Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൺകാമത്തിന്റെ കാട്ടുനായ്പ്പല്ലുകൾ

Lara Logan കൂട്ടമാനഭംഗം ചെയ്യപ്പെടുന്നതിനു തൊട്ടുമുമ്പ് എടുക്കപ്പെട്ട ലാറാ ലോഗൻെറ ചിത്രം. photo Credit: Reuters

2011 ഫെബ്രുവരി 11

ജനകീയ വിപ്ലവത്തെത്തുടർന്ന് ഈജിപ്തിലെ ഹുസ്നി മുബാറക് സർക്കാർ നിലംപതിച്ചു. വിജയം ആഘോഷിക്കാനായി ആയിരക്കണക്കിനുപേർ തഹ്‌രിർ ചത്വരത്തിലെത്തി. ആഹ്ലാദനിമിഷം പകർത്താൻ ലോകമെമ്പാടുനിന്നുമുള്ള മാധ്യമപ്പടയും ഉണ്ടായിരുന്നു. അക്കൂട്ടത്തിലായിരുന്നു സിബിഎസ് ചാനലിന്റെ റിപ്പോർട്ടർ ലാറ ലോഗനും. ജനങ്ങളുടെ വിജയാഹ്ലാദം നേരിട്ടറിയാൻ ലാറയും സംഘവും തെരുവിലിറങ്ങി. പിന്നീടു നടന്ന സംഭവങ്ങൾ ലാറ ഓർമിക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. തഹാറുഷ് ജമായ് എന്ന വിനോദം – സ്ത്രീകളെ പരസ്യമായി കൂട്ടമാനഭംഗം ചെയ്യുക – ലാറയുടെ മേൽ അരങ്ങേറിയത് അതായിരുന്നു!

ചത്വരത്തിലെ തിരക്കിൽ ആൾക്കൂട്ടം പതിയെ ലാറയെ വലയം ചെയ്തു. എന്താണു സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനുമുൻപ് ചിലർ അവളുടെ വസ്ത്രങ്ങൾ ഉരിഞ്ഞുകളഞ്ഞു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മർദിച്ചു നിലത്തുവീഴ്ത്തി. പിന്നെ കൂട്ടആക്രമണമായിരുന്നു. കാട്ടുനായ്ക്കളെപ്പോലെ അവളെപ്പൊതിഞ്ഞ ആൾക്കൂട്ടം കൂട്ടമാനഭംഗമാണ് നടത്തിയത്. അവസരത്തിനായി ആർത്തുവിളിച്ച് തിങ്ങിക്കൂടിയവർ ലാറയുടെ ശരീര ഭാഗങ്ങളിൽ ക്ഷതമേൽപ്പിച്ചു. ലാറയുടെ സംഘാംഗങ്ങൾ അവളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അവരെ വലിച്ചുപുറത്തെറിഞ്ഞു. അവിടെക്കിടന്ന് മരിച്ചുപോകുമെന്ന് ലാറയ്ക്കു തോന്നി. പ്രതിഷേധിക്കുന്തോറും അക്രമികളുടെ ശൗര്യം കൂടിവന്നു. ഒന്നും മൂന്നും വയസ്സുള്ള മക്കളെ ഓർത്തപ്പോൾ ലാറ പ്രതിഷേധിക്കാതെ കിടന്നു. ഒടുവിൽ, രാജ്യാന്തര മാധ്യമപ്രവർത്തകരാണെന്നും രക്ഷിക്കണമെന്നുമുള്ള സംഘാംഗങ്ങളുടെ അപേക്ഷ കേട്ട് സൈനികരെത്തി ലാറയെ രക്ഷിക്കുമ്പോഴേക്കും അരമണിക്കൂറോളം പിന്നിട്ടിരുന്നു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസമായിരുന്നു ലാറയ്ക്ക്.

സ്ത്രീകളെ പരസ്യമായി കൂട്ടമാനഭംഗം ചെയ്യുന്ന, തഹാറുഷ് ജമായ് എന്നറിയപ്പെടുന്ന ഈ ക്രൂരമായ രീതി ചില രാജ്യങ്ങളിലെ പ്രാദേശിക സമൂഹങ്ങൾ ഒരു വിനോദം പോലെയാണു കാണുന്നത്. തഹാറുഷ് എന്ന പദത്തിന് അർഥം കൂട്ടമായി പീഡിപ്പിക്കുക എന്നാണ്. സ്ത്രീകൾ വീടിനു പുറത്തിറങ്ങരുതെന്നു വാദിക്കുന്ന സ്ത്രീവിദ്വേഷ ചിന്താഗതി പുലർത്തുന്നവരാണ് ഈ ആക്രമണത്തെ പിന്താങ്ങുന്നത്. പൊതുജീവിതം ഭയാനകമാണെന്നും അവിടെ അപകടങ്ങൾ നേരിടേണ്ടിവരുമെന്നും സ്ത്രീകളെ ബോധ്യപ്പെടുത്താനാണ് ഇതെന്നാണ് തഹാറുഷ് അനുകൂലികളുടെ വാദം. ഇരകൾക്കാണു നാണക്കേടുണ്ടാകേണ്ടത്, ആക്രമിക്കുന്നവർക്കല്ല എന്നതാണ് ഇവരുടെ കാഴ്ചപ്പാട്.

Lara Logan Lara Logan

ലാറ ലോഗൻ സംഭവത്തോടെയാണ് പാശ്ചാത്യമാധ്യമങ്ങൾ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയത്. ജനുവരിയിൽ പുതുവർഷ ആഘോഷങ്ങൾക്കിടെ ജർമനിയിൽ ഇത്തരം സംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മധ്യപൂർവദേശത്തുനിന്നുള്ള കുടിയേറ്റക്കാരാണ് ഇതിനുപിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം. ഈജിപ്ത് പോലുള്ള രാജ്യങ്ങളിൽ ഇത്തരം പല സംഭവങ്ങളും മൂടിവയ്ക്കപ്പെടുകയായിരുന്നു.

പലപ്പോഴും ചെറുപ്പക്കാരുടെ സംഘങ്ങളാണ് ഇത്തരം ആക്രമണങ്ങൾക്കു പിന്നിൽ. പ്രതിഷേധപ്രകടനങ്ങൾക്കിടയിലോ വലിയ ആൾക്കൂട്ടം വരുന്ന സ്ഥലങ്ങളിലോ ആണ് ഇതു നടപ്പാക്കുക. ആക്രമിക്കാനുള്ള യുവതിയെ ലക്ഷ്യമിട്ട് അവളുടെ ചുറ്റും കൂടും. ചെറിയ വൃത്തമുണ്ടാക്കി അവൾ പോലുമറിയാതെ വലയം തീർക്കും. അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷൻമാർ ആദ്യം അവളെ ആക്രമിക്കും. അവർക്കുശേഷം അടുത്ത വലയത്തിലുള്ളവർ. വലയത്തിന് ഏറ്റവും പുറത്തുള്ളവർ ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമം നടത്തും. അക്രമികളിൽ ചിലർ അവളെ രക്ഷിക്കാൻ ശ്രമിക്കുന്നതായി അഭിനയിക്കും. അങ്ങനെ സംഘം മുഴുവൻ പീഡിപ്പിച്ചുകഴിയുമ്പോഴേക്കും ഇര ചിലപ്പോൾ മൃതപ്രായയായിട്ടുണ്ടാവും. ഇങ്ങനെയാണ് തഹാറുഷ് ജമായ് നടക്കാറുള്ളത്.

Lara Logan Lara Logan

ആക്രമിക്കപ്പെടുന്ന യുവതിക്ക് മതത്തിന്റെയോ വിശ്വസത്തിന്റെയോ പരിഗണനയൊന്നും ലഭിക്കില്ല. ഈജിപ്തിൽ റമസാൻ ആഘോഷങ്ങൾക്കിടയിൽപ്പോലും ജനക്കൂട്ടം സ്ത്രീകൾക്കു നേരെ തഹാറുഷ് ജമായ് നടത്തിയ സംഭവങ്ങൾ 2006ൽ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൃത്യം നടത്തുന്നത് വലിയ ജനക്കൂട്ടമായതിനാൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പല സംഭവങ്ങളിലും അക്രമികൾ ശിക്ഷിക്കപ്പെടാതെ പോകുകയാണ് പതിവ്. ഇപ്പോഴും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്, പുറത്തറിയപ്പെടുന്നില്ലെങ്കിലും...

മാസങ്ങൾ നീണ്ട വിശ്രമത്തിനു ശേഷം ലാറ വീണ്ടും പൊതുമധ്യത്തിലെത്തി തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞിരുന്നു. സിബിഎസ് ചാനൽതന്നെ ആ അഭിമുഖം സംപ്രേഷണം ചെയ്തു. മക്കളെയോർത്താണ് മരിക്കാതിരുന്നതെന്നും തന്റെ അനുഭവം സ്ത്രീകളോടുള്ള പുരുഷകേന്ദ്രീകൃത ലോകത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തട്ടെയെന്ന് ആഗ്രഹിക്കുന്നെന്നും ലാറ പറയുന്നു. 

Your Rating: