Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മാസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; പട്ടിണി മരണമെന്ന് നിഗമനം

Representative Image പ്രതീകാത്മക ചിത്രം.

ഹൈദരാബാദ് : ഒരു മാസം  പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം റോഡരികില്‍  കുഴിച്ചിട്ട നിലയില്‍. ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് രാജേന്ദ്രനഗറിലെ ഹുഡാ പാര്‍ക്കിന് സമീപത്തെ റോഡരികില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പട്ടിണിയാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാകൂ.

സംഭവത്തെക്കുറിച്ച് രാജേന്ദ്രനഗർ ഇൻസ്പെക്ടർ ജി സുരേഷ് പറയുന്നതിങ്ങനെ :- '' ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷനിലെ ശുചീകരണത്തൊഴിലാളികൾ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുണിയിൽ പൊതിഞ്ഞ് മാലിന്യക്കൂമ്പാരത്തിന് സമീപം കുഴിച്ചിട്ട നിലയിലാണ് അവർ മ‍ൃതദേഹം കണ്ടത്. ഉടൻ തന്നെ അവർ പൊലീസിനെ വിവരമറിയിച്ചു''.

'' കാഴ്ചയിൽ ഒരു മാസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിണിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ– ഇൻസ്പെക്ടർ സുരേഷ് പറയുന്നു.

ഐപിസി 318 ( ആരെങ്കിലും  കുഞ്ഞുങ്ങളുടെ മൃതശരീരം രഹസ്യമായി അടക്കം ചെയ്യുകയോ മറവു ചെയ്യുകയോ ചെയ്താൽ അത് രണ്ട് വർഷം വരെ തടവോ, അല്ലെങ്കിൽ പിഴയോ അതുമല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുന്ന കുറ്റമാണ്)  പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചു പോയവരെ ഉടൻ തന്നെ കണ്ടെത്തുമെന്നും പൊലീസ് പറയുന്നു.