Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ദേവികുളം സബ്കലക്ടർ: പുതിയ ചുമതലകളെക്കുറിച്ച് ഡോ.രേണുരാജ്

renu-raj.jpg.image.784.410 ഡോ. രേണുരാജ്.

തൊടുപുഴ∙ ഭൂമി പ്രശ്നങ്ങൾ വെല്ലുവിളിയാകുന്ന ദേവികുളത്തേക്ക് ഒരു വനിത സബ്കലക്ടറായി എത്തുന്നത് ആദ്യമായി. വി.ആർ. പ്രേംകുമാറിനു പകരം എത്തുന്നത് ഡോ. രേണുരാജ്. പ്രേംകുമാറിന്റെ ജൂനിയർ ബാച്ച് ഐഎഎസ് ഓഫിസറായ രേണു രാജ് 2015 ബാച്ച് ഉദ്യോഗസ്ഥയാണ്. എംബിബിഎസ് ബിരുദധാരിയായ രേണു രാജ് ‌രണ്ടാം റാങ്കോടെയാണ് സിവിൽ സർവീസ് പരീക്ഷ വിജയിച്ചത്. കോട്ടയം സ്വദേശിയാണ്. 

എറണാകുളത്ത് ട്രെയിനിങ്ങിനുശേഷം ഒരു വർഷത്തോളമായി തൃശൂരിൽ സബ്കലക്ടറായിരുന്നു. സ്കൂൾ പഠനകാലത്ത് കോട്ടയത്ത് കലോൽസവ വേദികളിലെ താരമായിരുന്നു. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ മികച്ച സംഘാടനത്തിലൂടെ ശ്രദ്ധേയയായി. ക്വാറി മാഫിയയ്ക്കെതിരെ ശക്തമായ നിലപാടുകളെടുത്തു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും മികവു തെളിയിച്ചു. 

രേണു രാജ് മനോരമയോടു സംസാരിക്കുന്നു:

 സ്ഥലംമാറ്റത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചിരുന്നോ? 

തൃശൂരിൽ വന്നിട്ട് ഒരുവർഷം കഴിഞ്ഞു. ഒരുവർഷം കഴിയുമ്പോൾ ചിലപ്പോൾ സ്ഥലംമാറ്റം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചു സൂചനകളൊന്നും ലഭിച്ചില്ല. 

എന്നു ചുമതല ഏറ്റെടുക്കും? 

മന്ത്രിസഭാ തീരുമാനം വന്നതേയുള്ളൂ. ഇതുവരെ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടില്ല. 2 ദിവസത്തിനുള്ളിൽ ഉത്തരവ് ലഭിക്കുമെന്നു കരുതുന്നു. തൃശൂരിലെ ചുമതലകൾ ഒഴിഞ്ഞ് ദേവികുളത്തെത്താൻ ഒരാഴ്ചയെടുക്കുമെന്നു കരുതുന്നു. 

 ഭൂമി വിഷയത്തിൽ വെല്ലുവിളികൾ നിറഞ്ഞ സ്ഥലമാണല്ലോ ദേവികുളം? 

ഭൂമി സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ ഇപ്പോൾ അറിയില്ല. മുൻപു ജോലിചെയ്ത എറണാകുളവും തൃശൂരുമായി താരതമ്യം ചെയ്താൽ തീർച്ചയായും വ്യത്യസ്തമായ അനുഭവമായിരിക്കും. ഓരോ സ്ഥലത്തിനും അതിന്റേതായ ഗുണങ്ങളും വെല്ലുവിളികളുമുണ്ടല്ലോ? 

ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ്കലക്ടർ മലയോര ജില്ലയിലെ ആദ്യ വനിതാ സബ്കലക്ടർ എന്ന വിശേഷണവും രേണുരാജിനുണ്ട്.ഇടുക്കി ജില്ലയുടെ കലക്ടർ, ജില്ലാ പൊലീസ് മേധാവി സ്ഥാനങ്ങളിലേക്ക് വനിതകളെ ഇതുവരെ സർക്കാർ നിയമിച്ചിട്ടില്ല. അതേസമയം തൊടുപുഴ, മൂന്നാർ എഎസ്പിമാരായി വനിതകളെ നിയമിച്ചിരുന്നു. ആർ. നിഷാന്തിനി, മെറിൻ ജോസഫ് എന്നിവരാണ് തൊടുപുഴ, മൂന്നാർ എഎസ്പിമാരായിരുന്നത്.