അമ്മദിനത്തിലെ പിറവിക്കു പിന്നിലുമുണ്ടൊരു കഥ

പ്രതീകാത്മക ചിത്രം.

അമ്മയാകാൻ ഭാഗ്യമില്ലാതെപോയ ഒരു സ്ത്രീയിൽനിന്നുമാണ് അമ്മദിനത്തിന്റെ തുടക്കം. അമ്മ എന്ന അനുഭവത്തെ അമൂല്യമായി അനുഭവിച്ച ഒരു വ്യക്തിയിൽനിന്ന്. മാതൃത്വത്തിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയുകയും ആ അനുഭവത്തിന്റെ ഉദാത്തത മനസ്സുകൊണ്ട് അനുഭവിക്കുകയും ചെയ്ത സ്ത്രീയിൽനിന്ന്.

അമേരിക്കക്കാരി അന്നാ ജാർവിസ്. പുതിയ കാലത്തെ അമ്മ ദിനാഘോഷങ്ങളുടെ തുടക്കം ജാർവിസിൽനിന്ന്. ജാർവിസിനു സ്വന്തമായി കുട്ടികളില്ലായിരുന്നെങ്കിലും അമ്മയാകാൻ ആ മനസ്സു സദാ തുടിച്ചു. അമ്മമാർ അനുഭവിക്കുന്ന ത്യാഗങ്ങൾ. മക്കൾക്കുവേണ്ടി ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ. കുടുംബത്തെ ഒരുമിപ്പിച്ചുനിർത്തുന്നതിന്റെ പെടാപ്പാട്. ഐക്യവും സമാധാനവും ഉറപ്പാക്കി ദിവസവും നേരിടുന്ന വെല്ലുവിളികൾ. അമ്മയുടെ ആഗ്രഹവും പ്രതീക്ഷയും സഫലമാക്കി അമ്മമാർക്കുവേണ്ടി ഒരു ദിനമെങ്കിലും എന്ന പ്രചാരണം ഏറ്റെടുത്തു ജാർവിസ് നിരന്തരമായി നടത്തിയ പ്രചാരണത്തിന്റെ ഫലമാണ് സ്നേഹത്തിന്റെ അമ്മക്കിളിക്കൂടൊരുക്കി ഇന്നു ലോകമെങ്ങും ആഘോഷിക്കുന്ന അമ്മദിനം. 

ആദ്യത്തെ അമ്മദിനം അമേരിക്കയിലാണു നടന്നത്. വെസ്റ്റ് വെർജിനിയ, ഫിലഡെൽഫിയ എന്നീ സംസ്ഥാനങ്ങളിൽ‌ 1908–ൽ. ആറുവർഷം കൂടി കഴിഞ്ഞ് 1914 ൽ യുഎസ് പ്രസിഡന്റ് വുഡ്രോ വിൽസൻ അമ്മദിനത്തെ ഔദ്യോഗികമാക്കുന്ന നിയമത്തിൽ ഒപ്പുവച്ചു. എല്ലാ വർഷവും മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച അമ്മമാർക്ക്. മാതൃസ്നേഹത്തിനു സമർപ്പിക്കപ്പെട്ട ദിനം. ഒരു നൂറ്റാണ്ടിലേറെയായി അപ്രതീക്ഷിത സമ്മാനങ്ങൾ കൊടുത്തും, വർഷങ്ങളായി മനസ്സിൽ സൂക്ഷിക്കുന്ന ആഗ്രഹങ്ങൾ സഫലമാക്കിയും എല്ലാ തിരക്കും മാറ്റിവച്ചും ലോകം അമ്മദിനത്തിന്റെ സ്നേഹം ഉൾക്കൊള്ളുന്നു. വാൽസല്യത്തെ അനശ്വരമാക്കുന്നു. 

അമേരിക്കയിലും ഇന്ത്യയിലുമുള്‍പ്പെടെ അമ്മദിനം മേയ് 2 നാണ് ആചരിക്കുന്നതെങ്കില്‍ ഇംഗ്ലണ്ടില്‍ ദിവസത്തിനു വ്യത്യാസമുണ്ട്. മാസത്തിനും. മാര്‍ച്ച് ആറിനാണ് ഇംഗ്ലണ്ടിലെ അമ്മദിനം. ഫ്രാൻസിലാകട്ടെ മേയ് അവസാന ഞായറാണ് മാതൃദിനം. സ്നേഹം ലോഭമില്ലാതെ പ്രകടിപ്പിക്കുന്ന അമ്മ ദിനം അമേരിക്കയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ഏറ്റവും ലാഭകരമായ ദിവസം കൂടിയാണ്. ആശംസാ കാര്‍ഡുകള്‍, പൂക്കള്‍ എന്നിങ്ങനെ വന്‍കച്ചവടം നടക്കുന്നു. വസ്ത്രങ്ങള്‍ക്കും ആഭരണങ്ങൾക്കും വേണ്ടിയും വലിയൊരു തുക ചെലവഴിക്കുന്നുണ്ട്. അത്താഴവിരുന്നുകളും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്. സ്നേഹത്തിന്റെ ധാരാളിത്തത്തിനൊപ്പം പണത്തിന്റെ ധാരാളിത്തവും വ്യത്യസ്തമാക്കുന്നു അമ്മമാരുടെ ദിനം. 

കൂട്ടായ ഒരു ആഘോഷമായി പദ്ധതിയിട്ടായിരുന്നില്ല തുടക്കത്തിൽ അമ്മദിനം. ശ്രദ്ധേയ സംഭാവനകൾ നൽകുന്ന ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ ആദരിക്കാനും ബഹുമാനിക്കാനും വേണ്ടിയായിരുന്നു ആചരണം. ക്രമേണ എവിടെയുമുള്ള അമ്മമാരെ–അവരുടെ വ്യക്തിപരമായ നേട്ടങ്ങൾ പരിഗണിച്ചല്ലാതെ– ആദരിച്ച് ആഘോഷപൂർവംതന്നെ കൊണ്ടാടി മേയ് രണ്ടാം ഞായർ. 

ആഘോഷം തുടങ്ങിവച്ച അന്ന ജാർവിസ് അവരുടെ ജീവിതകാലത്തുതന്നെ അമ്മദിനത്തെ എതിർത്തു എന്ന പ്രത്യേകതയുമുണ്ട്. ലാളിത്യത്തോടെ തുടങ്ങിയ ആഘോഷം ആഡംബരത്തിലേക്കു വഴുതിമാറിയതാണ് അന്നയെ എതിർക്കാൻ പ്രേരിപ്പിച്ചത്. വർഷങ്ങൾ കഴിയുന്തോറും സമർപ്പണത്തിന്റെ ദിനം സമ്പന്നൻമാരുടെ അഴിഞ്ഞാട്ടമായി മാറിപ്പോകുമോ എന്നും അവർ പേടിച്ചിരുന്നു. അന്നയുടെ പേടിക്ക് അടിസ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നുറപ്പ്.

ഏതാനും മണിക്കൂറുകളുടെയോ ഒരു ദിനത്തിന്റെയോ സ്നേഹവും വാത്സല്യവുമല്ല മാതൃദിനം. ഒരു സമ്മാനത്തിലോ ആലിംഗനത്തിലോ ഊഷ്മളമായ ഒരു നോട്ടത്തിലോ ഒതുക്കാവുന്നതുമല്ല അമ്മയോടുള്ള കടപ്പാട്. പ്രകൃതി പ്രതിഭാസങ്ങൾ പോലെ നിരന്തരം അനുഭവപ്പെടുന്ന, സർവ വ്യാപിയായ ഒരനുഭവമാണത്. പ്രപഞ്ചം മഞ്ഞുതുള്ളിയിൽ പ്രതിഫലിക്കുന്നതുപോലെ അമ്മമനസ്സിനെ ഒരു ദിവസത്തിന്റെ ചിമിഴിൽ അഴകോടെ നോക്കിക്കാണാൻ ഒരു ശ്രമം. ആ ഉദ്ദേശ്യശുദ്ധിയെ മാനിക്കാതിരിക്കാനാവില്ല. അമ്മ ദിനത്തെ വിസ്മരിക്കാനും.