Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് നിയന്ത്രണങ്ങൾക്കു മുകളിൽ ആകാശത്തോളം പറന്ന വനിതയുടെ കഥ

shukriya-khanum ശുക്രിയ ഖാനൂം.

ആഗ്രഹിച്ച പ്രവർത്തനമേഖലയിൽ ഒരു ജോലി  ഇഷ്ടപ്പെടാത്തവരില്ല. അംഗീകൃത യോഗ്യതകൾ സ്വന്തമാക്കി ഏറെനാൾ സ്വപ്നംകണ്ട ജോലിസ്ഥലത്ത് എത്തുക. മനസ്സപ്പോൾ ആഹ്ലാദം കൊണ്ടു നിറഞ്ഞിരിക്കും. അപാരമായ സ്വാതന്ത്ര്യവും ആത്മവിശ്വാസവും തോന്നും. ലക്ഷ്യസ്ഥാനത്ത് എത്തിയതിന്റെ നിറവിൽ കൂട്ടിൽനിന്നു തുറന്നുവിട്ട ഒരു പക്ഷിയെപ്പോലെ പറക്കാൻപോലും തോന്നും. സർക്കാർ കോളജിൽനിന്നു ബിരുദം നേടി, പൈലറ്റ് ആകാനുള്ള യോഗ്യതയും സ്വന്തമാക്കിയപ്പോൾ ശുക്രിയ ഖാനൂം എന്ന യുവതിയും മോഹിച്ചു: പാക്കിസ്ഥാൻ എന്ന മാതൃരാജ്യത്തിന്റെ ആകാശത്തിലൂടെ വിമാനം പറത്തുന്നത്.

കൂട്ടിൽനിന്നു തുറന്നുവിട്ടെങ്കിലും കാലുകൾ കൂട്ടിക്കെട്ടിയാലെന്നപോലെ ആഗ്രഹങ്ങളുടെ ആകാശത്തുനിന്ന് അകാലത്തിൽ ഭൂമി‌യിലേക്കു വീഴാനായിരുന്നു ശുക്രിയയുടെ നിയോഗം. നിരാശക്കു കീഴടങ്ങാതെ, പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് സ്വപ്നമേഖലയിൽത്തന്നെ ശുക്രിയ തുടർന്നു. മാറ്റത്തിനു മടിച്ചുനിന്ന ഒരു രാജ്യത്ത് മാറാൻ മനസ്സുകാണിച്ചും മാറ്റത്തിനു നേതൃത്വം കൊടുത്തും. തലമുറകൾക്കു വഴികാണിച്ച ശുക്രിയ ഇനി കാലയവനികയ്ക്കു പിന്നിലേക്ക്. അർബുദം ബാധിച്ച് 80–ാം വയസ്സിൽ ഒരു കാലത്തിന്റെ സ്വപ്നസുന്ദരി കാലത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്കു മറയുമ്പോഴും ഓർമയുടെ നിലാവു നിറഞ്ഞ ആകാശത്ത് മങ്ങാത്ത ചന്ദ്രക്കല പോലെ ശുക്രിയ പ്രകാശിക്കും.വരാനിരിക്കുന്ന കാലത്തിനും വെളിച്ചമായി. 

സ്വാതന്ത്ര്യത്തിനു പരിമിതികളുള്ള,യാഥാസ്ഥിതിക വിശ്വാസത്തെ മുറുകെപിടിക്കുന്ന പാക്കിസ്ഥാനിലാണു ശുക്രിയയുടെ ജനനം. ആധുനികകാലത്തുപോലും സ്ത്രീസ്വാതന്ത്ര്യത്തിനു വിലക്കുകളുള്ള രാജ്യത്ത് പഠനത്തിൽ മിടുക്കിയായ ശുക്രിയ സർക്കാർ കോളജിൽനിന്നു ബിരുദം സ്വന്തമാക്കി.പൈലറ്റ് ആകുകയായിരുന്നു ജീവിതാഭിലാഷം.അക്കാലത്തു പാക്കിസ്ഥാനിൽ വനിതകൾക്കു പൈലറ്റ് ലൈസൻസ് ലഭിക്കില്ല. വനിതകൾ പൈലറ്റാകുന്നതു സ്വപ്നം കാണാൻപോലും തയ്യാറാകാതിരുന്ന കാലത്താണു ശുക്രിയ അത്യാഗ്രഹമെന്നു പറയാവുന്ന മോഹത്തെ താലോലിച്ചത്. 1959–ൽ യോഗ്യതാ പരീക്ഷ എന്ന കടമ്പയും കടന്നു. പിന്നീടു നീണ്ട മുപ്പതു വർഷത്തിനുശേഷമാണ് മറ്റൊരു വനിത പാക്കിസ്ഥാനിൽ പൈലറ്റ് ലൈസൻസ് നേടുന്നത് എന്നതാണു ശുക്രിയയുടെ നേട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ശുക്രിയ വിമാനം പറത്താൻ യോഗത്യ നേടുന്ന കാലത്ത് പാക്കിസ്ഥാനിൽ ഒരു എയർലൈൻസ് മാത്രമേ സർവീസ് നടത്തുന്നുള്ളൂ: പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്. യോഗ്യത നേടിയാലും വനിതകളെ പൈലറ്റ് ആകാൻ അനുവദിച്ചിരുന്നുമില്ല.ശുക്രിയ തളർന്നില്ല. പരിശീലന കേന്ദ്രത്തിൽ ഫ്ലൈറ്റ് ഇൻസ്ട്രക്റ്റർ എന്ന ജോലിയിൽ പ്രവേശിച്ചു. പുതുതായി യോഗ്യത നേടിയെത്തുന്ന ചെറുപ്പക്കാരെ പരിശീലിപ്പിക്കുക യായിരുന്നു ദൗത്യം. കറാച്ചി ഫ്ലൈയിങ് ക്ലബിൽ പുതിയ തലമുറയെ അവർ ആകാശസഞ്ചാരത്തിന്റെ സങ്കീർണമാർഗങ്ങളിലൂടെ നയിച്ചു.

1970 ആയപ്പോഴേക്കും പാക്കിസ്ഥാനിൽ രാഷ്ട്രീയസ്ഥിതി മോശമായി.ജനറൽ സിയ ഉൾ ഹഖ് അധികാരം പിടിച്ചെടുത്തു. പട്ടാളഭരണകൂടം നിലവിൽവന്നതോടെ നിയമങ്ങൾ കർശനമായി. യാഥാസ്ഥിതിക നിയമങ്ങൾക്കു സമൂഹത്തിൽ മുൻതൂക്കം കിട്ടി. വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിനൊപ്പം ഒരു വനിത സഞ്ചരിക്കുന്നതിനുപോലും വിലക്കുവന്നു. ശുക്രിയയുടെ കസിനും ടെലിവിഷൻ അവതാരകനുമായ ഡോ.ഷാഹിദ് മസൂദിന്റെ ഓർമകളിൽ അക്കാലമുണ്ട്. വിമാനത്തിൽ പ്രവേശിക്കുന്നതിൽനിന്നുപോലും വിലക്കു നേരിട്ട ശുക്രിയ അക്കാലത്ത് ഗ്രൗണ്ട് ഇൻസ്ട്രക്റ്റർ ആയി ജോലി ചെയ്തു. 

പുരുഷൻമാരോടൊപ്പമാണു ഞാൻ ജോലി ചെയ്യുന്നത്. ചിലർ എന്റെ ശിഷ്യരാണ് .മറ്റുചിലർ സഹപ്രവർത്തകർ. ജോലി എപ്പോഴും അവരോടൊപ്പമാണ്.എന്നിട്ടും അവർക്കൊപ്പം ഞാൻ കോക്പിറ്റിൽ ഇരിക്കുന്നതിനെ ജനറൽ എതിർക്കുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല അക്കാലത്ത് ശുക്രിയ ഇങ്ങനെ പറഞ്ഞതായി  ഷാഹിദ് മസൂദ് ഓർമിക്കുന്നു.ഇങ്ങനെപോയാൽ എയർഹോസ്റ്റസുമാർക്കും വിലക്കുവരുമോയെന്നും പരിഹാസത്തോടെ അവർ ചോദിച്ചത്രേ.

ശുക്രിയയ്ക്കുശേഷം മറ്റു രണ്ടു വനിതകൾ പൈലറ്റ് ലൈസൻസിനു യോഗ്യത നേടുന്നത് 1980–ൽ. അയേഷ റാബിയയും മലിഹ സമിയും. അവർക്കും ശുക്രിയ നേരിട്ട നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നു. പക്ഷേ സിയ 1989–ൽ മരണമടഞ്ഞതിനുശേഷം പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് രണ്ടുവനിതകളെയും പരിശീലനത്തിനു ക്ഷണിച്ചു. വിമാനം പറത്താൻ ഒമ്പതു വർഷം കാത്തിരുന്നു റാബിയ. സമി ആദ്യവിമാനം പറത്തുന്നത് 1990ൽ. 2005 –ൽ പാക്കിസ്ഥാനിലെ ഒരു കോമേഴ്സ്യൽ ഫ്ലൈറ്റിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയായി റാബിയ. ഒരു വർഷത്തിനുശേഷം വനിതാ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി റാബിയ വിമാനം പറത്തി ചരിത്രം രചിച്ചു.

റാബിയ തന്റെ മുൻഗാമി ശുക്രിയയെ കാണാൻ പോയിരുന്നു–1989–ൽ. ശുക്രിയ അന്നു റാബിയയ്ക്കു നൽകിയതു വിലപ്പെട്ട ഉപദേശങ്ങൾ. പ്രഫഷണലിസത്തിൽ മാത്രം ശ്രദ്ധിക്കാൻ ആവശ്യപ്പെട്ട ശുക്രിയ ഒരു വനിത ആയതുകൊണ്ടുമാത്രം ഒന്നിൽനിന്നും മാറിനിൽക്കരുതെന്നും റാബിയയെ ഉപേദശിച്ചു.

ശുക്രിയ ഒരു വിമാനത്തിനു സമീപം നിൽക്കുന്ന ചിത്രം കാലത്തെ അതിജീവിച്ച് ഇന്നുമുണ്ട്. കറുപ്പിലും വെളുപ്പിലുമുള്ള ആ ചിത്രത്തിൽ റാവൽപിണ്ടി ഫ്ലൈയിങ് ക്ലബിലെ ഫ്ലൈറ്റ് ഇൻസ്ട്രക്റ്റർ ഖൈസർ അൻസാരിക്കൊപ്പമാണു ശുക്രിയയെ കാണുന്നത്. 

ധീരയായ വനിതയായിരുന്നു ശുക്രിയ. ആഗ്രഹത്തിനൊത്തു ജീവിതത്തിന്റെ ഉയരങ്ങളിലെത്തിയ ശക്തയായ വനിത. പക്ഷേ തന്റെ സുവർണവർഷങ്ങളിൽ ആഗ്രഹിച്ച ഉയരങ്ങളിലേക്കു കുതിക്കാൻ യാഥാസ്ഥിതിക സമൂഹം അവരെ അനുവദിച്ചില്ല. പക്ഷേ അതു ശുക്രിയയുടെ നേട്ടത്തിന്റെ തിളക്കം കുറയ്ക്കുന്നില്ല; കൂട്ടുന്നേയുള്ളൂ. കാലത്തിനും ഏറെമുമ്പേ പറന്ന പക്ഷിയായിരുന്നു ശുക്രിയ ഖാനൂം;കൂരമ്പേറ്റു വീണെങ്കിലും തളരാതെ പറന്ന അത്ഭുതപക്ഷി.