Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലംപ്രയോഗിച്ച് ഇരയുടെ ഗർഭം അലസിപ്പിച്ചു, ഭ്രൂണം കത്തിച്ചു; 6 പേർ അറസ്റ്റിൽ

Representational image

കാഴ്ചത്തകരാറും സംസാരശേഷിയുമില്ലാത്ത 24 വയസ്സുകാരി യുവതിയെ അഭയകേന്ദ്രത്തി‍ൽവച്ചു പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഗർഭമലസിപ്പിച്ച് ഭ്രൂണം കത്തിച്ചുകളയുകയും ചെയ്ത സംഭവത്തിൽ നാലു ഡോക്ടർമാർ ഉൾപ്പെടെ ഒൻപതുപേർ പ്രതികളാണെന്നു പൊലീസ്. ഗ്വാളിയറിലാണു നാടിനെ നടുക്കിയ സംഭവം. അഭയകേന്ദ്രത്തിലെ കാവൽക്കാരനാണു മുഖ്യപ്രതി. തെളിവു നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും സംഭവം രഹസ്യമാക്കിവയ്ക്കാൻ ശ്രമിക്കുകയും ചെയ്തതാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ചെയ്ത കുറ്റം. മൂന്നു ഡോക്ടർമാർ ഉൾപ്പെടെ ആറുപേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

ഗ്വാളിയറിലെ ബിലുവ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണു സംഭവം റിപോർട്ട് ചെയ്തത്. മധ്യപ്രദേശിലെ സ്ത്രീകള്‍ക്കും കുട്ടികൾക്കും വേണ്ടിയുള്ള സംരക്ഷണസമിതിയിൽ ലഭിച്ച പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. വിദേശ സഹായം സ്വീകരിച്ചുപ്രവർത്തിക്കുന്ന സ്നേഹാലയ എന്ന അഭയകേന്ദ്രത്തിലാണു സംഭവം നടന്നത്.

ഗ്വാളിയർ നഗരത്തിനു പുറത്താണു സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇരയാക്കപ്പെട്ട യുവതിയുടെ മുറിയിൽ ഒപ്പം താമസിച്ചിരുന്ന സ്ത്രീയാണ് സംഭവത്തെക്കുറിച്ചുള്ള നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കാഴ്ചത്തകരാറും സംസാരവൈകല്യവുമുള്ളയാളാണിവർ. രണ്ടുമാസത്തോളം സ്ഥിരമായി അഭയകേന്ദ്രത്തിലെ കാവൽക്കാരൻ സഹബ് സിങ് ഗുർജർ യുവതിയെ പീഡിപ്പിച്ചന്നും കൂടെയുള്ള യുവതി വെളിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നപ്പോൾ അഭയകേന്ദ്രത്തിന്റെ ഡയറക്ടർ ഡോക്ടർ ബി.കെ.ശർമ ബലം പ്രയോഗിച്ച് ഗർഭം അലസിപ്പിച്ചു. തെളിവു നശിപ്പിക്കാൻ ഭ്രൂണം കത്തിച്ചുകളഞ്ഞു. 

ശർമയ്ക്കു പുറമെ ഭാര്യ ഡോ. ഭാവന, ഷെൽറ്റർ ഹോം മാനേജർ ജയപ്രകാശ് ശർമ, ഡോ.വിവേക് സാഹു, ഹോസ്റ്റൽ സൂപ്പർവൈസർ രവി വാൽമീകി, വാർഡൻ ഗിരിരാജ് ബാഗൽ എന്നിവരാണ് അറസ്റ്റിലായത്. ഡോ.പുഷ്പ മിശ്ര, അഭയകേന്ദ്രം വാർഡൻ പ്രഭാ യാദവ്, പ്രധാനപ്രതി ഗുർജർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളതെന്നും പൊലീസ് അറിയിച്ചു. പീഡനം സത്യമാണന്നും ഡയറക്ടർ ശർമയ്ക്കും ഭാര്യ ഭാവനയ്ക്കും എല്ലാകാര്യങ്ങളും അറിയാമെന്നും വാൽമീകി പൊലീസിനോടു പറഞ്ഞു. അഭയകേന്ദ്രത്തിന്റെ പിന്നിലെ സ്ഥലത്താണത്രേ ഭ്രൂണം കത്തിച്ചുകളഞ്ഞത്.