Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 വയസ്സിൽ കൂടുതലുള്ള ഗർഭിണികളെ കണ്ടിട്ടേയില്ല; ഐഎസ് ഭീകരതയെക്കുറിച്ച് മിഡ്‌വൈഫ്

x-default പ്രതീകാത്മക ചിത്രം.

ഏതാനും നിമിഷങ്ങളേ ആയിട്ടുള്ളൂ ആ കുട്ടി ജനിച്ചിട്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവർത്തകരായ തുർക്കി ദമ്പതികളുടെ നവജാതശിശു. ജനിച്ചുകഴിഞ്ഞയുടൻ മാതാപിതാക്കൾ കുട്ടിയെ സൈനിക യൂണിഫോം അണിയിക്കുന്നതു കണ്ടപ്പോൾ ഞെട്ടിപ്പോയി സമീറ അൽ നാസർ.

വർഷങ്ങളായി പ്രസവ ശുശ്രൂഷകയായി ജോലി ചെയ്യുന്ന, ആയിരക്കണക്കിനു കുട്ടികളുടെ ജനനത്തിനു സാക്ഷിയായ സമീറ. പരുക്കൻ യൂണിഫോം  ശരീരത്തിൽ മുറിവുകളുണ്ടാക്കുമെന്നും കുട്ടിയുടെ ആരോഗ്യത്തിനു ഹാനികരമാകുമെന്നും സമീറ വാദിച്ചെങ്കിലും മകൻ ഭാവിയിൽ മികച്ച ഒരു ഇസ്‍ലാമിക് സ്റ്റേറ്റ് പ്രവർത്തകനായി വളർന്നുവരുമെന്നു പ്രഖ്യാപിച്ചു പിതാവ്. നാലുപതിറ്റാണ്ടിലധികമായി മിഡ്‍വൈഫ് ആയി ജോലി ചെയ്ത തനിക്ക്, ഭീകര സംഘടനയ്ക്കു നിയന്ത്രണമുള്ള സ്ഥലത്ത് ഇങ്ങനെയൊരു അനുഭവം ജീവിതത്തിൽ ആദ്യമായിരുന്നെന്നു പറയുന്നു സമീറ. ഇറാഖിലെ റാഖ്വ എന്ന സ്ഥലത്തുവച്ചായിരുന്നു ഈ വിചിത്രമായ അനുഭവം. 

ഇസ്‍ലാമിക് സ്റ്റേറ്റിനു നിർണായക സ്വാധീനമുണ്ടായിരുന്ന സിറിയയിലും ഇറാഖിലും നടന്ന പൈശാചികതകളുടെയും അക്രമങ്ങളുടെയും ഏറെക്കഥകൾ പുറത്തുവന്നെങ്കിലും സമീറ എന്ന അറുപത്തിയാറുകാരി സാക്ഷിയായ അനുഭവങ്ങൾക്കു സമാനതകളില്ല. ഞെട്ടിപ്പിക്കുന്നതും അതേ സമയം പുതിയ തലമുറയെപ്പോലും അടിമകളാക്കുന്നതുമായ അനുഭവങ്ങൾ. ഭീകരസംഘടന അടിച്ചമർത്തി ഭരിച്ച ഇറാഖിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് സമീറ. മനുഷ്യത്വം മരവിച്ചുപോകുന്ന പ്രവൃത്തികൾ നേരിൽ കണ്ടു. ജനനം പോലെയുള്ള സ്വകാര്യനിമിഷങ്ങൾക്കു സാക്ഷിയായ, അറുപത്തിയാറുകാരിയായ വയോധിക പറയുന്ന സംഭവകഥകൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടത്. 

ഇസ്‍ലാമിക് സ്റ്റേറ്റ് ഇറാഖിലെ റാഖ നഗരം നിയന്ത്രണത്തിലാക്കുന്നത് 2014–ൽ. നഗരത്തെ തങ്ങളുടെ അധീനപ്രദേശങ്ങളുടെ തലസ്ഥാനവുമാക്കി. ഇതേ നഗരത്തിൽ ജീവിച്ചിരുന്ന സമീറയ്ക്ക് ഭീകര സംഘടനയുടെ നിർദേശപ്രകാരം അനേകം പ്രസവ ശുശ്രൂഷകളിൽ സഹായിയായി പ്രവർത്തിക്കേണ്ടിവന്നു. എപ്പോൾ വിളിച്ചാലും ജോലിക്കു തയ്യാറായിരിക്കണം. ദിവസത്തിന്റെ ഏതു മണിക്കൂറിലും. തോക്കും പിടിച്ചുനിൽക്കുന്ന ഭീകരർക്കൊപ്പം ടാക്സിയിൽ സഹായം ആവശ്യം വേണ്ട വീടുകളിലേക്കും തിരിച്ചുമുള്ള നിരന്തര യാത്രകൾ. വിദേശികളായിരിക്കും മിക്ക ദമ്പതികളും. ഓരോ പ്രാവശ്യം വിളി വരുമ്പോഴും സമീറയുടെ മനസ്സിൽ ഭയം നിറയും. ദേഷ്യം പുറത്തുകാണിക്കാൻ പറ്റില്ല. നിസ്സഹായയായി അനുസരിച്ചേ പറ്റൂ. അഭിമാനത്തോടെയും സന്തോഷത്തോടെയും ഒരു ജീവിതകാലം മുഴുവൻ ജോലി ചെയ്ത സമീറയ്ക്ക് ഭീകര സംഘടന എത്തിയതോടെ പേടിച്ചും വിറച്ചും ജീവിക്കേണ്ടിവന്നു.

എന്റെ ജോലിയോട് അവർക്ക് ഒരു ബഹുമാനവുമില്ല– കടന്നുപോയ ഭീകരകാലത്തിലേക്കു തിരിഞ്ഞുനോക്കി ഇസ്‍ലാമിക് സ്റ്റേറ്റ് ദമ്പതികളെക്കുറിച്ചു സമീറ പറയുന്നു. സഹായി ആയല്ല ജോലിക്കാരിയപ്പോലെയാണ് പലരും  പെരുമാറിയത്. ജനനത്തിനുവേണ്ട സഹായങ്ങൾ ചെയ്യുക. ആവശ്യം കഴിഞ്ഞാലുടൻ അവർ എന്നെ ചവിട്ടിപ്പുറത്താക്കും– സമീറ ഓർമിക്കുന്നു.

x-default

പല ദമ്പതികളും കുട്ടികളോടു പെരുമാറിയിരുന്നതും വാൽസല്യമോ സ്നേഹമോ ഇല്ലാതെ. കുട്ടികളും അവർക്ക് വലിയൊരു സൈന്യത്തിലെ അംഗങ്ങൾ മാത്രം. മതഗ്രന്ഥങ്ങൾ പഠിക്കുന്ന കുട്ടികളുടെയും ആയുധങ്ങൾകൊണ്ടു കളിക്കുന്ന കുട്ടികളുടെയും മറ്റും വീഡിയോകൾ അവർ വ്യാപകമായി പ്രചരിപ്പിരുന്നു. കൗമാരക്കാരായ കുട്ടികൾ ശത്രുക്കളെ കൊന്നൊടുക്കുന്ന ദൃശ്യങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. യൂറോപ്യൻ, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരുണ്ടായിരുന്നു ദമ്പതികൾക്കിടയിൽ. മിക്കസമയത്തും ഈ ദമ്പതികൾ ക്രൂരമായാണ് തന്നോടു പെരുമാറിയിട്ടുള്ളതെന്നു പറയുന്നു സമീറ. സ്നേഹത്തിന്റെ നിമിഷങ്ങൾ അപൂർവം. മുമ്പു താൻ കണ്ടിട്ടില്ലാത്ത പല പ്രവൃത്തികൾക്കും സാക്ഷിയായിട്ടുണ്ടെന്നും സമീറ പറയുന്നു. നവജാതശിശുക്കളെ അമ്മമാർ സ്പർശിക്കുന്നതുപോലും പരുക്കൻരീതിയിൽ. പൊക്കിൾക്കൊടി മുറിക്കുന്നതിനുമുമ്പുതന്നെ കുട്ടികൾക്കു പാലു കൊടുക്കുന്നതും സമീറ കണ്ടിട്ടുണ്ട്. കുട്ടികളെ തങ്ങളുടെ മാറിലേക്കു ചേർത്തമർത്തി അവർ അറബിയിൽ പ്രാർഥനകൾ ചൊല്ലും. 

 ഭർത്താക്കാൻമാരുടെ പെരുമാറ്റം തികഞ്ഞ ക്രൂരതയോടെ. പ്രസവത്തിന്റെ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് വേദനാ സംഹാരികൾ കൊടുക്കാൻപോലും  സമീറയെ അനുവദിച്ചിരുന്നില്ല. ചിലപ്പോൾ പത്തുമണിക്കൂറൊക്കെ പലരും പ്രസവവേദനയിൽ പുളയാറുണ്ട്. അസഹനീയമായി വേദന അനുഭവിക്കുന്നവർക്ക് മരുന്നു കൊടുക്കുന്ന പതിവുണ്ടായിരുന്നു സമീറയ്ക്ക്. പക്ഷേ, തങ്ങളുടെ ഭാര്യമാർക്ക് മരുന്നുകൊടുക്കുന്നതു വിലക്കി ഇസ്‍ലാമിക് സ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഭർത്താക്കൻമാർ. കഠിനമായ വേദന അനുഭവിച്ചു പല സ്ത്രീകളും. മരുന്നുകൾ മതശാസനകൾക്കു വിരുദ്ധമാണെന്നായിരുന്നു അവരുടെ വാദം. കൂടുതൽ വേദന സഹിക്കുന്നവർക്ക് ദൈവത്തിന്റെ അനുഗ്രഹം കൂടുതലായി ലഭിക്കുമെന്നും അവർ ഭാര്യമാരെ പഠിപ്പിച്ചിരുന്നു. സ്ത്രീകൾ പുരുഷൻമാർ പറയുന്നതെല്ലാം നിശ്ശബ്ദമായി സഹിച്ചു. 

 പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകൾക്ക് സമീറ വിഷം കൊടുക്കുമോ എന്ന പേടിയും ചില ഭർത്താക്കൻമാർക്ക് ഉണ്ടായിരുന്നതായി ഓർമിക്കുന്നു അവർ. അങ്ങനെ ചിന്തിക്കുന്നവരോട് തനിക്കു സഹതാപം തോന്നിയതായും പറയുന്നു സമീറ. ഭർത്താക്കൻമാരുടെ അനുവാദം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം കൊടുക്കാൻപോലും അനുവാദമില്ലായിരുന്നു സമീറയ്ക്ക്. 

new born baby

സമീറയുടെ വീട്ടിലും പരിസരത്തും യുഎസ് സഖ്യസേനയും ഇസ്‍ലാമിക് സ്റ്റേറ്റ് പ്രവർത്തകരും തമ്മിൽ നടത്തിയ യുദ്ധത്തിന്റെ അടയാളങ്ങൾ കാണാം. നാശനഷ്ടങ്ങളും. മൂന്നു വെടിയുണ്ടകൾ തുളച്ചുകയറിയ ഒരു ബോർഡ് അവരുടെ വീടിനുമുമ്പിലുണ്ട്. ‘ആലായുടെ ഉമ്മ’ എന്നാണു ബോർഡിൽ എഴുതിയിരിക്കുന്നത്. ആല എന്ന കുട്ടിയെ ജീവിതത്തിലേക്കു സ്വാഗതം ചെയ്തത് സമീറയായിരുന്നു. ആല പിന്നീട് ഡോക്ടർ ആയി. ജീവിതം മുഴുവൻ ചെയ്ത നിസ്വാർഥമായ സേവനത്തെത്തുടർന്നാണ് ആലയുടെ ഉമ്മ എന്നു സമീറയെ നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നതും വീടിനു മുന്നിൽ ബോർഡ് തൂക്കിയതും. 

ഭീകരപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ സഹായി ആയി പ്രവർത്തിച്ചതിൽ കുറ്റബോധമുണ്ട് സമീറയ്ക്ക്. പക്ഷേ മറ്റൊരു മാർഗവും ഇല്ലായിരുന്നു അവരുടെ മുന്നിൽ.എതിർത്തിരുന്നെങ്കിൽ തടവിലിടുകയോ പൊതുസ്ഥലത്തുവച്ചു കൊല്ലപ്പെടുകയോ ചെയ്തേനേം. അറബിക് അധ്യാപകനായിരുന്ന സമീറയുടെ ഭർത്താവിന് ഏതാനും ദിവസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുമുണ്ട്. 

ഭീകരരുടെ സ്വാധീനം വർധിച്ച 2014–ൽ സമീറയുടെ അയൽവാസിയെ ഒഴിപ്പിച്ച് പുതിയൊരാൾ താമസത്തിനുവന്നു. ഒരു കെനിയക്കാരൻ. ഭാര്യ. മൂന്നു മുതിർന്ന കുട്ടികൾ. ജർമൻ മരുമകളും. അബു വാലിദ് എന്നാണു കെനിയക്കാരന്റെ പേരെന്നും അയാൾ ഇസ്‍ലാമിക് സ്റ്റേറ്റ് ഭരണത്തിൽ സ്വാധീനമുള്ളയാളാണെന്നും വാർത്ത പരന്നു. മരിച്ചുപോയ ഇസ്‍ലാമിക് സ്റ്റേറ്റ് സൈനികരുടെ വിധവകൾ ആ വീട്ടിൽ ആ താമസിക്കുന്നുണ്ടെന്നും. താമസിയാതെ അബുവാലിദ് സമീറയെ സഹായത്തിനു വിളിച്ചു. പ്രായമായെന്നും നടക്കാൻപോലും വയ്യെന്നുമൊക്കെ പറഞ്ഞുവെങ്കിലും സമീറയുടെ വാദങ്ങൾ അയാൾ സമ്മതിച്ചില്ല. നിർബന്ധിച്ചു ‘വിധവകളുടെ വീട്’ എന്നറിയപ്പെട്ട വീട്ടിലേക്കു കൊണ്ടുപോയി. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഗർഭിണികളായ അനേകം സ്ത്രീകളെ അവിടെ സമീറ കണ്ടു. സിറിയൻ ഭാര്യമാരിൽ 13 വയസ്സുള്ള ഗർഭിണികൾ പോലുമുണ്ടായിരുന്നു. പ്രായം കൂടിയവർക്ക് 15 വയസ്സൊക്കെയേ കാണൂ. 18 വയസ്സിൽകൂടുതലുള്ളവരെ അവിടെ കണ്ടിട്ടേ ഇല്ല എന്നോർമിക്കുന്നു സമീറ. 

മനുഷ്യരായിരുന്നില്ല ഇസ്‍ലാമിക് സ്റ്റേറ്റുകാർ. അവർ വേറെ ഏതോ വിഭാഗമായിരുന്നു– സമീറ പറയുന്നു. വാർധക്യത്തിൽ ഇപ്പോൾ തന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന സമീറയ്ക്ക്  ഇഷ്ടപ്രകാരമല്ലെങ്കിലും താൻ ഭീകരപ്രവർത്തകരുടെ സഹായി ആയി പ്രവർത്തിച്ച കാലമോർക്കുമ്പോൾ പശ്ചാത്താപം. 

മകൻ ആലായുടെ 40–ാം ജൻമദിനത്തിന് ഏതാനും ദിവസങ്ങൾ മാത്രം. ഒരു ബോംബ് ആക്രമണത്തിൽ പരുക്കുപറ്റിയവരെ ശുശ്രൂഷിക്കാൻ ആലായെ വിളിച്ചു. പോകരുതെന്ന് കേണപേക്ഷിച്ചു സമീറ. ഒരു ഡോക്ടർ എന്ന നിലയിൽ പരുക്കുപറ്റിയവരോടു നീതി കാണിക്കണമെന്നു പറഞ്ഞ് ആലാ പോയി. ആലാ രോഗികളെ ശുശ്രൂഷിച്ച വീടും ബോംബാക്രമണത്തിൽ തകർന്നു: മകനെ എന്നെന്നേക്കുമായി നഷ്ടപ്പെടുകയായിരുന്നു സമീറയ്ക്ക്. 

എന്റെ ഹൃദയത്തിൽ ഇപ്പോൾ ഇരുട്ട്. കഠിനമായ വേദനയും – സമീറ വിതുമ്പലോടെ പറയുന്നു.