പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിനെ അതിജീവിച്ചതിങ്ങനെ: ഡോക്ടർ പറയുന്നു

പ്രതീകാത്മക ചിത്രം.

എന്താണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിനുള്ള കാരണം?  ജീവിതശൈലിയില്‍ വന്ന മാറ്റവും അനാരോഗ്യകരമായ ഭക്ഷണശീലവും മാനസിക സമ്മർദ്ദവുമാണ് ഇതിലേക്ക് വഴിതെളിക്കുന്നതെന്ന് റിഫ്ലെക്സോളജിസ്റ്റും യോഗ പരിശീലകയുമായ ഡോ പൂജ ബാബു പറയുന്നു. തന്റെ ജീവിതാനുഭവങ്ങള്‍ നൽകിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൂടിയാണ് ഡോ. പൂജ ഇപ്രകാരം പറയുന്നത്. 

ഒരുകാലത്ത് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിലൂടെ (PCOS) ലൂടെ കടന്നുപോയ വ്യക്തിയായിരുന്നു  പൂജ. എന്നാല്‍ സമീകൃതാഹാരം, യോഗ എന്നിവയിലൂടെ അതില്‍ നിന്ന് മുക്തയാകാന്‍ അവർക്കു സാധിച്ചു. പാരമ്പര്യം ഈ രോഗത്തിന് പ്രധാന കാരണമായി മാറാം. എങ്കിലും മറ്റു പല ഘടകങ്ങളും ഇതിലേക്ക് വഴിതെളിക്കുന്നുണ്ട്. അവയാണ് അനാരോഗ്യകരമായ ഭക്ഷണശീലവും മാനസിക സമ്മർദ്ദവും മറ്റും. തൈറോയ്ഡ്, എന്‍ഡോക്രൈന്‍ രോഗം എന്നിവയും കാരണമാകാം. 

ചിലതരം ഭക്ഷണപദാര്‍ഥങ്ങള്‍ സ്ത്രീശരീരത്തില്‍ ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ആരോഗ്യകരമായ ഭക്ഷണശീലവും മാനസിക സമ്മർദ്ദമില്ലാത്ത ജീവിതവും ഇവയ്‌ക്കെല്ലാം പരിഹാരമായി മാറുന്നുവെന്ന് ആത്മവിശ്വാസത്തോടെ ഡോക്ടര്‍ വ്യക്തമാക്കുന്നു. ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്ന് എന്നിവ മൂലം എന്‍ഡോക്രൈന്‍ കാരണമായുള്ള PCOS  രോഗങ്ങളില്‍ നിന്ന് മുക്തിനേടാമെന്നും അവർ പറയുന്നു.

മുടികൊഴിച്ചില്‍, മുഖത്തെ അമിതമായ രോമവളർച്ച, തൂക്കക്കൂടുതൽ, വന്ധ്യത എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങള്‍.PCOS ന് പാരമ്പര്യമായും ഈ രോഗം പകരാറുണ്ട്. ദൈനംദിനജീവിതത്തില്‍ എല്ലാവരെയും പിടികൂടിയിരിക്കുന്ന സമ്മർദം സ്ത്രീകളെ  ഈ അവസ്ഥയിലേക്ക് വലിച്ചിഴയ്ക്കാറുണ്ട്. ദിനചര്യയുടെ ഭാഗമായി വ്യായാമം മാറ്റുന്നത് തൂക്കംനിയന്ത്രിക്കാനും ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യാനും സഹായിക്കും. രോഗിയുടെ പ്രായവും കണക്കിലെടുക്കണം. ലേസര്‍ ട്രീറ്റ്‌മെന്റിലൂടെ മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാവുന്നതാണ്.പല സ്ത്രീകളും ഹോമിയോപ്പതിയും അക്യുപങ്ച്ചറും പരീക്ഷിക്കാറുണ്ടെങ്കിലും അലോപ്പതിയും ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റുമാണ് ഉചിതമായ ചികിത്സാരീതിയെന്ന് ഡോക്ടര്‍ പൂജ ഓര്‍മ്മിപ്പിക്കുന്നു. അതോടൊപ്പം യോഗയിലൂടെ രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്നും അവർ പറയുന്നു.