Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മക്കിളികൾക്കായി ഒരു സ്നേഹക്കൂട്

snehakoodu-003 അമ്മമാർക്കൊപ്പം നിഷ.

നരച്ചു തുടങ്ങിയ കൺപീലികൾ കാവൽനിൽക്കുന്ന ഓരോ ജോഡി നിറകണ്ണുകളും പ്രാർഥിക്കുന്നത് അവൾക്കുവേണ്ടിയാണ്. ചുക്കിച്ചുളിഞ്ഞ കൈകൾ നീട്ടി ശുഷ്കിച്ച ശരീരത്തിലേക്ക് വാത്സല്യത്തോടെ അവളെ ചേർത്തു നിർത്തുമ്പോൾ ആ അമ്മമാരുടെ ചങ്കിടിപ്പുപോലും അവൾക്കുവേണ്ടിയുള്ളതാണ്. ഒരു ഈറ്റുപുരയുടേയും അവകാശം പറയാനില്ലാതെയാണ് ആ അമ്മമാർ ഓരോരുത്തരും  അവളെ നെഞ്ചോടടുക്കിപ്പിടിക്കുന്നത്. കാരണം ഇരുകൂട്ടർക്കുമറിയാം പേറ്റുനോവിന്റെ ഗണിതശാസ്ത്രത്തിന് ഒരിക്കലും മനസ്സിലാകാത്ത രസതന്ത്രത്തിലൂടെയാണ് അവരുടെ ഹൃദയബന്ധം ഇഴചേർക്കപ്പെട്ടിരിക്കുന്നതെന്ന്.

മക്കൾ പറക്കമുറ്റിയപ്പോൾ കൊത്തിപ്പിരിച്ചു പടിയിറക്കിവിട്ട അമ്മക്കിളികൾക്കായി കൂടൊരുക്കിയവൾ കാത്തിരിപ്പു തുടങ്ങിയിട്ട് വർഷങ്ങളേറെയായി. സ്നേഹക്കൂടെന്ന അഭയമന്ദിരത്തിന്റെ വാതിലൊരിക്കലും അമ്മക്കിളികൾക്കു മുൻപിൽ കൊട്ടിയടക്കാറില്ല കാരണം ഒരമ്മയും അനാഥയായി പടിയിറങ്ങുന്നതു കാണാനിഷ്ടമില്ലാത്ത ഒരു മകളവിടെയുണ്ട്. പേര് നിഷ. 'സ്നേഹക്കൂട്ടി'ലെത്തുന്ന ഓരോ അമ്മപ്പക്ഷിയേയും സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുന്ന നിഷയുടെ കഥയറിയാം ഈ മാതൃദിനത്തിൽ.

nisha-002

മക്കളുടെ സ്വപ്നങ്ങൾക്ക് കൂട്ടുനിൽക്കുന്ന അമ്മമാരെ ഓർത്തുകൊണ്ടാണ് ഓരോ മാതൃദിനവും കടന്നു പോകുന്നത്. എന്നാൽ അമ്മമാരുടെ സ്വപ്നങ്ങൾക്ക് കാവൽ നിൽക്കുന്ന, ആ സ്വപ്നങ്ങൾ പൂവണിയാൻ തന്നെക്കൊണ്ടാവുന്നതു ചെയ്യുന്ന ഒരു മകളുണ്ട്, കോട്ടയം ജില്ലയിലെ വടവാതൂരിൽ... സ്നേഹക്കൂടെന്ന കൂട്ടുകുടുംബത്തിൽ അമ്മമാർക്കൊപ്പം സ്വപ്നങ്ങൾ നെയ്യുന്നവൾ... 

സ്നേഹക്കൂടെന്ന അമ്മക്കിളിക്കൂട് 

നിറമുള്ള സ്വപ്നങ്ങളും കൗതുകക്കാഴ്ചകളും തേടി മനസ്സു സഞ്ചാരം തുടങ്ങുന്ന കൗമാരപ്രായത്തിലാണ് നിഷ സാമൂഹികപ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ പത്തനാപുരത്തെ ഗാന്ധിഭവനുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചത്. പിന്നീട് അവിടെ അംഗസംഖ്യ കൂടിയതോടെ കോട്ടയത്ത് ഒരു താൽക്കാലിക ഷെൽട്ടർഹോം എന്ന രീതിയിലാണ് സ്നേഹക്കൂടു തുടങ്ങിയത്. അനാഥയായി ഒരമ്മ പോലും അവിടെ എത്തരുതെന്നും ആ സ്ഥാപനം പൂട്ടിപ്പോകണമെന്നും ആത്മാർഥമായി ആഗ്രഹിച്ച നിഷയെ കാത്തിരുന്നത് 33 അമ്മമാരായിരുന്നു. അതും സ്നേഹക്കൂടു തുടങ്ങി വെറും ഒൻപതു മാസത്തിനുള്ളിൽ.

snehakoodu-001 അമ്മമാർക്കൊപ്പം.

അണുകുടുംബങ്ങളിലേക്ക് മനുഷ്യരുടെ സന്തോഷങ്ങൾ ഒതുങ്ങിപ്പോയപ്പോൾ മക്കളുടെ മനസ്സിൽനിന്നും നാലുചുവരിന്റെ സുരക്ഷിതത്വത്തിൽനിന്നും നിസ്സഹായരായി പുറംതള്ളപ്പെട്ടത് പെറ്റമ്മയും ജന്മം നൽകിയ അച്ഛനുമൊക്കെയായിരുന്നു. വീടു വിട്ടിറങ്ങിയാൽ പോകാനൊരിടമില്ലെന്ന ഭീതിയിൽ പേടിച്ചരണ്ട അച്ഛനമ്മമാരെ ചില മക്കൾ നിർദാക്ഷിണ്യം ചവിട്ടിപ്പുറത്താക്കുകയും ചെയ്തു. നെഞ്ചുപൊള്ളിക്കുന്ന അനുഭവങ്ങൾ പലകുറി കേട്ടപ്പോൾ മക്കളുള്ള അമ്മമാർക്കുവേണ്ടി സ്നേഹക്കൂടിന്റെ വാതിൽ തുറക്കില്ല എന്ന ശാഠ്യം പലപ്പോഴും നിഷയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

നിയന്ത്രണങ്ങളില്ല നിയമങ്ങളും 

സംസാരിച്ചു തുടങ്ങിയപ്പോഴേ നിഷ ഒരു ഉപാധിവെച്ചു സ്നേഹക്കൂടിനെ ദയവായി ഒരു അനാഥമന്ദിരമായി കാണരുത്. കാരണം ഇതിനെ ഒരു അഭയമന്ദിരമെന്ന് വിളിക്കാനല്ല, കൂട്ടുകുടുംബമെന്നു വിളിക്കാനാണ് ഞങ്ങൾക്കിഷ്ടം. ഇവിടെ ഉപാധികളോ നിയന്ത്രണങ്ങളോ ഇല്ല. ഭക്ഷണം കഴിക്കാനും ടിവി കാണാനുമൊന്നും സമയം നോക്കേണ്ട ആവശ്യമില്ല. അറിഞ്ഞുകൊണ്ടു തന്നെയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. സ്വന്തം വീട്ടിൽ സ്വാതന്ത്ര്യം കിട്ടാതെ, മക്കളുടെ സ്നേഹം ലഭിക്കാതെ ശ്വാസംമുട്ടിയ അമ്മമാരെ ഇനിയും ബുദ്ധിമുട്ടിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണത്. പ്രായമായ അമ്മമാരും പെൺകുട്ടികളും ഇവിടെയുണ്ട്. ഇടവേളകളിൽ പാട്ടും നൃത്തവുമൊക്കെയായി നല്ല രസമായിരിക്കും. കേവലം നാലുചുവരുകൾക്കുള്ളിൽ അമ്മമാരെ തളച്ചിടാറില്ല. അവരുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ ചോദിച്ചറിഞ്ഞ് അതു സാധിച്ചു കൊടുക്കാറുണ്ട്. അവരുടെ ഇഷ്ടമനുസരിച്ച് പാർക്കിലും ബീച്ചിലുമൊക്കെ കൊണ്ടുപോകാറുമുണ്ട്.

ഒരിക്കലും മറക്കില്ല ആ അമ്മമുഖം

അഭയമന്ദിരത്തിലെത്തുന്ന ഓരോ അമ്മയ്ക്കും ഹൃദയം നോവിക്കുന്ന ഒരു കഥ പറയാനുണ്ടാവും. പക്ഷേ മറക്കാൻ ശ്രമിക്കുന്തോറും ഓർമയിലേക്ക് ഒരു നോവായി പെയ്തിറങ്ങുന്ന ഒരു അമ്മമുഖത്തെക്കുറിച്ചു പറയുമ്പോൾ നിഷയുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. അടൂർ സ്വദേശിനിയായ 85 കാരിക്ക് ഏഴു മക്കളുണ്ട്. സ്വത്തു ഭാഗം വച്ചപ്പോൾ ചിലർക്കു കൊടുത്തത് കൂടിപ്പോയി, മറ്റു ചിലർക്കു കുറഞ്ഞുപോയി എന്നു പറഞ്ഞ് മക്കൾ തമ്മിൽ തർക്കമായി. ഒടുവിൽ ആർക്കുമാർക്കും അമ്മയെ നോക്കാൻ കഴിയില്ലെന്നായതോടെ അവർ അമ്മയെ പുറത്താക്കി.

nisha-001 നിഷ.

വാർഡ് അംഗത്തിന്റെയൊക്കെ സഹായത്തോടെ ആ അമ്മ ഒടുവിൽ സ്നേഹക്കൂട്ടിലെത്തി. അങ്ങനെയിരിക്കെ മക്കളിലൊരാൾ മരിച്ചു. മകനെ അവസാനമായി ഒരു നോക്കുകാണാൻ ആ അമ്മ ആഗ്രഹിച്ചപ്പോൾ അമ്മയേയും കൂട്ടി ചെന്നു. അവിടെയെത്തിയപ്പോൾ മറ്റു മക്കൾ പ്രശ്നമുണ്ടാക്കി. മകന്റെ ശരീരം കാണാൻ അമ്മയെ അനുവദിക്കില്ലെന്നായി അവർ. ആ സമയത്ത് അമ്മയുടെ അവസ്ഥയോർത്ത് മനസ്സു വല്ലാതെ വേദനിച്ചു. മക്കളുടെ വാശിക്കു മുന്നിൽ പതറാതെ മകന്റെ ശവസംസ്കാരം കഴിയുന്നതുവരെ അവിടെയിരിക്കാൻ ആ അമ്മയ്ക്ക് അവസരമുണ്ടാക്കിക്കൊടുത്തു. അമ്മമാരുടെ വേദനിപ്പിക്കുന്ന കഥകളൊരുപാടു കേട്ടിട്ടുണ്ടെങ്കിലും ഈ സംഭവം നിഷയുടെ മനസ്സിൽനിന്നു മായുന്നില്ല.

തിരിച്ചയയ്ക്കാറുണ്ട്, പക്ഷേ കൈവിടാറില്ല

33 അമ്മമാരുടെ സ്ഥാനത്ത് ഇന്ന് ഒൻപത് അമ്മമാരുണ്ട്. മക്കളുള്ള അമ്മമാരെ ഇവിടെ പാർപ്പിക്കില്ല എന്നു ശഠിച്ചതിനും ഒരു കാരണമുണ്ട്, അമ്മമാർ അവരുടെ ജീവിതസായാഹ്നത്തിൽ കഴിയേണ്ടത് മക്കളോടൊപ്പമാണ്. ഒരായുസ്സു മുഴുവൻ ആ അമ്മമാർ കഷ്ടപ്പെട്ടതു മക്കൾക്കുവേണ്ടിയാണ്. അതുകൊണ്ടുതന്നെ യോജിച്ചുപോകാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അമ്മമാരെയും കൊണ്ടു വരുന്ന മക്കളെ ഉപദേശത്തിലൂടെയും കൗൺസിലിങ്ങിലൂടെയും കാര്യങ്ങൾ ധരിപ്പിച്ച് തിരിച്ചയയ്ക്കും. ചുമ്മാതങ്ങു തിരിച്ചയയ്ക്കുകയല്ല, മാസത്തിൽ ഒരു ദിവസം പോയി അമ്മമാരുടെ സുഖവിവരം അന്വേഷിച്ചറിയുകയും ചെയ്യും. ഒരു തരത്തിലും മക്കളോടൊപ്പം യോജിച്ചു പോവില്ല എന്നുറപ്പുള്ള അമ്മമാരെ മാത്രമേ സ്നേഹക്കൂടിൽ താമസിപ്പിക്കാറുള്ളൂ.

മരണമെത്തുന്ന നേരത്ത്...

പ്രായമായ അമ്മമാരുള്ളിടത്ത് രോഗങ്ങളും മരണങ്ങളുമുണ്ടാവുമല്ലോ. അങ്ങനെയുള്ള പ്രതിസന്ധികളുണ്ടാവുമ്പോഴും സമചിത്തതയോടെ അതിനെ നേരിടാൻ ധൈര്യമുണ്ട് നിഷയ്ക്ക്. സ്നേഹക്കൂട്ടിൽ ഇപ്പോഴുള്ള അമ്മമാരെല്ലാം ആരോഗ്യവതികളാണെന്നും അസുഖബാധിതർക്ക് ചികിത്സ നൽകാറുണ്ടെന്നും ഉറപ്പു പറയുന്നു നിഷ. ഓർമയിൽ, സ്നേഹക്കൂട്ടിലെത്തിയ ഒരമ്മ മാത്രമേ മരിച്ചിട്ടുള്ളൂ. അതു സ്നേഹക്കൂട്ടിൽവച്ചല്ല, ആലപ്പുഴയിൽ വെച്ചാണ്. താൻ മരിച്ചാൽ സമുദായത്തിന്റെ ആചാരപ്രകാരം മാത്രമേ സംസ്കരിക്കാവൂ എന്നു പറഞ്ഞ ഹയറുന്നീസ എന്ന ഉമ്മയായിരുന്നു അത്. അവസാന കാലങ്ങളിൽ അവർ ആലപ്പുഴയിലായിരുന്നു. മരണശേഷം ആ ഉമ്മയുടെ ആഗ്രഹം പോലെതന്നെ മതപരമായ ചടങ്ങുകളോടെ അവരെ അടക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട് ഇന്നും നിഷയ്ക്ക്.

പെൺകുട്ടികൾ അധ്വാനത്തിന്റെ വിലയറിയണം, സ്വന്തം കാലിൽ നിൽക്കണം

പ്രായമായ അമ്മമാർക്കൊപ്പം പെൺകുട്ടികളും ഇവിടെയുണ്ട്. മൂന്നു തയ്യൽസ്ഥാപനം നിഷ നടത്തുന്നുണ്ട്. അതിലൊന്നിൽ പെൺകുട്ടികൾക്ക് സൗജന്യ തയ്യൽ പരിശീലനം നൽകുന്നുമുണ്ട്. അതുകൂടാതെ കളത്തിപ്പടിയിൽ വഴിയോര ഭക്ഷണശാല നടത്തുന്നുണ്ട്. അവിടെ ഭക്ഷണം വിളമ്പുന്നതും ഇവിടുത്തെ പെൺകുട്ടികളാണ്. പെൺകുട്ടികൾക്കൊരു ജീവിതമാർഗ്ഗം കാണിച്ചുകൊടുത്ത് ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നോട്ടു പോകാനുള്ള അവസരമൊരുക്കിക്കൊടുക്കാൻ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ഇതൊക്കെ ചെയ്യുന്നത്. ജോലിയുടെ മഹത്വമറിഞ്ഞാണ് കുട്ടികൾ വളരേണ്ടത് എന്നതാണ് ഇക്കാര്യത്തിൽ നിഷയുടെ തിയറി. 

kanjiyum-kappayum-kadiyum കഞ്ഞിക്കുഴിയിലെ കളത്തിപ്പടിയിൽ നടത്തുന്ന വഴിയോര ഭക്ഷണശാലയ്ക്കു മുന്നിൽ.

ആദ്യം വിമർശനം, പിന്നെ അംഗീകാരം

19 വയസ്സിൽ തുടങ്ങിയ സാമൂഹികസേവനത്തിന് കുടുംബത്തിൽനിന്നും വേണ്ടപ്പെട്ടവരിൽ നിന്നുമൊന്നും ആദ്യകാലത്ത് പിന്തുണ ലഭിച്ചിരുന്നില്ല. എങ്കിലും വിമർശനങ്ങളെ അതിജീവിച്ചുകൊണ്ട് പ്രവർത്തനങ്ങൾ തുടർന്നു. നിഷയുടെ കളങ്കമറ്റ സ്നേഹത്തിന് അംഗീകാരങ്ങൾ ലഭിച്ചു തുടങ്ങിയതോടെ, തള്ളിപ്പറഞ്ഞവർ പലരും നിഷയുടെ മനസ്സിലെ നന്മ മനസ്സിലാക്കി പിന്തുണച്ചു. 2015 ലെ ഡോക്ടർ അംബേദ്കർ നാഷനൽ അവാർഡ് ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നിഷയെത്തേടിയെത്തി. പ്രായമായ അമ്മമാർക്കു മാത്രമല്ല സ്നേഹക്കൂട് അഭയമരുളുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കു വരുമാനമാർഗ്ഗമെന്ന നിലയിൽ പെട്ടിക്കടകളിട്ടു നൽകാറുണ്ട്. അതുപോലെ തന്നെ ഭിന്നശേഷിക്കാർക്കുവേണ്ടി മുച്ചക്ര സ്കൂട്ടറും സ്ത്രീകൾക്ക് തയ്യൽമെഷീനുകളും നൽകിയിട്ടുണ്ട്. സ്നേഹക്കൂടെന്ന കൂട്ടായ്മ ഇതുവരെ അഞ്ചു ജില്ലകളിലായി അഞ്ചു വീട് വെച്ചു നൽകി, നിർധനരായ ആറു പെൺകുട്ടികളുടെ വിവാഹം നടത്തി. 350 ഓളം കുട്ടികളുടെ പഠനച്ചെലവും വഹിക്കുന്നുണ്ട്.

nisha-003 നിഷ.

കഞ്ഞിയും കപ്പയും കടിയും

അമ്മമാരുടെ ചികിത്സയ്ക്കു പണം കണ്ടെത്താനും  സ്നേഹക്കൂട്ടിലെ പെൺകുട്ടികൾക്കു തൊഴിലവസരം നൽകാനുമായി കോട്ടയം കളത്തിപ്പടിയിൽ വഴിയോര ഭക്ഷണശാല തുടങ്ങി. അമ്മമാരുടെ സ്നേഹത്തിൽപ്പൊതിഞ്ഞ നാടൻ വിഭവങ്ങളാണ് അവിടെ വിളമ്പുന്നത്. കഞ്ഞിയും കപ്പയും കാച്ചിലും ചക്കയും മുളകു ചുട്ടരച്ച ചമ്മന്തിയുമൊക്കെയായി പഴമയിലേക്കൊരു തിരിച്ചുപോക്കാണ് നിഷ ആഗ്രഹിച്ചത്. ബജിക്കട തുടങ്ങാനായിരുന്നു പദ്ധതിയെങ്കിലും കലർപ്പില്ലാത്ത നാടൻ വിഭവങ്ങൾ നൽകണമെന്ന ആഗ്രഹത്തെത്തുടർന്നാണ് വഴിയോര ഭക്ഷണശാല എന്ന ആശയത്തിലെത്തിയത്. ഭക്ഷണം കഴിച്ച് വയറും മനസ്സും നിറയുന്ന അതിഥികൾ നിറഞ്ഞ മനസ്സോടെ ഭക്ഷണത്തിന്റെ വിലയിൽ കൂടുതലുള്ള തുക നൽകാറുണ്ടെന്നും നിഷ പറയുന്നു.

kanjiyum-kappayum-02

അങ്ങനെയൊരു നാളെയാണ് സ്വപ്നം

അനാഥാലയങ്ങളില്ലാത്ത ഒരു പുലരിയിലേക്കു കൺതുറക്കണമെന്നാണ് ആഗ്രഹം. ആ പ്രാർഥനയോടെയാണ് ഓരോ ദിവസവും ഉറങ്ങാൻ പോകുന്നത്. ഒരു മേൽവിലാസം പോലുമില്ലാതെ ഭൂമിയിലേക്കു പിറന്നു വീഴുന്ന ഓരോ കുഞ്ഞിനെയും വളർത്തി വലുതാക്കി സമൂഹത്തിൽ അന്തസ്സും അഭിമാനവുമുള്ള വ്യക്തികളാക്കാൻ വേണ്ടി ആയുസ്സിന്റെ നല്ലഭാഗം ചിലവഴിച്ചവരാണ് ഓരോ അച്ഛനുമമ്മയും. സ്റ്റാറ്റസിന്റെയും പ്രാരാബ്ധത്തിന്റെയും കണക്കു പറഞ്ഞ് അവരെ പടിയിറക്കിവിടുന്നതോളം ക്രൂരത മറ്റൊന്നുമില്ല. എല്ലാ അച്ഛനമ്മമാരും മക്കളുടെ സംരക്ഷണയിൽക്കഴിയുന്ന ഒരു നല്ല നാളേക്കായുള്ള കാത്തിരിപ്പിലാണ് നിഷ.

കാഴ്ചകൾ നരച്ചു തുടങ്ങിയിട്ടും ആ അമ്മക്കണ്ണുകളിൽ ഒരു പ്രതീക്ഷയുണ്ട്. നടതള്ളിയ മക്കൾ വഴിതെറ്റിയെങ്കിലും തങ്ങളെ ഒരുനോക്കു കാണാനെത്തുമെന്ന വ്യർഥമായ കാത്തിരിപ്പ്. ചെയ്ത തെറ്റു ബോധ്യപ്പെട്ട് പശ്ചാത്താപത്താൽ വീർപ്പുമുട്ടി ‘എന്നോടു ക്ഷമിക്കണം അമ്മേ’യെന്ന് ഉള്ളുനൊന്തു പറഞ്ഞ് അവർ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുമെന്ന മോഹം ബാക്കിയാണെങ്കിലും ആ അമ്മമാർ കരയില്ല, നൊന്തുപെറ്റ മക്കളെ ശപിക്കില്ല... കാരണം പെറ്റവയറിന്റെ നോവിനെക്കുറിച്ച് അവരോളം തിരിച്ചറിവ് ഈ ഭൂമിയിൽ മറ്റാർക്കുമില്ലല്ലോ.