Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇച്ചാപ്പിയുടെ മനസ്സുകവര്‍ന്ന സുറുമി

manaal1 മനാൽ പറവ എന്ന ചിത്രത്തിൽ.

തട്ടമിട്ട പെൺകഥാപാത്രങ്ങളോട്  മലയാളിപ്രേക്ഷകര്‍ക്ക് എന്നുമൊരു പ്രത്യേകയിഷ്ടമുണ്ട്. 2012ല്‍ പയ്യന്നൂര്‍ കോളേജ് വരാന്തയില്‍ നിന്ന് ആ ഇഷ്ടം ഒരു കാറ്റായി വന്നെങ്കില്‍ ഈ വര്‍ഷം അത് മട്ടാഞ്ചേരിയിലെ കൗമാരപ്രണയത്തിന്‍റെ  ചിറകേറിയാണ് എത്തിയത്...സൗബിന്‍ ഷാഹിറിന്‍റെ പറവയിലെ ഇച്ചാപ്പിയുടെ മനസ്സുകവര്‍ന്ന സുറുമി എന്ന സുന്ദരിക്കുട്ടിയായി തട്ടമിട്ടെത്തിയത് മനാല്‍ ഷിറാസ് ആണ്. മനാല്‍ എന്ന കൊച്ചുസുന്ദരിയുടെ  വിശേഷങ്ങള്‍കേള്‍ക്കാം.

പറവയിലേയ്ക്ക് 

സൗബിക്കയുമായി എന്‍റെ കുടുംബത്തിന് നേരത്തെ തന്നെ  നല്ല ബന്ധമുണ്ട്. അങ്ങനെ ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ എന്‍റെ ഫോട്ടോ വെറുതെ എടുക്കുകയായിരുന്നു. കുറച്ച് നാൾ കഴിഞ്ഞാണ് ഒരു മൂവി ചെയ്യുന്നുണ്ട് എന്നു വിളിച്ചു പറയുന്നത്. രണ്ടുമൂന്നു മാസം കഴിഞ്ഞിട്ടാണ് ഒരു വിഡിയോ ഷൂട്ടിന്  ചെന്നപ്പോള്‍ ഇതാണ് സ്റ്റോറിയെന്നും ,കഥാപാത്രമെന്നുമൊക്കെ പറയുന്നത്.

സിനിമയില്‍ ആദ്യമാണോ?

സോള്‍ട്ട് ആന്‍ഡ്‌ പെപ്പറില്‍ ശ്വേത മേനോന്റെ ചെറുപ്പം അഭിനയിച്ചിരുന്നു.’അമ്മേ ഒരു കുട്ടി ദോശ’ എന്ന ഡയലോഗ് നല്ല ഓര്‍മ്മയുണ്ട്! അത് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു.

പറവയുടെ സെറ്റില്‍ പിന്നെ സൗബിക്ക ഉള്ളത് കൊണ്ട് നല്ല ഓളമായിരുന്നു. ഇച്ചാപ്പീം ഹസീബും നല്ല കമ്പനിയായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ എന്‍റെ കംഫര്‍ട്ടില്‍ നിന്നായിരുന്നു വര്‍ക്ക് ചെയ്തത്. സൗബിക്ക പറഞ്ഞുതരും എടുക്കാന്‍ പോകുന്ന സീന്‍ ഇതാണ്,ഇതാണ് ചെയ്യേണ്ടത് എന്നൊക്കെ. തെറ്റിപ്പോയാലും സാരമില്ല എന്നു പറഞ്ഞ് കറക്റ്റായി പറഞ്ഞുതരും.

ദുല്‍ഖര്‍ ഫാന്‍?

ദുല്‍ഖറുമായി കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഷൂട്ട്‌ നടക്കുന്ന സമയത്ത് ദുല്‍ഖറെ കാണാന്‍ പോയിരുന്നു. അപ്പോഴേക്കും എഡിറ്റിംഗ് ഒക്കെ ഒരുവിധം കഴിഞ്ഞിരുന്നു.നന്നായിട്ട് ചെയ്തിട്ടുണ്ടെന്ന് ദുൽഖര്‍ പറഞ്ഞു. ഞാന്‍ ഭയങ്കര ഹാപ്പിയായി.അത്രയ്ക്കും ഇഷ്ടമാണ് ദുൽഖറിനെ.അങ്ങനൊരാള്‍ ഞാന്‍ ചെയ്തത് നന്നായെന്ന് പറഞ്ഞപ്പോള്‍  ഭയങ്കര ഹാപ്പിയായി.

തിയേറ്ററില്‍ ആദ്യം കണ്ടപ്പോള്‍?

manaal-02 മനാൽ പറവ എന്ന ചിത്രത്തിൽ.

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കണ്ടു. ഫാമിലിയായിട്ടാണ് പോയത്. ആദ്യമായിട്ട് സ്ക്രീനില്‍ കണ്ടപ്പോള്‍ എല്ലാവരും ഹാപ്പിയായി. പ്രത്യേകിച്ചും പാരന്റ്സ്. എന്‍റെ എന്ത് ആഗ്രഹത്തിനും അവർ കൂടെയുണ്ട്. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതൊക്കെ അത്ഭുതമായിരുന്നു. നന്നായിട്ടുണ്ട് എന്നൊക്കെവന്നു പറഞ്ഞത് എന്‍ജോയ് ചെയ്തു.  ഇപ്പോഴും സുറുമി നന്നായെന്ന് പറഞ്ഞുള്ള മേസേജസ് വരാറുണ്ട്.

സ്കൂളിലെ ഫ്രണ്ട്സ്, ടീച്ചേഴ്സ് എന്തു പറഞ്ഞു?

സ്കൂള്‍ തുറക്കുന്ന സമയത്തായിരുന്നു പടത്തിന്റെ പൂജ. അതുകൊണ്ട് അന്നു തന്നെ ഫ്രണ്ട്സ് ഒക്കെ അപ്പൊൾത്തന്നെ കാര്യം അറിഞ്ഞിരുന്നു. എല്ലാവരും കാത്തിരിക്കുകയായിരുന്നു സിനിമ ഇറങ്ങാന്‍. ഫ്രണ്ട്സ് മിക്കവരും  ആദ്യ ദിവസം തന്നെ പടം കണ്ടു വിളിച്ചു പറഞ്ഞു. ടീച്ചര്‍മാരും എല്ലാവരും കണ്ടു. ഞാന്‍ പറഞ്ഞു പറഞ്ഞ് അവരെക്കൊണ്ട് കാണിച്ചു. എല്ലാവരും ഹാപ്പിയായി.

കൊച്ചി എന്ന ഫീല്‍?

ഞങ്ങള്‍ തൃക്കാക്കരയാണ് താമസം. കൊച്ചി എന്‍റെ ഉപ്പ ജനിച്ച് വളര്‍ന്ന സ്ഥലമാണ്. ഒരുപാട് റിലേറ്റീവസ് ഉണ്ട്. കൊച്ചി എന്താണെന്ന ഫീല്‍ അറിയാം. ഒരുപാടിഷ്ടമാണ്. ഫുഡ് കഴിക്കാന്‍ മാത്രമായി കൊച്ചിയില്‍ പോണ ആളാണ് ഞാന്‍. ഉമ്മ ഇടപ്പള്ളിയാണ്. ഉപ്പ പഠിച്ച സ്കൂളിലാണ് പറവയുടെ ഷൂട്ട്‌ നടന്നത്.സെറ്റില്‍ എന്‍റെ കൂടെ ഉപ്പയും ഉമ്മയും ഉണ്ടായിരുന്നു. ഉപ്പ മൂന്നാം ക്ലാസ് വരെ ആ സ്കൂളിലാണ് പഠിച്ചത്. ആ ഒരു നൊസ്റ്റാള്‍ജിയയായിരുന്നു ഉപ്പയ്ക്ക്. ഉപ്പേടെ  പഴയ കുറേ സുഹൃത്തുക്കളെയൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍  ആള് ഒരുപാട് ഹാപ്പിയായി.

സിനിമള്‍ വീക്നെസ്?

പ്രത്യേക കാറ്റഗറി ഒന്നുമില്ല. എന്നെ ഹാപ്പി ആക്കണം.കണ്ടിട്ട് എനിക്ക് ഫീലിംഗ് ഗുഡ് എന്നു തോന്നണം. അതാണ് എന്‍റെ ഫേവറിറ്റ് സിനിമ. ചില സിനിമകള്‍ എനിക്കു കാണണമെന്നു തോന്നും. അങ്ങനെ കണ്ട സിനിമകളാണ് ബാംഗ്ലൂർ ഡെയ്സ്, ഉസ്താദ് ഹോട്ടല്‍, മഹേഷിന്റെ പ്രതികാരം, ചാര്‍ളി ഒക്കെ. എത്ര കണ്ടാലും മടുക്കാത്ത സിനിമകളാണ്.എല്ലാ ഭാഷയും കാണാറുണ്ടെങ്കിലും തിയേറ്ററില്‍ പോയിക്കാണുന്നത് മലയാളം സിനിമകളാണ്.

ഡാന്‍സ് പഠനം?

ഒരുപാട് ഇഷ്ടമാണ്. രണ്ടു വര്‍ഷമായി മാമാങ്കത്തില്‍ കണ്ടംപററി ഡാന്‍സ്  പഠിയ്ക്കുന്നുണ്ട്.

manaal-03

പുതിയ പ്രോജക്റ്റുകള്‍?

പത്താം ക്ലാസ്സില്‍ ആയതു കൊണ്ട് തൽക്കാലം വേറെ ഒന്നുമില്ല.നല്ലതു വന്നാല്‍ ഭാവിയില്‍ ചെയ്യണമെന്നുണ്ട്. പക്ഷെ പത്താം ക്ലാസ് കഴിഞ്ഞ് മതി എന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്.

ഫാമിലി

ഞാന്‍ കളമശ്ശേരി രാജഗിരി ഹയര്‍ സ്കൂളിലാണ്  പഠിക്കുന്നത്. ഉപ്പ മുഹമ്മദ്‌ ഷിറാസ്. ഉമ്മ രഹന ഷിറാസ്.ഒരു അനിയത്തിയുണ്ട്,മെഹക്.അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു.