Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനമ്മമാരുടെ കള്ളിപൊളിച്ചു; 7 വർഷത്തിനുശേഷം മുൻ ഭർത്താവിനെ വിവാഹം കഴിച്ച് യുവതി

ഒരു ഹിറ്റ് ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങളാണ് ഡൽഹിയിലെ യുവതിയുടെ ജീവിതത്തില്‍ സംഭവിച്ചത്. സമുദായത്തിനുപുറത്തുനിന്നുള്ളയാളെ പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ തടവിലാക്കിയ യുവതിക്ക് ഒടുവിൽ മോചനം ലഭിച്ചിരിക്കുന്നു. ഗുഡ്ഗാവിലാണു സംഭവം. 

ഡല്‍ഹി വനിതാ കമ്മിഷന്റെ ഇടപെടലിനെത്തുടര്‍ന്ന് കോടതി ഇടപെട്ടാണ് മുപ്പതുവയസ്സുകാരിയായ യുവതിയെ മോചിപ്പിച്ചത്. 181 എന്ന നമ്പരില്‍ വിളിച്ച്  യുവതി സഹായം അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് വനിതാ കമ്മിഷന്‍ ഇടപെടുകയും പൊലീസിന്റെ സഹായത്തോടെ  മോചിപ്പിക്കുകയുമായിരുന്നു. 

രക്ഷപ്പെടുത്തിയ യുവതിയെ വനിതാ കമ്മിഷന്‍ സുരക്ഷാകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും സുരക്ഷാജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. ശേഷം കോടതിയില്‍ ഹാജരാക്കി. ഇപ്പോള്‍ ഏഴുവര്‍ഷത്തിനുശേഷം യുവതി ഇഷ്ടപ്പെട്ട പുരുഷനെത്തന്നെ വിവാഹം കഴിച്ച് ഒരുമിച്ചുജീവിക്കാന്‍  ഒരുങ്ങുന്നു. 

ഏഴുവര്‍ഷങ്ങള്‍ക്കമുമ്പ് 2011 ലാണ് സംഭവങ്ങളുടെ തുടക്കം. കോളജില്‍ ഒരുമിച്ചുപഠിച്ചിരുന്ന, ബഹുരാഷ്ട്രകമ്പനി ഉദ്യോഗസ്ഥനായ യുവാവിനെ വിവാഹം കഴിക്കാന്‍ യുവതി ആഗ്രഹിച്ചു. 2011 നവംബറില്‍ യുവാവ് വിവഹാഭ്യര്‍ഥനയുമായി യുവതിയുടെ വീട്ടില്‍ചെന്നു.  വിവാഹം ആലോചിച്ച് ഇനിയും വീടിന്റെ പടി ചവിട്ടിയിയാല്‍ കൊന്നുകളയുമെന്ന് അന്ന് വീട്ടുകാര്‍ ഭീഷണിപ്പെടുത്തി. അതേത്തുടര്‍ന്ന് രഹസ്യവിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചു. ജയ്പൂരില്‍വച്ച് രജിസ്റ്റര്‍ മാര്യേജ് നടത്തിയെങ്കിലും വിവരം വീട്ടുകാരുള്‍പ്പെടെ ആരെയും അറിയിച്ചില്ല.

ഒരുമിച്ചുജീവിക്കുന്നതിനെ  ഇരുവീട്ടുകാരും എതിര്‍ത്തതോടെ ഇരുവരും  2013 ജനുവരിയില്‍ ഒളിച്ചോടി. പക്ഷേ, ഒരുമിച്ചു ജീവിതം തുടങ്ങുമ്പോഴേക്കും യുവതിക്ക് ഒരു സുഹൃത്തിന്റെ ഫോണ്‍കോള്‍ വന്നു. അമ്മ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗുരുതര നിലയിലാണെന്ന് സുഹൃത്ത് അറിയിച്ചു. ഭയപ്പെട്ട യുവതി വീട്ടിലേക്കു തിരിച്ചുചെന്നു. അപ്പോള്‍തന്നെ വീട്ടുകാര്‍ അവരെ തടവിലാക്കി. പിന്നീടും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ട യുവതി ഒടുവില്‍ വനിതാ കമ്മിഷന്റെ സഹായം തേടുകയായിരുന്നു.