കുഞ്ഞുമോഷ്ടാവിനോട് ഹാരി രാജകുമാരൻ പ്രതികരിച്ചതിങ്ങനെ

അനുവാദം ചോദിക്കാതെ മറ്റൊരാളിന്റെ വസ്തുക്കൾ അപഹരിക്കുന്നതിനെയാണ് മോഷണം എന്നു പറയുന്നത്. എന്നാൽ താൻ മോഷണം നടത്തുകയാണെന്ന് തിരിച്ചറിയാനുള്ള പ്രായം പോലും മോഷ്ടാവിനായിട്ടില്ലെങ്കിൽ മോഷണത്തിനിരയായവർ എങ്ങനെ പ്രതികരിക്കും?. രാജാക്കന്മാരുടെ പ്രവൃത്തി പ്രജകൾ മാതൃകയാക്കണം എന്ന വാക്കുകൾ ഒന്നുകൂട്ടി അരക്കിട്ടുറപ്പിക്കും ഈ വിഡിയോയിലെ ദൃശ്യങ്ങൾ.

ഹാരി രാജകുമാരൻ ഒരു കുഞ്ഞുമോഷ്ടാവിനെ കൈയോടെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ടൊറന്റോയിലാണ് സംഭവം വോളിബോൾ ഫൈനൽ മത്സരം കാണാനെത്തിയ ഹാരിരാജകുമാരൻ കൈയിൽ പോപ്കോണും കരുതിയിരുന്നു. സമീപത്തിരിക്കുന്ന വ്യക്തിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹാരിരാജകുമാരന്റെ വലതുവശത്തിരുന്ന കുറുമ്പിയായ രണ്ടു വയസ്സുകാരിക്ക് ഒരു മോഹം തോന്നിയത് പോപ്കോൺ കഴിക്കണം. പിന്നെ ഒട്ടും മടിച്ചില്ല അമ്മയുടെ മടിയിലിരുന്ന അവൾ കൈയെത്തിച്ച് ഹാരിരാജകുമാരന്റെ പോപ്കോൺ കൂടയിൽ നിന്ന് പോപ്കോൺ അകത്താക്കാൻ തുടങ്ങി.

സംസാരത്തിനിടയിൽ ഹാരിരാജകുമാരൻ ഈ മോഷണത്തിന്റെകാര്യം അറിഞ്ഞതേയില്ല. പെൺകുഞ്ഞ് തന്റെ കുസൃതി തുടർന്നുകൊണ്ടിരുന്നു. എന്നാൽ താൻ പോലുമറിയാതെ തന്റെ പോപ്കോൺ മോഷ്ടിച്ചു തിന്നുന്ന കുസൃതിയെക്കണ്ടപ്പോഴുള്ള ഹാരിരാജകുമാരന്റെ ഭാവവും ആ കുഞ്ഞിന്റെ കുസൃതിയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.