Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കളിൽ ഒരാളോട് ഇത്തിരി ഇഷ്ടക്കൂടുതലുണ്ടോ?

പ്രതീകാത്മക ചിത്രം. പ്രതീകാത്മക ചിത്രം.

ഒന്നിലധികം മക്കളുള്ള മാതാപിതാക്കളൊക്കെ ജീവിതത്തില്‍ ഒരിക്കലെങ്കിലും മക്കളുടെ നാവില്‍ നിന്ന് ഇങ്ങനെയൊരു ചോദ്യം കേട്ടിട്ടുണ്ടാവും. അമ്മയ്ക്ക് എന്നെയാണോ കൂടുതലിഷ്ടം? അതോ ചേട്ടനെ/ചേച്ചിയെ/ അനിയനെയാണോ ഇഷ്ടം. മക്കളുടെ ഈ ചോദ്യത്തിന് മുമ്പില്‍ എല്ലാവരും പറയുന്നത് ഒരേ ഉത്തരമായിരിക്കും. നിങ്ങള്‍ രണ്ടുപേരും ഒരുപോലെയാണെന്ന്.

പക്ഷേ ഇത് അത്ര ശരിയായ ഉത്തരമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. മക്കളെ ഒരുപോലെയാണ് സ്നേഹിക്കുന്നതെന്ന് പുറേ പറയുമെങ്കിലും മക്കളിലൊരാളോട് മാതാപിതാക്കൾക്ക് അൽപ്പം കൂടുതൽ സ്നേഹം കാണുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. സർവേയില്‍ പങ്കെടുത്ത ഭൂരിപക്ഷം മാതാപിതാക്കളും പറഞ്ഞത് അവര്‍ക്ക് കൂടുതലിഷ്ടം തങ്ങളുടെ ഇളയ കുഞ്ഞുങ്ങളോടാണെന്നാണ്. എന്നാല്‍ പത്തില്‍ നാല് മാതാപിതാക്കള്‍ പറഞ്ഞത് തങ്ങള്‍ക്കിഷ്ടം മൂത്ത കുട്ടിയോടാണെന്നാണ്. മുത്തച്ഛന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കും കൂടുതലിഷ്ടം മൂത്ത കുട്ടികളോടാണത്രെ. 

തങ്ങളുടെ മക്കളുടെ ചെറുപതിപ്പായിട്ടാണ് അവര്‍ കൊച്ചുമക്കളെ കാണുന്നത്. പത്തില്‍ നാല് മാതാപിതാക്കളും ഇത് ശരിവയ്ക്കുന്നുണ്ട്. അവര്‍ തങ്ങളുടെ മക്കളില്‍ തങ്ങളെ  തന്നെയാണ് കാണുന്നത്. ചുരുക്കത്തില്‍ ഓരോ അച്ഛനും അമ്മയും അറിഞ്ഞോ അറിയാതെയോ പറഞ്ഞുവയ്ക്കുന്നത് തങ്ങള്‍ക്ക് ഏതെങ്കിലും ഒരു കുഞ്ഞിനോട് ഇത്തിരി കൂടുതല്‍  സ്‌നേഹം ഉണ്ടെന്ന് തന്നെയാണ്.