന്നിൽക്കണ്ടിട്ടും അവർ അതിനു തുനിയുന്നെങ്കിൽ അവരുടെ മുറിവുകൾ ആഴമേറിയതാണ്.