Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറചിരിക്കു പിന്നിലെ ചില ലിപ്സ്റ്റിക് രഹസ്യങ്ങൾ

ash-lipstick-01

ബോൾഡ് ലുക്ക് സമ്മാനിക്കുന്ന ചെഞ്ചുണ്ടുകളെയും ലിപ്സ്റ്റിക് ഉണ്ടോയെന്നു പോലും തിരിച്ചറിയാനാകാത്ത ന്യൂഡ് ലിപ്പിനെയും ചെറു പുഞ്ചിരിയോടെ ചേർത്തു നിർത്തിയിരിക്കുകയാണ് ഫാഷൻ ലോകം. രണ്ടിനോടും ഒരു പോലെ ഇഷ്ടം. ലിപ്സ്റ്റിക്കുകളുടെ ലോകത്തെ മുടിചൂടാമന്നൻമാരാണ് ചുവപ്പും പിങ്കും നിറങ്ങൾ. ലിപ്സ്റ്റിക് പ്രേമം ചുണ്ടുകളിൽ പടരാൻ തുടങ്ങിയ കാലം മുതൽ തെളിയുന്ന നിറം. എന്നാൽ കാലത്തിനൊത്ത് ചുണ്ടുകളും പുതിയ നിറങ്ങളെ തേടി. വയലറ്റ്, നീല, തവിട്ട് എന്നിങ്ങനെ മാറിമാറി വന്ന നിറങ്ങൾക്കൊപ്പം സ്വഭാവം കടുപ്പിച്ചും നിർമലമാക്കിയും ലിപ്സ്റ്റിക്ക് നിറഞ്ഞ ചിരി സമ്മാനിക്കുന്നു. 

 ഗ്ലോസി 

കത്രീന കൈഫിന്റേതു പോലെ തിളങ്ങുന്ന ചുണ്ടുകളാണ് യൂത്തിന്റെ ഫേവ്റിറ്റ്.   ലോങ് ലാസ്റ്റിങ് ലിപ്സ്റ്റിക്കുകളെ അപേക്ഷിച്ച് നല്ല ഷൈനിങ് തരുന്ന ഗ്ലോസി ഫിനിഷ് ലിപ്സ്റ്റിക്കുകൾക്കാണ് ഇപ്പോൾ ‍‍ഡിമാൻഡ്. എച്ച്ഡി കളർ ക്വാളിറ്റിയിൽ ലോങ് ലാസ്റ്റിങ് ഫിനിഷിങ് നൽകുന്ന ലിക്വിഡ് ലിപ്സ്റ്റിക് ഇല്ലാതെ ബ്യൂട്ടി കിറ്റ് പൂർണമാകില്ലെന്നാണ് ഫാഷനിസ്റ്റകളുടെ വാദം. ഫ്രഷ് ലുക്ക് സമ്മാനിക്കുന്ന തിളങ്ങുന്ന ചുണ്ടുകൾക്കായി അൽപാൽപമായി ചുണ്ടിൽ ക്ലിയർ ഗ്ലോസ് അല്ലെങ്കിൽ ന്യൂഡ് ഗ്ലോസ് അപ്ലൈ ചെയ്യാം. 

katrina

 ന്യൂഡ് 

ബോൾഡ് ലുക്ക് എന്നൊക്കെ പറഞ്ഞ്  കടും ചുവപ്പണിഞ്ഞ് എല്ലായിടത്തും കയറിചെല്ലാൻ അവകാശമില്ല. പ്രത്യേകിച്ച് ഓഫിസ് പോലുള്ള അന്തരീക്ഷത്തിൽ. ആഘോഷങ്ങളിലൊഴികെ ന്യൂഡ് ലിപ്പിനെ കൂട്ടുപിടിക്കുന്നതാണ് ട്രെൻഡ്. ന്യൂഡ് കളർ ചുണ്ടുകളുടെ സ്വാഭാവിക നിറത്തോടു ചേർന്നു നിൽക്കുന്നതിനാൽ മുഴച്ചുനിൽക്കില്ല. ന്യൂഡ് ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോൾ ചുണ്ടിന്റെ കളറുമായി ചേരുന്ന നിറമോ അതിന്റെ തൊട്ടു മുകളിലുള്ള ഡാർക്ക് ഷെയ്ഡോ തിരഞ്ഞെടുക്കുക. 

Stunning Aishwarya

കോറൽ

പുതിയ കാലത്തിന്റെ നിറം. ഏതു സ്കിൻ ടോണിനും ഒരു പോലെ ചേരുന്നതാണ് കോറൽ കളറുകൾ. ബ്രൈറ്റ് ആണെന്നു മാത്രമല്ല ചിയർഫുൾ ലുക്കും നൽകും. 

മാറ്റ് 

പിറന്നു വീണ അന്നു മുതലേ പത്തര മാറ്റ് നിലനിർത്തുന്ന ഒന്നാണ് മാറ്റ് ലിപ്സ്റ്റിക്. സാറ്റിൻ, ക്രീമി, സോഫ്റ്റ്മാറ്റ് ടെക്സ്ചറുകളിൽ വരുന്നവയാണ് മാറ്റ് ലിപ്സ്റ്റിക്കിലെ പുതിയ അവതാരം. സാധാരണ മാറ്റ് ലിപ്സ്റ്റിക്കുകളെ അപേക്ഷിച്ച് ഇത് ചുണ്ടുകളെ വരണ്ടതാക്കുന്നില്ല. 

 ലിപ് ടിൻറ്റ്സ്

കനത്തിൽ കടുംചായം പൂശാൻ താൽപര്യമില്ലാത്തവർക്കുള്ളതാണ് ലിപ് ടിൻറ്റ്സ്. ലൈറ്റ് കളറിലുള്ള ഇവ ചുണ്ടിന്റെ സാധാരണ ഭംഗി നിലനിർത്തും. ബാം പോലെ തോന്നിപ്പിക്കുകയും ചുണ്ടിന് നാച്ചുറൽ ലുക്കും നൽകുന്ന ഒന്നാണ് വേണ്ടതെങ്കിൽ ലിപ് ടിൻറ്റ്സ്  തന്നെ തിരഞ്ഞെടുക്കാം. 

 സ്മഡ്ജഡ് ലിപ്

ചിത്രം വരച്ചപോലുള്ള ചുണ്ടുകളുടെ കാലം കഴിഞ്ഞു. സ്മഡ്ജഡ് ചുണ്ടുകൾക്ക് ആരാധകരായി. അഗ്രഭാഗങ്ങൾ വരച്ച് വൃത്തിയാക്കാതെ വെറുതെ ലിപ്സ്റ്റിക് അപ്ലൈ ചെയ്യുന്ന പരിപാടിയാണിത്. 

 ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ഡെഡ് സ്കിൻ കളഞ്ഞ് ചുണ്ടുകൾ മൃദുലമാക്കണം. വരണ്ട ചുണ്ട് മോയ്സ്ചുറൈസ് ചെയ്യുക. ലിപ്സ്റ്റിക് ഇടും മുൻപ് ലിപ് ലൈനർ വച്ചു വരയ്ക്കണം. ലിപ്സ്റ്റിക് പടരാതെ അപ്ലൈ ചെയ്യാൻ ലിപ് ലൈനർ സഹായിക്കും. സ്കിൻ ടോണിനനുസരിച്ചു മുഖത്തെ  പ്രകാശിതമാക്കുന്ന നിറം തിരഞ്ഞെടുക്കുക. ചുണ്ടിനു നടുവിൽ നിന്നു വശങ്ങളിലേക്കാണ് ലിപ്സ്റ്റിക് അപ്ലൈ ചെയ്യേണ്ടത്. അതിനു ശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഒപ്പുക. വീണ്ടും ലിപ്സ്റ്റിക് അപ്ലൈ ചെയ്യുക. . വരണ്ട ചുണ്ടിൽ ലിപ്സ്റ്റിക്  ഇടരുത്. ലിപസ്റ്റിക് അപ്ലൈ ചെയ്യും മുൻപ് പ്രൈമർ ഇടുന്നത് കളർ ഏറെ നേരം നിലനിൽക്കാൻ സഹായിക്കും.