Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് പാർലമെന്റിനു മുകളിൽ അമേരിക്കൻ പതാക പറത്തി മലയാളി വനിതയ്ക്ക് മരണാനന്തര ആദരം

vimala വിമല പത്മനാഭൻ, യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോൾ.

തിരുവനന്തപുരം തൈക്കാട്ട് വിമല പത്മനാഭൻ എന്ന മലയാളി വീട്ടമ്മയുടെ ചിതയടങ്ങി മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിനു മുകളിൽ ആദരത്തിന്റെ ആ അമേരിക്കൻ പതാക പറന്നു. അത് സ്നേഹത്തിന്റെയും കരുതലിന്റെയും അടയാളം മാത്രമായിരുന്നില്ല, ചരിത്രത്തിലേക്ക് ഒരു അധ്യായം കൂടിയായിരുന്നു. യുഎസ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ വനിതയ്ക്കു വേണ്ടി പാർലമെന്റിനു മുകളിൽ പതാക ഉയർന്നത്.

തിരുവനന്തപുരത്തുനിന്നു യുഎസിലെത്തി ബിസിനസ് വിജയം കൊയ്ത വിമൽ കോലപ്പയെ സംബന്ധിച്ചിടത്തോളം അതൊരു സ്നേഹപതാകയായിരുന്നു. അമ്മ വിമല പദ്മനാഭൻ മരിച്ച് രണ്ടുനാൾ കഴിഞ്ഞ്, ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണു കാപ്പിറ്റോളിനു മുകളിൽ യുഎസ് പതാക പാറിയത്. അതിനുപിന്നിൽ പ്രവർത്തിച്ചത് പാർലമെന്റ് അംഗം ജോർജ് ഹോൾഡിങ്.

തനിമലയാളി

തിരുവനന്തപുരം ശക്തി തിയറ്റർ ഉടമയായിരുന്ന പരേതനായ പത്മനാഭന്റെ ഭാര്യയാണു വിമല. ഇവരുടെ മകൻ വിമൽ 1976ലാണ് യുഎസിലെത്തിയത്. ഹോസ്പിറ്റാലിറ്റി രംഗത്തു വിജയം കൊയ്ത വിമലിന് യുഎസിൽ ഇരുപതോളം ഹോട്ടലുകളുണ്ട്. അമ്മ 28 തവണ യുഎസിൽ മകന്റെ അടുത്തെത്തിയെങ്കിലും എപ്പോഴും തിരുവനന്തപുരത്തേക്കു തന്നെ തിരിച്ചുവരുമായിരുന്നു. ഒടുവിൽ മരണവും തിരുവനന്തപുരത്തുതന്നെ.

ജോർജ് ഹോൾഡിങ്

ഫെബ്രുവരി 26നായിരുന്നു വിമലയുടെ മരണം. ഇന്ത്യയെയും ഇന്ത്യൻ വംശരെയും സംബന്ധിച്ച പാർലമെന്ററി  സമിതി കോ–ചെയർമാൻ കൂടിയായ ഹോൾഡിങ്, മരണ വാർത്ത അറിഞ്ഞയുടൻ പതാക പറത്താനുള്ള അപേക്ഷ നൽകി. നോർത്ത് കാരലൈന കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിമൽ, ഹോൾഡിങ്ങിന്റെ വിശ്വസ്തനാണ്.

കാപിറ്റോൾ പതാക

1937ൽ ആരംഭിച്ചതാണ് കാപിറ്റോൾ പതാക പദ്ധതി (ഫ്ലാഗ് പ്രോഗ്രാം). ഇതുപ്രകാരം അവധി ദിനങ്ങളിലൊഴികെ യുഎസ് പാർലമെന്റിനു മുകളിൽ പറത്തുന്ന പതാക ഓരോരുത്തരുടെയും പേരിലുള്ള ആദരമാകും. ഇത് ലോകനേതാക്കൾ മുതൽ ശ്രദ്ധനേടിയ വിശിഷ്ടവ്യക്തികൾ വരെയാകാം. 24 മണിക്കൂർ കാപിറ്റോളിനു മുകളിൽ പറത്തിയശേഷം ഈ പതാക, ആ വ്യക്തിയുടെ കുടുംബത്തിനു സമ്മാനിക്കും. ഒപ്പം സർട്ടിഫിക്കറ്റും.

ആദരം 14 ലക്ഷം ഇന്ത്യക്കാർക്ക്

യുഎസിലുള്ള 14 ലക്ഷം ഇന്ത്യക്കാർക്കുള്ള ആദരമാണ് ഇതെന്ന് വിമൽ കോലപ്പ പറയുന്നു. വിമലിന്റെ മകന്റെ വിവാഹച്ചടങ്ങിൽവച്ചാണ് അമ്മ വിമലയെ ഹോൾഡിങ് ആദ്യമായി കണ്ടതും അവരുടെ വ്യക്തിത്വത്തിൽ ബഹുമാനം തോന്നിയതും.