Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8000 സ്ത്രീ തൊഴിലാളികൾ 2 ദിവസം പണിമുടക്കി, തെരുവിലിറങ്ങി

women-strike-01

വ്യാവസായിക വിപ്ലവത്തിനു തുടക്കം കുറിച്ച ഇംഗ്ലണ്ടില്‍ വീണ്ടുമൊരു വിപ്ലവം. ജനസാന്ദ്രതയില്‍ മുമ്പില്‍ നില്‍ക്കുന്ന നഗരവും തുറമുഖപട്ടണമായ ഗ്ളാസ്ഗോയില്‍നിന്നാണ് ഇത്തവണ മുദ്രവാക്യങ്ങള്‍ മുഴങ്ങുന്നത്. ആവശ്യങ്ങള്‍ നേടിയെടുക്കാതെ മടങ്ങില്ലെന്ന നിശ്ചയദാർഢ്യത്തിന്റെ ശബ്ദങ്ങള്‍ മുഴങ്ങുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ള മുന്നേറ്റത്തിന്റെ അലയൊലി. 

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗ്ളാസ്ഗോ നഗരത്തിന്റെ തെരുവുകള്‍ കയ്യടിക്കയതു സന്ദര്‍ശകരായിരുന്നില്ല. തദ്ദേശവാസികളായ വനിതകള്‍. 

സിറ്റികൗണ്‍സിലിനു കീഴില്‍ വിവിധ വിഭാഗങ്ങളിലായി ജോലിചെയ്യുന്നവര്‍. അവര്‍ ഉന്നയിച്ചതു ന്യായമായ ആവശ്യം- തുല്യ ജോലിക്കു തുല്യ വേതനം. നൂറോ ഇരുന്നോറോ പേരല്ല എണ്ണായിരത്തോളം വനിതകളാണ് ആവശ്യം ഉന്നയിച്ച് സമരത്തിനുള്ള നോട്ടീസ് കൊടുത്തിരിക്കുന്നത്. രണ്ടു ദിവസം പൂര്‍ണമായും പണിമുടക്കിയ തൊലിലാളികള്‍ ലക്ഷ്യം കാണാതെ ഇനി ജോലിക്കില്ലെന്ന കര്‍ശന നിലപാടിലാണ്. 

പെട്ടെന്നൊരു ദിവസം സമരം പൊട്ടിപ്പുറപ്പെടുകയായിരുന്നില്ല. നഗരഭരണം പ്രതിസന്ധിയിലാക്കാനോ ജനജീവിതം സ്തംഭിപ്പിക്കിക്കാനോ ആയിരുന്നില്ല തൊഴിലാളികളുടെ പദ്ധതി. പത്തുമാസമായി അവര്‍ ആവശ്യം ഉന്നയിക്കുകയാണ്. സിറ്റി കൗണ്‍സില്‍ ഭരണാധികാരികളുമായി ചര്‍ച്ചയും തുടരുന്നു. പക്ഷേ, ന്യായമായ ആവശ്യമായിരുന്നിട്ടും ഫലം കാണാതെ വന്നതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ക്ക് അറ്റകൈ പ്രയോഗമായ സമരത്തിലേക്കു തിരിയേണ്ടിവന്നത്. 

ക്ലീനിങ് ജോലി ചെയ്യുന്നവര്‍, ഭക്ഷണം പാകം ചെയ്യുന്നവര്‍, കുട്ടികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവരാണ് സമരം ചെയ്യുന്നത്. നാലു പതിറ്റാണ്ടില്‍ ആദ്യമായാണ് ഇത്രയധികം തൊഴിലാളികള്‍ ഒറ്റക്കെട്ടായി ഒരു ആവശ്യം ഉന്നയിച്ചുകൊണ്ട് തെരുവില്‍ ഇറങ്ങുന്നതെന്നു റിപോര്‍ട്ടുകൾ പറയുന്നു‍. നാല്‍പതുവര്‍ഷം മുമ്പു നടന്ന സമരം ചരിത്രത്തിന്റെ ഭാഗമാണ്. അഭ്രപാളികളില്‍പ്പോലും ഇടംനേടിയിട്ടുമുണ്ട്. ഇപ്പോഴിതാ, അധികാരികളെയും ഭരണകര്‍ത്താക്കളെയും പരിഭ്രമിപ്പിച്ചുകൊണ്ട് വനിതകളായ തൊഴിലാളികള്‍ തുല്യ ജോലിക്കു തുല്യവേതനം എന്ന ആവശ്യം ഉന്നയിച്ച്  പുതിയൊരു വിപ്ലവത്തിന്റെ നാന്ദി കുറിക്കുന്നു.