Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദത്തെ തോൽപ്പിച്ച അരുണയുടെ ട്വീറ്റ് ; ലോകം നമിക്കുന്നു ഈ സ്ത്രീയുടെ നന്മമനസ്സിനു മുന്നിൽ

aruna അരുണ.

വിവാദങ്ങളുടെ വിളനിലങ്ങളാണു ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ. കുറ്റപ്പെടുത്തലും അമർഷവും പരിഹാസവും വീമ്പുപറച്ചിലും  പല പോസ്റ്റുകളിലുമുണ്ട്. വായിക്കുന്നവരുടെ മനസ്സുകളെയും അസ്വസ്ഥമാക്കുന്ന ഭാഷയും സന്ദേശവും. പക്ഷേ വേനൽക്കാലത്ത് നിനച്ചിരിക്കതെയെത്തി ഉള്ളം കുളിർപ്പിക്കുന്ന മഴ പോലെ അപ്രതീക്ഷിത വാർത്തകളുമുണ്ട്. വായിക്കുന്ന മാത്രയിൽ കണ്ണു നനയിക്കുന്ന വാക്കുകൾ. സന്തോഷത്താൽ മുഖത്തു പ്രകാശം വിരിയിക്കുന്നവ. ജീവിച്ചിരിക്കുന്നതിലെ ആനന്ദം അനുഭവിപ്പിക്കുന്നവ. കാലമേറെക്കഴിഞ്ഞാലും മനസ്സിൽ മായാതെനിൽക്കുന്ന നൻമയുടെ പനിനീർപ്പൂക്കൾ.

ട്വിറ്ററിൽ ഈയടുത്ത് സന്തോഷം പ്രസരിപ്പിക്കുന്ന ഒരു പോസ്റ്റ് കണ്ടു. അരുണ പി.കെ എന്ന സ്ത്രീയുടേതായി. പേജിന്റെ മുകളിൽ ഇടതുവശത്തായി അരുണയുടെ ചിരിക്കുന്ന മുഖമുണ്ട്. ഒരു കടലോളം വേദന ഉള്ളിലൊളിപ്പുവച്ചാണു ചിരിക്കുന്നതെന്നു തോന്നിപ്പിക്കാത്തത്ര നിഷ്കളങ്കതയുടെ മുഖം. കാണുന്നവരുടെ മനസ്സുകളിൽ പ്രതീക്ഷയുടെ കെടാവിളക്കു കൊളുത്തുന്ന ചിരി. അരുണയ്ക്ക് എങ്ങനെ ഇങ്ങനെ ചിരിക്കാൻ കഴിയുന്നു എന്ന് അത്ഭുതപ്പെടേണ്ട.

അർബുദത്തിന്റെ മാരകവേദനയോടു പടവെട്ടുന്ന ഒരാളാണവർ. അതിജീവനത്തിനുവേണ്ടി പോരാടുന്നവർ. പക്ഷേ, ആ മനസ്സിൽ നൻമയുണ്ട്. മറ്റുള്ളവരിലെ നൻമ കാണാനുള്ള കഴിവുണ്ട്. അതിനെക്കുറിച്ച് എഴുതാനുള്ള മനസ്സുണ്ട്. അതുതന്നെയാണ് അരുണയുടെ ആരോഗ്യരഹസ്യം. ഒരുപക്ഷേ അസുഖം പോലും ഒന്നറച്ചിട്ടുണ്ടാകും അരുണയെകണ്ടപ്പോൾ. അപൂർവമാണല്ലോ നൻമയും ശുഭാപ്തിവിശ്വാസവുമൊക്കെ.അസാധാരണമായി നൻമയുടെ സന്ദേശം വ്യാപിപ്പിക്കുന്ന അരുണ ഇനിയും ജീവിച്ചിരിക്കേണ്ടതുണ്ട് എന്നു കരുതിയിരിക്കാം അസുഖം പോലും. 

ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ ജനങ്ങളെ താൻ എന്തുകൊണ്ടു സ്നേഹിക്കുന്നു എന്നെഴെതിയിട്ടുണ്ട് അരുണ വിവിധ പോസ്റ്റുകളിലായി. പരസ്പര ശത്രുതയും നിസ്സഹകരണവും അതിർത്തിത്തർക്കവും രൂക്ഷമാകുന്നതിനിടെയാണു നൻമയുടെ പൂക്കളെ ഒരു മാലയിലെന്നവണ്ണം കൊരുത്തെടുത്ത് അരുണ എഴുതുന്നത്.

വിശാലമായ മനസ്സിന്റെയും സഹായിക്കാനുള്ള മനോഭാവത്തിന്റെയും പേരിൽ ഞാൻ പഞ്ചാബികളെ സ്നേഹിക്കുന്നു: അരുണയുടെ പഞ്ചാബിനെക്കുറിച്ചുള്ള പോസ്റ്റ്. 

മനോഹരമായ കണ്ണുകൾ. നീണ്ട മുടി. സമ്പന്നമായ സാഹിത്യം...ബംഗാൾ എന്റെ സ്നേഹഭാജനം....

വർണശബളമായ വസ്ത്രങ്ങൾ ധരിക്കുന്ന ഗുജറാത്തികളെ വെറുക്കാനാവുമോ ? പുറമെ,  അവരുടെ രാജ്യസ്നേഹവും ഉദാത്തം. ഗുജറാത്തികളെക്കുറിച്ചു പറയുമ്പോഴും അരുണയ്ക്കു നൂറുനാവ്. ഓരോ സംസ്ഥാനത്തിന്റെയും ആത്മാവിനെ ആഴത്തിൽ അറിഞ്ഞിട്ടുള്ള ഒരാൾക്കുമാത്രം എഴുതാനാവുന്ന വാക്കുകൾ. ഒപ്പം നല്ലതു കാണാനുള്ള വിശാല മനസ്സും. ആസ്സാമിന്റെ പ്രകൃതിയെ ഞാൻ ഹൃദയത്തിലേറ്റുന്നു എന്നു പറയുന്ന അരുണയ്ക്കു മലയാളികളെക്കുറിച്ചും ഏറെ പറയാനുണ്ട്.

രുചികരമായ ആഹാരമാണു കേരളത്തിന്റേതായി അരുണയുടെ മനസ്സിൽ ഓടിയെത്തുന്നത്. കസവുസാരികളോടുള്ള പ്രണയവും മറച്ചുവയ്ക്കുന്നില്ല. ഒപ്പം കേരളത്തിന്റെ മാത്രം സ്വത്തായ പച്ചപ്പും കായലുകളും....ഈ ‘ശ്യാമ സുന്ദര കേദാര’ ഭൂമിയെ സ്നേഹിക്കാതിരിക്കാനാവുമോ...അരുണ ചോദിക്കുന്നു. 

എല്ലാവരിലും നൻമയുണ്ട്. ചീത്തകാര്യങ്ങൾക്കു പകരം നമുക്ക് നല്ലതുമാത്രം ചിന്തിക്കാം. സംസാരിക്കാം. മറ്റുള്ളവർക്കുകൂടി നല്ലതു വരാനായി പ്രവർത്തിക്കാം.അതേ,അരുണയുടെ ചിരി കൂടുതൽ തെളിച്ചമുള്ളതാകട്ടെ.ആ വാക്കുകളുടെ സന്ദേശം ഉൾക്കൊണ്ട് നല്ല നാളെയിലേക്കു നമുക്കും കുതിക്കാം.