Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടയ്ക്കിടെയുണ്ടാകുന്ന ശരീരവേദനകൾ അവഗണിക്കരുത്

x-default x-default

ജീവിതത്തിൽ എപ്പോഴെങ്കിലും ശരീര വേദന അനുഭവവിക്കാത്തതായി ആരും കാണില്ല. യാദൃച്ഛികമായോ അല്ലാതെയോ പലപ്പോഴും ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ നമുക്ക് വേദന അനുഭവപ്പെടാറുണ്ട്. ചില വേദനകള്‍ അധികം നീണ്ടുനിൽക്കാതെ കടന്നുപോകും. അവക്കത്രയും ഗൗരവം കൊടുത്താലും മതിയാകും. പക്ഷേ ചില വേദനകള്‍ അങ്ങനെയല്ല. ഡോക്ടറെ കാണിക്കേണ്ടതായ പല വേദനകളുമുണ്ട്. അവ അവഗണിക്കുന്നത് ഭാവിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിച്ചേക്കാം.

ഇതില്‍ പ്രധാനപ്പെട്ട വേദനയാണ് നെഞ്ചുവേദന. ഹൃദയസ്തംഭനത്തിനുവരെ കാരണമാകാറുണ്ട് ചില നെഞ്ചുവേദനകള്‍. ഈ വേദനയ്‌ക്കൊപ്പം വിയര്‍ക്കല്‍, ഓക്കാനം എന്നിവ കൂടിയുണ്ടെങ്കില്‍ അടിയന്തിരമായി ഡോക്ടറെ കാണേണ്ടതാണ്. തലവേദന അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള കഠിനമായ തലവേദന സ്‌ട്രോക്ക്, മെനിഞ്ചെറ്റീസ്, ബ്രെയന്‍ സംബന്ധമായ അസുഖങ്ങള്‍എന്നിവയുടെ സൂചനയാകാം എന്നതിനാല്‍ ഡോക്ടറെ കാണേണ്ടതാണ്. 

അസഹനീയമായ വയറുവേദനയ്ക്കും ഡോക്ടറെ ഉടനടി കാണണം. അപ്പന്റിക്സ് മുതല്‍ ഹാര്‍ട്ട് അറ്റാക്ക് വരെയുള്ള അസുഖങ്ങള്‍ക്ക് വയറുവേദന അടയാളം നൽകുന്നുണ്ട്. നടുവേദന ചിലപ്പോഴെങ്കിലും ഇരുന്ന് ജോലിചെയ്യുന്നതിന്റെ മാത്രമാകണമെന്നില്ല. തുടര്‍ച്ചയായി നീണ്ടുനിൽക്കുന്ന നടുവേദനയ്ക്ക് വയറുവേദനയും പെട്ടെന്നുള്ള തളര്‍ച്ചയും ഛര്‍ദ്ദിയും ഓക്കാനവും അകമ്പടിയായിട്ടുണ്ടെങ്കില്‍  ഡോക്ടറെ കാണാന്‍ ഒട്ടും വൈകരുത്.

പെട്ടെന്നുള്ള ശ്വാസതടസവും ഒരു സൂചനയാണ്. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, ന്യൂമോണിയ മുതല്‍ ശ്വാസകോശ കാന്‍സര്‍ വരെയാകാനുള്ള സാധ്യതയുണ്ട്. അലര്‍ജി സംബന്ധമായ പ്രതികരണങ്ങളെയും ഗൗരവത്തിലെടുക്കേണ്ടതാണ്. വർധിച്ച ഹൃദയമിടിപ്പ്, ഓക്കാനം, ഛര്‍ദ്ദി, തലകറക്കല്‍ ചുമ, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, എന്നീ ലക്ഷണങ്ങളെല്ലാം അലര്‍ജിയുടെ ഭാഗമായി വരുന്നവയാണ്.

ഇവയെല്ലാം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം തോന്നുന്ന തളര്‍ച്ച, പെട്ടെന്നുണ്ടാകുന്ന കാഴ്ച വൈകല്യം, കഫത്തിലും മലത്തിലും രക്തം കാണപ്പെടുക, മൂക്കിലൂടെ രക്തം വരിക, തുടര്‍ച്ചയായി മൂത്രം ഒഴിക്കാന്‍ തോന്നുക, ശക്തമായ പനി, പൊള്ളല്‍, ഫ്രാക്ച്ചര്‍, മുറിവുലുണ്ടാകുന്ന അണുബാധ, തല കറങ്ങിവീഴുക എന്നിവയും അവഗണിക്കേണ്ട രോഗലക്ഷണങ്ങളല്ല.