Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാക്ഷാൽ മിതാലി രാജിന്റെ ഹൃദയം കീഴടക്കിയ ജൂനിയർ മിതാലി

junior-mithali

ഒരു സുന്ദരിക്കുഞ്ഞിന്റെ ചിത്രത്തിനു പിന്നാലെയാണ് ഇപ്പോൾ വെർച്വൽ ലോകം. വിമൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ മിതാലി രാജിന്റെയും ഹൃദയം കീഴടക്കിയ ക്യൂട്ട് ചിത്രത്തിനു പിന്നിലൊരു കഥയുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളികളിൽ ചില മത്സരങ്ങൾ നടത്താറുണ്ട്. ദേശീയ നേതാക്കന്മാരെക്കുറിച്ചും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാനായി സ്വന്തം ജീവിതം തന്നെ ബലിനൽകിയവരെക്കുറിച്ചുമൊക്കെ വ്യക്തമായ ധാരണ കുഞ്ഞുങ്ങൾക്കു നൽകാനാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

അത്തരമൊരു ആഘോഷവേളയിൽ ഇഷ്ടമുള്ള ദേശീയനേതാവിനെപ്പോലെ ഒരുങ്ങിവരാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടപ്പോഴാണ് ഒരു കൊച്ചുപെൺകുട്ടി വിമൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലിരാജിനെപ്പോലെ കൈയിൽ ബാറ്റുമേന്തി നീല ജേഴ്സിയണിഞ്ഞെത്തിയത്. മകൾ മിതാലിരാജിനെപ്പോലെ നീല ജഴ്സിയണിഞ്ഞു നിൽക്കുന്ന ചിത്രം പെൺകുട്ടിയുടെ അച്ഛൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ജൂനിയർ മിതാലി എന്നപേരിൽ ഈ പെൺകുട്ടിയുടെ ചിത്രം വെർച്വൽ ലോകം ആഘോഷിച്ചത്.

'' നിങ്ങളെ പ്രചോദിപ്പിച്ച ഒരു ദേശീയനേതാവിനെപ്പോലെ വസ്ത്രം ധരിച്ചു വരാനായിരുന്നു സ്കൂളിൽ നിന്ന് എന്റെ മകൾക്കു കിട്ടിയ നിർദേശം. അവൾ തെരഞ്ഞെടുത്തത്  വിമൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിനെയാണ്'' എന്ന അടിക്കുറിപ്പോടെയാണ് മകൾ മിതാലിയെപ്പോലെ ജഴ്സി ധരിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ അച്ഛൻ പങ്കുവെച്ചത്. ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെയും ക്രീസിനു പുറത്തെ മികച്ച പെരുമാറ്റത്തിലൂടെയും കൊച്ചുകുട്ടികളെപ്പോലും സ്വാധീനിച്ച മിതാലിയെ അഭിനന്ദിച്ചുകൊണ്ടും ആ കൊച്ചുപെൺകുട്ടിക്ക് ജീവിതത്തിൽ മികച്ച വിജയങ്ങൾ നേടാൻ കഴിയട്ടെയെന്ന് ആശംസിച്ചുകൊണ്ടും നിരവധിപേരാണ് പ്രതികരണങ്ങളുമായെത്തിയത്.

ഏറെപ്പേർ പെൺകുട്ടിയുടെ അച്ഛന്റെ ട്വീറ്റ് ഷെയർ ചെയ്യുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യപ്പെട്ട ട്വീറ്റ് മിതാലി രാജിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ക്യൂട്ട് കുട്ടിക്ക് എല്ലാ ആശംസകളും നേർന്ന് മിതാലി റിട്വീറ്റ് ചെയ്തും. എന്തായാലും ജൂനിയർ മിതാലിയെ സാക്ഷാൽ മിതാലിക്കും വെർച്വൽ ലോകത്തിനും 'ക്ഷ' പിടിച്ച മട്ടാണ്.