Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രശ്മിക്ക് ആരാധകർ ഏറെയുണ്ടോ?

രശ്മി സോമൻ ഭർത്താവിനൊപ്പം രശ്മി സോമൻ ഭർത്താവിനൊപ്പം. ഫോട്ടോ:ഷാജിദ് അഷിയാന

സീരിയലിലെ മിന്നും താരമായിരുന്ന രശ്മി സോമന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ

മിനിസ്ക്രീനിൽ സൂപ്പർനായികയായി ജ്വലിച്ചു നിന്ന സമയത്താണ് രശ്മി സോമൻ പെട്ടെന്നങ്ങ് അപ്രത്യക്ഷയായത്. സന്ധ്യാനേരത്തു ടിവിയിൽ നിറഞ്ഞു നിന്ന ആ സുന്ദരിപ്പെൺകുട്ടിക്ക് എന്തു പറ്റിയെന്നായിരുന്നു അന്നു കുടുംബ സദസ്സുകളിലെ ചർച്ച.

പി.ടി. കുഞ്ഞുമുഹമ്മദിന്റെ മഗ്‌രിബ് എന്ന ചിത്രത്തിലൂടെ തുടക്കം. ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെ രശ്മി നായികയായി. ‘വർണപ്പകിട്ട്’, എന്റെ സ്വന്തം ജാനകിക്കുട്ടിക്ക് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും പ്രേക്ഷകരുടെ മനസ്സു കവരുന്നത് സീരിയലുകളിലൂടെയാണ്. ‘അക്ഷയ പാത്രം, താലി’ തുടങ്ങിയ സൂപ്പർഹിറ്റ് സീരിയലുകളിലൂടെ വീട്ടിനുളളിലെ സന്ധ്യാ സമയം രശ്മി കീഴടക്കി. അങ്ങനെയിരിക്കെ പൊടുന്നനെ സ്ക്രീനിൽ നിന്നൊരു പിന്മാറ്റം. ഈ ഇടവേളയിൽ രശ്മിയുടെ ജീവിതത്തിൽ ഒരു പാട് വിശേഷങ്ങൾ സംഭവിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച പഠനം പൂർത്തിയാക്കി. വിവാഹത്തോടെ സ്വപ്നങ്ങൾക്കു പുതിയ ചിറകുകൾ മുളച്ചു.

ഈ ഇടവേള എന്തിനു വേണ്ടിയായിരുന്നു?

സ്കൂളിൽ പഠിക്കുമ്പോഴാണ് സിനിമയിൽ എത്തുന്നത്. പിന്നീട് പ്രൈവറ്റായി പഠിച്ച് ഡിഗ്രി നേടി. സീരിയലുകളുടെ തിരക്കു മൂലം പഠനം ഇടയ്ക്കു വച്ച് ഉപേക്ഷിക്കേണ്ടി വന്നു. വീണ്ടും പഠിക്കണമെന്നു തോന്നിയപ്പോൾ റഗുലറായി കോളജിൽ പോയി പഠിക്കുന്നതാണ് നല്ലതെന്നു പലരും ഉപദേശിച്ചു. അങ്ങനെയാണ് എറണാകുളത്ത് ഒരു കോളജിൽ എംബിഎ യ്ക്ക് ചേരുന്നത്. എൻട്രൻസ് പരീക്ഷ എഴുതിയാണ് പ്രവേശനം നേടിയത്.

നഷ്ടപ്പെട്ട കോളജ് കാലം വീണ്ടെടുക്കുകയായിരുന്നു ഞാൻ. തുടക്കത്തിൽ സെലിബ്രിറ്റി ഇമേജ് ഉണ്ടായിരുന്നു. പിന്നീട് എല്ലാവരുമായി വളരെ അടുപ്പത്തിലായി. ഒരു പക്ഷേ, ഞാനാ യിരിക്കും അവിടെ ഏറ്റവും കൂടുതൽ ആസ്വദിച്ചു പഠിച്ച വിദ്യാർഥി. പഠനശേഷം ഒരു ഐടി കമ്പനിയിൽ ജോലിക്കു കയറി. കുറച്ചു നാളുകൾക്കു ശേഷം ‘സാപ്’ എന്ന കോഴ്സ് ചെയ്യാൻ വേണ്ടി ആ ജോലിയും ഉപേക്ഷിച്ചു. ഇനിയും പഠിക്കണം. ആഗ്രഹം അവസാനിച്ചിട്ടില്ല. അഭിനയരംഗത്തു നിന്നുളള ഈ ഇടവേളയിലാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങൾ എനിക്കു സ്വന്തമായത്.

വിവാഹം?

പഠനത്തിനിടെയാണ് വിവാഹാലോചന വന്നത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് അമ്മയുടെ വീട്. തറവാടിനടുത്തായിരുന്നു ഗോപിനാഥിന്റെ കുടുംബം മുമ്പ് താമസിച്ചിരുന്നത്. കുടുംബങ്ങൾ തമ്മിൽ പരിചയമുണ്ട്. സാധാരണ വിവാഹം പോലെ തന്നെ പെണ്ണു കാണൽ ചടങ്ങും ജാതക‌പ്പൊരുത്തവും എല്ലാം നോക്കിയാണ് കഴിഞ്ഞ വർഷം മാർച്ചിൽ വിവാഹം നടത്തിയത്.

ദുബായിൽ എപ്സ്കോ എന്ന കമ്പനിയിൽ റീജനൽ മാനേജരാണ് ഗോപി. നടനും മോ‍ഡലുമായിരുന്നു. മലയാള മനോരമ പത്രം ഉൾപ്പെടെയുളള പ്രമുഖ സ്ഥാപനങ്ങൾക്കു മോഡലായിട്ടുണ്ട്. നേരത്തേ ഒരു ടിവി ചാനലിൽ ‘വഴിയോരക്കാഴ്ചകൾ’ എന്ന ട്രാവൽ ഷോ ചെയ്തിരുന്നു. സ്വന്തം മാളവിക എന്ന സിനിമയിൽ നായകനുമായി. ജോലിത്തിരക്കിനെ തുടർന്ന് പിന്നീട് ഇവയെല്ലാം ഉപേക്ഷിച്ച് ഐടി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ എന്റെ നിർബന്ധം മൂലം വീണ്ടും അഭിനയത്തിലേക്കും മോഡലിങ്ങിലേക്കും മടങ്ങിയെത്താമെന്ന തീരുമാനത്തിലാണ് അദ്ദേഹം.

വീട്ടമ്മയുടെ റോളിലേക്കുളള മാറ്റം?

അത്ര ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പഠനത്തിനും ജോലിക്കും വേണ്ടി വിവാഹത്തിനു മുൻപു തന്നെ കുറച്ചു കാലം അഭിനയത്തിൽ നിന്നു മാറി നിന്നിട്ടുണ്ട്. വിവാഹത്തിനു ശേഷമാണ് ഞാൻ ദുബായിലേക്കു താസം മാറിയത്. നാട്ടിൽ നിന്ന് അകന്നു നിൽക്കുന്നതു മാത്രമാണ് വിഷമം. രാവിലെ ഏഴു മണിക്ക് ഏട്ടൻ ഓഫിസിലേക്കു പോകും. അതിനു മുമ്പ് ബ്രേക് ഫാസ്റ്റ് തയാറാക്കണം. ചിലപ്പോൾ അദ്ദേഹം ഉച്ചഭക്ഷണവും വീട്ടിൽ നിന്ന് കൊണ്ടുപോകും.

രശ്മി സോമൻ രശ്മി സോമൻ. ഫോട്ടോ:ഷാജിദ് അഷിയാന

മിക്ക ദിവസങ്ങളിലും വൈകിട്ട് ഞങ്ങളൊരുമിച്ചു പുറത്തു പോകും. അവധി ദിവസങ്ങളിൽ സുഹൃത്തുക്കളും കുടുംബവുമൊത്ത് ഔട്ടിങ്. എല്ലാ വീക്കെൻഡിലും സിനിമയ്ക്കു പോകും. ഞാനൊരു ഭക്ഷണപ്രിയയാണ്. അതുകൊണ്ടു തന്നെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ തേടിപ്പിടിച്ചു പോകും. ദൂരേക്ക് സുഹൃത്തുക്കളുമൊത്തുളള ഡ്രൈവിങ്ങാണ് മറ്റൊരു ഹോബി. മലയാളികൾ തമ്മിൽ കൂടുതൽ അടുപ്പം ഗൾഫിലാണെന്നു തോന്നുന്നു.

സീരിയലിൽ‌ തിളങ്ങിയെങ്കിലും സിനിമയിൽ അവസരങ്ങൾ നഷ്ടമായെന്നു തോന്നിയിട്ടുണ്ടോ?

ഞാൻ ജീവിക്കുന്ന നിമിഷത്തിൽ വിശ്വസിക്കുന്നു. സംഭവിച്ചതിലൊന്നും സങ്കടമില്ല. കഴിഞ്ഞ കാര്യങ്ങൾ ഓർത്തു വിഷമിച്ചിരിക്കാൻ എന്നെ കിട്ടില്ല. സ്കൂളിൽ പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ‘കാതൽ ദേശം’ എന്ന തമിഴ് സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചു. അക്കാലത്ത് അച്ഛന് സൗദിയിലായിരുന്നു ജോലി. അദ്ദേഹത്തിന് ഞാൻ അഭിനയിക്കുന്നതിൽ താൽപര്യമായിരുന്നു. പക്ഷേ, വീട്ടിൽ പൊതുവേ ആർക്കും താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെ ആ അവസരം വേണ്ടെന്നു വച്ചു.

നൃത്തവേദിയിൽ നിന്നാണ് സിനിമയിലെത്തിയത്. പിന്നീട് നൃത്തം ഉപേക്ഷിച്ചോ?

നൃത്തം ഒരിക്കലും ഉപേക്ഷിക്കില്ല. ഇടയ്ക്ക് മടി തോന്നും. അപ്പോൾ കുറച്ചു നാൾ വിട്ടു നിൽക്കും. എപ്പോൾ വേണമെങ്കിലും നൃത്ത പരിശീലനം പുനരാരംഭിക്കാൻ എനിക്കു കഴിയും. അടിസ്ഥാനപരമായി ഞാനൊരു മടിച്ചിയാണ്. അത് എന്നെ കണ്ടാൽ പറയില്ലേ?

ഈ വണ്ണം ഒന്നു കുറയ്ക്കണമെന്നു ഇടയ്ക്ക് തോന്നും. കുറച്ചു ദിവസം വലിയ ഡയറ്റിങ് ആണ്. പക്ഷേ, ഇഷ്ടപ്പെട്ട ഭക്ഷണം കണ്ടാൽ ഡയറ്റിങ് പമ്പ കടക്കും. എക്സർസൈസിന്റെ കാര്യത്തിലും ഉണ്ട് ഈ എടുത്തുചാട്ടം. നടപ്പു തുടങ്ങുന്ന ദിവസം കുറേ നടക്കും. വലിയ ഉൽസാഹമാണ്. പിന്നെ മടിപിടിച്ചു കുറേക്കാലം ഒന്നും ചെയ്യില്ല. കുക്കിങ്ങും ഡ്രൈവിങ്ങുമാണ് ഹോബികൾ. ദുബായ് ഡ്രൈവിങ് ലൈസൻസ് എടുക്കണം. അതാണ് ലക്ഷ്യം.

നാട് വിട്ടു നിൽക്കുമ്പോൾ കാണണമെന്ന് വല്ലാതെ അഗ്രഹിക്കുന്നത്?

ഗുരുവായൂരപ്പനെ. 27 വർഷമായി ഞങ്ങൾ ഗുരുവായൂരിൽ താമസം തുടങ്ങിയിട്ട്. എപ്പോഴും നാവിൽ ആദ്യം വരുന്നത് ‘എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ’ എന്നാണ്. ഗുരവായൂരപ്പനോട് ഞാൻ ഒന്നും ആവശ്യപ്പെടാറില്ല. എല്ലാം അറിയാവുന്ന ആളാണല്ലോ? അപ്പോൾ അറിഞ്ഞു തരും. കുട്ടിക്കാലത്തെ ഒരു അനുഭവമാണ്, ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവമാണ്. അമ്മയ്ക്കൊപ്പം തൊഴാൻ പോയതാണ് ഞാൻ. അപ്പോഴവിടെ പപ്പടം കുന്നുപോലെ കാച്ചി ഇട്ടിരിക്കുന്നതു കണ്ടു. നല്ല മണം. ചെറിയ കുട്ടിയല്ലേ, എനിക്കു കൊതിയായി. അമ്മയോട് പപ്പടത്തിനായി ശാഠ്യം പിടിച്ചു. ചോദിക്കാനുളള മടികൊണ്ട് അമ്മ എന്നെ കണക്കിനു ശകാരിച്ചു.

പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല, വീട്ടിൽ ചെന്നപ്പോഴുണ്ട്, ഒരു പാത്രത്തിൽ നാലഞ്ചു പപ്പടം. ക്ഷേത്രത്തിൽ നിന്നുളളതാണ്. ഉത്സവസമയം അമ്പലത്തിൽ നിന്നു പകർച്ചക്ക‌‍ഞ്ഞി കിട്ടും. ഞങ്ങളുടെ അയൽക്കാരനായ പ്രകാശേട്ടൻ കഞ്ഞി വാങ്ങിയിരുന്നു. ഒപ്പം പതിവിനു വിപരീതമായി പപ്പടം കുറച്ചധികം ലഭിച്ചു. അതുമായി വീടിനു മുന്നിലൂടെ പോയപ്പോൾ എനിക്കു നൽകാൻ ഏൽപ്പിച്ചതാണ്!‌

കഴിഞ്ഞവർഷവും ഉത്സവ സമയത്ത് ഒരു അദ്ഭുതം നടന്നു. ഒന്നാം ഉത്സവമാണ്. അമ്മ്ക്കും ദാസമ്മാമയ്ക്കും ഗീതകൊച്ചമ്മയ്ക്കും ഒപ്പം ആനയൂട്ട് കാണാൻ പോവുകയാണ്. കാറോ ടിക്കുന്നതും ഞാൻ തന്നെയാണ്. അപ്പോഴാണ് എതിർവശത്തു നിന്ന് അതിവേഗം ബൈക്കുകൾ വന്നത്. ആനയിടഞ്ഞതാണ്. ഞങ്ങളുടെ അടുത്തെത്തിയിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല. വണ്ടി റിവേഴ്സ് എടുത്തു. ഒരാൾ തൊട്ടടുത്തുണ്ടായിരുന്ന ഫ്ളാറ്റിന്റെ ഗേറ്റ് തുറന്നു തന്നു. ഗുരുവ‌ായൂരപ്പൻ തുണച്ചു. ഞങ്ങൾ രക്ഷപ്പെട്ടു.

വലിയ ഭക്തയാണല്ലേ?

ഗുരുവായൂർ പരിസരത്ത് സ്ഥിരമായി പോകുന്ന പത്തോളം അമ്പലങ്ങളുണ്ട്. എന്റെ വീട് തിരുവെങ്കിടം ക്ഷേത്രത്തിന് സമീപത്താണ്. വിവാഹശേഷം ഗുരുവായൂരും പാലക്കാടുമുളള ഒട്ടുമിക്ക ക്ഷേത്രങ്ങളിലും രാമേശ്വരത്തും ഞങ്ങൾ പോയി. ദുബായിൽ ഞാൻ ഏറെ മിസ് ചെയ്യുന്നതും ക്ഷേത്രങ്ങളാണ്. ഏട്ടനും ഭക്തനാണ്. ദുബായിലെ ഞങ്ങളുടെ വീട്ടിൽ വലിയ പൂജാമുറിയുണ്ട്. എന്തു തീരുമാനമെടുക്കും മുമ്പും മുറി അടച്ചിട്ടു നന്നായി പ്രാർഥിക്കും. ചിലർ പറയുന്നതു കേട്ടിട്ടുണ്ട്, വിഷമം വരുമ്പോൾ ദൈവത്തെ വിളിക്കുമെന്ന്. ഞാ‌ൻ നേരേ തിരിച്ചാണ്. സങ്കടം വരുമ്പോൾ പ്രാർഥിക്കാറില്ല. സന്തോഷം വരുമ്പോൾ ആദ്യം വിളിക്കുന്നതു ദൈവത്തെയാണ്.

ദുബായിൽ രശ്മിക്ക് ആരാധകർ ഏറെയുണ്ടോ?

ഷോപ്പിങ് മാളിലും സിനിമാ തിയറ്ററിലും എന്നെ കണ്ട് പലരും അന്തം വിട്ട് നിൽക്കാറുണ്ട്. ഞാൻ എന്തിനാണ് ഇവിടെ വന്നത് എന്നാണ് പലരുടേയും സംശയം. ചിലർ ചിരിയിലൊതുക്കും. മറ്റു ചിലർ അടുത്തു വന്നു വിശേഷങ്ങൾ തിരക്കും. ഡാൻസ് ക്ലാസ് തുടങ്ങാൻ വന്നതാണോ എന്നാണ് ചിലരുടെ സംശയം. നല്ല ഐഡിയ ആണല്ലോ, വേണമെങ്കിൽ തുടങ്ങാം എന്ന് ഞാൻ മറുപടിയും പറയും.

അഭിനയത്തിലേക്ക് ഇനിയൊരു മടക്കമുണ്ടോ?

മടങ്ങിയെത്താൻ ഞാൻ എങ്ങോട്ടും പോയിട്ടില്ലല്ലോ? ഇൻഡസ്ട്രിയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. അവരിൽ പലരും ഇപ്പോഴും വിളിക്കാറുണ്ട്. നല്ല റോളുകൾ ലഭിച്ചാൽ സ്വീകരിക്കണമെന്ന് ഏട്ടനും പറയുന്നു. ഞാൻ അഭിനയിക്കുന്നത് അദ്ദേഹത്തിന് താൽപര്യമാണ്. വെറുതേ ഇരിക്കാൻ എനിക്ക് ഉദ്ദേശ്യമില്ല. ഒന്നുകിൽ അഭിനയം, അല്ലെങ്കിൽ ഇവിടെ ഒരു ജോലി. രണ്ടാണെങ്കിലും ഇനി വൈകില്ല.

രശ്മി സോമൻ ഭർത്താവിനൊപ്പം രശ്മി സോമൻ ഭർത്താവിനൊപ്പം. ഫോട്ടോ:ഷാജിദ് അഷിയാന

മുമ്പ് എടുത്ത തീരുമാനങ്ങൾ എന്തെങ്കിലും പിഴച്ചു പോയി എന്നു വേദനിക്കാറുണ്ടോ?

തീരുമാനങ്ങൾ എല്ലാം എന്റേതു മാത്രമായിരുന്നു. അവയിൽ പാളിച്ചകൾ പറ്റിയിട്ടുണ്ട്. തെറ്റു പറ്റാത്ത മനുഷ്യർ ഇല്ലല്ലോ? അതോർത്തു ദുഃഖിച്ചിരിക്കാൻ എന്നെ കിട്ടില്ല. ജീവിതമാണ് ഏറ്റവും നല്ല പാഠപുസ്തകം.