Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയംകാരി നീതു; മൈക്രോസോഫ്റ്റിലെ അക്ഷരശ്ലോക കലാകാരി

with-husband-01 നീതുവും ഭർത്താവ് ദീപു കൃഷ്ണയും

സംഗീതവും കമ്പ്യൂട്ടറും തമ്മില്‍ വലിയ ചേര്‍ച്ച തന്നെയാണ്. ടെക്കികളായ പാട്ടുകാര്‍ നമുക്കിടയില്‍ ഒരുപാടു പേരുണ്ട്. പക്ഷേ അക്ഷരശ്ലോകവും കാവ്യകേളിയും സ്‌തോത്രപാരായണവുമൊക്കെയുള്ളൊരു ടെക്കി ഇച്ചിരി വെറൈറ്റി അല്ലേ. അങ്ങനെയൊരാളെയാണ് പരിചയപ്പെടുത്തുന്നത്. ആൾ കോട്ടയംകാരിയാണ്. നമ്മുടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും സംസ്‌കൃത കലോത്സവത്തിലും യൂണിവേഴ്സിറ്റി യുവജനോത്സവത്തിലുമൊക്കെ ഈ പറഞ്ഞ വിഭാഗങ്ങളില്‍ തുടര്‍ച്ചയായി സമ്മാനങ്ങള്‍ നേടിയിട്ടുള്ള നീതുവിനെ കലോത്സവ നാളുകളിലെ പത്രത്താളുകള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും.  ആ കലാകാരിയുടെ പേര് കെ‍.എസ് നീതുമോൾ മൈക്രോസോഫ്റ്റ് എന്ന കമ്പനിയില്‍ എൻജിനീയറായിട്ടും നമ്മുടെ കവിതകളും ശ്ലോകങ്ങളും സ്വര സ്‌തോത്ര മഞ്ജരിയും വേദികളില്‍ അവതരിപ്പിച്ചു കലയോട് ചേര്‍ന്നു നില്‍ക്കുകയാണ് നീതു. നീതു മാത്രമല്ല രണ്ടു ചേച്ചിമാരും ഈ കലകളുമായി മുന്നോട്ടു പോകുന്നവരും ടെക്കിക്കളുമാണ് എന്നത് മറ്റൊരു കൗതുകവും. 

അമ്മയും ടീച്ചറും

കോട്ടയത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. യാതൊരു തരത്തിലും ഇങ്ങനെയൊരു ഇഷ്ടം മനസ്സില്‍ കയറിക്കൂടാന്‍ സാധ്യതയില്ലാത്തൊരു വീട്ടില്‍. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളായിരുന്നു. ചേച്ചിമാര്‍ ബിന്ദുവും ഇന്ദുവും. പക്ഷേ വീട്ടമ്മയായിരുന്നെങ്കിലും ഞങ്ങളുടെ അമ്മ ചെറിയ കവിതകളും ശ്ലോകങ്ങളും ഒക്കെ പഠിപ്പിക്കുമായിരുന്നു. ഞങ്ങള്‍ സ്റ്റേജില്‍ കയറുന്നതൊക്കെ അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു. ചേച്ചിയാണു തുടക്കമിട്ടത്. അങ്ങനെയൊരിക്കല്‍ ചേച്ചി സ്‌കൂളില്‍ ശ്ലോകം ചൊല്ലുന്നത് കേട്ടതോടെ അവിടത്തെ സാവിത്രി ടീച്ചറാണ് സംസ്‌കൃത പഠനത്തിലേക്കും കവിതകളിലേക്കും ശ്ലോകങ്ങളിലേക്കുമൊക്കെ കൈപിടിച്ചത്. ഞങ്ങള്‍ മൂന്നു പേരും പത്താം ക്ലാസ് വിടുന്നതു വരെ സംസ്‌കൃതം പഠിച്ചിരുന്നു. ടീച്ചറാണ് ആദ്യ ഗുരു. പിന്നീട് ടീച്ചറിന്‌റെ ഭര്‍ത്താവായ വിശ്വനാഥന്‍ നായര്‍ സാര്‍ ഗുരുവായി. ഇരുവരും ഇല്ലായിരുന്നെങ്കിൽ ഒരിക്കലും സാഹിത്യ ലോകത്തേയ്ക്ക് ഞങ്ങള്‍ കടന്നുവരുമായിരുന്നില്ല. കേരളത്തിലെ പ്രധാനപ്പെട്ട ശ്ലോകാചാര്യനാണ് അദ്ദേഹം. അതുപോലെ കൈരളി ശ്ലോകരംഗം സ്ഥാപിച്ചതും അദ്ദേഹമാണ്.  അവിടെയായിരുന്നു ഞങ്ങളുടെ കലാപഠനമെല്ലാം. ഇപ്പോള്‍ അവരുടെ മകളും കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പ്രതിഭാ പുസ്‌കാര ജേതാവുമായ ആര്യാംബിക എസ്.വി.യാണ് സ്ഥാപനം മുന്നോട്ടു കൊണ്ടുപോകുന്നത്.

സമ്മാനങ്ങളുടെ സ്‌കൂള്‍ കാലം

neethu-with-sisters-01 സഹോദരിമാർക്കൊപ്പം നീതു

ചിറക്കടവ് എസ്ആര്‍വി എന്‍എസ്എസ് ഹൈസ്‌കൂളിലായിരുന്നു ഞങ്ങള്‍ മൂന്നാളും പഠിച്ചത്. ഞങ്ങള്‍ പഠിച്ചിറങ്ങിയ അതാത് വര്‍ഷങ്ങളില്‍ ആ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതും ഞങ്ങള്‍ തന്നെയായിരുന്നു. മൂത്ത ചേച്ചിയേക്കാള്‍ രണ്ടാമത്തെയാളും ഞാനുമാണ് അധികവും മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളത്. ഞങ്ങള്‍ രണ്ടാളും കോട്ടയം ജില്ല സംസ്‌കൃത കലോത്സവത്തില്‍ കലാതിലകങ്ങളായിട്ടുണ്ട്. ഞാന്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാവ്യകേളിക്ക് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പ്രശ്‌നോത്തരിയിലും കാവ്യകേളിയിലും അക്ഷരശ്ലോകത്തിലുമൊക്കെ നിരവധി സമ്മാനം ഞാനും ഇന്ദു ചേച്ചിയും സ്‌കൂളിലും കോളജിലുമൊക്കെ നേടിയിട്ടുണ്ട്. പാലക്കാട് ഗവണ്‍മെന്റ് എൻജിനീയറിങ് കോളജിലായിരുന്നു എന്റെ ഡിഗ്രി പഠനം. അപ്പോഴും കലോത്സവങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. അതുപോലെ ഞാനും ചേച്ചിയും കവിതകളുടെ റിയാലിറ്റി ഷോ ആയ മാമ്പഴത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ അതിന്റെ സെമിഫൈനലില്‍ എത്തുകയും ചെയ്തിരുന്നു. കുറ്റിമാക്കല്‍ സിസ്റ്റേഴ്‌സ് എന്നാണ് ഞങ്ങള്‍ ചിറക്കടവില്‍ അറിയപ്പെട്ടിരുന്നതു തന്നെ. 

with-sisters-01 സഹോദരിമാർക്കൊപ്പം നീതു

മൈക്രോസോഫ്റ്റും ശ്ലോകങ്ങളും!

തീര്‍ച്ചയായും രണ്ടും രണ്ടറ്റത്ത് നില്‍ക്കുന്നവയാണ്. പക്ഷേ ഇപ്പോഴും ഒരു അവധി കിട്ടിയാല്‍ ആദ്യം നോക്കുക ഏത് പുതിയ ശ്ലോകം പഠിക്കാം, സ്‌തോത്രം പഠിക്കാം, കവിത പഠിക്കാം എന്നാണ്. അത് കുട്ടികള്‍ക്കു പഠിപ്പിച്ചു കൊടുക്കാം എന്ന സന്തോഷമാണ്. നമ്മള്‍ മനസ്സില്‍ ജോലിക്കപ്പുറും ആത്മാര്‍ഥതയോടെ ഒരു പാഷന്‍ കൊണ്ടുനടക്കുന്നുണ്ടെങ്കിലും അത് മറ്റെല്ലാത്തിനും മീതെയാണ്. സമയമൊക്കെ തനിയെ വന്നുകൊള്ളും. മൈക്രോസോഫ്റ്റില്‍ വന്നിട്ട് ഏഴു വര്‍ഷമായി ഇപ്പോള്‍ അവിടെ പ്രോജക്ട് ഹെഡ് ആണ്. നല്ല പ്രഷറുള്ള ജോലിയാണ്. വീട്ടില്‍ അഞ്ചു വയസ്സുള്ള മകളും ഡോക്ടറായ ഭര്‍ത്താവും ഉണ്ട്. അതോടൊപ്പം ബാംഗലൂരുവിലെ തിരക്കുകളിലൂടെ കുറേ നേരം യാത്ര ചെയ്താണ് ജോലിക്കെത്തുന്നതും. പക്ഷേ ജോലിയിലെ തിരക്കോ വീട്ടിലെ ഉത്തരവാദിത്തങ്ങളോ ഒരിക്കലും എനിക്ക് കീര്‍ത്തനങ്ങളും ഭജനകളും കവിതകളുമൊന്നും പഠിക്കുന്നിനു തടസ്സമായിട്ടേയില്ല. അന്നു പഠിച്ചതിന്റെ ആത്മവിശ്വാസമുണ്ട് ഇപ്പോഴും സ്‌റ്റേജില്‍ കയറുമ്പോള്‍. 

neeth-indu-news-01 മൽസരങ്ങളിൽ വിജയിച്ച നീതുവിനെക്കുറിച്ചും സഹോദരി ഇന്ദുവിനെക്കുറിച്ചും വന്ന പത്രവാർത്തകൾ

അതിനേക്കാളുപരി വിവാഹം ചെയ്തത് കലാകാരന്‍കൂടിയായ ഡോക്ടറെയാണ്. ദീപു കൃഷ്ണ എന്നാണ് പേര്. അപ്പോളോ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ആണ്. പ്രൈവറ്റ് പ്രാക്ടീസുമുണ്ട്. അദ്ദേഹം നന്നായി മൃദംഗം വായിക്കും എന്റെ കച്ചേരികള്‍ക്ക് മൃദംഗം ചെയ്യുന്നത് അദ്ദേഹമാണ്. അതുപോലെ അദ്ദേഹത്തിന്റെ അമ്മ ശൈലജാ വാര്യറും സംഗീത രംഗത്താണ്. വിവാഹം കഴിഞ്ഞ് മകള്‍ കൂടി വന്നപ്പോള്‍ കലയോട് അല്‍പം ഇടവേള ഇട്ടിരിക്കുകയായിരുന്നു. പക്ഷേ അമ്മ ധൈര്യം തന്നു തിരിച്ചു വരാന്‍. അമ്മ ബംഗലൂരുവിൽ ഉടനീളമുള്ള വേദികളില്‍ സ്‌തോത്രപാരായണവും ശ്ലോകങ്ങളും അവതരിപ്പിക്കുന്നുണ്ട്. അത് പഠിപ്പിക്കുന്നുമുണ്ട്. അങ്ങനെ അമ്മ തന്ന ധൈര്യത്തിലാണ് വേദികളിലേക്കു വന്നത്. മൈസൂരിലെ ശങ്കരാചാര്യ മഠത്തിലാണ് വിവാഹ ശേഷം ആദ്യമായി ഒരു കച്ചേരി ചെയ്യുന്നത്. ഇപ്പോള്‍ എല്ലാ വര്‍ഷവും വിനായക ചതുര്‍ഥി ദിവസം അവിടെ കച്ചേരികള്‍ ചെയ്യുന്നുണ്ട്. ചിറക്കടവ് മഹാദേവക്ഷേത്രത്തിലായിരുന്നു ആ ഇടവേളയ്ക്കു ശേഷമുള്ള രണ്ടാം വേദി.അതിനു ശേഷം കുറേ പ്രോഗ്രാമുകള്‍ വന്നു നാട്ടിലും ബംഗലൂരുവിലുമായി. 

കുടുംബത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പിന്തുണ. മൂത്ത ചേച്ചി ബിന്ദു അമേരിക്കയിലാണ്. രണ്ടാമത്തെ ചേച്ചി ഇന്ദുവും ഭര്‍ത്താവും ടെക്‌നോപാര്‍ക്കിലാണ്. രണ്ടു പേരും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ എൻജിനീയര്‍മാരാണ്. പക്ഷേ അതിനേക്കാള്‍ ഇഷ്ടമാണ് രണ്ടാള്‍ക്കും കലയോട്. ചേച്ചി ഇന്ദു ഇപ്പോഴും അക്ഷരശ്ലോക രംഗത്തു സജീവമാണ്. കഴിയാവുന്ന വേദികളിലൊക്കെ പോകും മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം വാങ്ങുകയും ചെയ്യും. ചേച്ചിയേക്കാള്‍ കലാരംഗത്തുള്ളത് ചേട്ടനാണ്. എരിക്കാവ് സുനില്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മൃദംഗം വാദകനായ അദ്ദേഹം ദൂരദര്‍ശന്റെയും ആകാശവാണിയുടെയും എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. അവരുടെ മകന്‍ ഭഗത് ആണ് എനിക്കൊപ്പം കച്ചേരികളിലൊക്കെ താളം പിടിക്കുന്നത്. ചേട്ടന്‍ പറയും കല ഒപ്പമുണ്ടെങ്കില്‍ ഓരോ ദിവസവും കടന്നുപോകുമ്പോള്‍ നമ്മുടെ ഉള്ളില്‍ സന്തോഷം മാത്രമാകും വരിക...എന്തോ ചെയ്തു എന്നൊരു തോന്നലുണ്ടാകും എന്ന്. ശരിക്കും അവര്‍ ഇരുവരേയും കാണുമ്പോഴാണ് സ്‌കൂളില്‍ നിന്ന് കയറിക്കൂടിയ ഈ ഇഷ്ടത്തെ ഒരുപാടിഷ്ടത്തോടെ ചേര്‍ത്തുപിടിക്കാന്‍ തോന്നുന്നത്.

family-01 കുടുംബചിത്രം

പിന്നെ വിശ്വനാഥന്‍ മാഷിനേയും സാവിത്രി ടീച്ചറേയും ഓര്‍ക്കുമ്പോള്‍ അതിനേക്കാളും വലിയ പ്രചോദനമാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നാളും ശനിയും ഞായറും കോട്ടയത്തുള്ള മാഷിന്റെ വീട്ടില്‍ പോകുമായിരുന്നു. അവിടെ നിന്നാണ് പഠിച്ചിരുന്നതൊക്കെ. ശരിക്കും ഗുരുകുല വിദ്യാഭ്യാസം. ആ സ്‌നേഹം ഓര്‍ക്കുമ്പോള്‍ ഒരിക്കലും കലയോട് അകന്നു നില്‍ക്കാനുമാകില്ല. അതുകൊണ്ടാണ് ഇവിടെ ബംഗലൂരുവിലെത്തിയിട്ടും അധികം പ്രശസ്തിയോ ഗ്ലാമറോ ഇല്ലാത്ത അക്ഷരശ്ലോകത്തേയും കവിതകളേയും സ്‌നേഹിക്കുന്ന ഇടങ്ങളിലേക്ക് അറിഞ്ഞോ അറിയാതെയോ ചെന്നെത്തുന്നതും. 

ഞാന്‍ ശാസ്ത്രീയ സംഗീതമൊന്നും ഗൗരവമായി പഠിച്ചിട്ടില്ല. വളരെ കുറച്ചു കാലം അജിത് നമ്പൂതിരിക്കു കീഴില്‍ പഠിച്ചിട്ടിട്ടുണ്ട്. അതു കഴിഞ്ഞാല്‍ പിന്നെയുള്ള ഗുരു ഭര്‍ത്താവിന്റെ അമ്മയാണ്. സംഗീതം ഇഷ്ടപ്പെടുന്ന കുടുംബത്തില്‍ എത്താനായി എന്നതു വലിയ ഭാഗ്യമായി കരുതുന്നു. 

സ്വരസ്‌തോത്ര മഞ്ജരിയാണ് ഇപ്പോള്‍ ഞാന്‍ വേദികളില്‍ അവതരിപ്പിക്കുന്നത്. ശങ്കരാചാര്യര്‍ ഉള്‍പ്പെടെയുള്ള ആചാര്യന്‍മാര്‍ രചിച്ച ഈ സ്‌തോത്രങ്ങളാണ് വേദിയില്‍ സംഗീതാത്മകമായി അവതിപ്പിക്കുന്നത്. തുളസീദാസ കൃതികള്‍, സദാശിവ ബ്രഹ്മേന്ദ്ര എന്നിവരുടെ കൃതികളും ചെയ്യുന്നുണ്ട്. 

പിന്നെ മൈക്രോസോഫ്റ്റിന്റെ കാര്യമാണെങ്കില്‍ വലിയ സന്തോഷമാണ്. നമ്മള്‍ ഒരു കാര്യം അന്വേഷിച്ച് നടക്കുന്നുവെങ്കില്‍, എവിടെ ജീവിക്കുന്നു എന്ത് ജോലി ചെയ്യുന്നു എന്നതൊരു തടസ്സമേ ആകില്ല എന്നെനിക്കു ബോധ്യപ്പെടുത്തി തന്നൊരിടമാണ്. ഇവിടെയുമുണ്ട് സംഗീതജ്ഞരുടെ ഒരു കൂട്ടം. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ ചെറിയൊരു സംഗീത പരിപാടി അവതരിപ്പിക്കാറുണ്ട്. അതു കൂടാതെ വര്‍ഷത്തിലൊരിക്കല്‍ വലിയൊരു വേദി കമ്പനി തന്നെ നല്‍കാറുമുണ്ട്. 

പിന്നെ എല്ലാത്തിനും ഉപരിയായി അച്ഛനേയും അമ്മയേയും കുറിച്ചോര്‍ക്കുമ്പോള്‍, സ്‌കൂള്‍ പഠനത്തിനും ആഹാരത്തിനും പിന്നെ കലാ പഠനത്തിനും മൂന്നു പെണ്‍കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞു വച്ച അവരുടെ കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ ഇതൊന്നും മറന്നു കളയാനും മനസ്സു വരില്ല. രണ്ടാള്‍ക്കും വലിയ സന്തോഷമാണ് ഞങ്ങളിപ്പോഴും പണ്ടത്തെ പോലെ കവിതകളൊക്കെ ചൊല്ലുന്നത് കേള്‍ക്കാന്‍. 

എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം

എനിക്കു ജീവിതത്തില്‍ കിട്ടിയ വലിയ അംഗീകാരങ്ങളിലൊന്നാണ് കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍. മറുനാടന്‍ മലയാളികളായ കുട്ടികളിലേക്കു മലയാളം എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടിയുള്ള പദ്ധതിയാണിത്. മലയാളം മിഷനിലെ ഏറ്റവും സജീവമായ ഘടകമാണ് ബാംഗ്ലൂരിലേത്. അതിന്റെ നെടുംതൂണാണ് ദാമോദരന്‍ മാസ്റ്റര്‍. മലയാളി സമാജത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ടതാണ് അദ്ദേഹത്തെ. പിന്നീട് മലയാളം മിഷനിലെ കുട്ടികളെ കവിത പഠിപ്പിക്കാനും കാവ്യകേളി നടത്തുന്നതിലേക്കുമൊക്കെ ആ സൗഹൃദം വഴിയൊരുക്കി. ഞാന്‍ എന്റെ മകളെയും കൂട്ടി ശനിയും ഞായറും പോയാണ് കവിത പഠിപ്പിച്ചരുന്നത്. അവര്‍ അതൊക്കെ ചൊല്ലുന്നത് കണ്ടപ്പോള്‍ ഒരു പ്രത്യേക സന്തോഷമായിരുന്നു. അതുപോലെ മലയാളം മിഷന്‍ ബാംഗ്ലൂര്‍ ഘടകത്തിന്റെ അവതരണഗാനമായ വാഴ്ക വാഴ്ക...പാടാനായതും വലിയൊരു നേട്ടമാണ് എന്നെ സംബന്ധിച്ച്. പണ്ട് ഞങ്ങളുടെ വിശ്വനാഥന്‍ സാറും ഇങ്ങനെയൊരു സന്തോഷം അനുഭവിച്ചിട്ടുണ്ടാകും. ഞങ്ങള്‍ മൂന്നാളെയും ഒരു ഫീസും ഇല്ലാതെയായിരുന്നു മാഷ് പഠിപ്പിച്ചിരുന്നത്. അങ്ങനെയുള്ളൊരു ഗുരുവിന് കീഴില്‍ പഠിച്ചതു കൊണ്ടു തന്നെ എന്റെ മകളും മലയാളത്തെ അറിയണം എന്നതൊരു വലിയ ആഗ്രഹം പോലെ മനസ്സിലുണ്ട്. വളരെ ഗൗരവത്തോടെ തന്നെയാണ് അവളെ പഠിപ്പിക്കുന്നതും. അവളും കുഞ്ഞു കുഞ്ഞു കവിതകളൊക്കെ ചൊല്ലാറുണ്ട്.  

ഗുരുവായൂരപ്പനു മുന്നില്‍....

കുട്ടിക്കാലം മുതൽ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളില്‍ ഞങ്ങള്‍ മൂന്നു പേരും അക്ഷര ശ്ലോകവും കാവ്യകേളിയും അവതരിപ്പിക്കുമായിരുന്നു. ഒരുപാട് സമ്മാനങ്ങളും ആദരങ്ങളുമൊക്കെ കിട്ടിയിട്ടുമുണ്ട്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന പൂന്താനം കാവ്യോച്ചരണ മത്സരം, നാരായണീയം ദശക പാഠ മത്സരം, എന്നിവയിലൊക്കെ ആറാം ക്ലാസു മുതല്‍ പത്താം ക്ലാസ് വരെ ഞാനും ചേച്ചിയും പങ്കെടുത്തിരുന്നു. സമ്മാനം തരാതെ ഒരിക്കല്‍പോലും ഞങ്ങളെ ഗുരുവായൂരപ്പന്‍ മടക്കി അയച്ചിട്ടേയില്ല. എന്റെ ഇഷ്ടദൈവവും ഗുരുവായൂരപ്പന്‍ തന്നെ. അതുകൊണ്ട് സ്വപ്‌ന വേദിയെന്നത് ഗുരുവായൂര്‍ തന്നെയാണ്. എന്നെങ്കിലുമൊരിക്കല്‍ അവിടെ സ്വര സ്‌തോത്ര മഞ്ജരിയും ഭജനയും അവതരിപ്പിക്കണം.