ചിരിച്ചു കളിച്ചു നടക്കുന്ന ഒരു കഥയില്ലാത്ത പെൺകുട്ടിയാണ് സ്റ്റെഫി എന്നു കരുതിയവർ ഞെട്ടാൻ തയാറായിക്കോളൂ.
അച്ഛൻ പൊന്നുമോൾക്ക് ഓമനിച്ചിട്ട പേരാണ് ‘സ്റ്റെഫി ഗ്രേസ്’. മകൾ വളർന്ന് വലുതായി നടിയായി, നർത്തകിയായി. പ്രൊഫഷനു ചേരുന്ന പേരു വേണമെന്ന ചിന്തയിൽ അവൾ പിന്നീട് സാരംഗിയായി. വിവാഹശേഷം എന്തുകൊണ്ടോ അച്ഛനിട്ട പഴയ പേരിനോട് ഭയങ്കര നൊസ്റ്റാൾജിയ. അങ്ങനെ ഭർത്താവിന്റെ പേരു കൂടി ചേർത്ത് സ്റ്റെഫി ലിയോണായി. പേരുകൾ ഒരു പാടുണ്ടെങ്കിലും ആള് ആ ചുരുണ്ട മുടിക്കാരി തന്നെയാണ്. മാനസവീണയിലെ മാനസയായും അഗ്നി പുത്രിയിലെ ആനിയായും പ്രേക്ഷക മനം കീഴടക്കിയ നായിക.
ഇഷ്ടത്തിലെ ഗംഗ എന്ന ദുഃഖ പുത്രിയെ ഓർത്ത് ടിവിയുടെ മുന്നിലിരുന്ന് കണ്ണീരൊഴുക്കിയവർ ഇതു കൂടി കേട്ടോളൂ. അഭിനയവും നൃത്തവും മാത്രമല്ല ഈ സുന്ദരിയുടെ കൈമുതൽ. കരാട്ടെയിൽ ഇന്റർനാഷനൽ ജഡ്ജ് ആയ സ്റ്റെഫിയുടെ കയ്യിൽ വൂഷൂ, തവലു ഫൈറ്റിങ് എന്നിങ്ങനെ പല അഭ്യാസങ്ങളുമുണ്ട്. നിയമം കൊണ്ട് നേരിടേണ്ടതിനെ നിയമവഴിയിൽ കൈകാര്യം ചെയ്യാൻ നിയമ ബിരുദവും നേടിയിട്ടുണ്ട്.
ഒരു പാടു സീരിയലുകളിൽ ഒരു പാടു കഥാപാത്രങ്ങളായി സ്റ്റെഫിയെ നമുക്ക് കാണാൻ കിട്ടില്ല. ഒരിടവേള എടുത്താലും നല്ല കഥയുടെ ഭാഗമായി, കാമ്പുള്ളൊരു കഥാപാത്രമായാവും സ്റ്റെഫി എത്തുക.
ടി.വി. ചന്ദ്രന്റെ കഥാവശേഷനിലൂടെയാണല്ലേ തുടക്കം?
പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ്. കേരള നടനത്തിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ സമയം. മാധ്യമങ്ങളിൽ വന്ന ചിത്രങ്ങൾ കണ്ട് ഒരു കുടുംബ സുഹൃത്തു വഴിയാണ് ടിവി ചന്ദ്രൻ സാർ കഥാവശേഷനിലേക്ക് വിളിക്കുന്നത്. ഒരു ഗുജറാത്തി പെൺകുട്ടിയുടെ വേഷമാണതിൽ. രണ്ടാമത്തെ മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡ് കിട്ടിയിരുന്നു. ആ സിനിമയ്ക്ക്. പിന്നീട് പരസ്യ ചിത്രങ്ങളിലും ആൽബങ്ങളിലുമൊക്കെ അഭിനയിച്ചു.
2010 ലെ മിസ് കേരള മത്സരത്തിൽ മിസ് ടാലൻഡ് ആയിരുന്നു ഞാൻ. പത്തു ദിവസത്തെ ട്രെയിനിങ്ങും മത്സരവും ആത്മവിശ്വാസം കൂട്ടി. ഫൈനൽ ഫൈവിൽ എത്തിയത് ഭാഗ്യമായാണ് കരുതുന്നത്. ടൈറ്റിൽ കിട്ടാഞ്ഞതിൽ എനിക്ക് വിഷമമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ലിയോൺ ചേട്ടന് നല്ല സങ്കടമായി. ഞങ്ങളുടെ പ്രണയത്തിന്റെ പൂക്കാലമായിരുന്നു അത്. ചേട്ടനായിരുന്നു എന്നെ അതിനെല്ലാം നിർബന്ധിച്ച് അയച്ചത്.
മാനസ ആയാണല്ലോ മിനിസ്ക്രീനിലേക്കെത്തിത്?
മഴവിൽ മനോരമയിലെ മാനസവീണയിൽ ടൈറ്റിൽ റോൾ ആയിരുന്നു. പിന്നെ അഗ്നിപുത്രി എന്ന സൈക്കോ ത്രില്ലറിൽ ഡബിൾ റോൾ. ആനിയും വിപഞ്ചികയും. പിന്നൊരിടവേളയ്ക്ക് ശേഷമാണ് ഇഷ്ടം ചെയ്തത്. ഇഷ്ടത്തിലെ ആകാശ് മേനോന്റെ ഭാര്യ ഗംഗയല്ലേ എന്നാണ് പ്രേക്ഷകർ കാണുമ്പോൾ ചോദിക്കാറ്. ഇപ്പോൾ മഴവിൽ മനോരമയിൽ ‘വിവാഹിത ’ ചെയ്യുന്നു.
വിവാഹത്തിന് ശേഷമാണോ വിവാഹിതയിലെത്തുന്നത്?
വിവാഹിതയിൽ ദേവന്തിയായി പ്രേക്ഷകരുടെ മുന്നിലെത്തിയത് ഈ വർഷമാണ്. കഴിഞ്ഞ വർഷമായിരുന്നു ഞങ്ങളുടെ വിവാഹം. ലിയോൺ ഒരു പരസ്യചിത്ര സംവിധായകനാണ്. പരസ്യത്തിന് വേണ്ടി ഫൈറ്റ് അറിയുന്നൊരു ആർട്ടിസ്റ്റിനെ തേടിയുളള അന്വേഷണമാണ് ഞങ്ങളെ പരിചയപ്പെടുത്തിയത്. ഒമ്പതു വർഷം മുമ്പ്. അന്ന് ദേശീയ തലത്തിൽ ബെസ്റ്റ് എൻ.സി.സി.കേഡറ്റായിരുന്നു ഞാൻ. പ്രണയത്തിന് രണ്ടു പേരുടേയും വീട്ടിൽ നിന്ന് കാര്യമായ എതിർപ്പൊന്നും ഉണ്ടായില്ല. ഉടനെ വിവാഹം ഉറച്ചു. പക്ഷേ, വിവാഹം നടക്കാൻ എട്ടു വർഷം കാത്തിരിക്കേണ്ടി വന്നു. ഒരു സിനിമ സംവിധാനം ചെയ്തിട്ടേ കല്യാണം കഴിക്കൂ എന്ന ലിയോൺ ചേട്ടന്റെ വാശിയാണ് ഒരു കാരണം. അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ലൈഫ്’ ആണ് ഞാൻ ചെയ്യുന്ന രണ്ടാമത്തെ പടം.
ബിഗ് സ്ക്രീനിലൂടെ വന്ന് മിനിസ്ക്രീനിൽ താരമായി മാറിയതിൽ സങ്കടമുണ്ടോ?
മിനിസ്ക്രീനിൽ ആണെങ്കിലും ചെയ്തതെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങൾ. സീരിയലുകളെല്ലാം ഹിറ്റായതിനാൽ ‘ഭാഗ്യ നായിക’ എന്നു വിളിച്ചു കേൾക്കുമ്പോൾ സന്തോഷം ഇരട്ടി യാണ്. ഓരോ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും എന്തെങ്കിലുമൊരു മാറ്റം അഭിനയത്തിൽ വരുത്താൻ ശ്രമിക്കാറുണ്ട്. കരച്ചിലാണെങ്കിൽ പോലും. ഗംഗ കരഞ്ഞതുപോലെയാവില്ല ദേവന്തി കരയുക. ആളുകളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന റോളുകൾ ചെയ്യുക എന്നേ എനിക്കൂളളൂ.
സിനിമ ചെയ്യാത്തതെന്താണെന്ന് പലരും ചോദിക്കാറുണ്ട്. പല കാരണങ്ങൾ കൊണ്ട് ചെയ്യാൻ കഴിയാതെ പോകുന്നതാണ്. ഈയടുത്ത് നിവിൻ പോളിയുടെ അനിയത്തി കഥാപാത്രത്തിനായി ഒരു സിനിമയിലേക്ക് വിളിച്ചിരുന്നു. സീരിയലിലെ തിരക്കു കൊണ്ട് ഒഴിവാക്കേണ്ടി വന്നു.
ആദ്യ സിനിമയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസിന്റെ നോട്ട് ബുക്കിൽ പാർവതിയുടെ റോൾ ചെയ്യാൻ വിളിച്ചിരുന്നു. പരീക്ഷ കാരണം പോകാൻ കഴിഞ്ഞില്ല. പിന്നീട് ‘വെയിൽ’ എന്ന തമിഴ് സിനിമയിലേക്കും ക്ഷണം വന്നിരുന്നു.
സാഹിത്യത്തിലും നിയമത്തിലും ബിരുദം, നാട്യശ്രീ ഡിപ്ലോമ, ഇപ്പോൾ പിഎച്ച്‍ഡി ചെയ്യുന്നത് യോഗയിൽ. തൊഴിൽ അഭിനയവും. വ്യത്യസ്തമായ കൂട്ടാണല്ലോ?
കോഴിക്കോടാണ് എന്റെ സ്വദേശം. അച്ഛൻ രാജൻ, അമ്മ ഗ്രേസി, അനിയൻ ഡോൺ. അമ്മയ്ക്ക് നിർബന്ധമായിരുന്നു നല്ല വിദ്യാഭ്യാസം നേടണമെന്ന്. പക്ഷേ, അത് ഏതു ഫീൽഡിൽ വേണമെന്ന് തീരുമാനിക്കാനുളള അവസരം എനിക്കു തന്നു.
നൃത്തം എനിക്കു ജീവനാണ്. മൂന്നര വയസ്സു മുതൽ തുടങ്ങിയ പഠനം ഇന്നും തുടരുന്നു. വക്കീലാണെങ്കിലും കോടതിയിലൊന്നും പോകാറില്ല. യോഗ പരിശീലിക്കുന്നത് ശരീരത്തിനും മനസ്സിനും കൂടിയാണല്ലോ.
ഒരിക്കൽ ഒരു കോളജ് വിദ്യാർഥിനി എന്റെ അടുത്ത് യോഗ പരിശീലിക്കാൻ വന്നു. പഠിത്തത്തിലുളള ഏകാഗ്രത കുറഞ്ഞപ്പോൾ മാതാപിതാക്കൾ നിർബന്ധിച്ച് അയച്ചതാണ്. കുട്ടിയോട് സംസാരിച്ചപ്പോഴാണറിയുന്നത് വിവാഹവാഗ്ദാനം നൽകി ഒരാളവളെ മോശമായി ഉപയോഗിച്ചുവെന്ന്. കാര്യങ്ങളറിഞ്ഞപ്പോൾ എനിക്ക് ദേഷ്യമാണു വന്നത്. ഒരു പെണ്ണ് സമൂഹത്തെ ഭയന്ന് ഇങ്ങനെയെല്ലാം ഉളളിലൊതുക്കി കഴിയേണ്ട ആവശ്യമെന്താണ്? നിയമത്തിന്റെ വഴിയേ പോകാൻ ഞാനവളെ ഉപദേശിച്ചു. ആ കുട്ടിയുടെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി. കൗൺസിലിങ്ങിനൊപ്പം യോഗ പരിശീലനം തുടർന്നപ്പോൾ അവളുടെ മാനസികനില മെച്ചപ്പെട്ടു. പഠിത്തത്തിലും മിടുക്കിയായി.പെൺകുട്ടികൾക്കു വേണ്ടത് ധൈര്യമാണ്. തെറ്റുകൾക്കെതിരെ പ്രതികരിക്കാൻ മടിക്കുന്നതെന്തിന്?
ഇന്നത്തെ കാലത്തെ പെൺകുട്ടികൾ ആയോധനകലകൾ പഠിച്ചിരിക്കണമെന്ന് തോന്നുന്നുണ്ടോ? ഇത് മാനസികമായും പ്രയോജനപ്പെടില്ലേ?
ശരീരത്തിനും മനസ്സിനും കൂടിയുളള പരിശീലനമാണ് ആയോധനകലകൾ. സെൽഫ് ഡിഫൻസ് എന്നതിനോടൊപ്പം സെൽഫ് ഡിസിപ്ലിൻ, സെൽഫ് കോൺഫിഡൻസ് ഇവയും നേടാനാകും. ശ്രദ്ധയും ക്ഷമയും വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല. ഒരു ശല്യക്കാരനെ അടിക്കാനുളള ആരോഗ്യം നമുക്കുണ്ടാവാം. പക്ഷേ ആ സമയത്ത് പ്രതികരിക്കാനുളള തന്റേടം ഉണ്ടാവണമെന്നില്ല. ആയോധനകലകൾ പഠിക്കുക വഴി ശരീരവും യഥാസമയത്ത് വേണ്ടതു പോലെ പ്രവർത്തിക്കും. എല്ലാ അർത്ഥത്തിലും നമ്മൾ ശക്തരാവുകയാണ്. എല്ലാ പെൺകുട്ടികളും ആയോധനകലകൾ അഭ്യസിക്കണമെന്നാണ് എന്റെ അഭിപ്രായം.
ഇത്ര ഗൗരവത്തോടെ ചിന്തിക്കുന്ന ആളാണോ ഈ ബഹളക്കാരി പെൺകുട്ടി?
പലരും പറയും കുട്ടിക്കളി ഇനിയും മാറിയിട്ടില്ലെന്ന്. സത്യത്തിൽ എനിക്കറിയാം ഇതെല്ലാം എന്റെ സെക്യൂരിറ്റി ഫീലിങ് കൊണ്ടാണെന്ന്. ഡിഗ്രിക്കു പഠിക്കുന്ന കാലം മുതൽ എന്തിനും ഏതിനും ലിയോൺ ചേട്ടന്റെ സപ്പോർട്ട് ഉണ്ട്. ഉറക്കെ ഒന്നു വിളിച്ചാൽ ഓടിയെത്തും അച്ഛനും അമ്മയും , പ്രോബ്ലം സോൾവിങ്ങിനായി ഒരു പാടു പേരുളളപ്പോൾ പിന്നെ നമുക്ക് ഭാരം കുറഞ്ഞ ഒരു തൂവൽപോലെ ഒഴുകി നടക്കാം. ഞാൻ പോലുമറിയാതെ എന്നെ ഇവിടം വരെയെത്തിച്ചത് ലിയോൺ ചേട്ടനാണ്. ഭർത്താവെന്നതിനേക്കാൾ എന്റെ സുഹൃത്തും കാമുകനും സഹോദരനും അച്ഛനും അമ്മയുമൊക്കെയാണ് ചില നേരങ്ങളിൽ ലിയോൺ.
എത്ര ഷൂട്ടിങ് തിരക്കായാലും വിളിച്ച് ഞങ്ങൾ സംസാരിക്കും. അധികം ദിവസം കാണാതിരിക്കാനും എനിക്കു കഴിയില്ല. ഒരിക്കൽ ലിയോൺ കശ്മീരിൽ ഷൂട്ടിങ്ങിന് പോയി. ഞാനും നാട്ടിൽ ഷൂട്ടിങ്ങിലാണ്. തമ്മിൽ കണ്ടിട്ട് ദിവസങ്ങളായി. മറ്റെന്തു പ്രശ്നമാണെങ്കിലും അതെന്റെ ജോലിയെ ബാധി ക്കാറില്ല. പക്ഷേ, അന്ന് നിസ്സാരമായി ചെയ്യാവുന്ന ഷോട്ടു പോലും ഒന്നിലധികം ടേക്കുകളിലേക്ക് നീണ്ടു. ബ്രേക്കാവശ്യപ്പെട്ട് ഞാൻ ഗ്രീൻ റൂമിലേക്ക് പോയി. വിങ്ങിപ്പൊട്ടാൻ തുടങ്ങുമ്പോഴേക്കും പെട്ടെന്നതാ വാതിൽക്കൽ ലിയോൺ ചേട്ടൻ. ഞങ്ങളുടെ മനസ്സുകൾക്കിടയിൽ എവിടെയോ ദൈവം അദൃശ്യമായ ഒരു പാലമുണ്ടാക്കിയിട്ടുണ്ടെന്ന് തോന്നാറുണ്ട്.
സോഷ്യൽ മീഡിയയിൽ ഒരു പാട് സുഹൃത്തുക്കളുണ്ടാവുമല്ലേ?
എനിക്ക് ഫെയ്സ് ബുക്ക് അക്കൗണ്ടോ ഫാൻ പേജോ ഒന്നുമില്ല. സ്വന്തമായി ഇ–മെയിൽ ഐഡി പോലുമില്ല. എന്നോടു വളരെയടുപ്പമുളളവർ എപ്പോഴും എനിക്കൊപ്പമുണ്ട്. ഇവരോടുളള ബന്ധം നില നിർത്താൻ സോഷ്യൽ മീഡിയ വേണമെന്ന് തോന്നിയില്ല. ഫ്രണ്ട്സ് ഒരുപാടുണ്ട്. നടിയും നാടക പ്രവർത്തകയുമായ പാർവതി ചേച്ചി, അഗ്നിപുത്രിയിൽ അമ്മയായി അഭിനയിച്ച ശ്രീലക്ഷ്മി ചേച്ചി, ഇഷ്ടത്തിലെ ആനന്ദ് ചേട്ടൻ, പിന്നെ ആര്യ, ജിത....ഇവരൊക്കെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവരാണ്.
മെയ്ക്കരുത്തും മനക്കരുത്തുമുളളൊരു കഥാപാത്രമാണോ സ്വപ്നത്തിൽ?
അരുന്ധതി എന്ന ചിത്രത്തിൽ അനുഷ്ക ചെയ്തതുപോലെയുളള കഥാപാത്രങ്ങൾ ചെയ്യണമെന്നാഗ്രഹമുണ്ട്. മാർഷൽ ആർട്സ് ഒക്കെ പഠിച്ചതുകൊണ്ടാവാം. ഇങ്ങനൊരിഷ്ടം. എന്റെ ഇഷ്ടങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുക എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ‘കളിയാട്ടം കൾച്ചർ സ്റ്റുഡിയോ.’ കഥക്, ഭരതനാട്യം, മോഹിനിയാട്ടം, വീണ, ഗിറ്റാർ, യോഗ, കരാട്ടെ....തുടങ്ങിയവ എല്ലാം പരിശീലിപ്പിക്കുന്ന ഒരിടം. തിരുവനന്തപുരത്തും കോഴിക്കോടും ചെന്നൈയിലും മൈസൂറിലുമെല്ലാം ബ്രാഞ്ചുകളുണ്ട്.
പിന്നൊരാഗ്രഹം ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ്. ഇപ്പോഴൊന്നുമില്ല. കുറച്ചു വർഷങ്ങൾക്കു ശേഷം. അഞ്ചു വർഷത്തിനു ശേഷം ഞാൻ എന്റെ ഏതിഷ്ടത്തിലാണ് ഫോക്കസ് ചെയ്യുക എന്നു പറയാൻ ഇപ്പോൾ കഴിയില്ല. നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ ആകെ ഈ ഒരു ജീവിതമല്ലേയുളളു.