ഐഎഎസ് പരിശീലനം: രേണുരാജ് ഒന്നാമത്

രേണുരാജ്.

ഐഎഎസ് പ്രൊബേഷണർമാരുടെ ജില്ലാ പരിശീലനത്തിൽ അസി. കലക്ടറായിരുന്ന ഡോ. രേണു രാജിന് ദേശീയതലത്തിൽ ഒന്നാം റാങ്ക്. എറണാകുളത്താണ് ഡോ. രേണു രാജ് അസിസ്റ്റന്റ് കലക്ടർ പരിശീലനം പൂർത്തിയാക്കിയത്. 

മുൻ കലക്ടർ എം.ജി. രാജമാണിക്യം, ഇപ്പോഴത്തെ കലക്ടർ  മുഹമ്മദ് സഫിറുല്ല എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. 200 ൽ 187.99 സ്‌കോർ നേടിയാണ് രേണു രാജിന്റെ നേട്ടം. കർണാടക കേഡറിലെ ഫൗസിയ തരാന്നം 179.94 സ്‌കോറോടെ രണ്ടാമതെത്തി. 

179.19 നേടിയ ഉത്തർപ്രദേശ് കേഡറിലെ നിധി ഗുപ്തയ്ക്കാണ് മൂന്നാം സ്ഥാനം. മുസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ നടന്ന ചടങ്ങിൽ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ്. രാമസ്വാമിയിൽ നിന്നു ഡോ. രേണു രാജ് അവാർഡ് ഏറ്റുവാങ്ങി. പരിശീലനം പൂർത്തിയാക്കിയതിനെ തുടർന്ന് കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായി  നിയമനം ലഭിച്ചിട്ടുണ്ട്. 

എംബിബിഎസ് ബിരുദധാരിയായ ഡോ. രേണുരാജ് 2015ൽ രണ്ടാം റാങ്കോടെയാണ് സിവിൽ സർവീസ് പരീക്ഷ വിജയിച്ചത്. കോട്ടയം ജില്ലയിൽ ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം.കെ. രാജശേഖരൻ നായരുടെയും വി.എൻ. ലതയുടെയും മകളാണ്. ഡോ.എൽ.എസ്. ഭഗതാണ് ഭർത്താവ്.