Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ പാവപ്പെട്ട സ്ത്രീകൾക്കായൊരു വസ്ത്രബാങ്ക്; മികച്ച വേഷം ഇനി സ്വപ്നമല്ല

x-default പ്രതീകാത്മക ചിത്രം.

സഹായിക്കാനൊരു മനസ്സുണ്ടാവുക നന്മയാണ്. നന്മയ്ക്കു പിന്നിൽ നല്ല ഉദ്ദേശ്യം കൂടി ഉണ്ടാകണം എന്നുമാത്രം. മൂന്നുവർഷം മുമ്പു ചെന്നൈ നഗരത്തെ മുക്കിയ വെള്ളപ്പൊക്കം ഓർമയിൽ ഇന്നും സൃഷ്ടിക്കുന്നതു ഭീതിയുടെ ഇടിമുഴക്കങ്ങൾ. നൂറുകണക്കിനു പേർ പെട്ടെന്നൊരു ദിവസം തെരുവുകളിലേക്കു വലിച്ചെറിയപ്പെട്ടു. ധരിക്കാൻ നല്ല വസ്ത്രങ്ങളില്ലാതെ. വിശപ്പടക്കാൻ ഭക്ഷണമില്ലാതെ. ഉറങ്ങാൻ ഒരു മേൽക്കൂരയില്ലാതെ. ചെന്നൈ നിവാസികളെ സഹായിക്കാൻ വ്യക്തികളും സന്നദ്ധസംഘനടകളും മുന്നോട്ടുവന്നു. അക്കൂട്ടത്തിൽ എടുത്തുപറയണം വിമൻസ് ബിസിനസ് ഇൻക്യുബേഷൻ പ്രോഗ്രം സ്ഥാപക ആഷ ജോമിസിന്റെ പ്രവർത്തനങ്ങൾ. സന്നദ്ധമനസ്സ് പക്ഷേ, ആഷയ്ക്ക് ആദ്യം സമ്മാനിച്ചതു ദുരനുഭവങ്ങൾ. 

വെള്ളപ്പൊക്കബാധിതർക്കു നൽകാനായി വസ്ത്രങ്ങൾ ശേഖരിക്കാനാരംഭിച്ചു ആഷ. പക്ഷേ കിട്ടിയതൊക്കെയും അന്തസ്സോടെ ധരിക്കാനാകാത്ത കീറിയതും മുഷിഞ്ഞതും ഉപയോഗപ്രദവുമല്ലാത്ത വസ്ത്രങ്ങൾ. ഉപയോഗിച്ച അടിവസ്ത്രങ്ങൾ പോലുമുണ്ടായിരുന്നു കൂട്ടത്തിൽ. മൂന്നു വർഷം മുമ്പ് ഇങ്ങനെ ശേഖരിച്ച വസ്ത്രങ്ങൾ ഇപ്പോഴും ആഷയുടെ ഓഫിസിൽ കുന്നുകൂടികിടക്കുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ കാലത്ത് വസ്ത്രങ്ങൾ നിക്ഷേപിക്കാനുള്ള കളക്ഷൻ പോയിന്റുകളിലൊന്നായിരുന്നു തിരുവനന്തപുരത്തു കുറവംകോണത്തെ ആഷയുടെ ഓഫിസ്. വസ്ത്രങ്ങൾ ധാരാളമായി വരാൻ തുടങ്ങിയപ്പോൾ സന്തോഷിച്ചെങ്കിലും പലതും ഉപയോഗിക്കാനാവാത്തതാണെന്നു മനസ്സിലായപ്പോൾ സഹായിക്കാൻ തീരുമാനിച്ച മനുഷ്യരോടു തോന്നിയതു സഹതാപം. 

പ്രകൃതിദുരന്തങ്ങളുടെ ഫലമനുഭവിക്കുന്നവരും ദാരിദ്ര്യത്തിന്റെ ഇരകളുമെല്ലാം  അന്തസ്സില്ലാത്തവരാണെന്നു കരുതാമോ? –ആഷ ചോദിക്കുന്നു. മറ്റുള്ളവർക്കു ധരിക്കാൻ കൊടുക്കുന്നതു കീറിപ്പറിഞ്ഞ വസ്ത്രങ്ങളാണോ. സഹായിക്കുക എന്നതിലുപരി ആവശ്യമില്ലാത്ത വസ്ത്രങ്ങൾ ഒഴിവാക്കാനാണോ ആളുകൾ മുന്നോട്ടുവന്നതെന്നു തോന്നിപ്പോകുന്നു. 2012–ൽ നടത്തിയ ജാഗ്രതി യാത്രയിലൂടെ തെരുവുകളിലും മറ്റും ജീവിക്കുന്നവരുടെ ദുരിതാനുഭവങ്ങൾ എത്ര ദയനീയമാണെന്ന് എനിക്കറിയാം. പക്ഷേ, ഇത്ര മനുഷ്യത്യരഹിതമായി ആളുകൾ പെരുമാറുമോ എന്നു തോന്നിപ്പോയി ആവശത്തോടെയുള്ള വസ്ത്രസംഭാവന കണ്ടപ്പോൾ– ആഷ പറയുന്നു. 

സഹായിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ നേരിടേണ്ടിവന്ന ദുരനുഭവത്തിൽനിന്നാണ് ‘ഡ്രസ് ബാങ്ക്’ എന്ന ആശയത്തിന്റെ പിറവി. ഒരാളുടെ ആകാരത്തിനു യോജിച്ച രീതിയിൽ തുന്നിയ മികച്ച ബ്രാൻഡുകളുടെ നല്ല വസ്ത്രങ്ങൾ അർഹരായവർക്കുവേണ്ടി ശേഖരിക്കുക എന്നതാണ് ഡ്രസ് ബാങ്ക് എന്ന ആശയം. വസ്ത്രങ്ങൾ സംഭാവന ചെയ്യുക എന്നതിനൊപ്പം മനസാക്ഷിയുള്ള മനുഷ്യരായി ജീവിക്കുക എന്നതും ഡ്രസ് ബാങ്കിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഉത്തരവാദിത്തമുള്ള, സ്നേഹവും സഹാനുഭൂതിയുള്ള മനുഷ്യർക്ക് ഒരു അവസരം.

x-default പ്രതീകാത്മക ചിത്രം.

സ്പോൺസർ ചെയ്യാൻ തയ്യാറുള്ളവരിൽനിന്നു പുതിയ വസ്ത്രങ്ങൾ ശേഖരിക്കുക എന്നതുമാത്രമായിരുന്നു തുടക്കത്തിലെ പ്രവർത്തനം. അപ്രതീക്ഷിതമായി നമിത കിരണിന്റെ സഹായവും സഹകരണവും ലഭിച്ചു ആഷയ്ക്ക്. നവോമി ഫാഷൻ ബൂടിക് എന്ന സ്ഥാപനം നടത്തുകയാണ് നമിത. ആഷയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചു നമിത. സ്വന്തമായി നടത്തുന്ന വസ്ത്രവിൽപന ശാലയിൽ ഒരു കളക്ഷൻ പോയിന്റ് തുറന്നതു കൂടാതെ വലിയ വ്യാപാര സ്ഥാപനങ്ങളിൽപോയി വസ്ത്രങ്ങൾ വാങ്ങാൻ കഴിവില്ലാത്തവർക്കുവേണ്ടി തുന്നിയെടുത്ത മികച്ച വസ്ത്രങ്ങൾ സംഭാവന ചെയ്യാനും മുന്നിട്ടിറങ്ങി നമിത.

ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടിവരുമ്പോൾ മികച്ച വേഷം ധരിക്കാൻ ഇല്ലാത്തവർ സമൂഹത്തിലുണ്ട്. ജോലി കിട്ടിയ സ്ഥാപനത്തിൽ ആദ്യ ദിവസമെങ്കിലും ശ്രദ്ധേയവേഷം ധരിക്കാൻ സാഹചര്യമില്ലാത്തവരുണ്ട്. സ്കൂളിലോ കൊളജിലോ വിശേഷ അവസരങ്ങളിൽ നല്ല വസ്ത്രങ്ങൾ ധരിക്കാനില്ലാത്ത വിദ്യാർഥികളുമുണ്ട്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇത്തരക്കാരെ സഹായിക്കുകയാണ് ആഷയുടെയും നമിതയുടെയുമൊക്കെ പ്രവർത്തനങ്ങൾ. നമിതയുടെ നവോമി ഫാഷൻ സ്ഥാപനത്തിൽ ഒരു വ്യവസ്ഥ മാത്രമേയുള്ളൂ. വേഷം ആവശ്യമുള്ളവർ 10 ദിവസം മുമ്പെങ്കിലും അറിയിക്കുക. നിശ്ചയിച്ച ദിവസം വേഷം തയാറായിരിക്കും. 

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍, വിദ്യാർഥികൾ എന്നിവരൊക്കെ പദ്ധതിയുടെ ഭാഗമാണ്. ആത്മവിശ്വാസക്കുറവുകൊണ്ടും നല്ല വേഷമില്ലാത്തതിനാലും സമൂഹത്തെ നേരിടാനാകാത്ത വിദ്യാർഥികൾക്കും സ്ത്രീകൾക്കുംവേണ്ടി ആഷയും കൂട്ടരും ഒരു മേക് ഓവർ സെഷൻ തന്നെ നടത്തി. വിവിധ മേഖലകളിൽ നേതൃനിരയിലുള്ളവരാണ് ക്ലാസെടുത്തത്.

എല്ലാവരും കൂടി ഒത്തുകൂടിയപ്പോൾ തുടക്കം കുറിക്കാനായത് മഹത്തായ ഒരു പ്രസ്ഥാനത്തിന്. ഇക്കഴിഞ്ഞ മാസം നടത്തിയ രണ്ടുമണിക്കൂർ നീണ്ടുനിന്ന  മേക് ഓവർ സെഷൻ ഗംഭീര വിജയം. നവോമിയിൽ തുടങ്ങിയ സന്നദ്ധപ്രവർത്തനത്തിൽ ഏഴു കോളജ് വിദ്യാർഥികളും ഭാഗമായി. അതോടെ അനേകം പേരിൽനിന്ന് അന്വേഷണങ്ങൾ ഉണ്ടായി. തങ്ങൾക്കും പദ്ധതിയുടെ ഭാഗമാകാനാകുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. കൂടുതൽ ആളുകൾ എത്തിയതോടെ ലഭിക്കുന്ന പണം ഡ്രസ് ബാങ്ക് വിപുലപ്പെടുത്താൻ ഉപയോഗിക്കുന്നു – തങ്ങളുടെ പ്രവൃത്തി ലക്ഷ്യം കണ്ടതിൽ സന്തോഷത്തിലാണ് ആഷ. 

സമൂഹത്തിന്റെ താഴെത്തട്ടിലുള്ള, നല്ല വസ്ത്രം ധരിക്കാൻ ഭാഗ്യമില്ലാത്തവർക്ക് നല്ല വേഷങ്ങൾ എത്തിച്ചുകൊടുത്ത് ആത്മവിശ്വാസമുള്ളവരാക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. മികച്ച വേഷം സ്വപ്നം മാത്രമായവരെ സഹായിക്കുക. സംഭാവനകൾ പണമായോ, തയ്പിച്ച വസ്ത്രങ്ങളായോ, തുണിത്തരങ്ങളായോ നൽകാം. നമിത അവരുടെ ബൂടികിൽ വസ്ത്രങ്ങൾ ശേഖരിക്കാൻ സൗകര്യമൊരുക്കിയതുപോലെ നഗരങ്ങളിലെ എല്ലാ വസ്ത്രക്കടകളും മുന്നോട്ടുവരികയാണെങ്കിൽ വലിയ ലക്ഷ്യം വേഗത്തിൽ നേടാൻ കഴിയും– ആഷ ഭാവിയെക്കുറിച്ചുള്ള വലിയ സ്വപ്നം പങ്കുവയ്ക്കുന്നു.