Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു കുട്ടികൾ നയത്തിലേക്കു ചൈന മാറുമോ?; സ്റ്റാംപിലെ സൂചന സത്യമാകുമോ?

stamp-01

ചൈനയിൽ ഇപ്പോൾ സംസാരവിഷയം ഒരു പോസ്റ്റൽ സ്റ്റാംപ് ആണ്. ഇപ്പോഴും പുറത്തിറങ്ങിയിട്ടില്ലാത്ത, അടുത്തവർഷം പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന സ്റ്റാംപ്. ചൈന പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ റീലീസ് ചെയ്ത സ്റ്റാംപിന്റെ ചിത്രം ആകാംക്ഷയോടെ നോക്കുന്നവരുണ്ട്. ആഹ്ലാദത്തോടെ നോക്കി, നോട്ടം മാറ്റാതെയിരിക്കുന്നവരുണ്ട്. കുറച്ചു വർഷം കഴിഞ്ഞു ജനിച്ചിരുന്നെങ്കിൽ എന്നും കുറച്ചുകൂടി പ്രായം കുറവായിരുന്നെങ്കിൽ എന്നും ചിന്തിക്കുന്നവരുമുണ്ട്. ചൈനയിൽ നിലവിലുള്ള ജനസംഖ്യാ നിയന്ത്രണത്തിൽ അയവു വരുത്താൻ സർക്കാർ ആലോചിക്കുന്നതിന്റെ സൂചനയാണു സ്റ്റാംപിലുള്ളതെന്ന അഭിപ്രായം പ്രചരിച്ചതിനെത്തുടർന്നാണ് സ്റ്റാംപ് ചർച്ചാവിഷയമായതും ആകാംക്ഷ വർധിച്ചതും. 

ആഹ്ലാദത്തോടെ ചിരിച്ചുകൊണ്ടിരിക്കുന്ന രണ്ടു പന്നികൾ. ഒന്ന് ആണും കൂടെയുള്ളതു പെണ്ണും. മൂന്നു പന്നിക്കൂട്ടികളുമുണ്ട് അവരുടെ കൂടെ. എല്ലാ മുഖത്തുമുണ്ട് സന്തോഷവും സംതൃപ്തിയും. ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന അർഥം വ്യാഖാനിക്കുന്ന തിരക്കിലാണ് ഇപ്പോൾ ചൈനക്കാർ. മൂന്നു കുട്ടികളാകാം എന്ന നയത്തിലേക്കു ചൈന മാറുന്നതിന്റെ സൂചനയായാണ് ഈ സ്റ്റാംപിനെ പലരും കാണുന്നത്. 

1979–ലാണ് ഒറ്റക്കുട്ടി നയം ചൈന നടപ്പിലാക്കുന്നത്. 2016–ൽ നഗരങ്ങളിലെ ദമ്പതികൾക്ക് രണ്ടുകുട്ടികളാകാമെന്ന ഭേദഗതി നിലവിൽവന്നു. മാറ്റം നടപ്പിലാകുന്നതിനുമുമ്പ് പുറത്തിറങ്ങിയ സ്റ്റാംപിൽ വരാൻപോകുന്ന ആഹ്ലാദകാലത്തിന്റെ സൂചനകളുണ്ടായിരുന്നു. രണ്ടുകുട്ടികളുമായിരിക്കുന്ന കുരങ്ങുകുടുംബത്തിന്റെ സന്തോഷ കുടുംബചിത്രം. സ്റ്റാംപിലൂടെ ഉദ്ദേശിച്ചതു സർക്കാർ നടപ്പാക്കി. അങ്ങനെയാണെങ്കിൽ അടുത്തവർഷം പുറത്തിറക്കാനിരിക്കുന്ന മൂന്നു പന്നിക്കുട്ടികളുടെ സ്റ്റാംപും വരാനിരിക്കുന്ന നിയമഭേദഗതിയിലേക്കാണു വിരൽചൂണ്ടുന്നതെന്നാണ് പ്രബലമായ ഒരു വ്യഖ്യാനം. കൂടുതൽ കുട്ടികളുടെ അച്ഛനമ്മമാരാകാൻ കാത്തിരിക്കുന്നവർക്ക് അടുത്തവർഷം സന്തോഷവാർത്ത കേൾക്കാൻ കഴിഞ്ഞേക്കുമെന്നും വ്യാഖ്യാതാക്കൾ പ്രവചിക്കുന്നു. 

ചൈനയിൽ 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 16.2  ശതമാനം വരുമെന്നാണ് കഴിഞ്ഞവർഷത്തെ ജനസംഖ്യാ കണക്ക്. 1950–ൽ ഇത് 7.4 ശതമാനം മാത്രമായിരുന്നു. ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയതിന്റെ ദൂഷ്യവശം. പക്ഷേ, ഒറ്റക്കുട്ടി നയം ചൈനയിലെ ജനസംഖ്യ ഏറെ കുറച്ചിരുന്നു. ലോകശരാശരിയെക്കാളും താഴെ. അതോടൊപ്പം ജനനനിരക്ക് താഴ്ന്നു. പ്രായമുള്ളരുടെ എണ്ണം കൂടി. രണ്ടു വർഷം മുമ്പ് രണ്ടുകുട്ടികളാകാമെന്ന നയം നടപ്പിലാക്കിയതിനുശേഷം ജനനസംഖ്യയിൽ വർധനവ് ഉണ്ടായി. ഈ നിരക്കു വീണ്ടും കൂടും മൂന്നുകുട്ടികളെന്ന നയം നടപ്പിലാക്കിയാൽ. ലക്ഷക്കണക്കിനു ചൈനക്കാർ അതാണു കാത്തിരിക്കുന്നത്– സ്റ്റാംപിലെ പന്നിക്കുട്ടികളെപ്പോലെ മൂന്നുകുട്ടികളെ അടുക്കിപ്പിടിച്ചിരിക്കുന്ന കുടുംബചിത്രം വീട്ടിലെ ഭിത്തിയിൽ വലുതാക്കി തൂക്കാൻ.