Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പെൺകുട്ടിക്ക് നീതി ലഭിക്കുമോ, എന്നെങ്കിലും?

women-comment

എട്ടു ദിവസമാണ് ഒരു കുഞ്ഞു പെൺകുട്ടി അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയയായിക്കൊണ്ടിരുന്നത്. അതിനു യാതൊരു വിധ ന്യായീകരണങ്ങളുമില്ല. ജാതിയുടേയും മതത്തിന്റേയും ദൈവത്തിന്റേയും അപ്പുറത്തു നിന്നു കൊണ്ട്  ചിന്തിക്കുമ്പോഴും  ഒരു കാര്യം വ്യക്തമാണ്  നമ്മുടെ പെൺകുട്ടികൾ ബലിയാടുകളാകുന്നു ഇരകളാകുന്നു. എന്നിട്ടും നിയമങ്ങൾ നോക്കുകുത്തികളാകുന്നു.

മൂന്നു മാസങ്ങൾക്ക് മുൻപാണ് ആ എട്ടുവയസ്സുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് എന്താണ് അവൾക്ക് സംഭവിച്ചതെന്ന് ലോകമറിഞ്ഞത്‌. ഇത്തരത്തിലാണെങ്കിൽ ലോകമറിയാതെ പോകുന്ന എത്രയോ കൊലപാതകങ്ങളും മാനഭംഗങ്ങളും ഈ രാജ്യത്ത് എവിടെയൊക്കെയോ നടക്കുന്നുണ്ടാകണം. അതിന്റെയൊക്കെ കണക്കെടുക്കാൻ ആരെക്കൊണ്ടാകുമെന്നാണ്.

ആ കേസുകളിലൊക്കെ പ്രതികൾ ശിക്ഷിക്കപ്പെടുന്നുണ്ടോ എന്നുപോലും ആരറിയുന്നു. അധികാരവും ധാർഷ്ട്യവും നിയമവും കൈയിലുള്ള മനുഷ്യൻ കൈയൂക്കിന്റെ ബലത്തിൽ എല്ലായിടത്തും ജയിച്ചു നിൽക്കുമ്പോൾ പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം തകർന്നു പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന മാതാപിതാക്കളെ ഇടയ്ക്കെങ്കിലും ഓർക്കേണ്ടതുണ്ട്. അവളുടെ കുഞ്ഞുടുപ്പുകൾക്കു മുന്നിൽ താഴേക്ക് മിഴികൾ നട്ടു കൂനിക്കൂടിയിരിക്കുന്ന അമ്മയുടെ ചിത്രം നോവിക്കുന്നതാണ്. 

പണ്ട് പല കഥകളും കേട്ടിട്ടുണ്ട്. രാജഭരണകാലത്ത് ഭരണാധികൾക്ക് മോഹം തോന്നുന്ന പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോകുമെന്നും പിന്നെ ജീവിതകാലം മുഴുവൻ അവരുടെ ഇംഗിതങ്ങൾക്കു വഴങ്ങി ആ പെൺകുട്ടികൾക്ക് ജീവിക്കേണ്ടി വരുമെന്നും മറ്റും.  ഇന്നും ഇന്ത്യൻ ഗ്രാമങ്ങളിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പണമുള്ളവന് വേണമെന്ന് തോന്നിയാൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയോ കൈവശം വയ്ക്കുകയോ ആവാം. ഖാപ് പഞ്ചായത്തുകൾ പലപ്പോഴും തെറ്റു ചെയ്യുന്ന പെൺകുട്ടിയെ (അവൾ തെറ്റ് ചെയ്തവൾ അല്ലെങ്കിൽക്കൂടിയും) മാനഭംഗം എന്ന പ്രാകൃത ശിക്ഷയ്ക്ക് വിധിക്കാറുണ്ട്. 

നിയമവും അവകാശങ്ങളും ഇത്രമേൽ ഉറപ്പു നൽകുന്ന ഒരു രാജ്യത്താണ് ഇപ്പോഴും ഇതേ പോലെയുള്ള കാടൻ ശിക്ഷകൾ നാട്ടു പഞ്ചായത്തുകൾ നടപ്പിലാക്കുന്നത്  എങ്ങനെ എന്നോർത്ത് അന്തിച്ചു നിൽക്കാനേ കഴിയൂ. ഇതൊന്നുമല്ലെങ്കിൽ പോലും സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തിലും പെൺകുട്ടികൾ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ തന്നെയാകണം ഒരുപക്ഷേ ഈ വിഷയത്തിൽ ഏറെ ചർച്ചകളും നടക്കുന്നത്. വിഷയങ്ങളുടെ മുടിയിഴ കീറിയുള്ള ചർച്ചകളാണ് പലയിടത്തും നടക്കുന്നതും. സമൂഹമാധ്യമങ്ങളിലെ സ്ത്രീകൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. 

അവതാരകയും എഴുത്തുകാരിയുമായ ആൻ പാലി

ആ പെൺകുട്ടിയുടെ ദുരന്തവാർത്തയറിഞ്ഞ് ഞെട്ടലും രോഷവും പ്രകടിപ്പിക്കുന്ന ഒരു വലിയ സമൂഹത്തെയാണ് നവമാധ്യമങ്ങളിലൂടെ കാണുവാൻ കഴിയുന്നത്. നമ്മുടെ അറിവിൽ ഇത് ആദ്യമായൊന്നുമല്ല ആരാധനാലയത്തിന്റെ വിശുദ്ധിയുടെ മേൽ കളങ്കം പുരളുന്നത്. വൈദികൻ ഗർഭിണിയാക്കിയ കൗമാരക്കാരിയും മാതാചാര്യൻ പീഡിപ്പിച്ച ആൺകുട്ടിയും പൂജാരി ദേഹോപദ്രവം ഏൽപ്പിച്ച രണ്ടാം ക്ലാസ്സുകാരിയും ഇതേ വിഷയത്തിലുള്ള കേരളത്തിന്റെ സംഭാവനകളാണ്. അതിനുമപ്പുറം സഹോദരനും അമ്മയുടെ കാമുകനും മുത്തശ്ശനും അച്ഛനും വരെ ഉപദ്രവിച്ചു മരിച്ചവരും മരിച്ച മട്ടിൽ ജീവിക്കുന്നവരും കേരളത്തിൽ കുറവില്ല.

ann ആൻ പാലി.

പക്ഷേ ആ പെൺകുഞ്ഞിന്റെ കാര്യത്തിൽ കാമവെറി മാത്രമല്ല ഉണ്ടായത്‌. അതിനെ ന്യായീകരിക്കാൻ അവർ കണ്ടെത്തിയത് മറ്റു പല കാരണങ്ങളുമാണ്. അവൾ സമൂഹത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുട്ടിയാണ്. നാടോടിയാണ്. അവളെ കൊലപ്പെടുത്തിയാൽ അതിൽ ഭയപ്പെട്ട് അവളുടെ കൂട്ടരെല്ലാം തങ്ങളുടെ 'വാഗ്‌ദത്ത ഭൂമിയിൽ'നിന്നും ഒഴിഞ്ഞു പോകും ശുദ്ധമായ ദേശത്ത് ശുദ്ധ രക്തവുമായി കഴിയുവാൻ ഒരുപറ്റം ആളുകൾ ചെയ്ത ശുദ്ധീകരണ ക്രിയയാണത്. അതിനെ പിന്തുണയ്ക്കാനും അവരെ സംരക്ഷിക്കുവാനും കുറെ ആളുകൾ മുന്നോട്ടു വന്നും കഴിഞ്ഞു. കാരണം ജാതിവ്യവസ്ഥയുടെ പേരിൽ മാത്രം ജീവിതം കൊണ്ടു വിഡ്ഢിവേഷം കെട്ടുന്ന ഒരു പറ്റം ആളുകളാണവർ.

സ്വന്തം ജാതിയിലല്ലാത്ത ഒരുവനെ മകൾ പ്രണയിച്ചാൽ അവന്റെ കുടുംബം പോലും ചുട്ടു ചാമ്പലാക്കുകയും വിവാഹത്തിന് വരനെയും വധുവിനെയും മണ്ഡപത്തിൽ വെച്ച് തന്നെ കുത്തിക്കൊല്ലുകയും ചെയ്ത് ഊറ്റം കൊള്ളുന്ന ജാതിവെറിയന്മാരുടെ നാടാണിത്. കടൽ കടന്നു മറ്റു രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുമ്പോൾ പോലും സ്നേഹത്തോടെ നീട്ടുന്ന മധുരപ്പൊതിയുടെ മേലെ പുച്ഛത്തിൽ ഒരു നോട്ടവും ഉന്നത കുലജാതനാണെന്ന് കാണിക്കുന്ന  അടയാളങ്ങൾ കാണിച്ചുകൊണ്ട് അത് നിരസിക്കുകയും ചെയ്യും ( പക്ഷേ ന്യൂനപക്ഷമെന്ന് അവഹേളിക്കുന്നവർക്കിടയിൽ ഒരു സുന്ദരിയെ കണ്ടാൽ വെറുതെ വിടില്ല. സർവ പ്രണയ പ്രഖ്യാപനങ്ങളും നടത്തും. വിവാഹം ചെയ്യാനൊന്നുമല്ലെന്ന് മാത്രം) എങ്കിലും അവ ഒന്നും ഒരിക്കലും പരിധി വിട്ടുള്ള അധിക്ഷേപിക്കലുകൾക്കോ,ദേഹോപദ്രവങ്ങൾക്കോ കാരണമാവില്ല. എന്തെന്നാൽ ആ രാജ്യത്തെ നിയമങ്ങൾ അത്ര ശക്തമാണ്. പെണ്ണിന്റെ അനുവാദമില്ലാതെ ദേഹത്ത് തൊട്ടാൽ കടുത്ത ശിക്ഷ തന്നെ കിട്ടും. മാനനഷ്ടമായി തറവാട് വരെ വിറ്റ കാശ് കൊടുക്കേണ്ടിയും വരും.

അപ്പോൾ ശക്തമായ നിയമങ്ങളുണ്ടെങ്കിൽ അത് ദിവസങ്ങൾക്കുള്ളിൽ തന്നെ നടപ്പിലാക്കുമെന്ന ഭയം ഉണ്ടെങ്കിൽ അവിടെ ജാതിയുടേയോ പണത്തിന്റേയോ പരിഗണനകൾ കിട്ടില്ലെന്നുറപ്പുണ്ടെങ്കിൽ ഇത്തരം ക്രൂരതകൾക്ക് ഒരു പരിധി വരെ നിയന്ത്രണമുണ്ടാകും. കൃത്യമായ നീതിനിർവഹണങ്ങൾ നടക്കുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും കുറ്റവാളികൾ മറിച്ചൊന്നു ചിന്തിക്കും.

അഭിഭാഷകയും എഴുത്തുകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ദീപ പ്രവീൺ 

അധികാരത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഒരു ജനതയെ മുഴുവന്‍ ഭീതിയിലാഴ്ത്തി നിങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഏറ്റവും സുരക്ഷിതമായ സ്ഥാനം തിരഞ്ഞെടുത്ത്‌ ഈ പ്രപഞ്ചത്തിലെ ഏറ്റവും ക്രൂരമായ കൃത്യം ചെയ്തവര്‍. അത് അവര്‍ നടപ്പിലാല്ലാക്കിയ രീതി, അതില്‍ നേരിട്ട് പങ്കാളിയായ ഓരോ ആളും, അവര്‍ കൃത്യമായും വ്യക്തമായും പ്രതിനിധീകരിക്കുന്നതും അവരുടെ പ്രവൃത്തിയിലൂടെ വിളിച്ചു പറഞ്ഞതുമിതാണ്.

deepa ദീപ പ്രവീൺ

'ഞങ്ങള്‍ക്ക് അധികാരത്തിന്റെ സംരക്ഷണമുണ്ട്. അതുകൊണ്ട് എത്ര ഹീനമായ കുറ്റം ചെയ്താലും ഞങ്ങള്‍ സുരക്ഷിതരായി ഇവിടെകാണും.' നിങ്ങളുടെ സ്ത്രീകളും കുഞ്ഞുങ്ങളും ഇനിയും ആക്രമിക്കപ്പെടും. ഏറ്റവും ക്രൂരമായിത്തന്നെ വ്യക്തവും ക്രൂരവുമായ വെളിവാക്കലാണത്. ഒരു സുപ്രഭാതത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ നടന്ന കുറ്റകൃത്യമൊന്നുമല്ല ഇത്. പല തലങ്ങള്‍ ഉള്ള ഒരു പൊളിറ്റിക്കല്‍ ക്രൈം മാപ്പിലെ ഒരു എഡിന്റെ ക്രൂരമായ നിര്‍വഹണമല്ലാതെ മറ്റെന്താണ്? ആ ഭൂമിയിലിനിയും പുറത്തു അറിയാത്ത വാർത്തകളിലെ എത്രയോ കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, മനുഷ്യജന്മങ്ങള്‍ ഇത് പോലെ അതി ക്രൂരമായ പല പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്‌.

ഈ കുറ്റകൃത്യത്തിനു  പിന്നിലെ മുന്നൊരുക്കങ്ങള്‍ (preparation of crime) നടക്കുന്നത്,  അതിലേക്ക്  നയിക്കുന്ന മാനസിക ഘടന (mental element)   ഓരോ കുറ്റവാളിക്കും  ഉണ്ടാക്കി കൊടുക്കുന്നത്, അവനെ വളർത്തുന്നത്,  അവനു അനൂകൂലമായ സാമൂഹ്യ സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത് ഒക്കെ  ഈ സമൂഹം തന്നെയാണ്. അധികാരം കൈയാളുന്ന പോലീസ് ഉദ്യോഗസ്ഥന്‍, 'ഭക്തി' സൃഷ്ടിക്കുന്ന ഭയം അത് സുരക്ഷിതവലയമായി ചുറ്റുമുള്ള പുരോഹിതവര്‍ഗ്ഗം, 500 കിലോമീറ്ററുകളോളം സഞ്ചരിച്ചു ആ കുഞ്ഞു ശരീരത്തെ തേടിവന്നവന്റെ മനസ്സിലെ വെറി,  ജീവന്‍റെ അവസാന കണികയെ പോലും ഇടിച്ചുണര്‍ത്തി പ്രാപിക്കാന്‍ കാണിച്ച വെഗ്രത ഇവരെല്ലാം  (ഇതെല്ലാം ) പ്രതിനിധികള്‍ കൂടിയാണ്.

ഇനിയുമുണ്ട് കൂട്ടുപ്രതികള്‍. ഈ സംഭവവും ഇത് പോലെയുള്ള സമാന സംഭവങ്ങളും റിപ്പോര്‍ട്ട്‌ പോലും ചെയ്യപ്പെടാതെയോ, റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാല്‍ തന്നെ ഏതെങ്കിലുമൊരു പേപ്പറിലെ നാമമാത്ര അടയാളപ്പെടുത്തലായോ ചുരുങ്ങി പോകുമ്പോള്‍ ആ ഇടങ്ങളിലെല്ലാം ഈ ഒരു കുറ്റകൃത്യത്തിന്‍റെ തുടര്‍ച്ചയാണ്‌ നടക്കുന്നത്. അതിന്റെ ന്യായീകരണങ്ങള്‍ ഓരോന്നും ഈ കുറ്റകൃത്യത്തിന്റെ ചങ്ങലയിലെ തുടര്‍ കൃത്യങ്ങൾ തന്നെയാണ്.

ഇവിടെ കുറ്റവാളികളും അവരെ കൈയാളുന്നവരും സൃഷ്ടിക്കുന്ന നീതിയും നിയമവും ദുര്‍ബലമായ ഈ സാമൂഹിക ഘടന മുന്നോട്ടു വെയ്ക്കുന്നത് 'ഭയമാണ്'. ജീവിക്കാനുള്ള ഭയം. ഉറ്റവരെ ഓര്‍ത്തുള്ള ഭയം. തന്‍റെ മതവും രാഷ്ട്രീയവും അഭിപ്രായവും തന്‍റെ മരണകാരണമാകാം എന്ന പേടിയില്‍ ജനിച്ചു ജീവിക്കേണ്ടി വരുന്നവര്‍. ഇന്ത്യ മുഴുവന്‍ പടരുന്നുണ്ട് ഈ ഭയം. നവ മാധ്യമങ്ങളിലോ നാലാള്‍ കൂടുന്നിടത്തോ എതിരഭിപ്രായം പറയുന്നവന്‍ 'മാര്‍ക്ക്' ചെയ്യപ്പെടുന്ന കാലം. ഒരുവന്‍റെ സ്വന്തം നീതിബോധത്തിനു ധാര്‍മികതയെയും മേല്‍ കൂട്ടത്തിലെ മേൽകോയ്മക്കാര്‍ (those in position) അവരുടെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്ന കാലം. സ്വന്തം ബുദ്ധിയും ബോധവും പോലും ലംഘിക്കപ്പെടുന്നു (violate) ചെയ്യപ്പെട്ടിരിക്കുന്നു എന്ന്  തിരിച്ചറിയാതെ അക്രമവാസനകള്‍ വളര്‍ന്നു തൊട്ടടുത്ത്‌ നില്‍ക്കുന്നവന്റെ നിറം നോക്കി, ജാതിനോക്കി അവനെ കൊന്നു ഉന്മാദം കൊള്ളുന്ന ജനത സൃഷ്ടിക്കപ്പെടുന്നു.

ഇവിടെ വിജയിക്കുന്നത്,  ഭയപ്പെടുത്തി നേടുക എന്ന ക്രിമിനല്‍ വ്യവസ്ഥയാണ്‌.  പ്രദേശം, മതം, vulanrability എന്ന പ്രത്യേക ഘടകങ്ങളെ ചൂഷണം ചെയ്തു ഭയം നിലനിറുത്തുക.  കഠ്‌വ (Kathua) ഉന്നാവ് ,  'പെണ്‍കുഞ്ഞ്' ഇതോരോന്നും ഇവിടെ പ്രത്യേകം പ്രസക്തമാകുന്നത് അത് കൊണ്ടു കൂടിയാണ്.

ഇത് ഒരു കുഞ്ഞിന്‍റെ മാത്രം ദുരന്തമല്ല എന്ന തിരിച്ചറിവുണ്ട്,  ഇവിടെയുള്ള ഓരോ സാധാരണക്കാരനായ ഭാരതീയനും. പീഡിപ്പിച്ചുകൊന്നത് ഒരു കുഞ്ഞിനെയല്ല എന്ന തിരിച്ചറിവുമുണ്ട്. ഇതില്‍ നമുക്ക്  ചെയ്യാന്‍ കഴിയുന്നത്‌ ഇത്തരം ക്രൂരതകള്‍ വെളിവാകുന്ന സമയത്തെ  കണ്ണീരു മാറ്റിവെച്ച് കൃത്യമായി, ശക്തമായി ഇടപെടുക എന്നത് തന്നെയാണ്. നമ്മളിലുമുണ്ട് ഈ വ്യവസ്ഥയെ മൗനം കൊണ്ടു പരിപോഷിപ്പിക്കുന്ന Habitual Offeders. കൂടെയുള്ള ഒരുവന്‍ അന്യായമായി മുറിപ്പെടുമ്പോള്‍ മൗനം പാലിക്കുന്ന നമ്മൾ.

ഓഫീസിൽ, കൂട്ടുകാരുടെ വലയത്തിൽ, കുടുംബത്തിൽ,  സമുദായത്തിൽ ഒരു ശരികേട് നടന്നാൽ തെറ്റ്‌ തെറ്റാണെന്നു പറയാൻ മടിക്കുന്ന നമ്മൾ. ആളും പണവും പദവിയും നോക്കി നമ്മുടെ സപ്പോർട്ട് കൊടുക്കുന്ന നമ്മൾ. ആ നമ്മളില്‍ നിന്നാണ് തിരുത്ത്‌ തുടങ്ങേണ്ടത്. കാരണം നമ്മുടെ കൂടെയുള്ളവനെ ഭയപ്പെടുത്തി, മുറിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് പരിചയാകാന്‍ നമുക്ക് കഴിയുന്നിടതാണ്, നമ്മുടെ മക്കള്‍ക്ക്‌ സുരക്ഷിതമായി ജീവിക്കാനുള്ള സമൂഹമുണ്ടാവുന്നത്.

അഭിഭാഷകയും എഴുത്തുകാരിയുമായ ആർ ഷഹ്നാ

മക്കളുടെ  ചിരിയിൽ ഈ ജീവിതത്തിലെ ഏറ്റവും മനോഹാരിത കാണുന്നവർക്ക് തുന്നികെട്ടിയ ആ മുഖം  വീണ്ടും നോക്കാനോ ഷെയർ ചെയ്യാനോ കഴിയില്ല.ആ കണ്ണുകൾ നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തും. 'ക്രൂരൻമാരായ ജന്തുക്കളേയും മനുഷ്യരായി സ്യഷ്ടfക്കപ്പെട്ടിട്ടുണ്ട്' എന്ന ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നു. ആ പെൺകുട്ടിയുടെ മുഖം ഓർക്കുന്ന നിമിഷം സ്വന്തം കുഞ്ഞുങ്ങളെ ചേർത്തു പിടിക്കാനും അടച്ചുറപ്പുള്ള മുറിയിൽ സൂക്ഷിക്കാനുമേ അധികം പേരും ഇനി  ശ്രമിക്കൂ. കാരണം നമ്മുടെ നാടിന്റെ പിന്നോട്ടുള്ള നടത്തത്തിൽ ആശങ്കയ്ക്കപ്പുറം അപ്പുറം ഭയം തോന്നിത്തുടങ്ങിയിരിക്കുന്നു.

മതം,രാഷ്ട്രീയം എന്നിവയുടെ തീവ്രനിലപാടുകളിൽ മനുഷ്വത്വം എന്നത് ഇല്ലാതായിരുക്കുന്ന ചുറ്റുപാടുകൾ നമ്മളിൽ സ്വാഭാവികമായ സംശയങ്ങൾ ജനിപ്പിക്കും.

നിർഭയ ,ജിഷ തുടങ്ങിയ കേസുകളിൽ മനസ്സ് മരവിച്ച ആത്മരോക്ഷത്തിനപ്പുറം ഈ വിഷയത്തിലും പ്രതികരിക്കാൻ നമ്മളിൽ ആരെക്കെ ഉണ്ടാകും? പെണ്ണുടലിൽ കാമവെറി തീർക്കുന്നവന്റെ ഭ്രാന്ത് അവസാനിപ്പിക്കാൻ എത്ര പേർ മുന്നിട്ടിറങ്ങും?. "സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഈ നാട്ടിൽ ജീവിക്കണം.....പേടിയില്ലാതെ

shahana ആർ. ഷഹ്‌ന

നീതി നിർവ്വഹിക്കപ്പെടാത്ത ജനാധിപത്യരാജ്യം എന്ന പേരിൽ അറിയപ്പെടരുത് നമ്മുടെ നാട്. ലൈംഗിക വൈകൃതങ്ങളിൽ കൂടി ചില കൊടിച്ചി ജന്തുക്കളും അവർക്ക് സംരക്ഷണം നൽകുന്നവരും അവരിലെ വംശീയതയും രാഷ്ട്രീയവും വ്യക്തമാക്കി തുടങ്ങുമ്പോൾ മറുപടി കൊടുക്കേണ്ടത് പ്രതികരണ ശേഷിയുള്ള 

മനുഷ്യരുടെ കൂട്ടമായാണ്.അങ്ങനെയുള്ളവർ നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു.

ഇമ്പ്രസ്സയുടെ ഫൗണ്ടറും സംരംഭകയുമായ അഞ്ജലി ചന്ദ്രൻ

അധികാരം ഒരു ലഹരിയായി ബോധത്തെ പൂർണ്ണമായും കാർന്നു തിന്നുന്ന ഇടങ്ങളിൽ ഭീകരത എന്നത് ഒരു സ്വാഭാവിക അവസ്ഥയായി മാറപ്പെടുന്നു. നിർഭാഗ്യവശാൽ നമുക്കും അത്തരത്തിൽ ഒരു കാലഘട്ടത്തിന്റെ സാക്ഷികളാവേണ്ടി വരുന്നു എന്നത് അങ്ങേയറ്റത്തെ നിസ്സഹായാവസ്ഥ. കേവലം സാക്ഷികൾ എന്നതിൽ നിന്നും ഇരകൾ എന്നതിലേക്ക് എത്ര ചെറിയ ദൂരം എന്നത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. 

ഭരണകൂടങ്ങളുടെ, പ്രത്യയശാസ്ത്രങ്ങളുടെ, മതങ്ങളുടെ, ജാതിയുടെ തുടങ്ങി ഏതു ഭ്രാന്തുകൾക്കും ഇരകളാക്കപ്പെടുന്നത് എന്നും ദുർബലർ. അതിൽത്തന്നെ ഏറ്റവും എളുപ്പത്തിൽ കീഴടക്കപ്പെടുന്നത് സ്ത്രീകളും കുഞ്ഞങ്ങളും. പ്രതിരോധം കുറയുന്ന ഇടങ്ങളിലേക്ക് അധികാര അഹന്തയുടെ തേർച്ചക്രങ്ങൾക്ക് അരച്ചരച്ചു നീങ്ങാൻ എത്ര എളുപ്പമാണ്.

anjali അഞ്ജലി ചന്ദ്രൻ.

പേടികൾ തിന്ന്, പേടി ശ്വസിച്ച് നിമിഷങ്ങളിൽ ജീവിക്കേണ്ടി വരുന്ന ഒരു നാട്ടിൽ കേവലം ഒരു പേരു പോലും എത്രമേൽ ചിതറിച്ചു കളയപ്പെടുന്നു എന്നത് വീണ്ടും വീണ്ടും പേടികളിലേക്ക് പൊതിഞ്ഞു വെക്കുന്നു.

അവൾ - ഒരു പേരു മാത്രമാണ്. പേര്, അങ്ങനെ ആയതു കൊണ്ടു മാത്രം വാക്കുകളിൽ ഒതുങ്ങാത്ത വിധം ഇല്ലാതാക്കപ്പെട്ടവൾ ..

അവൾ- ഒരു പേരു മാത്രമല്ല.. ഒരുപാടൊരുപാട് പേരായി മാറിയെക്കാവുന്ന ഒരു യാഥാർഥ്യമാണ്.

വല്ലാതെ പേടിയാവുന്നെനിക്ക് .. ! 

അതേ പ്രായത്തിലുള്ള എന്റെ മോൾ ഓടിവന്ന് കെട്ടിപ്പിടിക്കുന്നു .. ഈ കുഞ്ഞിനെയും മാറോടടക്കി ഇനി ഏതു ദേശത്തേക്കാണ് ഞാൻ പലായനം ചെയ്യേണ്ടത് ?!!