Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരുഷ കുത്തക തകർത്ത് കോക്പിറ്റിൽ ഇടംപിടിച്ച ആദ്യവനിതാ പൈലറ്റിന്റെ കഥയറിയാം

bonnie-tiburzi ബോണി ടൈബുർസി.

അരനൂറ്റാണ്ടുമുമ്പ് അമേരിക്കയിലെ ചിക്കാഗോ രാജ്യാന്തര വിമാനത്താവളം. പൈലറ്റുമാരുടെ വിശ്രമമുറിക്കു പുറത്തെ ബോർഡിൽ എഴുതിയിട്ടുണ്ട്:പുരുഷൻമാർക്കു മാത്രം. അത്ഭുതപ്പെടേണ്ട കാര്യമില്ല. എല്ലാ പൈലറ്റുമാരും പുരുഷൻമാർ.

പക്ഷേ 44 വർഷം മുമ്പ് 1973 ൽ പുരുഷ ജീവനക്കാർ എന്നെഴുതിയതിനൊപ്പം ബോണി എന്ന പേരു കൂടി എഴുതിച്ചേർക്കേണ്ടിവന്നു. ചരിത്രം തിരുത്തി അന്നാദ്യമായി അമേരിക്കൻ എയർലൈൻസിന്റെ  വിമാനം പറത്തി ഒരു വനിത. ബോണി ടൈബുർസി.

പുരുഷ പൈലറ്റുമാർ വിശ്രമിക്കുന്ന മുറിയിൽ അന്ന് ബോണിയും ഒപ്പം കൂടി. അമേരിക്കൻ വ്യോമയാന ചരിത്രത്തിലെ ആദ്യവനിതാ പൈലറ്റ്. ബോണിക്ക് ഇപ്പോൾ 68 വയസ്സ്. പുരുഷൻമാർ കുത്തകയാക്കിവച്ചിരിക്കുന്ന മേഖലകളിലേക്ക് വനിതകളെ ആനയിക്കാനും ആത്മവിശ്വാസമുള്ളവരും ദൃഡനിശ്ചയ മുള്ളവരുമായി പുതുതലമറുയെ വാർത്തെടുക്കാനുള്ള യത്നങ്ങളിൽ  സജീവം.

‘എനിക്കു മുന്നിൽ മാതൃകകളില്ലായിരുന്നു. എന്റെ വഴി എനിക്കു സ്വയം തെളിച്ചെടുക്കേണ്ടിവന്നു. പുതിയകാലത്ത് അതിന്റെ ആവശ്യമില്ല.അവർക്കു ലക്ഷ്യത്തിലേക്കു വഴികാണിക്കാൻ ഞാനുമുണ്ട്: ബോണി പറയുന്നു. 12–ാം വയസ്സിൽ ആദ്യമായി ബോണി വിമാനം പറത്തി.

17വയസ്സായപ്പോഴേക്കും പുരുഷപൈലറ്റുമാരെപ്പോലെ എവിടേക്കും ഏതു കാലാവസ്ഥയിലും വിമാനം പറത്താനുള്ള കഴിവുകൾ ആർജിച്ചെടുത്തു. ഒരു പൈലറ്റാകുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് അന്നു ബോണി സുഹൃത്തുക്കളോടു പറഞ്ഞപ്പോൾ അവർ അവളെ കളിയാക്കി.

വ്യോമയാനക്കമ്പനികൾ വനിതകളെ പൈലറ്റുമാരായി നിയമിക്കുന്നില്ല. മോഹം വെറുതെയാവുകയേയുള്ളൂ. ബോണി തളർന്നില്ല. ‘എന്റെ കഴിവിൽ ഡാഡിക്ക് വിശ്വാസമു ണ്ടായിരുന്നു.പക്ഷേ പൈലറ്റായാണ് ഞാൻ ജീവിക്കാൻ പോകുന്നതെന്നു പറഞ്ഞപ്പോൾ അദ്ദേഹം പോലും അതു ഗൗരവമായെടുത്തില്ല. ഹൈസ്കൂളിലെ കരിയർ കൗൺസലർ പറഞ്ഞു: മഹത്തായ ഒരു സ്വപ്നമാണത്. ഒരിക്കലും നിറവേറപ്പെടാത്ത സ്വപ്നം’.

തന്റെ മോഹത്തെ പുച്ഛിച്ചവരെയൊക്കെ ബോണി തിരുത്തി. 1973. ബോണിക്ക് 24 വയസ്സ്. അമേരിക്കൻ എയർലൈൻസ് ചരിത്രത്തിലാദ്യമായി ഒരു വനിതയെ പൈലറ്റായി നിയമിക്കുന്നു. നാലു പതിറ്റാണ്ടുകൾക്കുശേഷം വിശ്രമിക്കേണ്ട കാലത്തും ബോണി പക്ഷേ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവം.

വിദ്യാഭ്യാസ– കരിയർ കൂട്ടായ്മകളിൽ പ്രചോദനത്തിന്റെ വാക്കും വെളിച്ചവുമായി ബോണിയുടെ സാന്നിധ്യമുണ്ട്. പുതുതലമുറയ്ക്കു വഴി തെളിക്കാനും ഭാവി കെട്ടിപ്പടുക്കാനുമുള്ള മാർഗദർശകയായി. ഫെബ്രുവരിയിൽ ഫിലിം ഇൻഡിപെൻഡന്റ് ഓർഗനൈസേഷനും അമേരിക്കൻ എയർലൈൻസും ചേർന്ന് ബോണിയുടെ പേരിൽ വ്യത്യസ്തയായ സിനിമാ സംവിധായകയ്ക്ക് പുരസ്കാരവും ഏർപ്പെടുത്തി. ഇനിയെല്ലാം വർഷങ്ങളിലും ഈ പുരസ്കാരം മികവിന്റെ വഴിയിൽ സഞ്ചരിക്കുന്ന വനിതകളെ തേടിയെത്തും.

പാരീസിൽനിന്നാണു ബോണി വിമാനം പറത്തിലിന്റെ അടിസ്ഥാന പാഠങ്ങൾ അഭ്യസിച്ചത്. 1970–ൽ അമേരിക്കയിലെ ഫ്ലോറിഡയിലേക്കു വന്നു. അദ്യകാലത്തു കുട്ടികൾക്കു പൈലറ്റു ജോലിയെക്കുറിച്ചു ക്ലാസുകളെടുത്തു ബോണി.

ഒപ്പം പെലറ്റു ജോലിക്കായി വിവിധ വ്യോമയാന കമ്പനികളിൽ അപേക്ഷകൾ അയച്ചു കാത്തിരുന്നു. മൂന്നുവർഷത്തിനിടെ അമേരിക്കൻ എയർലൈൻസിൽനിന്നുമാത്രം ഒരു മറുപടിക്കത്തു ലഭിച്ചു. കൂടുതൽ യോഗ്യതകളുമായി അപേക്ഷകൾ അയച്ചുകൊണ്ടിരിക്കാൻ നിർദേശം. ഫലമുണ്ടായത് 1973–ൽ. 214 പേരുടെ ക്ലാസിൽനിന്ന് ഏകവനിതയായ ബോണിക്ക് നിയമനഉത്തരവ്.

ആഗ്രഹിച്ചതുപോലെ ജോലി കിട്ടിയതുകൊണ്ടുമാത്രം എല്ലാമായില്ല. പ്രതിസന്ധികൾ പല രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ജോലിയുടെ ആദ്യദിനം ഡാലസിൽ എത്തിയ ബോണി ഞെട്ടി.റൂം മേറ്റ് ഒരു പുരുഷൻ:ജോ. യൂണിഫോം ഉണ്ടായിരുന്നില്ല. ബോണി തനിക്കുവേണ്ടി യൂണിഫോം സ്വയം രൂപകൽപന ചെയ്തു.

കൂടെയുള്ള പലരും പരസ്യമായിത്തന്നെ സംശയം പ്രകടിപ്പിച്ചു. പുരുഷൻമാരെപ്പോലെ വിമാനം പറത്താൻ ബോണിക്കു കഴിയുമോയെന്ന്. ശക്തി തെളിയിക്കാൻ ബോണിക്കു പ്രത്യേകം പരീക്ഷകളിലൂടെ കടന്നുപോകേണ്ടിവന്നു.

bonnie-tiburzi-1 ബോണി ടൈബുർസി.

കഴിവുതെളിയിച്ചപ്പോൾ സഹപ്രവർത്തകർ കൂടെനിന്നു.അന്യയാണെന്നു തോന്നിക്കാതെ എല്ലാവർക്കുമൊപ്പം ബോണി കൂടി. ചരിത്രത്തെ തിരുത്തിയെഴുതി. എഴുപതുകളുടെ അവസാനവും എൺപതുകളിലും കൂടുതൽ വനിതകൾ വ്യോമയാനമേഖലയിലേക്കു കടന്നുവന്നു.

ആദ്യപ്രസവത്തിനു ബോണി തയ്യാറെടുക്കുന്നത് പൈലറ്റായി ജോലിചെയ്യുന്നതിനിടെ. താൻ ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ മേലുദ്യോഗസ്ഥർക്ക് എന്തുചെയ്യണ മെന്നറിയില്ലായിരുന്നു. അതിനുമുമ്പ് ഗർഭിണിയായ ഒരു പൈലറ്റ് ഉണ്ടായിട്ടില്ല. ഒമ്പതുമാസവും ബോണി അവധിയിലായിരുന്നു. പക്ഷേ മകൻ ജനിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോൾ ബോണിക്കു ജോലിയിൽ തിരികെപ്രവേശിക്കേണ്ടിവന്നു. 34 വർഷമായി തന്റെ കൂടെയുള്ള പങ്കാളി ബ്രൂസ് കപൂടോയെക്കുറിച്ചും ബോണിക്ക് സന്തോഷം, അഭിമാനം.

ബോണി വിരമിച്ചത് 1999–ൽ. കാൽനൂറ്റാണ്ടിന്റെ പ്രശസ്ത സേവനത്തിനുശേഷം. ഇപ്പോഴും വിവിധ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്ന ബോണി സംതൃപ്തികരമായ വിരമിക്കൽജീവിതം ആസ്വദിക്കുന്നു. പൈലറ്റാകും എന്ന് പറയുമ്പോൾ നിരാശപ്പെടുത്തിയ, ആ ലക്ഷ്യം ഒരിക്കലും സാധിക്കില്ലെന്ന് ആവർത്തിച്ചു പറയുമ്പോൾ ബോണി പലരോടും ചേദിച്ചിട്ടുണ്ട്: എന്തുകൊണ്ടില്ല.

ഒരു സ്ത്രീക്കു പരിമിതികളുണ്ടെന്നും പുരുഷൻമാരെപ്പോലെ എല്ലാ മേഖലകളിലും വിജയിക്കാൻ കഴിയില്ലെന്നും സംശയം പ്രകടിപ്പിക്കുന്നവർ ബോണിയുടെ ജീവിതം അറിയുക. ജീവിച്ചിരിക്കുന്ന ഈ ഇതിഹാസത്തെ പരിചയപ്പെടുക. കഥയോ ഐതിഹ്യമോ അല്ല ബോണി. ജീവിച്ചിരിക്കുന്ന ഉദാഹരണം.സ്ത്രീ ശക്തിയുടെ ജ്വലിക്കുന്ന അധ്യായം.വനിതാ ശാക്തീകരണത്തിന്റെ ഉത്തമ മാതൃക. പുതുതലമുറയ്ക്കു പ്രചോദനത്തിന്റെ ദിവ്യതേജസ്സ്.

Your Rating: