Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങൾ കാത്തിരിക്കാൻ തയ്യാർ...ഹാഷ് ടാഗുമായി സ്ത്രീകൾ

ReadyToWait Kerala women devotees campaign against women entering Sabarimala shrine

ഏറെ നാളായി സജീവമായ ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തിൽ വിപ്ലവകരമായ ഒരു നിലപാടുകൂടി ഇടപെടൽ നടത്തുകയാണ്. പുരുഷന്മാർക്കൊപ്പം തങ്ങൾക്കും ശബരിമലയിൽ പ്രവേശനം വേണമെന്ന് ഒരു വിഭാഗം സ്ത്രീകൾ ആവശ്യപ്പെടുകയും അതിനായി നിരന്തരം ചർച്ചകൾ നടത്തുകയും ചെയ്യുമ്പോൾ, ആർത്തവ വിരാമമായതിനുശേഷം ക്ഷേത്രപ്രവേശനത്തിനു വിശ്വാസപരമായ അർഹതയുണ്ടാകുന്നതു വരെ കാത്തിരിക്കാൻ തങ്ങൾ തയാറാണെന്നാണ് വിശ്വാസികളായ ഒരു വിഭാഗം സ്ത്രീകളുടെ നിലപാട്.

ഒരു ക്ഷേത്രത്തിൽ വിശ്വാസപരമായ നിയന്ത്രണങ്ങളുണ്ടെങ്കിൽ അവിടെ പ്രവേശിക്കുന്നവർ അതനുസരിയ്ക്കാൻ ബാധ്യസ്ഥരാണെന്നാണ്അതിന് അവർ പറയുന്ന കാരണം. എതിർവാദങ്ങളും ചർച്ചകളും സജീവമാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ തുടങ്ങിയ ‘റെഡി റ്റു വെയ്റ്റ്’ ക്യാംപെയ്ൻ ദേശീയ മാധ്യമങ്ങളുടെ വരെ ശ്രദ്ധയാകർഷിക്കുകയാണ്. ‘റെഡി റ്റു വെയ്റ്റ്’ എന്നെഴുതിയ പ്ലക്കാർഡുകളുമായി നിൽക്കുന്ന വിശ്വാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് ചെയ്തു പോസ്റ്റ് ചെയ്തതോടെയാണ് ഈ ക്യാംപെയ്നു തുടക്കമായത്.

ഹാജി അലി ദർഗയിലെ കബറിടത്തിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കു നീക്കുന്ന ബോംബെ ഹൈക്കോടതി ഉത്തരവിനു തൊട്ടുപിന്നാലെ ദർഗയിൽ സന്ദർശനം നടത്തിയ തൃപ്തി ദേശായി, അടുത്ത ലക്‌ഷ്യം സ്ത്രീകളുടെ ശബരിമല പ്രവേശനമാണെന്നു പറയുമ്പോൾ ‘റെഡി റ്റു വെയ്റ്റ്’ - #readytowait ക്യാംപെയ്നു പ്രസക്തിയേറുന്നു.

ഈ പ്രചാരണപരിപാടി തുടങ്ങിവച്ചവരിൽ ഒരാളായ, ഇപ്പോൾ ഹൈദരാബാദിൽ താമസിക്കുന്ന സുജ പവിത്രൻ പറയുന്നു:

Radhika, Suja Radhika Menon, Suja

സ്ത്രീകളുടേതു മാത്രമായ ഒരു സീക്രട്ട് ഗ്രൂപ്പിൽ നിന്നാണ് ഈ ചിന്തയുടെ ആരംഭം. ഇതിൽ കേരളത്തിനകത്തും പുറത്തുമുള്ളവരുണ്ട്. ഇത്തരമൊരു വിഷയത്തിൽ, പ്രത്യേകിച്ച് തൃപ്തി ദേശായിയെ പോലെയുള്ളവർ ശബരിമലയിൽ പ്രവേശിക്കണം എന്ന നിലപാടുമായി വരുമ്പോൾ, അതിനെ പ്രതിരോധിക്കേണ്ടത് ഞങ്ങൾ സ്ത്രീകൾ തന്നെയാണെന്നു തോന്നി. അങ്ങനെയാണ് ക്യാംപെയ്നിന്റെ തുടക്കം.

അഞ്ജലി, പദ്മ,ശിൽപ എന്നിവരോടൊപ്പം ചേർന്നാണ് ഇതിനു തുടക്കം കുറിച്ചത്. "റെഡി റ്റു വെയ്റ്റ്" എന്നെഴുതിയ പ്ലക്കാർഡുകളുമായുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ഹാഷ് ടാഗ് ക്യാംപെയ്നായി തുടങ്ങിയാൽ മാത്രമേ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം ശ്രദ്ധിക്കൂ. എന്തായാലും വിഷയം മാധ്യമങ്ങൾ ഏറ്റെടുത്തു വാർത്തയാക്കി. ഇപ്പോൾ നിരവധി സ്ത്രീകൾ ഇതിൽ അംഗമാകാൻ താൽപര്യം അറിയിക്കുന്നുണ്ട്. അതിൽ ദൈവവിശ്വാസമില്ലാത്ത രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ പോലുമുണ്ട്.
സമൂഹമാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്ന ക്യാംപെയ്നല്ല ലക്‌ഷ്യം. തൃപ്തി ദേശായി ശബരിമലയിൽ കയറാതെ നോക്കും. അവർ എത്തുന്നതിനു മുൻപ് കേരളത്തിലെത്തി വിശ്വാസികളായ സ്ത്രീകളുടെ പിന്തുണ തേടും. അവരെ പങ്കെടുപ്പിച്ച് സമ്മേളനങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്താനും പദ്ധതിയുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാരിനെ ആർക്കും വിശ്വാസമില്ല. അതുകൊണ്ടു നമുക്ക് ചെയ്യാനുള്ളത് നാം തന്നെ ചെയ്യണം. ഇതിനു വേണ്ടി ഒരു ഫെയ്‌സ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്.

രാധിക മേനോൻ,
ഡിസൈൻ വിഷ്വലൈസർ,
കൊച്ചി

കേരളത്തിലെ ഗർഭപാത്രങ്ങൾക്കു വിലയിടുന്ന രജത് കുമാർ മുതൽ ഉത്തരേന്ത്യയിലെ പെൺ ഭ്രൂണഹത്യകൾ വരെയും, ജിഷ മുതൽ നിർഭയ വരെയും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നിസ്സാരമല്ല. എന്നാൽ ശബരിമലയിൽ കയറി അയ്യപ്പ ഭഗവാനു സ്വസ്ഥത കൊടുക്കാത്ത സ്യൂഡോ ഫെമിനിസത്തോടു താൽപര്യമില്ല. വേറെ എന്തൊക്കെ പ്രശ്നങ്ങൾ സ്ത്രീകൾക്കുണ്ട്. ഇത്തരം വിവാദങ്ങൾക്കു മാധ്യമങ്ങളും തണലാകുന്നുണ്ട്.

Suja Pavithran സുജ പവിത്രൻ

ഇപ്പോൾ പൊതുവിൽ ഉന്നയിക്കപ്പെടുന്ന ചോദ്യം ഭക്തിയുള്ളവർ വന്നാൽ എന്തിനു തടയണം എന്നതാണ്. ക്ഷേത്രത്തിലെ രീതികളും നിയമവും നിശ്ചയിക്കുന്നതു കോടതിയല്ല, അതിന് അധികാരപ്പെട്ട ആൾക്കാരുണ്ട്. അതു തകർത്തു ക്ഷേത്രത്തിൽ പ്രവേശിക്കണമെന്നു തോന്നുന്നതു ഭക്തിയാണോ? ഭക്തർ തീർച്ചയായും ക്ഷേത്രനിയമം പാലിക്കാൻ ബാധ്യസ്ഥരാണ്. ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്ത് പോലെയുള്ള സന്ദർഭങ്ങളിൽ മിക്കപ്പോഴും പുരുഷന്മാർ കയറാറില്ല, അതു നിയമമല്ലെങ്കിൽപ്പോലും.

ശബരിമലയിലെ മറ്റൊരു വിഷയം പരിസ്ഥിതിയാണ്. ഇപ്പോൾത്തന്നെ മലിനീകരണവും വനനശീകരണവുമൊക്കെ വലിയ പ്രശ്നമാണ്. വൻതോതിൽ സ്ത്രീകൾകൂടി മല കയറുമ്പോൾ പരിസ്ഥിതി പിന്നെയും മലിനീകരിക്കപ്പെടാം.മലകയറ്റം അത്ര നിസ്സാരവുമല്ല. സ്ത്രീകൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.

ക്ഷേത്രനിയമങ്ങൾ നിശചയിക്കേണ്ടത് കോടതിയല്ല, അതിനു തന്ത്രിയും മറ്റുമുണ്ട്. വിശ്വാസികൾ അതനുസരിക്കുകയും ചെയ്യും.

സുകന്യയ്ക്കും പറയാനുണ്ട്...

പുരുഷനായി ജനിച്ചു ഉള്ളിലൊരു സ്ത്രീയുണ്ടെന്നു മനസ്സിലാക്കിയ നിമിഷങ്ങളെ കുറിച്ച് സുകന്യ കൃഷ്ണ തന്നെ ധാരാളം എഴുതിയിട്ടുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും ഇപ്പോൾ സ്ത്രീയായി ജീവിക്കുന്ന സുകന്യയ്ക്ക് ഏറെ പറയാനുണ്ട്:

Sukanya sukanya

റെഡി ടു വെയിറ്റ് ക്യാംപയിനോട് അനുകൂലനിലപാടാണുള്ളത്. ഭിന്നലിംഗത്തിൽപ്പെട്ട നിരവധിയാളുകൾ ഇപ്പോൾ ശബരിമലയിൽ പോകാറുണ്ട്. മനസിൽ സ്ത്രീത്വത്തെ ചുമന്നുകൊണ്ട് സ്ത്രീയായി ജീവിക്കാൻ ആഗ്രഹിച്ചുകൊണ്ട് അവർ എന്തിന് ശബരിമലയിൽ പോകുന്നു? സ്ത്രീയായി ജീവിക്കുന്ന ഒരു ഭിന്നലിംഗ വ്യക്തി സ്ത്രീകളുടെ നിയമം അതെവിടെ ആണെങ്കിലും അതനുസരിച്ച് ജീവിയ്ക്കാൻ ബാധ്യസ്ഥയാണ്. ആചാരങ്ങൾ അനുസരിയ്ക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും എതിർക്കുന്നതിനു പിന്നിൽ ഒരു ഹിഡൻ അജണ്ടയുണ്ടെന്ന് തോന്നാറുണ്ട്. അങ്ങനെയുണ്ടെങ്കിൽ എന്തു വില കൊടുത്തും അത്തരം നിലപാടുകളെ തടയണം, അതുകൊണ്ടു തന്നെ സ്ത്രീകളുടെ കൂട്ടത്തിൽ സ്ത്രീയായി നിന്ന് ശബരിമലയിൽ പോകാൻ ക്ഷേത്ര നിയമം അനുവദിക്കുന്നത് വരെ കാത്തിരിക്കാൻ തയ്യാറാണ് . റെഡി റ്റു വെയിറ്റ് ക്യാംപയിനോപ്പം നിൽക്കുന്നതും അതുകൊണ്ടു തന്നെ.