Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ നിക്കി ആ വിഡിയോ പോസ്റ്റ് ചെയ്തു ; രണ്ടു വർഷമൊളിപ്പിച്ച രഹസ്യം ലോകമറിഞ്ഞു

nicki-minaj നിക്കി മിനാജ്.

പണത്തിന്റെ ധാരാളിത്തത്തിലും പ്രശസ്തിയുടെ ലഹരിയിലും ജീവിതം വഴിതെറ്റിപ്പോകുന്നവരുടെ കഥകൾക്ക് ഒട്ടും കുറവില്ല. മദ്യലഹരിയിൽ കാറോടിച്ചും ഗതാഗത നിയമങ്ങൾ പാലിക്കാതെ സഞ്ചരിച്ചും ലഹരിമരുന്നിൽ അഭയം തേടി അകാലത്തിൽ ജീവിതം അവസാനിപ്പിക്കുന്നവരും ഏറെയുണ്ട്.

ജീവിതം എന്ന അനുഗ്രഹത്തിന്റെ മൂല്യമറിയാതെ വിലപ്പെട്ട നിമിഷങ്ങൾ പാഴാക്കുന്നവർ. കഴിവുകളേറെയുണ്ടായിട്ടും സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും നശിപ്പിക്കുന്നവരുടെ കൂട്ടത്തിൽ നിക്കി മിനാജിന്റെ പേരില്ല. പിങ്ക് ഫ്രൈഡേ ഉൾപ്പടെയുള്ള ആൽബങ്ങളിലൂടെയും വ്യത്യസ്തമായ വേഷവിധാനത്തിലൂടെയും അമേരിക്കയുടെ ഹൃദയം കവർന്ന ഗായിക നിക്കി മിനാജിനെക്കുറിച്ചുതന്നെയാണു പറയുന്നത്. അമേരിക്കയിൽ ഹിറ്റ് ചാർട്ടിൽ പലതവണ ഒന്നാമതെത്തിയ ആൽബങ്ങളുടെ സ്രഷ്ടാവ് അനുകരണീയമായ ഒരു മാതൃകയിലൂടെ ഇന്ത്യയുടെ ഹൃദയത്തിലും ഇടംനേടിയിരിക്കുന്നു. സ്നേഹത്തിന്റെയും അനുകമ്പയുടെയും നൻമയുടെയും ഉദാത്തമായ ഒരു മാതൃക. 

പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കുന്ന നിക്കി കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിലെ അറിയപ്പെടാത്ത ഒരു ഗ്രാമത്തെ സാമ്പത്തികമായി സഹായിക്കുന്നു. ജല ദൗർലഭ്യമുണ്ടായിരുന്ന ഗ്രാമത്തിൽ ഇന്നു ശുദ്ധജലമുണ്ട്. പ്രാർഥനാലയമുണ്ട്. സാങ്കേതികവിദ്യ വശമാക്കാൻ കംപ്യൂട്ടർ സെന്ററും. സ്വയം പര്യാപ്തമായ ഒരു സുന്ദരഗ്രാമം. ശനിയാഴ്ച നിക്കി ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ഈ കാരുണ്യപ്രവൃത്തി ലോകം അറിഞ്ഞത്. ഗ്രാമത്തിൽ പുതുതായി സ്ഥാപിച്ച ഒരു ശുദ്ധജലപൈപ്പ് പ്രവർത്തിപ്പിക്കുന്നയാളും ചുറ്റും തടിച്ചുകൂടിയ ഗ്രാമീണരുമാണ് വീഡിയോയിൽ.

എനിക്ക് ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിത്: നിക്കി എഴുതുന്നു.കഴിഞ്ഞ രണ്ടുവർഷമായി ഞാൻ അയച്ചുകൊടുത്ത സമ്പാദ്യംകൊണ്ട് ഒരു ഗ്രാമത്തിന്റെ മുഖഛായ മാറിയിരിക്കുന്നു. അവരുടെ ജീവിതം മെച്ചപ്പെട്ടിരിക്കുന്നു.വായനശാല, തയ്യൽസ്ഥാപനം എന്നിവയും ഗ്രാമത്തിലുണ്ട്. അഭിമാനിക്കാവുന്ന നേട്ടം. അപര്യാപ്തതകളെക്കുറിച്ച്  അറിയുമ്പോൾ പലപ്പോഴും നമ്മൾ പരാതി പറയുന്നു. പരിഹാസ്യമല്ലേ അത്. ഇന്ത്യയ്ക്ക് എന്റെ അനുഗ്രഹങ്ങൾ. ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് എനിക്കറിയാം. നിങ്ങൾക്കും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. താൽപര്യമുണ്ടെങ്കിൽ ഭാവിയിൽ ഞാൻ ഏറ്റെടുത്തുനടത്തുന്ന കാരുണ്യപ്രവൃത്തികളെക്കുറിച്ച് നിങ്ങളെ അറിയിക്കാം.

ഇന്ത്യയിൽ ഏതു സംസ്ഥാനത്തെ ഗ്രാമത്തിനാണു നിക്കി സഹായം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഏതാനും സ്ത്രീകളുടെ കൂട്ടായ്മയുടെ ചിത്രവും റാപ് സംഗീതത്തിലൂടെ അമേരിക്കയെ കോരിത്തരിപ്പിച്ച നിക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പ്: ദൈവം എത്രയോ മഹാൻ. ഇന്ത്യയിലെ എന്റെ സഹോദരിമാരെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു. വളരെക്കുറച്ച് ആഗ്രഹങ്ങളെ അവർക്കുണ്ടായിരുന്നുള്ളൂ. ഏതൊരു മനുഷ്യനും ആവശ്യമായ അടിസ്ഥാന ആവശ്യങ്ങൾ. അവ പരിഹരിക്കുന്നതിനാണു ഞാൻ പരിശ്രമിച്ചത്. ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. ഈ സ്ത്രീകൾ ഞങ്ങളാണ്. ഞങ്ങൾ ഈ സ്ത്രീകളും. 

ഈ മാസം ആദ്യം മറ്റൊരു കാരുണ്യപദ്ധതിയും നിക്കി പ്രഖ്യാപിച്ചിരുന്നു.തന്റെ ആരാധകരുടെ മക്കളുടെ വിദ്യാഭ്യാസ വായ്പയും ട്യൂഷൻ ഫീസും തിരിച്ചടച്ച് അവരെ സഹായിക്കുന്ന പദ്ധതി.

പാട്ടിലും വേഷത്തിലും വ്യത്യസ്തയായ നിക്കി മിനാഷ് പ്രവൃത്തിയിലും വ്യത്യസ്തയാകുകയാണ്. അനുകരിക്കാവുന്ന മാതൃകയിലൂടെ.