Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഖങ്ങളിലെ കറുത്ത വരകൾ കാൻസർ സൂചനയോ?

x-default പ്രതീകാത്മക ചിത്രം

സ്ത്രീകളുടെ നഖങ്ങളിലെ കറുത്ത വരകള്‍ ഗൗരവത്തിലെടുക്കേണ്ട ആരോഗ്യ പ്രശ്‌നമാണോ? അതെയെന്നാണ് ഈസ്റ്റ് സുസെക്‌സിലെ ബ്യൂട്ടി ടെക്‌നീഷ്യന്‍ ജീന്‍ സ്‌കിന്നര്‍ പറയുന്നത്. ഈ കറുത്ത വരകള്‍ കാന്‍സറിന്റെ സൂചനയാണെന്ന് ജീന്‍ തന്റെ ഒരു ക്ലയന്റിന്റെ അനുഭവത്തില്‍ നിന്ന് പറയുന്നു. 

നഖങ്ങളിലെ കറുത്ത വരയുമായി വന്ന ആ കക്ഷി അത് മറച്ചുവയ്ക്കാന്‍ കറുത്ത നിറത്തിലുള്ള നെയ്ല്‍ പോളീഷാണ് ആവശ്യപ്പെട്ടത്. അപ്പോള്‍ ജീന്‍ പറഞ്ഞത് ഒരു ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയയാകാനായിരുന്നു. പിന്നീട് ഈ സ്ത്രീക്ക് മെലനോമ എന്ന കാന്‍സറാണെന്ന് കണ്ടെത്തി. കാല്‍സ്യത്തിന്റെ അഭാവം, പാരമ്പര്യം എന്നിങ്ങനെ പല കാരണങ്ങളാലാണ് നഖങ്ങളില്‍ കറുത്തവരകള്‍ പ്രത്യക്ഷപ്പെടുന്നത് എന്നു വിചാരിച്ച് അതിനെ അവഗണിക്കുന്ന നിരവധി പേരുണ്ട്. അത് ശരിയായ രീതിയല്ലെന്നാണ് ജീന്‍ പറയുന്നത്. 

x-default പ്രതീകാത്മക ചിത്രം.

വിദഗ്ധ പരിശോധന ഇത്തരം അടയാളങ്ങള്‍ക്ക് ആവശ്യമാണ്. അതുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജില്‍ ജീന്‍ എല്ലാ സ്ത്രീകളോടുമായി പങ്കുവയ്ക്കുന്നത് നഖങ്ങളിലെ അസാധാരണ മാറ്റങ്ങൾ  പ്രത്യേകം ശ്രദ്ധിക്കണമെന്നാണ്. യുകെയിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ അഭിപ്രായപ്രകാരം യുകെയിലെ ആകെയുള്ള കാന്‍സറുകളില്‍ നാലു ശതമാനവും മെലനോമാ കാന്‍സറുകളാണ്. നഖങ്ങളിൽ കാണുന്ന കറുത്ത വരകളോടും അടയാളങ്ങളോടും കൂടിയതാണ് മെലനോമയുടെ ലക്ഷണം എന്ന് ഓസ്‌ട്രേലിയയിലെ കാന്‍സർ കൗൺസിൽ സിഇഒ പ്രഫസര്‍ സാന്‍ചിയ അരാന്‍ഡ പറയുന്നു.