Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗീതയ്ക്ക് സുകന്യയുടെ മറുപടി

Sukanya, Geetha സുകന്യ, ഗീത

ഒരുപാട് അനുഭവങ്ങൾ നേരിട്ട ഒരു സാധാരണ സ്ത്രീയേക്കാൾ എത്രയോ അധികം ഹൃദയം തൊടുന്ന അനുഭവങ്ങളിൽ കൂടി കടന്നു പോകുന്നവരാണ് ഭിന്നലിംഗക്കാർ എന്ന് നാം വിളിക്കുന്നവർ. ജനിക്കുമ്പോൾ സമൂഹം കാണുന്ന ലിംഗത്തിൽ നിന്നും മനസ്സിലും ശരീരത്തിലും അപരത്വം പേറുന്നവർ. താൻ അതല്ല എന്ന് എപ്പോഴും മനസ്സ് ഉറക്കെ വിളിച്ചു പറയുന്നവർ. അതുമൂലം വ്യക്തിത്വം നഷ്ടപ്പെട്ടവർ.

സമൂഹവും ചിന്തകളും ഏറെ പുതുമയുള്ളതായി ഓരോ നിമിഷവും മാറി വരുമ്പോഴും ഇവരെ മനുഷ്യരായി പോലും അംഗീകരിയ്ക്കാൻ കഴിയാത്ത വലിയൊരു സമൂഹം നമുക്ക് ചുറ്റുമുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ സിനിമാ നടി ഗീതയുടെ ടെലിവിഷൻ പരിപാടി. ഒരു പെൺകുട്ടിയും അവൾ പ്രണയിച്ച ട്രാൻസ്‌ജെൻഡർ യുവാവും അവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ വേണ്ടിയാണ് ചാനൽ ഷോയിൽ എത്തിയത്.

എന്നാൽ അവരുടെ പ്രണയത്തെയും ലൈംഗികതയെ പോലും ഏറ്റവും ക്രൂരമായ രീതിയിൽ ഗീത അപമാനിക്കുന്നിടത്ത് നിരവധി ചോദ്യങ്ങളുയരുന്നു. എന്താണ് ഭിംന്നലിംഗം? എന്താണ് ലെസ്ബിയനിസം? എന്താണ് പ്രണയം... പ്രണയത്തിനു ലിംഗഭേദങ്ങളുണ്ടോ? ഇല്ലെന്നുതന്നെയാണ് തീർത്തും ആത്മീയമായി പറയാൻ കഴിയുന്ന ഉത്തരമെങ്കിലും പ്രകൃതി വിരുദ്ധം എന്ന രീതിയിൽ ലെസ്ബിയൻ- ഗേ പ്രണയങ്ങൾ വിവക്ഷിക്കപ്പെടുമ്പോൾ എന്താണ് പ്രകൃതി വിരുദ്ധം എന്നത് മനുഷ്യന്റെ ചിന്തയ്ക്ക് മാത്രം അനുസരിച്ച് നിലകൊള്ളുന്നതായിപ്പോകുന്നുണ്ട്. ഗീതയുടെ വാക്കുകളെക്കുറിച്ച് ഭിംന്നലിംഗക്കാരിയായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് സുകന്യ കൃഷ്ണ പറയുന്നു:

ലൈംഗികബന്ധവും ലൈംഗികസംതൃപ്തിയുമാണ് ദാമ്പത്യ ജീവിതത്തിന്റെ വിജയമെന്ന് ചിന്തിക്കുന്നവർ വിശാലമനസ്കത ആവശ്യമുള്ള ഇത്തരം ഒരു പരിപാടിയിൽ അവതാരകയായി തുടരാൻ യോഗ്യയല്ല. ദമ്പതിമാരോട് മാപ്പപേക്ഷിച്ച് ഈ പരിപാടിയുടെ അവതാരകസ്ഥാനം മറ്റാർക്കെങ്കിലും കൈമാറുകയോ അല്ലെങ്കിൽ ബോധശൂന്യമായ ഈ പരിപാടി തന്നെ നിർത്തലാക്കുകയോ ചെയ്യുക.

Telugu TV show host Geetha  humiliates LGBTQ couple ‘I will thrash you and break your legs for doing this,’ Geetha apparently told the girl on the show. (Source: Screenshot)

പരസ്പരം പ്രണയിച്ച് ജീവിക്കുന്നവരെ കാണുമ്പോൾ അസാധാരണത്വം തോന്നുന്ന അവരെപ്പോലുള്ളവർക്കാണ് നാണം തോന്നേണ്ടത്. കാരണം, വളരെ ധൈര്യത്തോടെ സ്വന്തം സ്വത്വബോധത്തെ സമൂഹത്തിന് മുന്നിൽ ഉറക്കെ വിളിച്ച് പറഞ്ഞ് കപടതകളില്ലാതെ ജീവിക്കുന്നവരെ കാണുമ്പോൾ മനസ്സിൽ ഒന്നിലധികം വ്യക്തിത്വങ്ങൾ പേറി, കാപട്യങ്ങളിൽ ജീവിക്കുന്നവർക്കാണ് അസാധാരണത്വം തോന്നുക, അത്തരക്കാർ ലജ്ജിക്കുക തന്നെ വേണം.

സമൂഹത്തിലെ അധഃകൃതരായും, തെറ്റുകൾ ചെയ്ത് ജീവിക്കുന്നവരായും ലൈംഗിക തൊഴിലാളികളായും ഭിന്നലിംഗക്കാരെ മുദ്രകുത്തി ആത്മരതി അടയുന്നവർ അവരെ കളിയാക്കാനും കുറ്റം പറയാനും തനിക്ക് യോഗ്യതയുണ്ടോയെന്ന് സ്വയം ചിന്തിക്കുക. ചിന്തിച്ചാൽ മനസ്സിലാകും ആരാണ് അധകൃതരെന്നും തെറ്റ് ചെയ്യുന്നവരെന്നും ലൈംഗികാസക്തരെന്നുമെല്ലാം!

റേറ്റിങ്ങ് കൂട്ടാനുള്ള മാർഗമായി ഭിന്നലിംഗസമൂഹത്തെ അപമാനിക്കുന്നത് ഇപ്പോൾ സിനിമാ-ടെലിവിഷൻ ലോകത്ത് ഒരു ഫാഷനായി മാറുന്നു. ഇത്തരം സംഭവങ്ങളോടുള്ള ഭിന്നലിംഗസമൂഹത്തിന്റെ പ്രതികരണങ്ങൾ പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാകാറില്ല, ചുരുക്കം ചില മാധ്യമങ്ങൾ മാത്രമാണ് ഭിന്നലിംഗസമൂഹത്തിന്റെ പ്രശനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.

ഭിന്നലിംഗക്കാരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരേണ്ടവരാണ്.അല്ലാതെ പാർശ്വവത്കരിക്കപ്പെടേണ്ടവരല്ല. സമൂഹത്തെ ഭയന്നും പരിഹാസം സഹിച്ചും ജീവിക്കാൻ ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. ഭിന്നലൈംഗികത്വം തികച്ചും സാധാരണമാണ്.

ഭിംന്നലിംഗപ്രണയത്തെക്കുറിച്ച്...

പ്രണയവും ലിംഗവും തമ്മിൽ ബന്ധമൊന്നുമില്ല... പ്രണയത്തിന് വ്യത്യസ്തത ഉണ്ടാകുന്നത് കാഴ്ചപ്പാടിൽ മാത്രമാണ്, ഓരോ മനുഷ്യർക്ക് ഓരോ പ്രണയസങ്കല്പങ്ങൾ. ചിലർക്ക് ആ സങ്കൽപ്പത്തിൽ സ്വന്തം ലിംഗത്തിൽപെടുന്നവർ ഇണയായി തോന്നുന്നു, അത്രമാത്രം.

കേരളത്തിലെ ഭിംന്നലിംഗക്കാർ...

പ്രധാനമായി എനിക്ക് തോന്നുന്നത് വിദ്യാഭ്യാസരംഗത്തെ വിവേചനമാണ്. വിദ്യാഭ്യാസമാണ് നമ്മുടെ സമൂഹത്തിൽ ജീവിതവിജയത്തിനും തൊഴിൽ സാധ്യതയ്ക്കും അടിസ്ഥാനം. അങ്ങനെ വരുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് വിലങ്ങുതടി വിദ്യാഭ്യാസത്തിന്റെ പോരായ്മകൾ ആണ്. മറ്റൊന്ന് തൊഴിലിടങ്ങളിലെ മാനസിക പീഡനമാണ്. ഒരുപാട് ബുദ്ധിമുട്ടിയാകും ഓരോ ട്രാൻസ്ജെന്ററും ഒരു ജോലി നേടുന്നത്. പക്ഷേ അവിടെയും ഒരു സമാധാനപരമായ സാഹചര്യം ഉണ്ടാകാറില്ല എന്തിനും ഏതിനും രേഖകൾ ആവശ്യമായ ഒരിടത്ത് ഒരു ട്രാൻസ്ജെന്ററിന് സ്വന്തം വ്യക്തിത്വത്തെ അംഗീകരിക്കുന്ന രേഖകൾ നേടിയെടുക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ്.

സർക്കാർ സ്ഥാപനങ്ങളിൽ വർഷങ്ങളോളം കയറി ഇറങ്ങിയാലും അവ നേടുക എന്നത് ഒരു സ്വപ്നം മാത്രമായി ഒതുങ്ങുന്നു.അവിടെയും പരിഹാസത്തിന് പാത്രമാകുന്നു.മറ്റൊന്ന് സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പോലും ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന മാർഗരേഖകൾ ഇല്ല എന്നതാണ്. ഇത്തരം ഒരു പ്രശ്നം അഭിമുഖീകരിക്കുമ്പോൾ നിയമപരമായി എങ്ങനെ പരിഹരിക്കാം എന്ന് അവർക്കും ദിശാബോധമില്ല. സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വരണം.

Sukanya സുകന്യ

മതപരമായ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി ജീവിക്കുന്നവർക്ക് ഭിന്നലിംഗത്വം എന്നാൽ ഒരു പാപമാണ്. അത്തരക്കാർ കടന്നു കയറി ആക്രമിക്കുന്ന സാഹചര്യങ്ങൾ കുറവല്ല. ട്രാൻസ്ജെന്റർ സുരക്ഷ, ക്ഷേമ, പാർപ്പിട, വിദ്യാഭ്യാസ പദ്ധതികൾ ഒന്നും തന്നെ നിലവിലില്ല. ഉന്നമനത്തിന് കൂടുതൽ ശ്രദ്ധ ആവശ്യമായ സമൂഹമായി ട്രാൻസ്ജെന്റർ സമൂഹം പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട്. ലൈംഗിക ന്യൂനപക്ഷമായി പ്രഖ്യാപിച്ച് ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാനും സർക്കാരിന് കഴിയണം.

വിദ്യാഭ്യാസത്തിനും തൊഴിൽ സാഹചര്യങ്ങൾക്കും അവസരമൊരുക്കണം. ട്രാൻസ്ജെന്റർ എന്ന നിലയിൽ സർക്കാർ അംഗീകൃത രേഖകൾ നൽകാൻ വ്യവസ്ഥ ചെയ്യണം. അതുപയോഗിച്ച് മറ്റു രേഖകൾ നേടിയെടുക്കാനുള്ള സാഹചര്യവും നിയമവ്യവസ്ഥകളും ഉണ്ടാകണം. മറ്റൊന്ന് തൊഴിൽ അടിസ്ഥിത സ്കിൽ ഡെവലപ്മെന്റ് പദ്ധതികൾ ആവിഷ്കരിക്കുക എന്നതാണ്.
വിദ്യാഭ്യാസം അടിസ്ഥാനമാക്കാതെ തൊഴിൽ നൈപുണ്യം കണക്കിലെടുത്ത് തൊഴിൽ സാദ്ധ്യതകൾ ആവിഷ്കരിക്കുക എന്നതാണ്. ജില്ലാ അടിസ്ഥാനത്തിൽ സർക്കാരിന് കീഴിൽ ഒരു ട്രാൻസ്ജെന്റർ കൗൺസിൽ രൂപീകരിച്ച് വാരാന്ത്യ അവലോകന യോഗങ്ങൾ ആവിഷ്കരിച്ചത് തന്നെ ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിയമസഹായവും മറ്റും നൽകാൻ ശ്രമിക്കാവുന്നതാണ്.ട്രാൻസ്ജെന്റർ സമൂഹത്തിന്റെ ഉന്നമനത്തിന് അടിസ്ഥാനപരമായി അത്യാവശ്യം വേണ്ടത് വിദ്യാഭ്യാസ രംഗത്തുള്ള ഊന്നൽ തന്നെയാണ്.

ട്രാൻസ്ജെൻഡർ എന്നാൽ ഹിജഡയല്ല…

ട്രാൻസ്ജെൻഡർ എന്ന പദത്തെ ഒരു കുടയോട് ഉപമിക്കാം. ഈ കുടക്കീഴിൽ വരുന്ന ധാരാളം വിഭാഗങ്ങളുണ്ട്. ട്രാൻസ്സെക്ഷ്വൽസ്, ഇന്റർസെക്ഷ്വൽസ്, ഹിജഡ, പിന്നെയുള്ളത് എതിർലിംഗ വസ്ത്രധാരികൾ അഥവാ ക്രോസ്സ്ഡ്രെസ്സർ. ഹോർമോൺ ചികിത്സയിലൂടെയും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും എതിർലിംഗത്തിലേക്ക് ചേക്കേറുന്നവർ ആണ് ട്രാൻസ്സെക്ഷ്വൽസ്. തങ്ങളെ അംഗീകരിക്കാൻ തയാറാകാത്ത ഒരു സമൂഹത്തിന് മുന്നിൽ സ്വത്വബോധത്തോടെ വെല്ലുവിളികളെ അതിജീവിച്ച് ജീവിക്കാനുള്ള ആർജവം ഉള്ളവർ മാത്രമേ അത് ചെയ്യുന്നുമുള്ളൂ.

ജന്മനാ എതിർലിംഗ സാഹചര്യങ്ങളോടെ പിറന്നുവീഴുന്നവർ ആണ് ഇന്റർസെക്ഷ്വൽസ്. ആൻഡ്രജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം, ജെന്റർ ഐഡന്റിറ്റി ഡിസോർഡർ തുടങ്ങി അനവധി സാഹചര്യങ്ങൾ അതിന് കാരണമാവാം. ഇത്തരക്കാരിൽ കൃത്യമായൊരു ലിംഗനിർണയം നടത്തുക, പലപ്പോഴും അതികഠിനമാണ്. പലപ്പോഴും ഇന്റർസെക്ഷ്വൽ ആയ ഒരു കുട്ടിയെ വളർത്തിക്കൊണ്ട് വരുന്ന ലിംഗമായിരിക്കില്ല പിന്നീടുള്ള ജീവിതത്തിൽ ആ കുട്ടിയുടെ ലൈംഗിക വ്യക്തിത്വം, ഭാരതത്തിൽ ഇത്തരം അവസ്ഥ അനുഭവിക്കുന്നവർ അധികവും ഈ അവസ്ഥ മറച്ചുവെച്ച് ജീവിക്കാൻ തയാറാകുന്നു. വളരെക്കുറച്ചുപേർ മാത്രമാണ് ധൈര്യത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നത്.

തികച്ചും മതപരമായിരുന്ന ഒരു സമൂഹം ആണ് ഹിജഡ. നിർവാണം എന്ന ആചാരമാണ് ഈ സമൂഹത്തിനടിസ്ഥാനം. നിർവാണ ശസ്ത്രക്രിയ എന്ന നിലയിലേക്ക് പരിണമിച്ച ഈ പ്രാകൃതാചാരം ഇന്നും അതിന്റെ തനതായ രീതിയിൽ ചിലയിടങ്ങളിലെങ്കിലും നിലനിൽക്കുന്നു. തനതായ രീതിയിലുള്ള നിർവാണമെന്നാൽ പച്ചജീവനിൽ നിന്നും പുരുഷലിംഗം ഛേദിച്ചു മാറ്റുന്ന അതിപ്രാകൃതമായ ഒരു പ്രവർത്തിയാണ്. പലപ്പോഴും ജീവഹാനി വരെ സംഭവിക്കാവുന്ന ഒന്ന്. നിർവാണ ശസ്ത്രക്രിയ എന്ന പരിണാമത്തിലും കാര്യമായ മാറ്റമൊന്നും ഈ ദുരാചാരത്തിന് സംഭവിക്കുന്നില്ലെങ്കിലും ആശുപത്രിയിൽ താരതമ്യേന വേദന കുറഞ്ഞ രീതിയിൽ അല്പം ശാസ്ത്രീയമായി ചെയ്യുന്നു. എന്നാൽ യഥാർത്ഥ ലിംഗമാറ്റ ശസ്ത്രക്രിയ ഇതിൽ നിന്നും വളരെ വ്യത്യസ്തവും വൈദ്യപരമായ മാനദണ്ഡങ്ങൾ പാലിച്ചും നിർവഹിക്കപ്പെടുന്ന ഒന്നാണ്.

ക്രോസ്സ്ഡ്രെസ്സർ എന്നാൽ ലൈംഗികഉത്തേജനം കൊണ്ടോ മാനസികസംതൃപ്തിക്ക് വേണ്ടിയോ വിനോദത്തിനായോ ഒക്കെ എതിർലിംഗവസ്ത്രങ്ങൾ ധരിക്കുന്നവരാണ്. ഉദാഹരണത്തിനായി, സാരിയുടുക്കാനും സ്ത്രീകളെ പോലെ അണിഞ്ഞൊരുങ്ങാനും ആഗ്രഹിക്കുന്ന പുരുഷന്മാർ നിരവധിയുണ്ട്, എന്നാൽ അധികം സാഹചര്യങ്ങളിലും ഇവർ സ്വവർഗാനുരാഗികൾ അല്ലെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യതയിൽ മാത്രം എതിർലിംഗവസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്ന ഇവർ രഹസ്യമായി മാത്രം അവ ധരിക്കുന്നു. അപ്പോൾ മാത്രം അവർ എതിർലിംഗ ചേഷ്ടകൾ പ്രകടിപ്പിക്കുന്നു. വസ്ത്രം മാറുന്നതോടെ തിരികെ സ്വലിംഗത്തിലേക്ക് എത്തുന്നു. ഇന്ന് ഹിജഡ സമൂഹത്തിൽ അധികവും നിർവാണത്തിന് വിധേയരാക്കാൻ മടിക്കുന്ന ഇത്തരക്കാരാണ്.

ഭിംന്നലിംഗക്കാർ എന്നാൽ സെക്സ് വർക്കേഴ്സ് അല്ല..

അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുക എന്ന് അടിസ്ഥാനാവശ്യം തന്നെയാണ് ലൈംഗികവൃത്തിയിലേക്ക് തിരിയാൻ ട്രാൻസ്ജെന്റർ സമൂഹത്തെ പ്രേരിപ്പിക്കുന്നത്.
മറ്റു തൊഴിൽ മേഖലകളൾ ഭിംന്നലിംഗക്കാർക്കു മുന്നിൽ അടച്ചിടുമ്പോൾ സ്വാഭാവികമായും ഈ ജോലിയിലേക്ക് കടന്നു വരാതെ മറ്റു അവസ്ഥയില്ലെന്നു വരും. മറ്റു ജോലികൾ ലഭിക്കാനുള്ള സൗകര്യം ഒരുക്കിയാൽ ഈ രംഗത്ത് നിന്ന് പിന്മാറാനുള്ള സാഹചര്യമൊരുക്കും. ഇപ്പോൾ ട്രാൻസ്ജെന്റർ സമൂഹത്തിന് മുന്നിൽ സ്ഥിരവരുമാന മാർഗങ്ങൾ ഒന്നും തന്നെയില്ല. അപ്പോൾ ലൈംഗികവൃത്തിയല്ലാതെ മറ്റൊരു മാർഗമില്ല. വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക, അതുമൂലം തൊഴിൽ നേടാനുള്ള അവസരവും ഒരുക്കുക. ഇത് ഞങ്ങളുടെ അവകാശം തന്നെയാണ്.

ഇവരും മനുഷ്യർ തന്നെയല്ലേ? ജീവിക്കുക.. ജീവിക്കാൻ അനുവദിക്കുക എന്ന വാക്കുകൾക്ക് ഇവിടെ ഏറെ പ്രസക്തിയുണ്ട്. ഭിംന്നലിംഗക്കാരെ കാണുമ്പോൾ അധിക്ഷേപിക്കാനും അറപ്പു കാണിക്കാനും ശ്രമിക്കുന്നവർ ഓർക്കേണ്ടത് അവനവനിലെ ഇല്ലായ്മകൾ കൂടിയാകട്ടെ...
 

Your Rating: