Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടിവളരാനും മുഖം തിളങ്ങാനും വിറ്റാമിൻ സി

Skin care

അധികം കാശുചെലവില്ലാതെ ഏറ്റവും ഫലപ്രദമായ രീതിയിൽ സൗന്ദര്യം സംരക്ഷിക്കാൻ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? ഉണ്ടെന്നാണ് ബ്യൂട്ടി എക്‌സ്‌പേര്‍ട്ട് ഷഹനാസ് ഹുസൈന്‍ പറയുന്നത്. അതിന് വേണ്ടി ഷഹനാസ് നിര്‍ദ്ദേശിക്കുന്നത് ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ഉള്‍പ്പെടുത്തുക എന്നതാണ്.

പ്രായം വർധിക്കുന്നത് തടയുക, രക്തധമനികളെ ശക്തിപ്പെടുത്തുക, ത്വക്കിന് ഇലാസ്തികതയും ശക്തിയും നൽകുക, മുടിക്ക് ആരോഗ്യം നൽകുക, നഖങ്ങള്‍ക്ക് തിളക്കം നൽകുക  തുടങ്ങിയ നിരവധി ഗുണങ്ങളാണ് വിറ്റാമിന്‍ സിയുടെ ഉപയോഗം മൂലം ലഭിക്കുന്നത്. മലിനീകരണത്തില്‍ നിന്ന് ത്വക്കിനെ സംരക്ഷിക്കാനും കണ്ണുകളുടെ താഴെയുള്ള കറുത്തപാടുകള്‍ ഇല്ലാതാക്കാനും കൂടുതല്‍ ഉന്മേഷഭരിതരാക്കാനും വിറ്റാമിന്‍ സിയ്ക്ക് കഴിവുണ്ട്.

gooseburry

ഓറഞ്ച്, നാരങ്ങ, മുന്തിരി, തക്കാളി, നെല്ലിക്ക എന്നിവ വിറ്റാമിൻ സിയുടെ കലവറകളാണ്. പച്ചക്കറികളിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതില്‍ നെല്ലിക്ക വിറ്റാമിന്‍ സിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമാണെന്നാണ് പറയപ്പെടുന്നത്.  പല ആയുര്‍വേദഗ്രന്ഥങ്ങളിലും നെല്ലിക്കയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.  പല രോഗങ്ങളേയും തടയാനുള്ള മരുന്നായും ഇത് ഉപയോഗിക്കാറുണ്ട്. പ്രാചീന കാലം മുതല്‍ വിറ്റമിന്‍ സിയുടെ പ്രാധാന്യം ഭിഷഗ്വരന്മാരും സൗന്ദര്യചികിത്സകരും മനസ്സിലാക്കിയിരുന്നു. ഭാരതീയ ചികിത്സകനായ ചരകന്‍ പ്രായംതടയുന്നതിനും സൗന്ദര്യം നിലനിര്‍ത്തുന്നതിനും നെല്ലിക്ക നല്ലൊരു മാര്‍ഗ്ഗമായി പരാമര്‍ശിച്ചിട്ടുണ്ട്. 

അതുപോലെ നാരങ്ങയിലും വിറ്റമിന്‍ സിയുണ്ട്. ഇളം ചൂടുവെള്ളത്തില്‍ വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളാനും ശരീരപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉന്മേഷഭരിതമാക്കാനും സഹായിക്കും. ഇത് ത്വക്കിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിരവധി സൗന്ദര്യവര്‍ധകവസ്തുക്കളില്‍ നാരങ്ങയും ഘടകമായിട്ടുണ്ട്.

ചുരുക്കത്തില്‍ നമ്മുടെ മെനുവില്‍ വിറ്റമിന്‍ സി കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുക. അത് ആരോഗ്യത്തിനൊപ്പം തന്നെ സൗന്ദര്യവും നൽകും. ആരോഗ്യപ്രദവും ബാലന്‍സഡുമായ ഡയറ്റാണ് ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും നൽകുന്നത് എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.